
രാജ്യത്ത് തൊഴിൽ നിയമ ഭേദഗതി നോട്ടിഫൈ ചെയ്ത് അംഗീകരിച്ച ശേഷം അതിശക്തമായ ദേശീയ പണിമുടക്കത്തിനാണ് ഫെബ്രുവരി 12 ന് രാജ്യം സാക്ഷ്യം വഹിച്ചത്. ഏകദേശം 30 കോടി തൊഴിലാളികൾ പണിമുടക്കിയ പ്രസ്തുത സമരത്തിൻ്റെ ആവേശമാണ് നോയിഡയിൽ ലോകം കണ്ടത്.
തൊഴിൽ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ തൊഴിലാളികൾ അടിമ സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകും എന്ന മുന്നറിയിപ്പ് അർത്ഥവത്താകുന്ന വാർത്തകളാണ് രാജ്യത്തിൻ്റെ വ്യവസായിക തലസ്ഥാനമായ .നോയിഡയിൽ നിന്നും ഉയർന്ന് കേട്ടത്.
കർഷക സമര ഭടൻന്മാരെ രാജ്യ ദ്രോഹികൾ എന്നും തീവ്രവാദികൾ എന്നും മുദ്രകുത്താൻ ശ്രമിച്ച അതേ ഭരണകൂടം തന്നെ ഇപ്പോൾ നോയിഡയിലെ തൊഴിലാളികളെ പാക്കിസ്ഥാൻ ചാരന്മാരായി മുദ്രകുത്തുന്നതിനാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ നോയിഡയിലെ
ചില കമ്പനികളിലെ തൊഴിലാളികളുടെ ഒരു മാസത്തെ ശമ്പളം 12,000 – 14000 രൂപ മാത്രമാണ്.
ഓവർടൈമിലും അതേ കൂലി തന്നെ അതിൽ നിന്ന് ഭക്ഷണത്തിനും താമസത്തിനും ആയി 6000 രൂപ വീതം തിരികെ പിടിക്കും. ഫലത്തിൽ ഒരു തൊഴിലാളിക്ക് ഒരു മാസം കിട്ടുന്നത് 6000 മുതൽ 8000 രൂപ വരെ. അതു കൊണ്ട് തന്നെ ഈ തൊഴിലാളി സമരം വെറും “ വേതന വർധന” ആവശ്യപ്പെട്ട ഒരു സാധാരണ പ്രതിഷേധമല്ല. നോയിഡയിലെ തൊഴിലാളി സമരം വെറും ഒരു ലോക്കൽ “law and order issue” ഉം അല്ല. ഇന്ത്യൻ ഭരണകൂടവും കോർപറേറ്റ് മൂലധനവും ചേർന്ന് തൊഴിലാളി വർഗത്തിനുമേൽ വർഷങ്ങളായി കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ക്രൂരമായ ചൂഷണക്രമത്തിനെതിരായ ഒരു തുറന്ന വർഗ്ഗസമര പ്രഖ്യാപനമാണ് നോയിഡയിൽ നിന്നും ഉയർന്ന് കേൾക്കുന്നത്.
ഇത് ഇന്നത്തെ ഇന്ത്യയിലെ തൊഴിൽ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം തുറന്നു കാട്ടുന്ന ഒരു ചരിത്ര നിമിഷവും കൂടിയാണ്.
ഫാക്ടറികളുടെ മതിലുകൾ കോൺക്രീറ്റുകൊണ്ടും ഇരുമ്പുകൊണ്ടും മാത്രം നിലനിൽക്കുന്നില്ല. അവ നിലകൊള്ളുന്നത് തൊഴിലാളിയുടെ അസ്ഥിയിലും മാംസത്തിലും വിയർപ്പിലും കവർന്നെടുത്ത ജീവിത സമയത്തിലുമാണ്. എന്നാൽ ഉൽപ്പാദനം സൃഷ്ടിക്കുന്ന ആ കൈകൾക്ക് തിരികെ ലഭിക്കുന്നത് പട്ടിണിക്കൂലി, അപമാനം, അധിക ജോലിസമയം, അവകാശ നിഷേധം, പൊലീസ് ലാത്തി എന്നിവയാണ്.
