കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

കേരളത്തിന്റെ അനിവാര്യമായ ഇടതുപക്ഷ ബദല്‍

കഴിഞ്ഞ ഒരു ദശാബ്ദമായി കേരളം ഗുരുതരമായ സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെ മറികടന്നുകൊണ്ടാണ് മുന്നേറിയത്. പ്രകൃതി ദുരന്തങ്ങള്‍, മഹാമാരികള്‍, ആഗോള സാമ്പത്തിക മാന്ദ്യം, കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം എന്നിവയുടെ സംയുക്ത ആഘാതത്തെ സംസ്ഥാനത്തിന്റെ ധനകാര്യ മേഖല അതിജീവിക്കുക മാത്രമല്ല 'റീ ബില്‍ഡ് കേരള' ഒരു മാതൃക തന്നെ സൃഷ്ടിക്കുകയും 'മിറക്കിള്‍ സ്റ്റേറ്റായും' 'ലൈറ്റ് ഹൗസായും' അന്തര്‍ദേശീയ അംഗീകാരം നേടുകയും ചെയ്തു. വികസനവും ക്ഷേമവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാര്‍, മികച്ച ധനകാര്യ മാനേജ്‌മെന്റിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെയും സാധാരണ ജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ചേര്‍ത്തുപിടിക്കുകയും ചെയ്തു.

കേരളത്തിന്റെ വികസനയാത്രയില്‍ കഴിഞ്ഞ ഒരു ദശാബ്ദം നിര്‍ണായകമായ വഴിത്തിരിവായി മാറിയിരിക്കുകയാണ്. 2011-16 ല്‍ 4.9 ശതമാനത്തില്‍ ഒതുങ്ങിയിരുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇന്ന് 9.97 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വികസനപാതയില്‍ കേരളം മുന്നേറിയതിന്റെ തെളിവാണ് ഈ വളര്‍ച്ച.

ഈ കാലഘട്ടത്തില്‍ കേരളം രണ്ട് മഹാപ്രളയങ്ങള്‍, ഓഖി ചുഴലിക്കാറ്റ്, നിപ വൈറസ് വ്യാപനം, തുടര്‍ന്ന് കോവിഡ് മഹാമാരി തുടങ്ങിയ അതീവ ഗുരുതര പ്രതിസന്ധികളെ നേരിട്ടു. കോവിഡ് കാലത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി കുറഞ്ഞു. അതേസമയം ആരോഗ്യരംഗത്തും സാമൂഹ്യസുരക്ഷാ മേഖലകളിലും സര്‍ക്കാരിന് വന്‍ ചെലവുകള്‍ ഏറ്റെടുക്കേണ്ടി വന്നു. 18 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക, മുന്‍ സര്‍ക്കാരിന്റെ ശമ്പള പരിഷ്‌കരണ ബാധ്യത, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ലാത്ത നിരവധി മെഡിക്കല്‍ കോളേജുകള്‍, കണ്ണൂര്‍ വിമാനത്താവളം, മെട്രോ തുടങ്ങിയ വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ഉപേക്ഷിക്കപ്പെട്ട ദേശീയപാതാ വികസനം, ഗെയില്‍ പദ്ധതി, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ തുടങ്ങിയവ എല്ലാം സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെയുള്ള വെല്ലുവിളികളായിരുന്നു. 2018-ലെയും 2019-ലെയും പ്രളയങ്ങളെ യു.ഡി.എഫ് സര്‍ക്കാരാണ് അന്ന് നിലവിലെങ്കില്‍ ഉണ്ടാകാമായിരുന്ന സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്ന് കേരളത്തെ സമര്‍ത്ഥമായി വീണ്ടെടുത്തു. തുടര്‍ന്ന് കോവിഡ് പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതം നേരിടാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തു.ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ ആവശ്യമായ ഓക്‌സിജന്‍ ഉത്പാദന ശേഷി മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ കേരളം കൈവരിച്ചപ്പോള്‍ വികസിത രാഷ്ട്രങ്ങള്‍ മുതിര്‍ന്ന പൗരന്മാരെ തഴഞ്ഞ് ചെറുപ്പക്കാര്‍ക്ക് മാത്രം പ്രാണവായു നല്‍കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.ലോകമെങ്ങുമുള്ള മലയാളികള്‍ സുരക്ഷിതമായ ഇടം തേടി കേരളത്തിലേക്കൊഴുകി.

