കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

അന്തസ്സോടെ ജീവിക്കുവാനും മരിക്കുവാനും അനുവദിക്കണം പ്ലീസ്!

രാജ്യത്താകെ ജനകീയ ജനാധിപത്യമെന്ന സ്വനഗീതവുമായി സ്വപ്‌നങ്ങള്‍ പറന്നുപറന്നിറങ്ങുമ്പോഴും അവയൊക്കെ വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്നുവെന്നറിയുമ്പോഴുമുള്ള മാനസിക വ്യഥയില്‍ മനുഷ്യരാശിയാകെ മരവിച്ചുനില്‍ക്കുന്ന ഈ ദുരന്തവര്‍ത്തമാനകാലത്തും അനായാസേന മരണം ആഗ്രഹിക്കാത്ത ആരുണ്ട് ഉലമവേ ംശവേ ഉശഴിശ്യേ (അന്തസ്സോടെ മരണം) തന്റെ അവകാശമാണെന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ജനനവും ജീവിതവും മരണവുമെല്ലാം തൃക്ഷരീ ബന്ധിതമെങ്കിലും അവയുടെ അനിവാര്യതയെ നാം സൗകര്യപൂര്‍വ്വം മറക്കുകയാണ്. 'മരണം രംഗബോധമില്ലാത്ത കോമാളി' എന്ന എം. ടി വാചകം ക്ലീഷേ ആയി നമ്മെ പിന്തുടരുന്നു. ജനനം പലപ്പോഴും അറിഞ്ഞുകൊണ്ടാണെങ്കില്‍ മരണം കടന്നെത്തുന്നത് നിശബ്ദപദവിന്യാസങ്ങളോടെയാണ്. മരണസമയം മനുഷ്യന്‍ എന്താണ് ചിന്തിക്കുന്നതെന്ന് പറഞ്ഞുതരാന്‍ മരിച്ചവരാരും തിരിച്ചുവന്നിട്ടില്ലല്ലോ. തന്നിഷ്ടപ്രകാരം മരണത്തെ പുണരാന്‍ ഇന്ത്യന്‍ നിയമം ഇന്നും അനുമതി തന്നിട്ടില്ല. ആത്മഹത്യയും ആത്മഹത്യാപ്രേരണയും കുറ്റകരമാണെന്ന വ്യാകരണത്തിന് ഇതുവരെ മാറ്റമൊന്നും വന്നിട്ടുമില്ല. ഒരു വൈദ്യശാസ്ത്രത്തിനും രോഗിയെ രക്ഷിക്കാനാവാത്ത അവസ്ഥയില്‍ മരണം നീട്ടിക്കൊണ്ടുപോകാനുള്ള ദുര്‍വിധി രോഗിയേയും ബന്ധുക്കളേയും തീരാദുഃഖത്തിലും കടക്കെണിയിലുമെത്തിക്കുമ്പോള്‍ ദയാവധമെന്നത് ന്യായാസന തുലാസില്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു.