ഇതാണ് ഇന്ത്യയിലെ കോർപറേറ്റ് വികസനത്തിന്റെ യഥാർത്ഥ ഭാഷ.
മുകളിൽ ലാഭം. താഴെ ചൂഷണം. മുകളിൽ സമ്പത്ത്. താഴെ തൊഴിലാളിയുടെ ക്ഷീണിത ശരീരം.നോയിഡയിലെ തൊഴിലാളികൾക്ക് മാസം 12,000 രൂപയിൽ താഴെ മാത്രം ശമ്പളം. എന്നാൽ അവർ പകരം കൊടുക്കുന്നതോ ?
10 മണിക്കൂർ, 12 മണിക്കൂർ, ചിലപ്പോൾ അതിലും കൂടുതൽ അദ്ധ്വാനമാണ്.
ഇതാണ് കോർപറേറ്റ് ഇന്ത്യയുടെ “വികസന മാതൃക”.
നോയിഡിൽ നടക്കുന്ന സമരം ‘ അതുകൊണ്ടാണ് ചരിത്രപരമായത്.
ജീവിക്കാൻ മതിയാകാത്ത കൂലി വാങ്ങി, ഓവർടൈം പണിയെടുത്ത്, അവകാശങ്ങളില്ലാതെ, യൂണിയൻ പ്രവർത്തനമില്ലാതെ, കരാർതൊഴിലിലൂടെ അവകാശങ്ങളെ നിഷേധിച്ചു, പൊലീസിന്റെ ഭീഷണിയിലും, തൊഴിൽ വകുപ്പിന്റെ നിസ്സംഗമായ ഇടപെടലിലും പെട്ടുപോയ ജീവിതം ഇനി സഹിക്കില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിക്കുന്നു, പൊരുതുന്നു.
ഏപ്രിൽ 13-ന് നോയിഡയിൽ തെരുവിലിറങ്ങിയ ആയിരക്കണക്കിന് തൊഴിലാളികൾ അതുകൊണ്ട് ഒരു ശമ്പള വർധന ആവശ്യകത മാത്രമല്ല ഉന്നയിച്ചത്. അവർ പറഞ്ഞത് ഇതാണ്: ജീവിക്കാൻ കഴിയാത്ത കൂലി ഇനി സമ്മതിക്കില്ല. അവകാശമില്ലാത്ത തൊഴിൽ ഇനി സഹിക്കില്ല. അടിമത്തത്തിന്റെ പുതിയ രൂപമായ കരാർവത്കരണം ഇനി അംഗീകരിക്കില്ല. തൊഴിലാളിയെ യന്ത്രത്തിന്റെ നീട്ടിപ്പിടിച്ച ഭാഗം പോലെ കാണുന്ന മൂലധന തർക്കശാസ്ത്രത്തെ അവർ നേരിട്ട് വെല്ലുവിളിച്ചു.
റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഏകദേശം 40,000 തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തു; 300-ൽ അധികം പേരെ അറസ്റ്റ് ചെയ്തു; തുടർന്ന് ഉത്തർപ്രദേശ് സർക്കാർ കുറഞ്ഞ വേതനം ഉയർത്താനും നിർബന്ധിതമായി. ഇതിൽ നിന്നും വ്യക്തമായൊരു സത്യം മാത്രം പുറത്തുവരുന്നു: ഭരണകൂടം ആദ്യം പൊലീസുമായി എത്തി, പക്ഷേ ഒടുവിൽ വഴങ്ങിയത് തൊഴിലാളികളുടെ കൂട്ടായ സമ്മർദത്തിനു മുന്നിലാണ്.
ഭരണകൂടത്തിന്റെ മറുപടി എന്തായിരുന്നു? ചർച്ചയോ? ഒത്തുതീർപ്പോ? ഇല്ല.