ഈ വെല്ലുവിളികള്‍ ഓരോന്നായി നേരിടുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ സംസ്ഥാനത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. പെട്രോള്‍, ഡീസല്‍ എന്നിവയിലെ എക്‌സൈസ് നികുതിയുടെ ഘടന മാറ്റിയതോടെ സംസ്ഥാനങ്ങള്‍ക്ക് പങ്കിടുന്ന വിഹിതം കുറഞ്ഞു; പങ്കിടാത്ത സെസുകളും അധിക നികുതികളും വര്‍ധിച്ചു. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളിലും കേരളത്തിന് നഷ്ടമുണ്ടായി. 14-ാം ധനകാര്യ കമ്മീഷന്‍ കാലത്ത് 2.5 ശതമാനമായിരുന്ന കേന്ദ്ര നികുതി വിഹിതം 15-ാം ധനകാര്യ കമ്മീഷന്‍ കാലത്ത് 2020-21ല്‍ 1.943 ശതമാനമായും 2021-26 കാലയളവില്‍ 1.925 ശതമാനമായും കുറഞ്ഞു. വരുമാനക്കുറവ് പരിഹരിക്കാന്‍ ലഭിച്ചിരുന്ന കേന്ദ്ര സഹായം കുറയുകയും വായ്പാ പരിധികളില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായി. എന്നാല്‍ ഫലപ്രദമായ ധനകാര്യ മാനേജ്‌മെന്റിന്റെ ഫലമായി സംസ്ഥാനത്തിന്റെ സ്വന്തം വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. നികുതി ശേഖരണം കാര്യക്ഷമമാക്കുന്നതിലും കേരളം മുന്നേറ്റം കൈവരിച്ചു. രാജ്യത്ത് ആദ്യമായി ചരക്കു സേവന നികുതി വകുപ്പ് കാര്യക്ഷമമായി പുനഃസംഘടിപ്പിച്ച സംസ്ഥാനമായി കേരളം മാറി.

കടബാധ്യത നിയന്ത്രണത്തിലും പുരോഗതി കൈവന്നു. സംസ്ഥാനത്തിന്റെ കടം-ജിഎസ്ഡിപി അനുപാതം 2020-21ല്‍ 38.47 ശതമാനമായിരുന്നത് 2024-25ല്‍ 34.87 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവില്‍ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2015-16ലെ 5.26 ലക്ഷം കോടിയില്‍ നിന്ന് 2024-25ല്‍ 12.49 ലക്ഷം കോടിയായി ഉയര്‍ന്നു. വരുമാനവും ചെലവും ഏകദേശം രണ്ട് ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് എത്തിച്ചുകൊണ്ട് കേരളം രണ്ട് ട്രില്ല്യണ്‍ ബജറ്റിലേക്കുള്ള മുന്നേറ്റം തുടരുകയാണ്. റിസര്‍വ് ബാങ്കും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും ധനകാര്യ ഏകീകരണത്തില്‍ കേരളത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.തനത് നികുതി വരുമാനം 38,995 കോടിയില്‍ നിന്ന് 90,000 കോടിയായി ഉയര്‍ന്നു. നികുതിയേതര വരുമാനം 8,425 കോടിയില്‍ നിന്ന് 19,000 കോടിയായി വര്‍ധിക്കുകയും തനത് വരുമാനം 47,420 കോടിയില്‍ നിന്ന് ഒരു ലക്ഷം കോടിയായി ഉയരുകയും ചെയ്തു.

