ഐക്യകേരളം രൂപം കൊണ്ടിട്ട് 2031-ല്‍ എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകും. ആ ചരിത്രഘട്ടത്തില്‍ കേരളം ആര്‍ജിച്ച ലോകോത്തര നേട്ടങ്ങളെ സുസ്ഥിരമാക്കി, പുതുതലമുറ വികസന പ്രശ്നങ്ങള്‍ അഭിമുഖീകരിച്ച്, പരിസ്ഥിതി സൗഹൃദവും നവീന ആശയങ്ങളുടെയും അറിവുകളുടെയും വിനിയോഗവും ഉറപ്പാക്കുന്ന ജ്ഞാന സമൂഹമായി വികസിപ്പിക്കേണ്ടത് ലോകമെങ്ങുമുള്ള മലയാളികളുടെ കടമയാണ്. അതിനുപയുക്തമായ സമീപന രേഖയാണ് ''വിഷന്‍ 2031''. കേരളം ഇതിനകം കൈവരിച്ച വികസന നേട്ടങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും അടിയുറച്ച വിജ്ഞാനാധിഷ്ഠിത വികസന പാതയെ കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള ദീര്‍ഘദര്‍ശനമാണ് ഇത്.
കേരളത്തിന്റെ വികസനചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്; ഭൂപരിഷ്കരണം, സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭാസവും പൊതു ആരോഗ്യസേവനങ്ങള്‍, ഗ്രന്ഥശാലാ സാക്ഷരതാ പ്രസ്ഥാനങ്ങള്‍ അധികാര വികേന്ദീകരണം, കുടുംബശ്രീ സ്ത്രീ ശാക്തീകരണ യത്നങ്ങള്‍ സര്‍വ്വോപരി സംഘടിത ശേഷിയും അവകാശ സമരങ്ങളും കരുത്തുറ്റ പൊതു ഇടപെടലുകളും ഊട്ടിയുറപ്പിച്ച ഇടതുപക്ഷ നയങ്ങള്‍ ദീര്‍ഘദൃഷ്ടിയോടെ കാലാകാലങ്ങളില്‍ രൂപം കൊടുത്തതിന്റെ നേട്ടമാണ് നമ്മുടെ സംസ്ഥാനത്തെ വേറിട്ടതാക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഈ ജനപക്ഷ വികസന പാതയെ കൂടുതല്‍ ശക്തിപ്പെടുത്താനും പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞത് ഇടത് സര്‍ക്കാരിന്റെ ദൃഢമായതും ലോകത്തിന്റെ വികസനാനുഭവങ്ങളെ സ്വാംശീകരിക്കുന്നതുമായ നയപരമായ ഇടപെടലുകളിലൂടെയാണ്.
സ്ത്രീപക്ഷ മതനിരപേക്ഷ നവകേരളത്തിലേക്ക്: കഴിഞ്ഞ ദശാബ്ദത്തിന്റെ നേട്ടങ്ങളും മുന്നോട്ടുള്ള ദിശയും
കഴിഞ്ഞ ഒരു ദശാബ്ദമായി വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിവരസാങ്കേതികവിദ്യ, വ്യവസായം, സാമൂഹികസുരക്ഷ, മാലിന്യ നിര്‍മ്മാര്‍ജനവും പരിസ്ഥിതി സംരക്ഷണവും എന്നീ മേഖലകളില്‍ സംസ്ഥാനത്തിന് അഭൂതപൂര്‍വമായ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞു. ദേശീയവും അന്തര്‍ദേശീയവുമായ വിലയിരുത്തലുകളില്‍ കേരളം മുന്നിലെത്തിയത് ഈ ജനപക്ഷ വികസന ബദലിന്റെ ശാസ്ത്രീയതയെയും കരുത്തിനെയുമാണ് തെളിയിക്കുന്നത്.
സാമൂഹികസുരക്ഷയുടെ കാര്യത്തില്‍ ഈ കാലഘട്ടത്തില്‍ കേരളം രാജ്യത്തിന് മാതൃകയായി; ക്ഷേമപെന്ഷന് പദ്ധതികള്‍ വിപുലീകരിച്ച് പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേര്‍ക്ക് പെന്ഷന് കാര്യക്ഷമമായിഎത്തിച്ചു.. 600 രൂപയായിരുന്ന ക്ഷേമപെന്ഷന് 1600 രൂപയായി വര്‍ധിപ്പിച്ചതും തുടര്‍ന്ന് 2000 രൂപയായി ഉയര്‍ത്തിയതും ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കാനായിരുന്നു. ഒമ്പതര വര്‍ഷംകൊണ്ട് ഈ മേഖലയില്‍ മാത്രം ചെലവഴിച്ചത് 80,000 കോടി രൂപയ്ക്ക് മുകളിലാണ്.
