കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

സ്ഥിരം തൊഴില്‍, പെന്‍ഷന്‍, പൊതുസേവനങ്ങള്‍ തുടരുമോ?

രാജ്യമാകെ തകര്‍ക്കപ്പെടുന്ന പൊതുസേവന മേഖലയും സ്ഥിരംതൊഴിലും സാമൂഹ്യസുരക്ഷയും ഒരു ബദല്‍നയത്തിലൂടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. കേരളം ആര്‍ജ്ജിച്ച അനന്യ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ഇതിന്റെ തുടര്‍ച്ച അനിവാര്യവുമാണ്.

എന്തിന് ബദല്‍?

1980-കളില്‍ ലോകബാങ്കും റീഗണോമിക്‌സും താച്ചറിസവും മുന്നോട്ടു വച്ച സ്വകാര്യവത്കരണം, ചെലവുചുരുക്കല്‍ (സര്‍ക്കാരിന്റെ പെന്‍ഷന്‍ /ശമ്പള ചെലവ് ചുരുക്കല്‍) ഉദാരവത്കരണം, സ്വതന്ത്ര വിപണി നയങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്ത് നടപ്പാക്കാന്‍ തുടങ്ങി. സോവിയറ്റ് യൂണിയന്റെ സ്വാധീനം ചെറുക്കാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ രൂപംകൊണ്ട ക്ഷേമരാഷ്ട്ര സങ്കല്പം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ദുര്‍ബലമാക്കപ്പെടുകയും 1990-കളില്‍ നരസിംഹറാവു /വാജ്‌പേയി /മന്‍മോഹന്‍ സിംഗ് സര്‍ക്കാരുകളുടെ ആഗോളവത്കരണ, ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങള്‍ തീവ്രമായി സിവില്‍ സര്‍വീസിനെയും പൊതുമേഖലയെയും നാമാവശേഷമാക്കാന്‍ തുടങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഇത് ഏറ്റെടുത്തു.