പൊതുചെലവിലും വലിയ വര്‍ധനവാണ് ഉണ്ടായത്. 2011-16 കാലഘട്ടത്തില്‍ വാര്‍ഷിക ശരാശരി ചെലവ് 68,028 കോടി ആയിരുന്നുവെങ്കില്‍ 2016-21 കാലഘട്ടത്തില്‍ അത് 1.17 ലക്ഷം കോടിയായി ഉയര്‍ന്നു. 2021-24 കാലയളവില്‍ വാര്‍ഷിക ശരാശരി ചെലവ് 1.64 ലക്ഷം കോടിയായി

ഈ മെച്ചപ്പെട്ട ധനകാര്യമാനേജ്‌മെന്റിലൂടെ വികസനവും ക്ഷേമപദ്ധതികളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ് കേരളം സമര്‍ത്ഥമായി ഏറ്റെടുത്തത്.കേവലം 10 ലക്ഷത്തില്‍ താഴെ ആളുകള്‍ക്ക് 200 രൂപ മുതല്‍ 500 രൂപ വരെ മാത്രം എന്ന നിലയിലുള്ള കേന്ദ്ര സാമൂഹ്യ സുരക്ഷാ പരിപാടികളെ വികസിപ്പിച്ച് 62 ലക്ഷം പേര്‍ക്ക് കുടിശ്ശിക ഇല്ലാത്ത 2000 രൂപ എന്ന ലക്ഷ്യത്തിലെത്തി.

അടിസ്ഥാന സൗകര്യ വികസനത്തില്‍ കിഫ്ബി മുഖേനയുള്ള നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. വന്‍കിട പദ്ധതികള്‍ പതിറ്റാണ്ടുകള്‍ നീളുന്ന മുന്‍കാല രീതി മുറിച്ച് കടന്ന് കിഫ്ബി പദ്ധതികളും വിഴിഞ്ഞം പദ്ധതിയും സംസ്ഥാനത്തിന്റെ സാമ്പത്തിക കുതിപ്പിന് അടിത്തറയിട്ടു. വ്യവസായ സൗഹൃദ അന്തരീക്ഷം അതിവേഗം യാഥാര്‍ത്ഥ്യമായി. എം.എസ്.എം.ഇകള്‍ 8ലക്ഷത്തിലധികം തൊഴിലും ലോകോത്തരമായി വളര്‍ന്ന സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റം നാലര ലക്ഷത്തിലധികം തൊഴിലും കുതിച്ചുയര്‍ന്ന ഐറ്റി കയറ്റുമതി 7.5 ലക്ഷം തൊഴിലവസര സൃഷ്ടിയും 40000 പേരുടെ രേഖപ്പെടുത്തപ്പെട്ട (LINKIDIN) റിവേഴ്‌സ് മൈഗ്രേഷനും സാധ്യമായി.

