കെ.ജി.ഒ.എ ന്യൂസ്
news-details
സാഹിത്യം

കവിത

തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെ

പെട്ടന്ന് തീരുമാനിച്ച്

യാത്ര ചെയ്യണം

അപ്പോള്‍

ചെന്നു കയറുന്ന ഹോട്ടലില്‍

ചൂടു പൊറോട്ടകള്‍ നിങ്ങള്‍ക്കായി

കാത്തു നില്‍ക്കും

ഒഴിഞ്ഞ സീറ്റുകളുള്ള ഒരു ബസ്

നിങ്ങളെ മാടി വിളിക്കും

ബസ് സ്റ്റാന്‍ഡിലെ ഇരിപ്പിടങ്ങളില്‍

ഒന്ന് നിങ്ങള്‍ക്കു മാത്രമായി

ഒഴിഞ്ഞു നില്‍ക്കും.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും

ഒരാള്‍

അടുത്തുവന്നു നില്‍ക്കും

നിങ്ങള്‍ അയാള്‍ക്കു വിശപ്പു

മാറാനുള്ളത് വാങ്ങി നല്‍കും

കുടയില്ലാത്ത മഴക്കാലം

നിങ്ങള്‍ക്കു സ്വന്തം

തണുപ്പില്ലാത്ത ഡിസമ്പര്‍

ചൂടില്ലാത്ത മെയ്

ചിലപ്പോള്‍

ടിക്കറ്റില്ലാത്ത യാത്രകള്‍

പണമില്ലാതെ ഭക്ഷണം

നിങ്ങളെ പൊളിച്ചെഴുതും

ഇടവേളകളിലൊന്നില്‍

നേര്‍ത്ത വെയിലുള്ള ഒരു നേരത്ത്

കല്‍പ്പടവില്‍

വെറുതെയിരിക്കുമ്പോള്‍

ഒരില കാറ്റത്ത്

നിങ്ങളുടെ മുന്നില്‍ വന്നു വീഴും

പൊളിച്ചെഴുത്തുകള്‍ക്ക്

മരം നിങ്ങള്‍ക്കു നല്‍കുന്ന

സമ്മാനമാണത്

ഒരു കിളി പറന്നു വന്ന്

കൈത്തണ്ടയിലിരിക്കും

ഭയമില്ലാത്ത ജീവിതത്തിന്

പക്ഷികുലം നല്‍കുന്ന

പ്രോത്സാഹനമാണത്

സ്വാതന്ത്രത്തെ ഇത്രമേല്‍ ലളിതമായി

വ്യാഖ്യാനിച്ചതിന്

സമയം നല്‍കുന്ന

ഒരു എളിയ സമ്മാനമാകും

അപ്പോള്‍ നിങ്ങളുടെ ജീവിതം

കാത്തിരിപ്പ്

നവോത്ഥാന മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍

<