സ്ത്രീകളുടെയും യുവജനങ്ങളുടെയും സാമൂഹികസാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ സംഭാവനകള്‍ അംഗീകരിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. 35 മുതല്‍ 60 വയസ്സ് വരെയുള്ള 31.34 ലക്ഷം സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീസുരക്ഷ പെന്ഷന് നല്കുന്നു. 18 മുതല്‍ 30 വയസ്സ് വരെയുള്ള 5 ലക്ഷം യുവജനങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ വീതം കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കി. പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുകയും അംബേദ്കര്‍ ഗ്രാമവികസന പദ്ധതികളിലൂടെ ഗ്രാമീണ മേഖലകളില്‍ വികസന ഇടപെടലുകള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. പട്ടികവിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിദേശപഠനത്തിനായി നൂറുകണക്കിന് കോടി രൂപ ചെലവഴിച്ചും വിദ്യാഭ്യാസ അവസരങ്ങള്‍ വിപുലീകരിച്ചു.
അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രത്യേക പ്രവര്‍ത്തനപദ്ധതിയാണ് നടപ്പാക്കിയത്. 64,000-ത്തിലധികം അതിദരിദ്ര കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്തി ഭക്ഷണം, സുരക്ഷിത ഭവനം, ആരോഗ്യപരിരക്ഷ, സ്ഥിര വരുമാനം എന്നിവ ഉറപ്പാക്കി. ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൈക്രോ പ്ലാനുകളിലൂടെ പരിഹാരം കണ്ടെത്തിയതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
വികസനത്തിന്റെ മറ്റൊരു നിര്‍ണായക ഘടകമാണ് അടിസ്ഥാന സൗകര്യ വികസനം. ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഗതാഗത വികസന പദ്ധതികള്‍, ഐടി മേഖലയിലെ അടിസ്ഥാന സൗകര്യവ്യാപനം, ടൂറിസം മേഖലയിലെ വളര്‍ച്ച എന്നിവ കേരളത്തിന്റെ സാമ്പത്തിക സാധ്യതകളെ കൂടുതല്‍ വിപുലീകരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കുകയും ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത, കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും, കണ്ണൂര്‍ വിമാനത്താവളം, സിയാല്‍ വികസനം, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, ഗെയില്‍ പൈപ്പ് ലൈന്‍, കൊച്ചി ബാംഗ്ലൂര്‍ ഐറ്റി ഇടനാഴി, വയനാട് തുരങ്കപാത തുടങ്ങിയ വലിയ അടിസ്ഥാനസൗകര്യ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു.
വ്യവസായ മേഖലയിലും പുതിയ ചുവടുവെപ്പുകളാണ് ഉണ്ടായത്. വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം മുന്നിലെത്തി. സംരംഭക വര്‍ഷം പദ്ധതിയിലൂടെ മൂന്നര ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയും 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് വഴിയുള്ള പിന്തുണയോടെ ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നു. ഇതിലൂടെ നാലര ലക്ഷം തൊഴില്‍ സൃഷ്ടിച്ചു. ഐബിഎം, എച്ച്സിഎല്‍ ടെക്ക്, സഫ്രാന്‍, കെയ്ന്‍സ് ടെക്നോളജി, അക്സെന്‍ച്വര്‍ തുടങ്ങിയ ലോകോത്തര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്തി. ആഗോള നിക്ഷേപക സംഗമത്തിലൂടെ ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചു. റിവേഴ്സ് മൈഗ്രേഷന്റെ സൂചനകള്‍ ലിങ്ക്ഡ്ഇന്‍ രേഖപ്പെടുത്തിയ 40,000 ഡാറ്റയില്‍ തന്നെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ സര്‍വകലാശാലകളെ തിരഞ്ഞെടുക്കാന്‍ തുടങ്ങി.