അന്തസ്സോടെ ജീവിക്കുന്നതുപോലെ പ്രധാനമാണ് അന്തസ്സോടെയുള്ള മരണവും. ഒരിയ്ക്കലും സുഖപ്പെടില്ലെന്ന് ബോധ്യമുള്ള രോഗാവസ്ഥയില്‍ രോഗിക്ക് വേദനാപൂര്‍ണ്ണമായ അന്ത്യം ഒരുക്കി ഐ.സിയുവിലോ വെന്റിലേറ്ററിലോ തള്ളിവിടുന്ന ക്രൂരതയ്‌ക്കെതിരെയുള്ള ശബ്ദത്തിന് നീണ്ടകാലത്തെ പഴക്കമുണ്ട്. കാനഡപോലുള്ള പല രാജ്യങ്ങളും ദയാവധത്തിന് (ദയാമരണം) ഇതിനോടകം നിയമസാധുത നല്‍കിക്കഴിഞ്ഞെങ്കിലും നമ്മുടെ ന്യായാസനങ്ങള്‍ ഇത്രനാളും നിശബ്ദരായിരുന്നു. ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും അവയൊക്കെ വ്യക്തതയില്ലാത്ത അപൂര്‍ണ്ണതയിലൊടുങ്ങി. ഇപ്പോള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ണായകവിധി അന്തസ്സോടെയുള്ള മരണത്തിന്റെ പുതു സൂചനകളാണ്. 13 വര്‍ഷമായി ഒരേ കിടപ്പില്‍ ജീവച്ഛവമായി കഴിയുന്ന മകന്‍ ഹരീഷ് റാണയുടെ (32) കൊടുംയാതന അവസാനിപ്പിച്ച് അന്തസ്സോടെ മരിക്കാനനുവദിക്കണമെന്ന അച്ഛന്റെ അപേക്ഷയില്‍ 2026 മാര്‍ച്ച് 11ന് 'ദയാമരണം' അനുവദിച്ചിരിക്കുകയാണ് സുപ്രീംകോടതി. ജീവന്‍ നിലനിര്‍ത്താനുപയോഗിക്കുന്ന ഉപാധികള്‍ പടിപടിയായി പിന്‍വലിച്ചും പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചും മരണത്തിന് അന്തസ്സു പകരുന്ന ഈ വിധി ഒരിക്കലും 'ദയാവധ'മാകുന്നില്ല; 'ദയാമരണ'മാണ്. 'യുതനേഷ്യ' എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം യഥാര്‍ത്ഥത്തില്‍ 'നല്ല മരണം' എന്നാണ്. വെറുമൊരു ഹൃദയമിടിപ്പിന്റെ മാത്രം പിന്‍ബലത്തില്‍ ജീവന്‍ എങ്ങിനെയും നീട്ടിക്കൊണ്ടുപോകുന്നത് തീര്‍ച്ചയായും വ്യക്തിയോട് ചെയ്യുന്ന ക്രൂരത തന്നെയാണ്. ഒടുവില്‍ ആശുപത്രിയില്‍ നിന്ന് മാറ്റി പത്താംദിവസം (2026 മാര്‍ച്ച് 24) ഹരീഷിന് സാന്ത്വനമായി മരണം എത്തി. അതിക്രൂരമായ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് 42 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ അരുണാഷാന്‍ബാഗിനുപോലും ദയാമരണം അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്ന കാര്യം ഏറെ ദുഃഖത്തോടെയേ നമുക്ക് ഓര്‍ക്കാനാവൂ. 2015ല്‍ അവര്‍ വിടപറഞ്ഞുവെങ്കിലും ലോകമനസാക്ഷിക്കുണ്ടാക്കിയ ഞെട്ടല്‍ ഒരു വിറയലായി ഇന്നും ശേഷിക്കുന്നു.

'എനിക്ക് കിടന്നു മരിക്കുന്നതിനേക്കാള്‍ മരിച്ചുകിടക്കുന്നതാണിഷ്ടം. മക്കള്‍ എത്തിയില്ലെങ്കില്‍ക്കൂടി മൃതദേഹം ആറുമണിക്കൂറിനകം സംസ്‌കരിക്കണം' എന്നെഴുതിവച്ചുമരിച്ച ഒരു സാംസ്‌കാരിക നായകന്റെ മൃതശരീരം എത്രദിവസം ഫ്രീസറില്‍ കഴിഞ്ഞു എന്ന് തലസ്ഥാനനഗരി കണ്ടതാണ്. തന്റെ മൃതശരീരം കുട്ടികളുടെ പഠനത്തിന് മെഡിക്കല്‍ കോളേജിന് നല്‍കണമെന്നാശിച്ച ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അന്ത്യവും സംസ്‌കാരവും തര്‍ക്കവിഷയമായിട്ടുണ്ടല്ലോ. സ്വജീവിതത്തിന്റെ അന്ത്യവും സംസ്‌കാരവുമൊക്കെ എങ്ങിനെയാവണം എന്ന് ബോധാവസ്ഥയില്‍ത്തന്നെ തയാറെടുക്കുന്നവരുമുണ്ട്. അത്തരം പ്രാമാണിക രേഖയാണ് 'ലിവിംഗ് വില്‍'

