കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

നമുക്ക് ചുറ്റും

പശ്ചിമേഷ്യ: സമാധാനം അകലെയോ?

അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വത്തിന്റെ വരുതിയില്‍ നില്‍ക്കാത്ത ഇറാനിലെ ഭരണസംവിധാനത്തെ ഒറ്റയടിക്ക് ഒന്നോ രണ്ടോ നാളുകള്‍ക്കകം തീര്‍ക്കാമെന്നാണ് ട്രംപും നെതന്യാഹവും കരുതിയത്. പശ്ചിമേഷ്യന്‍ മേഖലയില്‍ ഫെബ്രുവരി 28-ന് തുടങ്ങിയ ആക്രമണ പ്രത്യാക്രമണങ്ങള്‍ ഏപ്രില്‍ മാസം ആദ്യവാരത്തില്‍ എത്തിനില്‍ക്കെ ലോകം കടുത്ത ആശങ്കയിലേക്കും അനിശ്ചിതത്വത്തിലേക്കും നീങ്ങുകയാണ്. എല്ലാം കൈപ്പിടിയില്‍ ഒതുക്കാം എന്ന ചിന്തയില്‍ യുദ്ധം തുടങ്ങിവെച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും അതിമോഹത്തിനാണ് തിരിച്ചടി നേരിടുന്നത്. യുദ്ധം നീളുന്നത് ഗള്‍ഫ് രാജ്യങ്ങളിലും ദക്ഷിണേഷ്യയിലും ബഹുമുഖ പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുണ്ട്. സമാധാനം ഉടന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ ലോകജനതയ്ക്ക് കൂടിയ ദുരിതങ്ങളിലൂടെ കടന്നു പോകേണ്ടിവരും.

യുദ്ധത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 100 ഡോളറില്‍ കൂടുതലായത് ആഗോള സമ്പദ്ഘടനയില്‍ വിനാശകരമായ ഫലങ്ങള്‍ സൃഷ്ടിക്കും. ഇക്കൊല്ലം എണ്ണ വില 58-68 ഡോളര്‍ പരിധിയില്‍ തുടരുമെന്നായിരുന്നു നിഗമനങ്ങള്‍. അസംസ്‌കൃത എണ്ണ വില ഒരു ശതമാനം ഉയര്‍ന്നാല്‍ പെട്രോള്‍ വില അര ശതമാനം വര്‍ദ്ധിക്കും എന്നാണ് അനുമാന കണക്ക്. നിലവിലെ സ്ഥിതിയില്‍ എണ്ണവില വീപ്പയ്ക്ക് 150 ഡോളര്‍ വരെയായി വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ സര്‍വ്വ മേഖലകളിലും വിലക്കയറ്റം നിയന്ത്രണാതീതമാകുമെന്ന് ഉറപ്പ്. അതായത് യുദ്ധത്തിന്റെ ആദ്യത്തെ പ്രത്യാഘാതം ആഗോള വിലക്കയറ്റത്തിന്റെ രൂപത്തിലാകും. ഇന്ധനക്ഷാമം പോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ നേരിടുന്നുണ്ട്. ആഗോള എണ്ണ നീക്കത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായി അടച്ചതിനാല്‍ വിവരണാതീതമായ കുഴപ്പങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഓഹരി വിപണികളില്‍ സംഭവിക്കുന്ന ഇടിവ് നിക്ഷേപകരുടെ ആശങ്കയ്ക്ക് തെളിവാണ്.