1990 മുതല്‍ 2012 വരെ 30 ലക്ഷം തസ്തികകള്‍ കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകളില്‍ വെട്ടിക്കുറയ്ക്കപ്പെട്ടു. ബാങ്കിങ് മേഖലയിലും പൊതു മേഖലാ സ്ഥാപനങ്ങളിലും 7 ലക്ഷം തസ്തികകള്‍ നിര്‍ത്തലാക്കി. ആന്റണി സര്‍ക്കാരും വാജ്‌പേയി സര്‍ക്കാരും പങ്കാളിത്ത പെന്‍ഷന്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ മുന്‍കൈ എടുത്തു. രണ്ടാം ലേബര്‍ കമ്മീഷന്‍ രൂപീകരിച്ച് ഇന്നത്തെ ലേബര്‍ കോഡിനും നിശ്ചിതകാല നിയമനത്തിനും (Fixed term Employees) ശുപാര്‍ശകള്‍ തയ്യാറാക്കി രാജ്യത്ത് സ്ഥിരം തൊഴില്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനും വാജ്‌പേയി സര്‍ക്കാര്‍ തുടക്കം കുറിച്ചു. ആശ, അംഗന്‍വാടി, സ്‌കൂള്‍ ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് മിനിമം വേതനം പോലും നല്‍കാതിരിക്കാന്‍ അവരെ സന്നദ്ധ പ്രവര്‍ത്തകരാക്കി ഓണറേറിയം മാത്രം നിശ്ചയിച്ചു. സര്‍വശിക്ഷാ അഭിയാന്‍, നാഷണല്‍ റൂറല്‍ ഹെല്‍ത് മിഷന്‍ നിയമനങ്ങള്‍ക്ക് കണ്‍സോളിഡേറ്റഡ് ശമ്പളം മാത്രമാക്കി സേവന വേതന വ്യവസ്ഥകള്‍ നിഷേധിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് 2013-ല്‍ ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജഎഞഉഅ പാസ്സാക്കി. 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്ന് ആദ്യം അപ്രന്റീസ് നിയമവും, പിന്നീട് വ്യവസായ തൊഴില്‍ സ്റ്റാന്റിംഗ് ഓര്‍ഡര്‍ നിയമഭേദഗതിയും വഴി മിനിമം വേതനം, സ്ഥിരം തൊഴില്‍ ഇവയ്ക്ക് അന്ത്യം കുറിച്ച് അപ്രന്റീസ് / ട്രെയിനി നിയമനവും കരാര്‍, പുറംകരാര്‍ നിയമനവും നിശ്ചിതകാല നിയമനവും വ്യാപകമാക്കാന്‍ തുടങ്ങി. പൊതുമേഖലാ സ്വകാര്യവത്കരണത്തോടൊപ്പം ആസ്തിവില്‍പ്പന കൂടി ആരംഭിച്ചു. കോണ്‍ഗ്രസ് എം.പി.മാരുടെ പിന്തുണയോടെ കോഡ് ഓണ്‍ വേജസ് എന്ന ഒന്നാം ലേബര്‍കോഡ് പാര്‍ലമെന്റ് പാസ്സാക്കിയതോടെ അവശ്യാധിഷ്ഠിത മിനിമം വേതനത്തിന് (അന്ന് 600 രൂപ) പകരം നാഷണല്‍ ഫ്‌ളോര്‍വേജ് (അന്ന് 178 രൂപ) നിയമ പരിരക്ഷയുള്ള കുറഞ്ഞ വേതനമായി. 8 മണിക്കൂര്‍ ജോലി എന്ന പൊരുതിനേടിയ അവകാശം ഇല്ലാതായി. മറ്റു 3 കോഡുകള്‍ കൂടി കോവിഡ് കാലത്ത് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച സമയത്ത് പാസ്സാക്കിയതോടെ സ്ഥിരം തൊഴിലിനും, പെന്‍ഷനും സേവന വേതന വ്യവസ്ഥകള്‍ക്കും സാമൂഹ്യ സുരക്ഷയ്ക്കുമുള്ള നിയമ പരിരക്ഷ തകര്‍ക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ പെന്‍ഷന്‍ സാധൂകരണ നിയമത്തിലൂടെ ഡി. എസ്. നകാര കേസിലെ സുപ്രീം കോടതി വിധിന്യായം റദ്ദു ചെയ്യപ്പെടുകയും കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് ഇനി റിവിഷന്‍ ഇല്ല എന്നും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്നും തീരുമാനിക്കപ്പെടുകയും ചെയ്തു. ഭരണഘടനയുടെ അനുഛേദം 43 മുന്നോട്ടുവയ്ക്കുന്ന ലിവിംഗ് വേജസ്, ഇന്ത്യ സ്ഥാപകാംഗമായ ILO കണ്‍വെന്‍ഷന്‍ മുന്നോട്ടു വയ്ക്കുന്ന 8 മണിക്കൂര്‍ ജോലി സമയം, ത്രികക്ഷി കരാര്‍ സംഘടിക്കാനും വിലപേശാനുമുള്ള അവകാശം, ലേബര്‍ ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയവ എല്ലാം നിരാകരിക്കപ്പെട്ടു 2002-ലും 2013-ലും ഈ നയങ്ങള്‍ നടപ്പാക്കാന്‍ കടുത്ത ശ്രമങ്ങളാണ് വലതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തില്‍ നടത്തിയത്. ദേശീയ തലത്തില്‍ ഇത്രയും പ്രതിലോമകരമായ സാഹചര്യങ്ങള്‍ ലേബര്‍ കോഡിന്റെ ചട്ടങ്ങളുടെയും ജന്‍വിശ്വാസ് നിയമത്തിന്റെയും ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 111-ന്റെയും (കൂട്ട നിവേദനം, കൂട്ട അവധി, പ്രകടനം അടക്കമുള്ളവ സംഘടിത കുറ്റകൃത്യമാക്കുന്നത്) പിന്‍ബലത്തോടെ നടപ്പാക്കപ്പെടുമ്പോള്‍ SETO, FETO സംഘടനകള്‍ ആഗ്രഹിക്കുന്ന ഭരണമാറ്റം എത്രമാത്രം മാരകമായിരിക്കും? സര്‍ക്കാര്‍ ഫെസിലിറ്റേറ്റര്‍ ആവുക, ശമ്പളം 15% കുറയ്ക്കുക, KIFBI, ലൈഫ് മിഷന്‍ തുടങ്ങിയവ നിര്‍ത്തലാക്കുക തുടങ്ങിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ഒരേ സ്വരത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ അവരുടെ അജണ്ട എന്തായിരിക്കും?