സുഖമരണം ഓരോരുത്തരുടെയും അവകാശമാണെങ്കിലും 'ബോഡി' എങ്ങിനെ സംസ്‌കരിക്കണമെന്ന് പലപ്പോഴും തീരുമാനിക്കുന്നത് മതമോ പൊതുജനമോ ആണ്. ഈ സാമൂഹ്യ-മാനസിക-സാമ്പത്തിക- ആത്മീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാറാന്‍ ഒരു പരിധിവരെ നമ്മുടെ പാലിയേറ്റീവ് കെയറിനാകുന്നുണ്ട്. 'ലിവിംഗ് വില്‍' തയ്യാറാക്കുന്നതിന് സ്‌നേഹപൂര്‍ണവും നിയമപരവുമായ ഒത്താശകള്‍ ചെയ്തുകൊടുക്കാന്‍ സംസ്ഥാനത്തിന്റെ 'പാലിയേറ്റീവ് ഗ്രിഡി'നാകണം. 'പാലിയം ഇന്ത്യ' പോലുള്ള എന്‍.ജി.ഒകള്‍ ഇതിലേക്കായി ഒരു സ്‌പെഷല്‍ സെല്‍ രൂപീകരിച്ചുകഴിഞ്ഞു; നല്ലത്. രാജ്യത്തിനാകെ മാതൃകയായ ആരോഗ്യമേഖല നേരിടുന്ന ഭീഷണി ചെറുതല്ല എന്ന തിരിച്ചറിവാണിതിന് കാരണം. നമ്മുടെ സ്വകാര്യമേഖലയിലെ പല പ്രധാന ആശുപത്രികളും ഇന്ന് വിദേശ കോര്‍പ്പറേറ്റുകള്‍ വിഴുങ്ങിക്കഴിഞ്ഞു. അത്തരം ലാഭക്കണ്ണുകള്‍ക്കുമുമ്പില്‍ രോഗി ലാഭം നല്‍കുന്ന 'കസ്റ്റമര്‍' ആയി മാറുന്നു. മരണം ഇവിടങ്ങളില്‍ വില്‍പ്പനച്ചരക്കോ വിലപേശല്‍ ചരക്കോ ആണ്. ഓരോ മരണത്തിനും കൂടുതല്‍ വില നല്‍കേണ്ടിവരും. ചികിത്സ എന്നത് പണമുള്ളവന്റെ അവകാശമായി മാറുമ്പോള്‍ സാന്ത്വനപരിചരണ പ്രസക്തി മുമ്പെന്നത്തേക്കാള്‍ ഏറെയാകുന്നു. അവര്‍ക്കേ 'ലിവിങ് വില്ലി'ന്റെ പ്രചാരകരാകാനാകൂ.

'ലിവിങ് വില്‍' ഒരു നിയമരേഖയാണ് എന്ന് പറഞ്ഞുവല്ലോ. ഇതില്‍ ഭാവിയില്‍ നമ്മുടെ ചികിത്സയെപ്പറ്റി സ്വന്തം ഇഷ്ടാനുസരണം, നമുക്ക് സ്വന്തമായി തീരുമാനമെടുക്കാനാവാത്ത അവസ്ഥയില്‍ എടുക്കേണ്ട/ചെയ്യേണ്ട തീരുമാനങ്ങള്‍ രേഖപ്പെടുത്തിവെക്കാം. 18 വയസ്സ് കഴിഞ്ഞ, സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിവുള്ള ആര്‍ക്കും ഇത് എഴുതാനാകും. വ്യക്തിഗത വിവരങ്ങള്‍, ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സയെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, മരണശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം രേഖപ്പെടുത്താവുന്നതാണ്. അവയവദാനം, മൃതദേഹദാനം എന്നിവയും രേഖപ്പെടുത്താം. രോഗിയുടെ അടുത്ത ബന്ധുക്കള്‍, രണ്ട് സാക്ഷികള്‍, ഒരു ഗസറ്റഡ് ഓഫീസര്‍, രണ്ട് ഹെല്‍ത്ത് കെയര്‍ പവര്‍ ഓഫ് അറ്റോര്‍ണികള്‍ എന്നിവര്‍ വേണം. ണജ (ഇ) നം. 215/2005 ലെ ങഅ ചീ. 1699/2019 ല്‍ ബഹു. സുപ്രീംകോടതിയുടെ 2023 ജനുവരി 24 ലെ ഉത്തരവുപ്രകാരമാണ് ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നത്.

'പിണ്ഡം പിതൃക്കള്‍ക്ക് വയ്ക്കാതെ

കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും

പിന്നെ അന്നത്തെ അന്നത്തിന-

ന്യന്റെ ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും

ചാത്തനെന്റേതെന്നു കൂറുചേര്‍ക്കാന്‍

ചിലര്‍ ചാത്തിരാങ്കം നടത്തും'

എന്ന കവിഭാവന എത്ര മഹത്തരമാണ്. ഈ കലുഷിതവര്‍ത്തമാനകാലത്ത് നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും കബന്ധങ്ങള്‍ക്ക് നമുക്ക് കാവലാളാകാം.

ബ്ലാക്ക് ഔട്ട്

വകുപ്പുതല അച്ചടക്കനടപടികളില്‍ പാലിക്കപ്പെടേണ്ട അടിസ്ഥാന നിബന്ധനകള്‍

<