കെ.ജി.ഒ.എ ന്യൂസ്
news-details
എഡിറ്റോറിയൽ

പശ്ചിമേഷ്യന്‍ യുദ്ധം - മാനവരാശിയോടുള്ള വെല്ലുവിളി

2026 ഫെബ്രുവരി 28-ന് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് അഴിച്ചുവിട്ട വ്യോമാക്രമണം ഒരു സാധാരണ പ്രാദേശിക സംഘര്‍ഷമല്ല; ലോകചരിത്രത്തിലെ നിര്‍ണായകമായൊരു വഴിത്തിരിവാണ് അത്. ആണവഭീഷണിയോ സുരക്ഷാ വാദങ്ങളോ തുടങ്ങിയ ഔദ്യോഗിക വിശദീകരണങ്ങള്‍ക്ക് അപ്പുറം, ഈ യുദ്ധം മൂലധനത്തിന്റെ അതിരില്ലാത്ത ആര്‍ത്തിയും സാമ്രാജ്യത്വ ആഗോളവത്ക്കരണ ശ്രമങ്ങളുടെ വഴി മുട്ടലും ചേര്‍ന്നുണ്ടാക്കുന്ന ആഴത്തിലുള്ള പ്രതിസന്ധിയുടെയും ഉത്പന്നമാണ്. മാര്‍ക്‌സിയന്‍ വിശകലനം വ്യക്തമാക്കുന്നതുപോലെ, പരമാവധി ലാഭം നേടാനുള്ള ആര്‍ത്തിയാണ് മൂലധനത്തിന്റെ ചാലകശക്തി.

വിപണിയും വിഭവങ്ങളും പിടിക്കാനുള്ള ത്വര തന്നെയാണ് ചരിത്രത്തില്‍ യുദ്ധങ്ങളായി പ്രകടമായത്. ലോകയുദ്ധങ്ങളില്‍ നിന്നും കൊറിയ, വിയറ്റ്‌നാം, ഇറാഖ്, ലിബിയ, സിറിയ എന്നിവിടങ്ങളിലേക്കുള്ള ഇടപെടലുകള്‍ വരെ ഈ അധിനിവേശ രാഷ്ട്രീയത്തിന്റെയും യുദ്ധ സമ്പദ്‌വ്യവസ്ഥയുടെയും തുടര്‍ച്ചകളാണ്. ഇറാനെതിരായ ആക്രമണവും ഇതേ ശൃംഖലയുടെ ഭാഗമാണ്. 1953-ല്‍ മൊസാദെഖ് ഭരണകൂടത്തെ അട്ടിമറിച്ചതില്‍ നിന്ന് ആരംഭിച്ച അധിനിവേശ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നാം കാണുന്നത്. ലോക ഊര്‍ജ്ജസമ്പത്ത് നിയന്ത്രിച്ച് ഡോളറിന്റെ ആഗോള മേല്‍ക്കോയ്മ നിലനിര്‍ത്തുക എന്നതാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ദീര്‍ഘകാല തന്ത്രം. ഈ മേല്‍ക്കോയ്മ ചോദ്യം ചെയ്യുന്ന രാജ്യങ്ങളെ 'ഭീഷണി'യായി ചിത്രീകരിക്കുകയും, അവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ 'ഭീകരവാദം' എന്ന് മുദ്രകുത്തുകയും ചെയ്യുന്നത് അതിന്റെ പതിവ് രാഷ്ട്രീയമാണ്. ശത്രുനിര്‍മ്മിതി മുതലാളിത്ത ദേശീയതയുടെ അടിസ്ഥാന സ്വഭാവമാണെന്നും ഇവിടെ വ്യക്തമാകുന്നു. ഉപരോധങ്ങള്‍ പോലും 'രക്തരഹിത യുദ്ധങ്ങള്‍' അല്ല; മറിച്ച് ഒരു ജനതയുടെ ദൈനംദിന ജീവിതത്തെ തകര്‍ക്കുന്ന ഘടനാപരമായ അക്രമമാണ്. ഭക്ഷണം, മരുന്ന്, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ തടഞ്ഞുകൊണ്ട് ജനങ്ങളെ മുട്ടുകുത്തിക്കാന്‍ ശ്രമിക്കുന്ന ഈ രാഷ്ട്രീയത്തിനിടയിലും ക്യൂബയും ഇറാനും പോലുള്ള രാജ്യങ്ങള്‍ ചെറുത്തുനില്‍ക്കുന്നത് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്നു. പെട്രോഡോളര്‍ ആധിപത്യം സംരക്ഷിക്കാന്‍ ഇറാഖ്, ലിബിയ, വെനസ്വേല എന്നിവിടങ്ങളിലുണ്ടായ ഇടപെടലുകളുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ ഇറാന്‍ ആക്രമണവും.