പതിവുപോലെ ആദ്യം വന്നത് പൊലീസ്, ലാത്തിച്ചാർജ്, ടിയർ ഗ്യാസ്, അറസ്റ്റുകൾ, ക്രിമിനലൈസേഷൻ. കാരണം ഇന്ത്യൻ രാഷ്ട്രത്തിന്റെ വർഗ്ഗസ്വഭാവം അതാണ്.
മൂലധനത്തിനെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും അത് “നിയമ-സമാധാന പ്രശ്നം”, “ഗൂഢാലോചന”, “ബാഹ്യ പ്രേരണ” എന്നിങ്ങനെ മുദ്രകുത്തും. ഇത് ഓരോ തവണയും ആവർത്തിക്കുന്ന ഭരണകൂട തന്ത്രമാണ്. തൊഴിലാളി അവകാശം ചോദിച്ചാൽ, കർഷകൻ സമരം ചെയ്താൽ അവനെ ദേശദ്രോഹിയാക്കുക. വിദ്യാർത്ഥി ചോദ്യം ചോദിച്ചാൽ തീവ്രവാദിയാക്കുക. അതായത്, ജനങ്ങളുടെ എല്ലാ ജനാധിപത്യ പ്രതിഷേധങ്ങളെയും ഭരണകൂടം കുറ്റകരമാക്കുന്നത് അതിന്റെ വർഗ്ഗസ്വഭാവം കൊണ്ടാണ്. കാരണം ഇത് മൂലധനത്തിന്റെ രാഷ്ട്രീയമാണ്.
നോയിഡയിലെ സമരം ഇന്ത്യയിലെ ഇന്നത്തെ തൊഴിൽ രാഷ്ട്രീയത്തിന്റെ നഗ്നസത്യമാണ് തുറന്ന് കാട്ടുന്നത്. ഉൽപ്പാദനം തൊഴിലാളി നടത്തുന്നു; ലാഭം മുതലാളി സ്വന്തമാക്കുന്നു. പ്രതിസന്ധി വരുമ്പോൾ അതിന്റെ ഭാരം തൊഴിലാളി ചുമക്കുന്നു; ആനുകൂല്യം വരുമ്പോൾ അത് കോർപറേറ്റിന്റെ ബലൻസ് ഷീറ്റിലേക്കാണ് പോകുന്നത്. രാജ്യം പണിയുന്നത് തൊഴിലാളി. പക്ഷേ രാജ്യത്തിന്റെ സമ്പത്തിൽ അവകാശമില്ലാത്തവനും അവനാണ്. ഇത് ഒരു വൈരുദ്ധ്യമല്ല ഇത് ക്യാപിറ്റലിസത്തിന്റെ അടിസ്ഥാന കുറ്റമാണ്.
മോദി ഭരണകൂടം കൊണ്ടുവന്ന ലേബർ കോഡുകൾ ഈ ചൂഷണത്തിന് നിയമ പരിവേഷം കെട്ടിക്കൊടുത്തു. പതിറ്റാണ്ടുകളുടെ സമരചരിത്രത്തിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെ “പരിഷ്കാരം” എന്ന പേരിൽ നശിപ്പിക്കുകയും കരാർവത്കരണം സാധാരണമാക്കുകയും പിരിച്ചുവിടൽ എളുപ്പമാക്കുകയും യൂണിയൻ ശക്തിയെ തകർക്കുകയും ജോലി സമയം നീട്ടുകയും ചെയ്ത അതേ രാഷ്ട്രീയത്തിന്റെ ഭൂതലപ്രകടനമാണ് നോയിഡയിൽ കണ്ടത്.
“Ease of doing business” എന്ന മുദ്രാവാക്യത്തിന്റെ യഥാർത്ഥ അർത്ഥം
ഇതാണ്.-
തൊഴിലാളിയുടെ ജീവിതം വിലകുറച്ച് കോർപറേറ്റിന്റെ ലാഭം വിലകൂടുതൽ ആക്കുക.