പത്തു കോടി ജനസംഖ്യയുള്ള ഇറാനുമായി ദശകങ്ങളായി സാമ്പത്തിക യുദ്ധത്തില്‍ ആയിരുന്നു അമേരിക്ക. ആഭ്യന്തര യുദ്ധം നേരിടുന്ന രാജ്യങ്ങളില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സമാനമായ അവസ്ഥയാണ് ഉപരോധങ്ങള്‍ വഴി ഇറാനില്‍ സംഭവിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.എന്നിരുന്നാലും അമേരിക്ക ലക്ഷ്യം ഇട്ട രാഷ്ട്രീയമാറ്റം ഇറാനില്‍ സാധ്യമായില്ല. അത് നേടിയെടുക്കാന്‍ ആണ് നേരിട്ട് സൈനിക ആക്രമണത്തിന് തുനിഞ്ഞത്. ഈ യുദ്ധത്തിന്റെ ഏറ്റവും ഭയാനകമായ വശമെന്നത് ഇതിന്റെ വ്യാപനത്തിനുള്ള സാധ്യതയും അതുവഴി ഉണ്ടാകാവുന്ന അപകടങ്ങളും ആണ്. ഇറാന്‍ ഭീഷണി എന്ന പേരില്‍ അമേരിക്ക നടത്തിവരുന്ന ആയുധ കച്ചവടത്തിന്റെ ഏറ്റവും വലിയ വിപണിയുമാണ് പശ്ചിമേഷ്യ. മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്കും ഇസ്രയേല്‍ കേന്ദ്രങ്ങളിലേക്കും ഇറാന്‍ മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുന്നുണ്ട്. എണ്ണ ശേഖരങ്ങള്‍ ലക്ഷ്യമിടുകയെന്നതും ഇരുപക്ഷവും യുദ്ധതന്ത്രമായി സ്വീകരിച്ചിട്ടുണ്ട്. ഈ സ്ഥിതിയില്‍ മറ്റു ശക്തികളും യുദ്ധത്തില്‍ നേരിട്ടും അല്ലാതെയും ഇടപെട്ടേക്കാം. അതായത് ഇത് കേവലം പ്രാദേശിക യുദ്ധമല്ല അന്താരാഷ്ട്ര ക്രമം നേരിടുന്ന കനത്ത വെല്ലുവിളിയുടെ പ്രതിഫലനമാണ്. ഐക്യരാഷ്ട്ര സംഘടന തികച്ചും നോക്കുകുത്തിയായി മാറുകയും സമാധാനത്തിനുള്ള ആഹ്വാനങ്ങള്‍ ദുര്‍ബലപ്പെടുകയും ചെയ്തിരിക്കുന്നു. സൈനിക സമ്മര്‍ദ്ദം ഇറാനില്‍ ഭരണമാറ്റം കൊണ്ടുവരുമെന്നാണ് യുദ്ധത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. എന്നാല്‍ ഇറാഖിലെയും സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും അനുഭവങ്ങള്‍ ഈ വാദത്തിന് പിന്തുണ നല്‍കുന്നതല്ല. അസ്ഥിരതയും ശിഥിലീകരണവും കഠിനമായ മാനുഷിക ദുരന്തങ്ങളും മാത്രമാണ് അധിനിവേശ യുദ്ധങ്ങളുടെ ഫലങ്ങള്‍.

ട്രംപിന്റെ പ്രതികാര തീരുവകള്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് ഇടയിലാണ് ഇറാന്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളും. ആഗോള എണ്ണ ഉത്പാദനത്തില്‍ ഗള്‍ഫ്-പേര്‍ഷ്യന്‍ രാജ്യങ്ങളുടെ പങ്ക് 35% വരുമെന്നിരിക്കെ ഈ മേഖലയില്‍ സംഘര്‍ഷം രൂപമെടുത്തത് ഒരിക്കലും ഗുണകരമല്ല. വ്യോമയാന ടൂറിസം മേഖലകളിലെ തളര്‍ച്ച ആഗോള വ്യാപാരത്തില്‍ മാന്ദ്യത്തിന് വഴിയൊരുക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ഇടമാണ് പശ്ചിമേഷ്യ. കേരളത്തില്‍ നിന്ന് തന്നെ 20 ലക്ഷത്തില്‍ പരം പേര്‍ അവിടെയുണ്ട്. വര്‍ഷംതോറും ലക്ഷം കോടിയിലധികം രൂപയാണ് അവര്‍ നാട്ടിലേക്ക് അയക്കുന്നത്. ഈ യുദ്ധം നീളുന്നതില്‍ കേരളത്തിലുള്ള ആകുലത ചില്ലറയല്ല. ഏറ്റവും ഒടുവില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിഇറാന്റെയും അമേരിക്കയുടെയും പ്രതിനിധികള്‍ പാക്കിസ്ഥാനില്‍ വച്ച് നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച അമേരിക്കയുടെ കടുംപിടുത്തം നിമിത്തം അലസി പിരിഞ്ഞിരിക്കുകയാണ്. തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തുവാനുള്ള അമേരിക്കന്‍ തീരുമാനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ലോകസമാധാനം തകര്‍ക്കാനുള്ള സാമ്രാജ്യത്വ - യാങ്കി - സയണിസ്റ്റ് കൂട്ടുകെട്ടിന്റെ ക്രൂരതയ്ക്ക് മുന്‍പില്‍ ആശങ്കയോടെയാണ് ലോകം. ഇതിനെതിരെ മനുഷ്യസ്‌നേഹികള്‍ അതിശക്തമായി ലോകമാകെ രംഗത്ത് വരേണ്ടതുണ്ട്.