മാധ്യമങ്ങള്‍ മറയ്ക്കുന്ന സത്യങ്ങള്‍

സിവില്‍ സര്‍വീസിനെയും പൊതുമേഖലയെയും ശാക്തീകരിച്ച്, സാര്‍വത്രിക സാമൂഹ്യ ക്ഷേമം ഉറപ്പാക്കി അടിസ്ഥാന വികസന കുതിപ്പും ഇന്‍ഡസ്ട്രി 4, വിജ്ഞാന സമ്പദ് വ്യവസ്ഥ തുടങ്ങി ദീര്‍ഘ വീക്ഷണത്തോടെയുള്ള ആസൂത്രണവും നടത്തി ദേശീയ ശരാശരികളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിക്കുന്നത് വലതുപക്ഷ അജണ്ടയുള്ള ഭൂരിഭാഗം ദൃശ്യശ്രവ്യ പത്രമാധ്യമങ്ങളും തമസ്‌കരിക്കുകയാണ്. വെറുപ്പും പുച്ഛവും നുണകളും നിറച്ച് സാമൂഹ്യ മാധ്യമങ്ങളും കാര്യങ്ങള്‍ തലകീഴായി അവതരിപ്പിക്കുന്നു.

1. ദാരിദ്ര്യത്തില്‍ യു.പി., ബീഹാര്‍ സംസ്ഥാനങ്ങളേക്കാള്‍ 1957ല്‍ പിറകിലായിരുന്ന കേരളം ഭൂപരിഷ്‌കരണം, സാര്‍വത്രിക സൌജന്യ വിദ്യാഭ്യാസം തുടങ്ങി ഒന്നാം ഇഎംഎസ് സര്‍ക്കാര്‍ തുടങ്ങിയ ഭരണ നടപടികളിലൂടെ 1970 ആകുമ്പോഴേയ്ക്കും വ്യത്യസ്ത മാതൃകയായിത്തീര്‍ന്നു. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ പരിമിത വരുമാനത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തി. 2018-ലെ പ്രളയത്തില്‍ നിന്ന് കൂടുതല്‍ മികച്ച നേട്ടങ്ങളിലേക്ക് കുതിച്ച കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും വഴികാട്ടുന്ന ദീപസ്തംഭം തന്നെയെന്ന് ലോകബാങ്ക് പ്രതിനിധി വിശേഷിപ്പിച്ചു.

2. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ രാജ്യം 15 ശതമാനം പോലും എത്താതിരിക്കുമ്പോഴും കേരളം ബഹുദൂരം പിന്നിട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു.

3. മാനവ വികസന സൂചികയില്‍ ഇന്ത്യ 196 രാജ്യങ്ങളില്‍ 130-ാം സ്ഥാനത്താണെങ്കില്‍ 2025ല്‍ കേരളം രണ്ടാം സ്ഥാനത്താണ്.

4. വ്യവസായ സൗഹൃദ സൂചികകള്‍ പ്രകാരം 28-ാം സ്ഥാനത്തുനിന്ന് 15-ആം സ്ഥാനത്തേക്കും പിന്നീട് ഒന്നാം സ്ഥാനത്തേക്കും കേരളം കുതിച്ചു.

5. കേരളത്തിന്റെ സംരംഭകവര്‍ഷം പദ്ധതി 22,688 കോടി രൂപ നിക്ഷേപവും 7.5 ലക്ഷം തൊഴിലും നല്‍കി രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ 88 വര്‍ഷത്തിനിലാദ്യമായി ഏഷ്യയില്‍ നിന്ന് കേരളത്തെ ഇന്നവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പുരസ്‌കാരത്തിന് കേരളത്തെ തെരഞ്ഞെടുത്തു.