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്. ശിശുമരണനിരക്ക് വികസിത രാജ്യങ്ങളോട് താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് കുറയ്ക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ ലഭ്യമാകുന്ന സംസ്ഥാനമായി കേരളം മാറി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയും ഒപി സമയം വൈകീട്ട് ആറുവരെ നീട്ടുകയും ചെയ്തു. ഇ-ഹെല്‍ത്ത് സംവിധാനം ആയിരത്തിലധികം ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കി. അപൂര്വരോഗങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നതിലും വീട്ടില്‍ ഇരുന്ന് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിലും കേരളം രാജ്യത്തിന് മാതൃകയായി. നിപ പോലുള്ള അപകടകാരിയായ രോഗങ്ങളെ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്ത അനുഭവം കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ ശക്തിയെ തെളിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ആരോഗ്യ രംഗത്തെ ജനപങ്കാളിത്ത മാതൃകയെ ശക്തിപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുത്തെത്തി. കെ-സ്മാര്‍ട്ട് പോലുള്ള സംവിധാനങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കി. കെ-ഫോണ്‍ പദ്ധതിയിലൂടെ രാജ്യത്ത് ആദ്യമായി ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമായി കേരളം മാറി.
പൊതുവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. 55,000 ഹൈടെക് ക്ലാസ് മുറികള്‍, നൂറുകണക്കിന് പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍, റോബോട്ടിക് കിറ്റുകള്‍ അടക്കം ആധുനിക പഠന സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ശക്തിപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ രംഗത്ത് നാലുവര്‍ഷ ബിരുദ പദ്ധതി നടപ്പാക്കി, രാജ്യാന്തര നിലവാരത്തിലുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപനങ്ങള്‍ രൂപീകരിച്ചു, ട്രാന്സലേഷന് കേന്ദ്രങ്ങള്‍ ഗവേഷണ നേട്ടങ്ങള്‍ സമൂഹത്തിന് ലഭ്യമാക്കാന്‍ സജ്ജമാക്കി.ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചു.ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും സയന്‍സ് പാര്‍ക്കും രാജ്യത്ത് ആദ്യമായി സ്ഥാപിച്ചു.
ഭവനരംഗത്ത് ലൈഫ് മിഷന് പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലധികം വീടുകള്‍ യാഥാര്‍ത്ഥ്യമാക്കി. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന വലിയ സാമൂഹിക ഇടപെടലാണിത്. നാലര ലക്ഷത്തിലധികം പട്ടയം നല്കി. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനരധിവാസ പദ്ധതികളും മലയോര, കടലോര ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന നടപടികളും സമഗ്ര വികസന സമീപനത്തിന്റെ ഭാഗമാണ്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. 2016 മുതല്‍ 2025 വരെ പി.എസ്.സി മുഖേന മൂന്ന് ലക്ഷത്തിലധികം നിയമനങ്ങള്‍ നടന്നു. വ്യവസായ വളര്‍ച്ചയ്ക്കൊപ്പം പരമ്പരാഗത തൊഴില്‍ മേഖലകളായ കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകളിലും തൊഴിലാളികള്‍ക്ക് പിന്തുണ ഉറപ്പാക്കി.
ക്രമസമാധാന പാലനത്തിലും കേരളം രാജ്യത്തിന് മാതൃകയാണ്. വര്‍ഗീയ കലാപങ്ങളില്ലാത്ത സമാധാനപരമായ സാമൂഹിക അന്തരീക്ഷം നിലനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കുറ്റാന്വേഷണ മികവിലും കേരളം മുന്നിലാണ്. ഈ എല്ലാ നേട്ടങ്ങളും ഒരുമിച്ചു നോക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ് ജനങ്ങളുടെ ക്ഷേമവും സാമൂഹ്യനീതിയും മുന്‍നിര്‍ത്തിയുള്ള വികസന സമീപനമാണ് കേരളത്തിന്റെ ശക്തി. കഴിഞ്ഞ ദശാബ്ദത്തില്‍ ആ ദിശയില്‍ കേരളം കൈവരിച്ച മുന്നേറ്റം നവകേരളമുന്നേറ്റത്തിന്റെ അടുത്തഘട്ട വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കിയിരിക്കുകയാണ്.