നോയിഡയിലെ തൊഴിലാളികളുടെ വേതന കണക്ക് തന്നെ ഈ ചൂഷണത്തിന്റെ തെളിവാണ്.
നോയിഡ / ഗൗതം ബുദ്ധ നഗറിൽ പ്രതിഷേധത്തിന് മുമ്പുണ്ടായിരുന്ന കൂലി തന്നെ മനുഷ്യനായി ജീവിക്കാൻ അപര്യാപ്തമായിരുന്നു. പ്രതിഷേധത്തിന് ശേഷം സർക്കാർ പ്രഖ്യാപിച്ച വർധന പോലും തൊഴിലാളിയുടെ ജീവിതച്ചെലവിനേക്കാൾ പിന്നിലാണ്. അതേ എൻസിആർ മേഖലയിലെ ഹരിയാനയിൽ വേതനം കൂടുതലാണെങ്കിൽ, എന്തുകൊണ്ട് യുപിയിലെ തൊഴിലാളിക്ക് കുറവ്? എന്തുകൊണ്ട് ഒരേ പ്രദേശത്തുള്ള ഉൽപ്പാദന വ്യവസ്ഥയിലെ ഒരു വിഭാഗം തൊഴിലാളികളെ കുറവുകൂലിയിൽ, കൂടുതലായ അനിശ്ചിതത്വത്തിൽ, കൂടുതൽ അടിച്ചമർത്തലിൽ പിടിച്ചിരുത്തുന്നു?
ഇതിന്റെ മറുപടി സാമ്പത്തകം മാത്രമല്ല; അത് രാഷ്ട്രീയംകൂടിയാണ്. മൂലധനം ഏറ്റവും ദുർബലരായ തൊഴിൽശക്തിയെ കണ്ടെത്തി അവരെ ഏറ്റവും കുറവ് ചെലവിൽ ഏറ്റവും അധികം ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു.
നോയിഡ / ഗൗതം ബുദ്ധ നഗർ – പ്രതിഷേധത്തിന് മുമ്പും ശേഷവും തൊഴിലാളികളുടെ കൂലി താഴെ പറയുന്ന രീതിയിലാണ്.
അൺസ്കിൽഡ്: ₹11,313 → ₹13,690
സെമി-സ്കിൽഡ്: ₹12,445 → ₹15,059
സ്കിൽഡ്: ₹13,940 → ₹16,868
ഹരിയാന – ഏപ്രിൽ 1, 2026 മുതൽ
അൺസ്കിൽഡ്: ₹15,220.71
സെമി-സ്കിൽഡ്: ₹16,780.74
അതുകൊണ്ടു തന്നെയാണ് നോയിഡിലെ പൊട്ടിത്തെറി ചരിത്രപരമായത്. ഇത് ഒരു Spontaneous പ്രതിഷേധം മാത്രമല്ല. ഇത് സംഘടിതമല്ലാത്തതിനെ പോലും സംഘടനയിലേക്ക് തള്ളുന്ന സാമൂഹിക സമ്മർദത്തിന്റെ പ്രകടനമാണ്. യൂണിയനുകൾ ദുർബലമാക്കിയാൽ, കരാർതൊഴിൽ വ്യാപിപ്പിച്ചാൽ, സ്ഥിര ജോലി ഇല്ലാതാക്കിയാൽ, തൊഴിലാളി ഒടുവിൽ നിരാശനായി കീഴടങ്ങുമെന്നാണ് ഭരണകൂടവും മുതലാളിത്തവും കരുതിയത്. പക്ഷേ ചരിത്രം എല്ലായ്പ്പോഴും അങ്ങനെ നടക്കില്ല.
ചൂഷണം അതിരുകടന്നാൽ പ്രതിരോധം പിറക്കും. അടിച്ചമർത്തൽ പരമാവധി എത്തിയാൽ പൊട്ടിത്തെറി സംഭവിക്കും. നോയിഡ അതിന്റെ മുന്നറിയിപ്പാണ്.