6. നവജാത ശിശു മരണനിരക്ക് (യുഎസ്സിനേക്കാള്‍ മികച്ച നേട്ടം 5, യു.പി., മധ്യപ്രദേശ് 37 ദേശീയ ശരാശരി 25)

7. മാതൃമരണനിരക്ക് 30 (ഒഡിഷ 153, ഛത്തീസ്ഗഡ് 146, ദേശീയ ശരാശരി 88)

8. ഭക്ഷ്യസുരക്ഷാ സൂചിക, ആരോഗ്യ സൂചിക, സൗജന്യ ചികിത്സ, അഴിമതിമുക്ത പോലീസിംഗ്, ഇ-ഗവേണന്‍സ് തുടങ്ങിയവയില്‍ രാജ്യത്ത് ഒന്നാമത്.

9. ഇന്ത്യ റ്റുഡേ നടത്തിയ പ്രഥമ പെരുമാറ്റ സര്‍വേയില്‍ പൊതുസുരക്ഷ, ലിംഗസമത്വം, വൈവിധ്യങ്ങളെ അംഗീകരിക്കല്‍ ഇവയില്‍ ഒന്നാമത്.

10. പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സില്‍ അഴിമതി രഹിത ഭരണത്തില്‍ ഒന്നാമത്.

11. പ്രവാസ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ക്കയ്ക്ക് സ്‌കോച്ച് അവാര്‍ഡ്.

12. കോഴിക്കോട്, വയനാട് മെഡിക്കല്‍ കോളേജുകള്‍ക്ക് ശിശുസൗഹൃദ പുരസ്‌കാരം.

13. സ്റ്റാര്‍ട് അപ് മിഷന്‍ - ലോകത്തിലെ മികച്ച 5 ഇന്‍ക്യുബേറ്ററുകളില്‍ ഒന്ന്. 7400 സ്റ്റാര്‍ട് അപ്പുകള്‍ 74,000 തൊഴിലവസരങ്ങള്‍.

14. ഇന്ത്യ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട് 2023 വനാവരണ വളര്‍ച്ചയില്‍ കഴിഞ്ഞ ദശകത്തില്‍ ഒന്നാം സ്ഥാനം. വനനശീകരണമവസാനിപ്പിച്ച് 1583.88 ഹെക്ടര്‍ വനം പുനഃസ്ഥാപിച്ചു.

15. ലിംഗനീതി ബഡ്ജറ്റ് 21.5%, ആദ്യമായി വയോജന ബഡ്ജറ്റ്, വയോജന ശ്രേഷ്ഠ പുരസ്‌കാരം

16. കുടുംബശ്രീ 47 ലക്ഷം അംഗങ്ങള്‍. എപിഎല്‍, യുവതികള്‍ ഇവരിലേക്ക് വിപുലീകരിക്കുന്നു. ഒന്നര ലക്ഷം സംരംഭങ്ങള്‍, 3.16 ലക്ഷം തൊഴില്‍ മൂല്യവര്‍ധന, ബ്രാന്റിംഗ്, ഇ-കോമേഴ്‌സ്, നൈപുണി വികസന വിജ്ഞാന കേരളം പദ്ധതികളിലൂടെ തൊഴിലവസരങ്ങള്‍ തുറക്കുന്നു. 25 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ സ്ഥാപനങ്ങളുടെയും നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍.

17. ജലമെട്രോ ലോക മാതൃക. 29 മാസം, 50 ലക്ഷം യാത്രക്കാര്‍. സുസ്ഥിര യാത്രാ സംവിധാനങ്ങള്‍ക്ക് കൊച്ചിക്ക് പുരസ്‌കാരം.

18. KSRTC 93 യൂണിറ്റുകളും ലാഭത്തില്‍. കെല്‍ട്രോണ്‍ 1250 കോടി രൂപ ലാഭം. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക്. രാജ്യത്തിന് മാതൃക.