ഇസ്രയേലിന്റെ കെണിയില്‍പ്പെട്ട

ട്രംപിന്റെ രോദനം

കഴിഞ്ഞ 43 ദിവസത്തെ യുദ്ധം നിരീക്ഷിച്ചാല്‍ ഫെബ്രുവരി 28ന് തെഹ്‌റാനില്‍ നടത്തിയ ബോംബിങ്ങില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയെയും കുടുംബത്തെയും വധിച്ച് ഭരണമാറ്റം സാധ്യമാക്കാം എന്നായിരുന്നു അമേരിക്ക ധരിച്ചത്. ഇറാന്റെ മിസൈല്‍ ശേഷി നശിപ്പിക്കലും നാവികശേഷിയും ആണവ ശേഷിയും ഇല്ലാതാക്കിയും ഇറാനെ പിന്തുണയ്ക്കുന്ന ലെബനനിലെ ഹിസ് ബുള്ളയെയും യമനിലെ ഹൂതികളെയും തകര്‍ക്കലും ട്രംപ് ലക്ഷ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ ഇതില്‍ ഒന്നു പോലും നേടാന്‍ അമേരിക്കക്ക് കഴിഞ്ഞില്ല.

ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത് പോലെ പ്രാദേശിക യുദ്ധമായി വളര്‍ത്താന്‍ കഴിഞ്ഞു. അമേരിക്കയുടെ 19 സൈനികത്താവളങ്ങളില്‍ പകുതിയും ഇറാന്‍ ആക്രമണത്തില്‍ പൂര്‍ണ്ണമായും

തകര്‍ന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ കമാന്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം

തകര്‍ത്തു. കൊട്ടുംകുരവയും ആയി ഇറാന്‍ തീരത്തേക്ക് നീങ്ങിയ അമേരിക്കന്‍ പടക്കപ്പലുകള്‍ ആയ എബ്രഹാം ലിങ്കണും

ജറാള്‍ഡ് ഫോര്‍ഡും ഗത്യന്തരമില്ലാതെ പിന്‍വാങ്ങി. യു എസ് സൈനികരെ സൈനിക താവളങ്ങളില്‍ നിന്ന് ഹോട്ടലുകളിലേക്ക് മാറ്റിയപ്പോള്‍ അത്തരം ഹോട്ടലുകളും ഇറാന്‍ ലക്ഷ്യമാക്കിയതോടെ അവരെ യൂറോപ്പിലുള്ള സൈനിക താവളങ്ങളിലേക്ക് മാറ്റേണ്ടിവന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും റഡാര്‍ സംവിധാനങ്ങളെ തകര്‍ത്ത് പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായി. അതോടൊപ്പം അമേരിക്കയുടെ ബിസിനസ് സ്ഥാപനങ്ങളെയും ഇറാന്‍ ലക്ഷ്യമാക്കി. അമേരിക്കന്‍ സൈന്യം ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് നല്‍കുമെന്ന് പ്രതീക്ഷിച്ച സുരക്ഷാകവചനം നല്‍കാനായില്ലെന്നു മാത്രമല്ല അവരുടെ സുരക്ഷ അവതാളത്തില്‍ ആകുകയും ചെയ്തു. ഖത്തറും ഒമാനും പതുക്കെ ഇറാന്‍ പക്ഷത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍.

യുദ്ധത്തെ ഇറാന് അനുകൂലമായി തിരിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകം ഹോര്‍മൂസ് കടലിലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിഞ്ഞു എന്നതാണ്. ലോക എണ്ണയുടെയും ഗ്യാസിന്റെയും 20% കടന്നുപോകുന്നത് ഈ കടലിടുക്കിലൂടെയാണ്. ഇറാന്‍ റവലൂഷണറി ഗാര്‍ഡ് അനുവദിക്കുന്ന കപ്പലുകള്‍ക്ക് മാത്രമേ ഇതുവഴി ഇപ്പോള്‍ കടന്നു പോകാന്‍ സാധിക്കുകയുള്ളൂ. ഒരു കപ്പല്‍ കടത്തിവിടാന്‍ 20 ലക്ഷം ഡോളറാണ് ഇറാന്‍ ഈടാക്കുന്നത്. ഇതോടെ എണ്ണ , ഗ്യാസ്, രാസവളങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില കുതിച്ചുയര്‍ന്നു. ലോകം ട്രംപിനെ പഴിക്കാന്‍ തുടങ്ങി. അമേരിക്കയില്‍ ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞു.

