എന്റെ ബാല്യ കൗമാരകാല ജീവിതത്തിന്റെ വിഹ്വലതകളെ പറ്റി ഞാന്‍ പലപ്പോഴും എഴുതിയിട്ടുള്ളത് വായനക്കാരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ഒരു മിഡ്വൈഫിന്റെ മകനായി ജനിച്ച എന്റെ വിഷുക്കാലങ്ങള്‍ വൈലോപ്പിള്ളിക്കവിതയിലെ പോലെ മധുരമുള്ള ഒന്നല്ല. വിഷുപക്ഷി പാടുന്ന പാട്ടിലെ വിത്തും കൈക്കൊട്ടിന്റെയും ആരവങ്ങള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, അതിന്റെയെല്ലാം ഭാവനാസമ്പന്നമായ ഒരാവിഷ്‌കാരം എന്റെ വീട്ടില്‍ ഉണ്ടായിട്ടുള്ളത് അപൂര്‍വമായിരുന്നു. അമ്മയുടെ ജോലിസ്ഥലത്തിനനുസരിച്ചുള്ള ജീവിതയാത്ര അത്ര സുഖകരമായിരുന്നില്ല. അമ്മയുടെ രീതിയനുസരിച്ചോ മേലുദ്യോഗസ്ഥരുടെ തരമനുസരിച്ചോ സ്ഥലംമാറ്റങ്ങള്‍ ഒട്ടേറെയുണ്ടായി. അതുകൊണ്ട് വാടകവീടുകളില്‍ നിന്ന് വാടക വീടുകളിലേക്കുള്ള ഓട്ടമായിരുന്നു ഞങ്ങളുടേത്. അമ്മയുടെ ജോലിയുടെ സ്വഭാവമനുസരിച്ച് 24 മണിക്കുറും ജാഗ്രത്തായ സര്‍വീസ് ആയിരുന്നു അത്. അച്ഛനും അമ്മയും ചേര്‍ന്നാലുള്ള അസ്വസ്ഥതകള്‍ . ഇതിനെല്ലാം ഇടയില്‍ കൊന്നപ്പൂവിന്റെ സൗന്ദര്യ ഭാവങ്ങളും കൃഷ്ണനെ കണികാണലും എന്റെ ഓര്‍മ്മകളെ ആര്‍ദ്രമാക്കുന്നില്ലയെന്നു മാത്രമല്ല, വിഭവദാരിദ്യമുള്ളതായിരുന്നു ഞങ്ങളുടെ ബാല്യം. കസവുമുണ്ടു ചുറ്റി എത്ര പേര്‍ കണി കണ്ടിട്ടുണ്ടാകും? എത്ര പേര്‍ക്ക് ഇന്നു ഡിജിറ്റല്‍ പേജില്‍ കാണുന്നതു പോലുള്ള കണി ഒരുക്കാനായിട്ടുണ്ടാകും? അതെല്ലാം എന്റെ ഭാവനയില്‍ എത്രയോ വിദൂരത്താണ്. ആചാരങ്ങള്‍ മഹത്തരമാണെന്ന് കാണിക്കാനുള്ള ചില നീക്കങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നവരെ പൂര്‍ണമായും തള്ളിക്കളയാനാകുമോ? കാര്‍ഷിക വിഭവങ്ങളും പ്രകൃതിവിഭവങ്ങളും നിറഞ്ഞ വിഷുക്കണി അന്നു വളരെ വിരളമാണ് . കണിവെള്ളരി തന്നെ ഉണ്ടായാല്‍ ഭാഗ്യം. പടക്കം പൊട്ടിക്കലും ലാത്തിരി പൂത്തിരി കത്തിക്കലും എല്ലാം പ്രമാണിമാരുടെ വീട്ടില്‍ പോലും പേരിനുമാത്രമേ ഉള്ളൂ. അതായത് വിഷു വിഭവസമൃദ്ധിയുടേതു മാത്രമല്ല അതിനെക്കാള്‍ അധികം വിഭവദാരിദ്ര്യത്തിന്റേതു കൂടിയായിരുന്നു.
ആചാരങ്ങളോട് ആഭിമുഖ്യം വളര്‍ത്തുന്നതില്‍ വിപണിയുടെ പ്രേരണയും ആചാരവാദികളുടെ പൊള്ളയായ കുലമഹിമ നിലനിര്‍ത്താനുള്ള ത്വരയും ഉണ്ട്. വസ്തുത പറയുമ്പോള്‍ ആചാര സംരക്ഷണ വാദികളുടെ പുറംപൂച്ച് ഈശ്വരപ്രേമത്തിന്റെ രൂപത്തിലടക്കം പുറത്തുചാടുന്നത് കണ്ടിട്ടുണ്ട്. ആചാരങ്ങളെ ലംഘിച്ചാണ് മനുഷ്യര്‍ പ്രബുദ്ധരും വിവേകികളും സാര്‍വത്രികമായ സാഹോദര്യത്തിന്റെ ആവിഷ്‌കര്‍ത്താക്കളും ആയിത്തീര്‍ന്നത്. അതുകൊണ്ട് വിഷു ആഘോഷിക്കുമ്പോള്‍ ഇന്നലെകളിലേക്കുള്ള വസ്തുനിഷ്ഠമായ ചുവടു വെയ്പുകള്‍ കൂടി മനസ്സിലുണ്ടാകണം.
പൊതുജനങ്ങള്‍ക്ക് നീതിയുക്തമായ സേവനങ്ങള്‍ നിസ്വാര്‍ത്ഥതയോടെ ചെയ്തു കൊടുക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സംഘടനയാണ് കെജിഒഎ. നാളെയുടെ സുവര്‍ണ്ണ പ്രതീക്ഷ പോലെ നാടെങ്ങും കൊന്നപൂക്കള്‍ വിരിയുന്ന വിഷുക്കാലത്ത് കെജിഒഎ പുറത്തിറക്കുന്ന കെജിഒഎ ന്യൂസ് മാസിക നമ്മുടെ സാംസ്‌കാരിക ജീവിതത്തിന് പ്രകാശം പകരുന്ന ഒരു പ്രസിദ്ധീകരണമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.