19. അയ്യങ്കാളി തൊഴിലുറപ്പ് മാതൃക. കേരള നഗരങ്ങളില്‍ മാത്രം 26.89 ലക്ഷം തൊഴില്‍.

20. 5,500 ഹൈടെക് ക്ലാസ്മുറികള്‍. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങള്‍. അടച്ചുപൂട്ടാന്‍ ശ്രമിച്ച മലാപ്പറമ്പ് സ്‌കൂളില്‍ ഉള്‍പ്പെടെ 5000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍.

21. 5415 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍, 886 ജഒഇകള്‍ ഫാമിലി ഹെല്‍ത്ത് സെന്ററുകളാകുന്നു. ഡയാലിസിസ് യൂണിറ്റ്. കാത്ത് ലാബ് വ്യാപകമാകുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്തെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. മെഡിക്കല്‍ കോളേജുകള്‍ കോര്‍പ്പറേറ്റ് ആശുപത്രികളെ വെല്ലുന്നവ. അപൂര്‍വ രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് പ്രത്യേക പദ്ധതികള്‍. ഇ-ഹെല്‍ത്ത് വ്യാപകമായി. 10,000 കോടി രൂപ നിക്ഷേപം.

22. രാജ്യത്ത് ആദ്യത്തെയും ലോകത്ത് മൂന്നാമത്തെയും അവയവ മാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്. KSOTTO (Kerala State Organ

Tissue Transplantation Organization), സ്‌കിന്‍ ബാങ്ക്.

23. ഹരിത കേരള മിഷന്‍ നേതൃത്വത്തില്‍ സുസ്ഥിര പ്രകൃതി സൌഹൃദ വികസനം. 37,360 ഹരിതകര്‍മ സേന, നഗര ഗ്രാമീണ ശുചീകരണം നടത്തുന്ന മാതൃക. 1529 ഹരിത തദ്ദേശഭരണ സ്ഥാപനങ്ങളും 3095 ഹരിത ടൌണുകളും 92,429 കി.മീറ്റര്‍ നീര്‍ച്ചാലുകളുടെയും 29,254 കുളങ്ങളുടെയും 412 കി.മീറ്റര്‍ പുഴകളുടെയും ശുചീകരണം 26,645 കുളങ്ങള്‍ നിര്‍മിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ കേരളത്തിനായി കാമ്പെയിന്‍. 1272.89 ഏക്കര്‍ വസ്തൃതിയില്‍ 4030 പച്ചത്തുരുത്തുകള്‍.

24. ജടഇ വഴി പ്രതിവര്‍ഷം 810 വിജ്ഞാപനങ്ങള്‍, 60 ലക്ഷം അപേക്ഷകര്‍. അക, ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യകളുടെ വിനിയോഗം, 3 ലക്ഷം നിയമനങ്ങള്‍, അര ലക്ഷം പുതിയ തസ്തികകള്‍. രാജ്യത്തെ ആകെ നിയമനത്തിന്റെ 60 ശതമാനം വരെ.

25. കേന്ദ്രസര്‍ക്കാര്‍ 200 മുതല്‍ 500 വരെ 8.5 ലക്ഷം പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അനുവദിക്കുമ്പോള്‍ കേരളം 62 ലക്ഷം പേര്‍ക്ക് 2000 രൂപ കുടിശ്ശിക ഇല്ലാതെ നല്‍കുന്നു. ആന്റണി സര്‍ക്കാര്‍ 25 മാസവും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 18 മാസവും കുടിശ്ശികയാക്കി.

26. കേന്ദ്രസര്‍ക്കാര്‍ 18 ലക്ഷം പേര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് അനുവദിക്കുമ്പോള്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് 42 ലക്ഷം പേര്‍ക്ക്.

27. പവര്‍കട്ടില്ല, ഇടമണ്‍-കൊച്ചി 400 കെ.വി. ലൈന്‍ പൂര്‍ത്തിയാക്കി, 1010 കോടിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി, 2092 മെഗാവാട്ട് ഉത്പാദന വര്‍ധനവ്.