ഈ ഘട്ടത്തിലാണ് യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്കു മേല്‍ സമ്മര്‍ദം ശക്തമായത്. യുദ്ധം തുടങ്ങി ഒരു ഡസണ്‍ തവണയെങ്കിലും സ്വയം വിജയം പ്രഖ്യാപിക്കുകയും ഇറാനെ നിലംപരിശാക്കിയെന്ന് (ഇറാനെ ശിലായുഗ കാലത്തേക്ക് നയിക്കുമെന്നും ഇറാന്‍ സംസ്‌കാരത്തെ ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്നും) അവകാശപ്പെടുകയും കീഴടങ്ങാന്‍ ആക്രോശിക്കുകയും ചെയ്ത ട്രംപ് അവസാനം ഇറാന്‍ മുന്നോട്ടുവെച്ച പത്തിന പരിപാടിയില്‍ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് സമ്മതിക്കുകയാണ് ചെയ്തത്.

എന്നാല്‍ ഈ വെടിനിര്‍ത്തല്‍ പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഊന്നിയ നയതന്ത്ര നീക്കം അല്ല മറിച്ച് വാഷിംഗ്ടണിന്റെ സൈനിക ശേഷി സ്വരൂപിക്കുന്നതിനുള്ള കാലതാമസം മറികടക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു എന്ന സംശയം ഉണര്‍ത്തും വിധമാണ് ലബനന്‍ വിഷയം ഉയര്‍ത്തപ്പെട്ടത് തൊട്ടു പുറകെ യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാന്‍ അവകാശമുണ്ടായിരിക്കുന്നതല്ല എന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തി. ഇറാന്‍ പുറത്തുവിട്ട പത്തിന നിര്‍ദ്ദേശങ്ങളില്‍ അവകാശം ഇറാന് ഉണ്ടെന്ന് പറയുന്നുണ്ട്. അതോടൊപ്പം ഹോര്‍മോസിന്റെ നിയന്ത്രണം ഇറാന്റെ കൈവശം ആയിരിക്കുമെന്നും 47 വര്‍ഷമായി അമേരിക്ക ഇറാന് എതിരെ തുടരുന്ന ഉപരോധങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നും പശ്ചിമേഷ്യയില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണ്ണമായും പിന്മാറണമെന്നും നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവലോകത്തിന്റെ അന്ത്യവും റഷ്യയും ചൈനയും ഇറാനും ഉള്‍പ്പെടുന്ന ബഹുധ്രുവ ലോകശക്തികളുടെ ഉദയവും പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ജാള്യവും പരിഭ്രമവും ആണ് അമേരിക്ക - ഇസ്രയേല്‍ നീക്കത്തില്‍ നിഴലിക്കുന്നത്. നാച്ചുപോലും തകര്‍ച്ചയുടെ വക്കിലാണ്.നെതന്യാഹുവിനെ വിശ്വസിച്ച് യുദ്ധത്തിലേക്ക് എടുത്തുചാടിയ ട്രംപിന് എങ്ങനെയെങ്കിലും തലയൂരണമെന്നുണ്ട്. പക്ഷേ അമേരിക്കയാണ് ജയിച്ചതെന്ന് മാലോകരെ വിശ്വസിപ്പിക്കണം. അല്ലാത്തപക്ഷം ലോക പോലീസ് പട്ടം നഷ്ടമാകും. ചെകുത്താനും കടലിടുക്കിനും ഇടയില്‍ പെട്ട അമേരിക്കന്‍ കഴുകന്റെ ദയനീയ രോദനമാണ് ലോകം കേള്‍ക്കുന്നതും. ഏറ്റവും ഒടുവില്‍ നിരാശനായ ട്രംപ് മാര്‍പാപ്പയെയും കടന്നാക്രമിക്കുന്നതിലേക്ക് തിരിഞ്ഞു. ഈ യുദ്ധം ലോകത്തിനു നല്‍കുന്ന പാഠം ലോക സമാധാനം ശാശ്വതമാകണമെങ്കില്‍ സോഷ്യലിസം വിജയിക്കണമെന്നതാണ്.

നവകേരള സൃഷ്ടിക്ക് അനിവാര്യമായ തുടര്‍ച്ച ഉണ്ടാവും

<