എന്നാല്‍ ഈ വികസന യാത്ര വെല്ലുവിളികളില്ലാത്തതല്ല. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന കേന്ദ്രനയങ്ങള്‍ കേരളത്തിന്റെ വികസന സാധ്യതകളെ ചുരുക്കുകയാണ്. സെസ്സും സര്‍ചാര്‍ജും വര്‍ധിപ്പിച്ചുള്ള ധനനയം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം കുറയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കുകയും കടമെടുപ്പ് പോലും നിയമപരിധിയില്‍ നിന്ന് വെട്ടിക്കുറക്കുന്നു. ഈ പരിമിതികള്‍ക്കിടയിലും ജനപക്ഷ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തിന് കഴിഞ്ഞത് സമര്‍ത്ഥമായ സാമ്പത്തിക മാനേജ്മെന്റിലൂടെ തന്നെയാണ് .
ഈ പാശ്ചാത്തലത്തിലാണ് വിഷന്‍ 2031ന്റെ രൂപീകരണം നവകേരളത്തിന്റെ അടുത്തഘട്ട വികസനത്തിന് ദിശാബോധം നല്‍കുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിച്ച ചര്‍ച്ചകളിലൂടെ വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ശേഖരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനം ഈ സംവാദ പ്രക്രിയയെ കൂടുതല്‍ സമ്പന്നമാക്കി.
കേരളത്തിന്റെ വികസന മാതൃകയെക്കുറിച്ച് നിരവധി പ്രമുഖര്‍ ഉയര്‍ന്ന വിലയിരുത്തലുകളാണ് നടത്തിയിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നീ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസന കാഴ്ചപ്പാടിന്റെ വിജയമാണെന്ന് നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യ സെന്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യനീതിയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് പല പ്രമുഖരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിഷന്‍ 2031 ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പ്രോജക്ടുകളാക്കി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ആവശ്യമായിടത്ത് നിയമനിര്‍മാണം നടത്തുകയും നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും. പഠനവും ഗവേഷണവും ആവശ്യമായ മേഖലകളില്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും.
ഭരണതുടര്‍ച്ചയുടെ അനിവാര്യത
കേരളം ഇന്ന് കൈവരിച്ച നേട്ടങ്ങള്‍ യാദൃശ്ചികമല്ല. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള വികസന സമീപനവും സാമൂഹ്യനീതിയെ ആധാരമാക്കിയുള്ള നയപരമായ ഇടപെടലുകളും ചേര്‍ന്നതാണ് ഈ മുന്നേറ്റത്തിന്റെ കാതല്‍. കഴിഞ്ഞ ദശാബ്ദത്തില്‍ ഇടത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ജനപക്ഷ വികസന പദ്ധതികള്‍ കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. അതുകൊണ്ടുതന്നെ നവകേരളത്തിന്റെ അടുത്തഘട്ട വികസനത്തിന് ഏറ്റവും നിര്‍ണായകമായത് ഭരണത്തിന്റെ സ്ഥിരതയും പുരോഗമനപരമായ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയുമാണ്.
കേരളത്തിന്റെ ഭരണാനുഭവം മറ്റൊരു യാഥാര്‍ത്ഥ്യവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ വലതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍, സംസ്ഥാനത്ത് വികസിച്ചു വരുന്ന പുരോഗമനപരമായ നേട്ടങ്ങളാകെ പിന്നോട്ടടിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളില്‍ പിന്നീട് അധികാരത്തില്‍ വരുന്ന ഇടത് സര്‍ക്കാരുകള്‍ക്ക് പുതിയ പരിഷ്കാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനേക്കാള് മുന്‍കാലത്ത് ഉണ്ടായ നഷ്ടങ്ങള്‍ നികത്തി വികസനത്തിന്റെ ദിശ വീണ്ടും പുനസ്ഥാപിക്കേണ്ടി വരുന്നു. അതിനാല്‍ തന്നെ വിഷന്‍ 2031 മുന്നോട്ടുവയ്ക്കുന്ന വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞ ഒരു ദശാബ്ദമായി കേരളത്തില്‍ രൂപം കൊണ്ട ജനപക്ഷ വികസന പരിപ്രേക്ഷ്യത്തിന്റെ തുടര്‍ച്ച അനിവാര്യമാണ്. സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ വികസന മാതൃകയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാന്‍ ഇടതു പക്ഷ ഭരണതുടര്‍ച്ച തന്നെയാണ് നവകേരളത്തിനുള്ള ഉറച്ച അടിത്തറ. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുകയും കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ കേരളീയ സമൂഹത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്വമാണ്.¨