28. ടൂറിസം വികസനത്തില്‍ ലോകോത്തര മാതൃക, ഉത്തരവാദിത്ത ടൂറിസം, കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ കേരളവും.

29. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം മുന്നോട്ട് വയ്ക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിനല്ലാതെ

മറ്റാര്‍ക്ക് കഴിയും?

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഹിമാചല്‍ സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ പ്രഖ്യാപനം ഉപേക്ഷിക്കുകയും, പ്രതിമാസ ശമ്പള വിതരണം മുടക്കുകയും ചെയ്തു. കാരണം വരവിന്റെ 60 ശതമാനത്തിലധികം കേന്ദ്രം കൈയാളുകളും ചെലവിന്റെ 64 ശതമാനത്തിലധികം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. തെലുങ്കാനയില്‍ അക്ഷരമാല ക്രമത്തില്‍ വകുപ്പ് തിരിച്ച് മാസം മുഴുവന്‍ ശമ്പളം കൊടുക്കുന്ന സാഹചര്യമുണ്ടായി. കര്‍ണാടകം ജോലിസമയം 12 മണിക്കൂറായി വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍വീസിലും സംസ്ഥാന സര്‍വീസുകളിലും ദശലക്ഷക്കണക്കിന് തസ്തികകളില്‍ താത്കാലിക നിയമനം മാത്രം. കോണ്‍ട്രാക്റ്റ് നിയമനത്തിന് മാന്‍പവര്‍ റിക്രൂട്‌മെന്റ് കമ്പനികള്‍. വികസിത നവകേരളമെന്ന ലക്ഷ്യത്തോടെ കൃത്യമായ കര്‍മപദ്ധതി മുന്നോട്ടുവയ്ക്കുന്ന 27 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് നയിച്ച, സ്ഥിരം തൊഴില്‍ സംരക്ഷിക്കുന്ന ഇടതുപക്ഷ ബദലിന് മാത്രമെ നമ്മെ രക്ഷിക്കാനാകൂ.

നിലനില്‍പ്പിന്റെ ചോദ്യങ്ങള്‍

1. സംസ്ഥാന ബജറ്റിന്റെ പരിമിതികള്‍ മറികടന്ന് ഒരു ലക്ഷം കോടിയുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയ കിഫ്ബിക്ക് തുടര്‍ച്ച വേണ്ടേ?

2. യുഡിഎഫ് ഉപേക്ഷിച്ച നാഷണല്‍ ഹൈവേ, ഗെയില്‍ വാതക പൈപ്പ് ലൈന്‍, ഇടമണ്‍ - കൊച്ചി പവര്‍ ഹൈവേ ഇവ യാഥാര്‍ത്ഥ്യമാക്കിയ ഇച്ഛാശക്തിക്കല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടുപോകാനാകുമോ?

3. മലയോര (473.42 KM) തീരദേശ (3 റീച്ച്) ഹൈവേകള്‍, ദേശീയ ജലപാത (444 KM) ഇവയുടെ ശേഷിക്കുന്ന റീച്ചുകള്‍ പൂര്‍ത്തിയാകേണ്ടേ?

4. പരിസ്ഥിതി സൗഹൃദവും കേരളത്തിന്റെ ഭാവി വികസനത്തിന് അടിത്തറയിടുന്നതുമായ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുന്ന നേട്ടങ്ങള്‍ യാഥാര്‍ഥ്യമാക്കേണ്ടെ?