ചൈന, റഷ്യ, മറ്റു ബ്രിക്‌സ് രാജ്യങ്ങള്‍ എന്നിവയുടെ ഉയര്‍ച്ചയോടെ ബഹുധ്രുവ ലോകക്രമം രൂപപ്പെടുമ്പോള്‍, നഷ്ടപ്പെടുന്ന മേല്‍ക്കോയ്മ വീണ്ടെടുക്കാനുള്ള ശ്രമമായാണ് ഈ സൈനിക ആക്രമണങ്ങളെ കാണേണ്ടത്. ഒപ്പം ഇത് ഒരു കേവല പ്രാദേശിക യുദ്ധമല്ല; ആഗോള മുതലാളിത്തത്തിന്റെ ആഴത്തിലുള്ള പ്രതിസന്ധിയുടെ പ്രകടനം കൂടിയാണ്. 1980-കളില്‍ ആരംഭിച്ച നവലിബറല്‍ ആഗോളവല്‍ക്കരണം നിയന്ത്രണമില്ലാത്ത വിപണിയും ധനമൂലധന സ്വാതന്ത്ര്യവും മുന്‍നിര്‍ത്തി ലോകത്തിന്റെ വടക്കും തെക്കും തമ്മിലും ധനികരും ദരിദ്രരും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും അമിത ചൂഷണ പദ്ധതി മുന്നോട്ടുവച്ചെങ്കിലും ഇന്ന് അതിന്റെ തന്നെ വൈരുദ്ധ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍, ജനാധിപത്യത്തിന്റെയും അന്താരാഷ്ട്ര മര്യാദകളുടെയും അടിസ്ഥാന മൂല്യങ്ങള്‍ പോലും ഉപേക്ഷിക്കുന്നതിലേക്ക് സാമ്രാജ്യത്വ ശക്തികള്‍ നീങ്ങുന്നു. അതിന്റെ ഭാഗമായാണ് നവഫാസിസ്റ്റ് പ്രവണതകളും തീവ്ര ദേശീയതയും പല രാജ്യങ്ങളിലും ശക്തിപ്പെടുത്തുന്നതും.

നിലവില്‍ നടക്കുന്നത് ഇറാനു നേരെ മാത്രമുള്ള ആക്രമണമല്ല, മറിച്ച് ലോകത്തിനാകെ എതിരായ കടന്നാക്രമണമാണ്. അതുകൊണ്ടുതന്നെ ലോക ജനതയുടെ ഒന്നിച്ചുള്ള ചെറുത്തുനില്‍പ്പ് കൊണ്ടേ സമാധാനം സ്ഥാപിക്കാനാവൂ. ഈ പശ്ചാത്തലത്തിലാണ് ഒരുകാലത്ത് ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകസ്ഥാനം വഹിച്ച ഇന്ത്യയുടെ നിലപാട് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍ സൗഹൃദ സന്ദര്‍ശനം നടത്തി മടങ്ങിയ ഇറാന്‍ നാവികസേന കപ്പലിന് നേരെ ശ്രീലങ്കയ്ക്ക് സമീപമുള്ള അന്താരാഷ്ട്ര സമുദ്രപരിധിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലും ഇന്ത്യയില്‍ നിന്ന് വ്യക്തമായ പ്രതിഷേധം ഉയര്‍ന്നില്ലെന്നത് വിദേശനയത്തിലെ ഗുരുതര വഴിത്തിരിവിന്റെ സൂചനയാണ്. ചേരിചേരാ നയത്തില്‍ നിന്നുള്ള ഈ വ്യതിചലനം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ സമീപനത്തിലേക്കുള്ള നീക്കമായി കാണപ്പെടുന്നു.

ഇത്തരം നിലപാടുകള്‍ക്ക് ആഭ്യന്തര പ്രത്യാഘാതങ്ങളും ഗൗരവമാണ്. ആഗോള ഊര്‍ജ്ജ രാഷ്ട്രീയത്തിലെ ആശ്രിതത്വം വര്‍ധിക്കുമ്പോള്‍, സാധാരണ ജനങ്ങള്‍ നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി പ്രത്യേകിച്ച് പാചകവാതക വിലവര്‍ധനയും ലഭ്യതാ പ്രശ്‌നങ്ങളും കൂടുതല്‍ രൂക്ഷമാകുകയാണ്. യുദ്ധങ്ങളുടെ ഭാരം എപ്പോഴും സാധാരണ ജനങ്ങളാണ് വഹിക്കുന്നത്. വിലക്കയറ്റവും പട്ടിണിയും കുടിയൊഴിപ്പിക്കലും തൊഴിലാളിലെടുക്കുന്നവരെ ബാധിക്കുമ്പോള്‍, ആയുധ വ്യവസായം ലാഭം കൊയ്യുന്നു. 'സ്വയരക്ഷയും' 'ജനാധിപത്യ സംരക്ഷണവും' പലപ്പോഴും ആധിപത്യത്തെ ന്യായീകരിക്കുന്ന വാക്കുകളായി മാറുന്നു. പാശ്ചാത്യ രാജ്യങ്ങളിലടക്കം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ കരുത്താര്‍ജിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമാധാനവും നീതിയും സംരക്ഷിക്കാന്‍ ലോകജനതയുടെ അചഞ്ചലമായ സാര്‍വ്വ ദേശീയ ഐക്യം കരുത്താര്‍ജിക്കേണ്ടത് അനിവാര്യമാണ്. യുദ്ധങ്ങളുടെ സൂക്ഷ്മ രാഷ്ട്രീയവും ജനവിരുദ്ധതയും വ്യാപക ചര്‍ച്ചയ്ക്ക് വിധേയമാക്കണം.

കേരളം ഹൃദയം പകുത്തുനല്‍കിയ വയനാട്‌

സാമ്രാജ്യത്വവും സയണിസവും: ഇറാന്‍ നല്‍കുന്ന സന്ദേശം

<