കേരളത്തെക്കുറിച്ചും ഇവിടെ പറയേണ്ടതുണ്ട്. കാരണം ഇന്ത്യയിലെ ഉൾനാടൻ കുടിയേറ്റത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കാതെ നോയിഡയുടെ സമരവും മനസ്സിലാക്കാനാവില്ല. ബിഹാർ, യുപി, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കേരളത്തിലേക്ക് വരുന്നത് ആരുടെയും ഉദാരത കൊണ്ടല്ല. സ്വന്തം നാട്ടിൽ ജീവിക്കാൻ സാധിക്കാത്തത്ര കുറഞ്ഞ കൂലിയും അസമത്വവുമാണ് അവരെ പുറത്തേക്ക് തള്ളുന്നത്.
അതായത് migration എന്നത് “അവസരാന്വേഷണം” മാത്രമല്ല; അത് ഇന്ത്യയിലെ വർഗ്ഗ-പ്രാദേശിക അസമത്വത്തിന്റെ ജീവിക്കുന്ന തെളിവാണ്. മനുഷ്യർ സ്വന്തം മണ്ണുവിട്ട് മറ്റൊരിടത്തേക്ക് പോകുന്നത് സ്വപ്നം കൊണ്ടല്ല; ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നിർബന്ധം കൊണ്ടാണ്.
കേരളത്തിൽ ഒരു ഏകീകൃത ഒറ്റ മിനിമം വേതനം ഇല്ല; മേഖലകളനുസരിച്ച് വേതന നോട്ടിഫിക്കേഷനുകൾ പുറപ്പെടുവിക്കുന്ന സംവിധാനമാണ്. ഇത് കേരള ലേബർ കമ്മീഷണറേറ്റിന്റെ ഔദ്യോഗിക സംവിധാനത്തിലാണ് നടക്കുന്നത്. ഔദ്യോഗിക wage comparison പ്രകാരം, 2018-ൽ ഗ്രാമപ്രദേശങ്ങളിലെ പുരുഷ കൃഷിത്തൊഴിലാളിയുടെ ദിവസവേതനം ദേശീയ ശരാശരി ₹321 ആയപ്പോൾ കേരളത്തിൽ ₹767 ആയിരുന്നു. അതേ താരതമ്യത്തിൽ പശ്ചിമ ബംഗാളിൽ ₹329, ഉത്തർപ്രദേശിൽ ₹247, ഒഡിഷയിൽ ₹239, ഗുജറാത്തിൽ ₹265 എന്നിങ്ങനെയുമാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ കേരളം തൊഴിലാളികളെ ആകർഷിക്കുന്ന സംസ്ഥാനമായി മാറിയെന്ന് ഔദ്യോഗിക കുറിപ്പു തന്നെ പറയുന്നു.
അതാണ് ബിഹാർ, യുപി, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കേരളത്തിലേക്ക് വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
കേരളത്തിലെ ഗ്രാമവേതനം ഉത്തർപ്രദേശിനെക്കാൾ ഏകദേശം 40% കൂടുതലും, പശ്ചിമ ബംഗാളിനേക്കാൾ 36% കൂടുതലുമാണ്. ഈ wage gap തന്നെയാണ് migration-ന്റെ കേന്ദ്ര കാരണം എന്ന് പഠനം വ്യക്തമാക്കുന്നു. കേരളത്തിലേക്ക് ബിഹാർ, യുപി, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വരുന്നത് ആരുടെയും ദാനധർമ്മം കൊണ്ടല്ല. അവിടെ കിട്ടാത്ത വേതനവും ഇവിടെ കിട്ടുന്ന കുറച്ചുകൂടി ജീവിക്കാവുന്ന സാഹചര്യമുമാണ് migration-ന്റെ രാഷ്ട്രീയം. അതായത് ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലെ അസമത്വം തന്നെയാണ് മനുഷ്യരെ കുടിയേറ്റത്തിലേക്ക് തള്ളുന്നത്.