ഡിജിറ്റല്‍ സര്‍വകലാശാല, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, സ്‌പെയ്‌സ് പാര്‍ക്ക്, ജീനോമിക്‌സ് സ്റ്റഡി സെന്റര്‍, ഇന്റര്‍നാഷണല്‍ വൈറോളജി, ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍, കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി, ലൈഫ് സയന്‍സ് പാര്‍ക്ക്, കേരള മെഡിക്കല്‍ ടെക്‌നോളജി, ഇലക്ട്രിക് വെഹിക്കിള്‍ കണ്‍സോര്‍ഷ്യങ്ങള്‍, മൈക്രോബയേം, നൂട്രാസ്യൂട്ടിക്കല്‍സ് റിന്യൂവബിള്‍ എനര്‍ജി, നാനോ ടെക്‌നോളജി, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, നെറ്റ് സീറോ എമിഷന്‍, എ.ഐ, മെഷീന്‍ മേക്കിങ്, ബിഗ് ഡാറ്റ സയന്‍സ് തുടങ്ങിയ സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍, ഗ്രഫീന്‍ ഇന്നവേഷന്‍, ഫെയ്‌സ് 4-ന്റെ പൂര്‍ത്തീകരണത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഐ.റ്റി പാര്‍ക്കാക്കുന്ന ടെക്‌നോപാര്‍ക്കും ചെറു നഗരങ്ങളിലടക്കം വ്യാപിക്കുന്ന ഐ.റ്റി. പാര്‍ക്കുകളും, 90000 കോടി ഐറ്റി കയറ്റുമതി, എ പ്ലസ് റാങ്കിലേക്ക് കുതിക്കുന്ന കോളേജുകളും സര്‍വകലാശാലകളും, ട്രാന്‍സ്ലേഷന്‍ ലാബുകള്‍, (MSME, സ്റ്റാര്‍ട് അപ് മേഖലയിലെ കുതിപ്പും 12 ലക്ഷത്തിലധികം തൊഴില്‍ സൃഷ്ടിയും) വിദേശ സഹായവും കേന്ദ്രസഹായവും നിഷേധിച്ചിട്ടും റീബില്‍ഡ് കേരളയും വയനാട് ടൌണ്‍ഷിപ്പ് മാതൃകയും.

കേരളത്തിലെ അധികമായി കടമെടുക്കാനുള്ള അവകാശത്തിനും നിയന്ത്രണം. കേന്ദ്ര പദ്ധതികളുടെ വിഹിതം കൈമാറുന്നില്ല. ശരാശരി 57,000 കോടിയുടെ ആനുകൂല്യ നിഷേധം, ക്ഷേമപെന്‍ഷന്‍, ആശ, അംഗന്‍വാടി ഉച്ചഭക്ഷണ തൊഴിലാളികളുടെ അധിക വേതനം ഇവയുടെ 75-90 ശതമാനം ചെലവും സംസ്ഥാന വഹിക്കുന്നു. GST കോമ്പന്‍സേഷന്‍ നിഷേധിച്ചും റവന്യൂ കമ്മി ഗ്രാന്റ് നിര്‍ത്തലാക്കിയും, GST നികുതി പരിഷ്‌കരണത്തിലൂടെയും മറ്റും സംസ്ഥാനത്തിന് നഷ്ടമുണ്ടായിട്ടും കേന്ദ്ര വിഹിതം 41ല്‍ നന്ന് 25 ശതമാനത്തിലേക്ക് പോയിട്ടും തനതു വരുമാനം വര്‍ധിപ്പിച്ചും കിഫ്ബി നിക്ഷേപം വര്‍ധിപ്പിച്ചും സമ്പത്തിന്റെ പുനര്‍വിതരണം നടത്തിയും ഇടതുപക്ഷ ബദലുയര്‍ത്തി ട്രഷറി സ്തംഭിക്കാതെ കാത്തു. കിട്ടില്ലെന്ന് പ്രചരിപ്പിക്കപ്പെട്ട ശമ്പളപരിഷ്‌കരണ ഡിഎ കുടിശ്ശികകള്‍ അനുവദിച്ചു. രണ്ട് ശമ്പള പരിഷ്‌കരണങ്ങളും അഷ്വേര്‍ഡ് പെന്‍ഷനും ഉത്തരവായി. ഇടതുപക്ഷ ബദലിന്റെ ഈ ഇച്ഛാശക്തിയില്ലെങ്കില്‍ കേരളത്തിന്റെ നേട്ടങ്ങളും സിവില്‍ സര്‍വീസും ബുള്‍ഡോസ് ചെയ്യപ്പെടും.