ആര്‍ദ്രം മിഷനിലൂടെ കരുത്താര്‍ജിച്ച പൊതുജനാരോഗ്യരംഗത്ത് 2016-ല്‍ 12 സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരുന്ന ഡയാലിസിസ് സംവിധാനം ഇന്ന് 125 ആശുപത്രികളിലേക്ക് വ്യാപിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബ്, ജനകീയാരോഗ്യ കേന്ദ്രങ്ങളും ഫാമിലി ഹെല്‍ത്ത് സെന്ററുകളും മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ നടന്ന വന്‍ വികസനം തുടങ്ങി ശക്തമായ ആരോഗ്യ ഇടപെടലുകളുടെ ഫലമായി ശിശുമരണനിരക്ക് 12ല്‍ നിന്ന് 5 ആയി കുറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റമാണ് ഉണ്ടായത്. 9000 കോടി രൂപയുടെ വികസന നിക്ഷേപം നടപ്പിലാക്കി പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ശക്തിപ്പെടുത്തുകയും ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റാന്‍ അടിത്തറ ഒരുക്കുകയും ചെയ്തു. ലൈഫ് മിഷന്‍ വഴി അഞ്ചുലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കി നല്‍കുകയും അരലക്ഷത്തിലധികം തസ്തിക സൃഷ്ടിക്കുകയും ചെയ്ത് ഭൂരഹിതരും ഭവന രഹിതരുമില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് പോകാന്‍ കഴിയുന്ന ഏക സംസ്ഥാനമായി. അതിദാരിദ്ര്യനിര്‍മ്മാര്‍ജനം നേടിയ ലോകത്തെ രണ്ടാമത്തെ നാട് ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നു. പ്രതിസന്ധിയിലായിരുന്ന കെഎസ്ആര്‍ടിസിയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 13,000 കോടിയിലധികം രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കി. തൊഴിലില്ലായ്മ നിരക്ക് 2013-14 ലെ 11.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറച്ച് കൊണ്ടുവരുവാനും സാധിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടതും ശ്രദ്ധേയമാണ്. 2015-16ല്‍ പെന്‍ഷന്‍ ചെലവ് 13,062 കോടി ആയിരുന്നുവെങ്കില്‍ 2026-27ല്‍ അത് 38,669 കോടിയായി ഉയര്‍ന്നു. ശമ്പള ചെലവ് 23,524 കോടിയില്‍ നിന്ന് 57,558 കോടിയായി വര്‍ധിച്ചു. ശമ്പളവും പെന്‍ഷനും ചേര്‍ന്ന ആകെ ചെലവ് 36,586 കോടിയില്‍ നിന്ന് 96,227 കോടിയായി ഉയര്‍ന്നു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ ജീവനക്കാരെ സമീപിക്കുന്ന രണ്ട് വ്യത്യസ്ത സമീപനങ്ങള്‍ വ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത വലതുപക്ഷ ഭരണകാലങ്ങളില്‍ സിവില്‍ സര്‍വ്വീസിനെ ചുരുക്കാനുള്ള തീവ്രശ്രമമുണ്ടായി. 2002-ല്‍ യു.ഡി.എഫ് ഭരണകാലത്ത് ജീവനക്കാര്‍ക്കെതിരെ കരിനിയമങ്ങള്‍ നടപ്പിലാക്കിയതിനെതിരെ നടന്ന 32 ദിവസത്തെ ഐതിഹാസിക പണിമുടക്കും, 2013-ല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതകാല പണിമുടക്കും അതിന്റെ ഉദാഹരണങ്ങളാണ്. 2021-ല്‍ അധികാരത്തിലെത്തുകയാണെങ്കില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 15 ശതമാനം വരെ കുറവ് വരുത്തുമെന്ന പ്രഖ്യാപനവും കേരളം മറന്നിട്ടില്ല.

എന്നാല്‍ ജീവനക്കാരും സാധാരണ ജനങ്ങളും ഐക്യത്തോടെ നിലകൊണ്ടതുകൊണ്ട് അത്തരത്തിലുള്ള സമീപനങ്ങള്‍ക്ക് കേരളസമൂഹം അംഗീകാരം നല്‍കിയില്ല. 2026-ലെ ബജറ്റില്‍ ശമ്പളപെന്‍ഷന്‍ ചെലവ് ഏകദേശം ഒരു ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടും ജീവനക്കാരെ സംരക്ഷിക്കുന്ന സമീപനം തുടരുകയാണ്. ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവുകളും പുതിയ ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ച തീരുമാനവും അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള ഉത്തരവും ഈ സമീപനത്തിന്റെ ഉദാഹരണങ്ങളാണ്.

ലേബര്‍ കോഡുകളുടെ പിന്‍ബലത്തോടെ രാജ്യത്ത് സിവില്‍ സര്‍വ്വീസിന്റെ പിന്‍വാങ്ങലും സ്ഥിരം തൊഴില്‍ നിര്‍മ്മാര്‍ജനവും വ്യാപകമാവുമ്പോള്‍ ഇടതുപക്ഷ ബദല്‍ ശക്തമായ കവചമാവുകയാണ്.

ജനപക്ഷ ബദല്‍ നയങ്ങളുടെ തുടര്‍ച്ചയും നവകേരളവും

കാത്തിരിപ്പ്

<