സ്വന്തം നാടുവിട്ട് വരുന്നത് “അവസരം” തേടിയാണ് എന്ന് പറയുന്നതിലും മുൻപ്, അവർ എന്തുകൊണ്ട് സ്വന്തം നാടിൽ ജീവിക്കാനാവുന്നില്ല എന്ന് ചോദിക്കണം. അതിന്റെ മറുപടി വർഗ്ഗ ചൂഷണത്തിലാണ് അവസാനിക്കുന്നത്.
നമ്മൾ ഇന്ത്യയിൽ ഇന്ന് രണ്ട് രാജ്യങ്ങളെ കാണുന്നു.
ഒരു രാജ്യം; കോർപറേറ്റുകൾക്ക് ഭൂമി, നികുതി ഇളവ്, തൊഴിൽസൗകര്യം, പൊലീസ് സംരക്ഷണം, നിയമ സഹായം എല്ലാം ഉടനെ ലഭിക്കുന്ന രാജ്യം.
മറ്റൊരു രാജ്യം; തൊഴിലാളികൾ 12 മണിക്കൂർ പണിയെടുത്തിട്ടും വാടകയും ഭക്ഷണവും ഗ്യാസും യാത്രചിലവും കുടുംബച്ചിലവും താങ്ങാനാവാതെ ശ്വാസംമുട്ടുന്ന രാജ്യം.
ഈ രണ്ട് ഇന്ത്യകൾക്കിടയിലെ അന്തരം വെറും വരുമാന വ്യത്യാസമല്ല; അത് വർഗ്ഗസമരത്തിൻ്റെ സുവർണ്ണ രേഖയാണ്.
നോയിഡിലെ തൊഴിലാളികൾ നമ്മെ ഒരു സത്യത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു: ജീവിക്കാൻ കഴിയാത്ത വേതനം തന്നെയാണ് അക്രമം.
പട്ടിണിയെ സ്ഥിരപ്പെടുത്തുന്ന വേതനം അക്രമമാണ്.
ജോലിയെ അവകാശരഹിതമാക്കുന്ന നിയമം അക്രമമാണ്. കരാർവത്കരണം അക്രമമാണ്. യൂണിയൻ തകർക്കൽ അക്രമമാണ്. അതിനെതിരെ എഴുന്നേൽക്കുന്ന തൊഴിലാളിയെ അക്രമിയെന്ന് വിളിക്കാനാവില്ല. അവൻ ചരിത്രത്തിന്റെ പക്ഷത്താണ്.
അവൻ വർഗ്ഗസമരത്തിന്റെ പക്ഷത്താണ്.
അവൻ സമൂഹത്തിന്റെ സമ്പത്ത് സൃഷ്ടിക്കുന്നവരുടെ പക്ഷത്താണ്. അവർ പോരാളിയാണ്.
ഇപ്പോൾ വേണ്ടത് “പാവം തൊഴിലാളികൾ” എന്ന സദുദ്ദേശപരമായ സഹതാപമല്ല. മറിച്ച് ഇപ്പോൾ വേണ്ടത് വ്യക്തമായ വർഗ്ഗപരമായ ഐക്യമാണ്. രാഷ്ട്രീയ പിന്തുണയാണ്. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ പുനർനിർമ്മാണമാണ്.
ലേബർ കോഡുകൾക്കെതിരായ തുറന്ന പോരാട്ടമാണ്. കരാർവത്കരണത്തിനെതിരായ സമരമാണ്. തൊഴിലാളി വർഗ്ഗത്തിന്റെ താൽപര്യം ദേശീയ താൽപര്യത്തിന് വിരുദ്ധമല്ലെന്നും മറിച്ച് അതുതന്നെയാണ് യഥാർത്ഥ ജനാധിപത്യ ഇന്ത്യയുടെ അടിസ്ഥാനം എന്നും ഉച്ചത്തിൽ പറയുന്ന ഇടതുപക്ഷ ബദൽ രാഷ്ട്രീയമാണ്.