വികസിത് ഭാരത്, വികസിത നവകേരളവും

ലോകത്ത് പട്ടിണിക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന, മാനവ വികസന സൂചികയില്‍ പിന്നണിയിലുള്ള, 2030-ഓടെ 65% തൊഴില്‍ ശേഷിയുള്ള ജനതയായി മാറുന്ന ഭാരതത്തെ പട്ടിണിയിലേക്കും അടിമത്തത്തിലേക്കും നയിക്കുന്ന നയങ്ങളാണ് ലേബര്‍ കോഡിലൂടെയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിയിലൂടെയും ഓരോ ബജറ്റിലും ഉള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കലുകളിലൂടെയും നടപ്പാക്കുന്നത്. ജനങ്ങളെ വിഭജിക്കുന്ന നയങ്ങളിലൂടെ മണിപ്പൂര്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമാധാന ജീവിതം ഇല്ലാതായി. ഇലക്ടറല്‍ ബോണ്ട്, കിട്ടാക്കടം എഴുതിത്തള്ളല്‍, ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കുന്ന ഓപ്പറേഷന്‍ താമര, പൊതുമേഖല പൊതു ആസ്തി വില്‍പ്പന തുടങ്ങിയവയിലൂടെ മെഗാ അഴിമതികള്‍ അരങ്ങേറുന്നു. പട്ടിണി ഒഴിവാക്കുന്ന മിനിമം വേതനം ഇല്ലാത്ത നിശ്ചിതകാല തൊഴില്‍ വ്യാപകമാക്കിയും തൊഴിലുറപ്പ് അട്ടിമറിച്ചും സാര്‍വത്രിക പട്ടിണിവത്കരണ നയമാണ് വികസിത് ഭാരത് മുന്നോട്ട് വയ്ക്കുന്നത്. ഇതിന്റെ കേരള പതിപ്പുമായി വലതുപക്ഷ വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ വമ്പിച്ച വ്യാജ പ്രചരണം അഴിച്ചുവിടുന്നു.

'തീക്കൊള്ളി വിറകിനോട് ഒരു ചാന്‍സ് ചോദിക്കുന്നു'

ആഗോള സാമ്പത്തിക തകര്‍ച്ച, കാലാവസ്ഥാ വ്യതിയാനം, കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല വര്‍ഗീയ നയങ്ങള്‍, വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണവും വാണിജ്യവത്കരണവും എല്ലാം അതിജീവിച്ച് വിപുലമായ സിവില്‍ സര്‍വീസും പൊതുമേഖലയും ശക്തിപ്പെടുത്തി വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂടെ ഗുണനിലവാരമുള്ള തൊഴിലും വരുമാനവുമുറപ്പാക്കി കേരള വികസനത്തിന്റെ 4-ാം തലമുറ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ വിഷന്‍ 2031 മുന്നോട്ട് വച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. മണിപ്പൂര്‍ ഒരു മുന്നറിയിപ്പാണ്. വിറക് തീക്കൊള്ളിക്ക് ചാന്‍സ് കൊടുത്താല്‍ സര്‍വം ഭസ്മമാക്കും. മതനിരപേക്ഷ പുരോഗമന കേരളത്തിന്റെ അടിത്തറ സംരക്ഷിച്ചുകൊണ്ടും വര്‍ഗീയ ഫാസിസത്തെ ചെറുത്തുകൊണ്ടും ഈ ബദലിന് തുടര്‍ച്ച ഉറപ്പാക്കിക്കൊണ്ടേ നമ്മുടെ തൊഴിലും കൂലിയും പെന്‍ഷനും നാളെയും ഉറപ്പാക്കാന്‍ കഴിയൂ എന്ന ബോധ്യം മറ്റു പ്രചരണങ്ങളില്‍ അടിമപ്പെട്ട് വഴി തെറ്റുന്നവരില്‍ കൂടി ഉറപ്പാക്കാന്‍ വിപുലമായ പ്രചാരണം മാത്രമാണ് നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ നമുക്കുള്ള ആയുധം.

ചിലര്‍

കേരളം ഹൃദയം പകുത്തുനല്‍കിയ വയനാട്‌

<