നോയിഡിലെ തൊഴിലാളികൾ തെരുവിലിറങ്ങി ചോദിച്ചത് കൂലി മാത്രമല്ല. അവർ ചോദിച്ചത് മാന്യതയാണ്. ജീവിതാവകാശമാണ്. അവർ ഉയർത്തിയത് മുദ്രാവാക്യം മാത്രമല്ല; ചൂഷണ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് ഈ സമരം ഒറ്റപ്പെട്ട ഒന്നല്ല. ഇത് വരാനിരിക്കുന്ന വലിയ ഏറ്റുമുട്ടലുകളുടെ സൂചനയാണ്.
മുതലാളിത്തം തന്റെ ലാഭത്തിനായി തൊഴിലാളിയുടെ ജീവിതം ചവിട്ടിത്തെറിപ്പിക്കുന്നിടത്ത്, തൊഴിലാളിവർഗ്ഗത്തിന്റെ സമരം മാത്രം ചരിത്രത്തെ മുന്നോട്ടു കൊണ്ടുപോകും.
നോയിഡയിൽ നടന്നത് ഒരു സാധാരണ സമരം മാത്രമായിരുന്നില്ല. അത് ക്രോധത്തിന്റെ ഒരു പൊട്ടിത്തെറിയായിരുന്നു.
വാഹനങ്ങൾ കത്തിച്ചു, പൊതുസമ്പത്ത് നശിപ്പിച്ചു, പോലീസ് ഇറങ്ങി.
അവസാനം എന്തായി? തൊഴിലാളികളുടെ വേതനം ഏകദേശം 21% വർധിപ്പിച്ചു.
ഇപ്പോൾ ഒരു ചോദ്യം ഉയരും:
ഈ വേതനവർധന സമരത്തിന് മുൻപ് കൊടുക്കാമായിരുന്നില്ലേ?
പ്രശ്നത്തിന്റെ യാഥാർത്ഥ്യം എന്താണ്
ഇത് ഒരു “അച്ചടക്കക്കുറവ്” അല്ല.
ഇത് ഒരു വലിയ പ്രശ്നത്തിന്റെ ലക്ഷണം ആണ്.
തൊഴിലാളികൾ ഒരുദിവസം പെട്ടെന്ന് അക്രമത്തിലേക്ക് പോകുന്നില്ല.
അവർ അങ്ങനെ പോകുന്നത് എന്തുകൊണ്ട്?
പരാതി പറയാൻ ആരുമില്ല
ചർച്ച നടത്താൻ സംവിധാനമില്ല
സർക്കാർ ഇടപെടുന്നില്ല
ശബ്ദം കേൾക്കപ്പെടുന്നില്ല
ഇങ്ങനെ എല്ലാ വഴികളും അടഞ്ഞാൽ,
തെരുവാണ് അവരുടെ വേദി
ഇന്ത്യയിലെ തൊഴിലാളികളുടെ സ്ഥിതി എന്താണ്
ഇന്ന് ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത്?
സ്ഥിര ജോലി കുറഞ്ഞു
കരാർ ജോലികൾ വർധിച്ചു
വേതനം ഉറപ്പില്ല
സാമൂഹിക സുരക്ഷ ഇല്ല
പകരം ആളെ കണ്ടെത്താമെന്ന ഭയം
തൊഴിലാളികൾ ഉൽപ്പാദനത്തിന് അനിവാര്യരാണ്.
പക്ഷേ അവർക്ക് ലഭിക്കുന്നത് അനിശ്ചിതത്വം മാത്രം.
ഒരിക്കൽ ഒരു “സാമൂഹിക കരാർ” ഉണ്ടായിരുന്നു:
തൊഴിലാളികൾ → പരിശ്രമം നൽകി
ഉടമകൾ → സ്ഥിരതയും ന്യായമായ വേതനവും നൽകി
സർക്കാർ → ഇടനിലക്കാരനായി നിന്ന
ഈ കരാർ ഇന്ന് തകർന്നിരിക്കുകയാണ്.
ഇപ്പോൾ എന്താണ് ബാക്കി?
വിശ്വാസമില്ല
സംവാദമില്ല
മുട്ടിപ്പോക്ക് മാത്രം
ഇന്ന് ഒരു തൊഴിലാളിയുടെ ജീവിതം എങ്ങനെയാണ്?
ഭക്ഷണം വില കൂടുന്നു
ഇന്ധനം വില കൂടുന്നു
വാടക ഉയരുന്നു
യാത്ര ചെലവ് കൂടുന്നു
വരുമാനം അത്ര വളരുന്നില്ല.
ഒരു ചെറിയ പ്രശ്നം പോലും ജീവിതം തകർക്കാൻ മതി.
ലോക സാഹചര്യവും ഇവരെ ബാധിക്കുന്നു
ലോകത്തിലെ യുദ്ധങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം
ഇന്ധന വില ഉയരുന്നു
വിലക്കയറ്റം വർധിക്കുന്നു
ഇത് വലിയ സാമ്പത്തിക ചർച്ചകളിൽ പറയാം.
പക്ഷേ അതിന്റെ ആഘാതം കാണുന്നത്
ഒരു തൊഴിലാളിയുടെ വീട്ടിലാണ്.
യഥാർത്ഥ പ്രശ്നം എന്താണ്
നോയിഡയിൽ കത്തിയത് വാഹനങ്ങൾ മാത്രം അല്ല.
കത്തിയത് വിശ്വാസമാണ്.
തൊഴിലാളികൾക്ക് ഇന്ന് രണ്ട് പ്രശ്നങ്ങൾ ഉണ്ട്:
കുറഞ്ഞ വേതനം
കേൾക്കപ്പെടാത്ത ശബ്ദം
അവർക്കുള്ള കോപം വെറും പണത്തിനല്ല,മാനത്തിനും അംഗീകാരത്തിനുമാണ്.നോയിഡ ഒരു ഒറ്റപ്പെട്ട സംഭവം അല്ല.
ഇത് ഒരു മുന്നറിയിപ്പാണ്.
തൊഴിലാളികളുടെ ശബ്ദം അടിച്ചമർത്തിയാൽ → സമരം വരും
അസമത്വം വർധിച്ചാൽ → അസ്ഥിരത വരും
സർക്കാർ പിൻവാങ്ങിയാൽ → സംഘർഷം ഉറപ്പ്
ഇതിനെ തടയാൻ എന്ത് വേണം?
തൊഴിലാളികൾക്ക് ശക്തമായ പ്രതിനിധാനം
വിശ്വസനീയമായ പരാതി പരിഹാര സംവിധാനം
സർക്കാർ ഇടപെടൽ
യഥാർത്ഥ സംവാദം
അവസാനം പറയാനുള്ളത്:
സമരം പ്രശ്നത്തിന്റെ തുടക്കം അല്ല.
അത് അവസാന വഴിയാണ്.
നമ്മൾ പ്രശ്നം കാണേണ്ടത്
കത്തുന്ന വാഹനങ്ങളിൽ അല്ല,
കേൾക്കപ്പെടാതെ പോകുന്ന ശബ്ദങ്ങളിലാണ്.
കോർപറേറ്റ്-ഭരണകൂട കൂട്ടുകെട്ടിനെതിരെ തൊഴിലാളിവർഗ്ഗത്തിന്റെ ഒറ്റക്കെട്ടായ പ്രക്ഷോഭം അനിവാര്യമാണ്.നോയിഡിലെ തൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ. ഹരിയാനയിലെയും യുപിയിലെയും സമര തൊഴിലാളികൾക്ക് ഐക്യദാർഢ്യം.സമര തൊഴിലാളികൾക്ക് ലാൽസലാം. അടിച്ചമർത്തലിനെതിരെ പൊരുതുന്ന എല്ലാ തൊഴിലാളികൾക്കും ഐക്യദാർഢ്യം.
തൊഴിലാളിയുടെ ഇന്ത്യ ഉയിർത്തെഴുന്നേൽക്കട്ടെ.
തൊഴിലാളി സമരം സിന്ദാബാദ് ✊

Leave a Reply