ഒരു മുഖപ്രസംഗം വായിച്ച് സമീപകാലത്തൊന്നും ഇത്ര സന്തോഷം തോന്നിയിട്ടില്ല, അഭിമാനബോധവും! 'ഊര്‍ജോല്‍പാദനത്തില്‍ തോറിയം റൂട്ട് ഒരവസരം അര്‍ഹിക്കുന്നു' എന്ന പേരിലുള്ള ഡിസംബര്‍ 23-ന്റെ ബിസിനസ് ലൈന്‍ എഡിറ്റോറിയലാണ് വിഷയം. ആയിരം വര്‍ഷത്തേക്കുള്ള നമ്മുടെ ഊര്‍ജാവശ്യം നിറവേറ്റാനാവുന്ന 10 ലക്ഷം ടണ്ണിലധികം തോറിയം റിസര്‍വായുണ്ടായിരിക്കെ, എന്തുകൊണ്ട് ആറ്റമിക് എനര്‍ജി കമീഷന്‍ 75വര്‍ഷം തികച്ചിട്ടും തോറിയം അധിഷ്ഠിത വൈദ്യുത നിലയങ്ങളുമായി മുന്നോട്ട് പോയില്ല എന്നാണ് ചോദ്യം. അമ്പതുകളില്‍ ഇന്ത്യയുടെ ഊര്‍ജസ്വാതന്ത്ര്യം ലക്ഷ്യം വെച്ച് ഹോമി ജെ ഭാഭ രൂപകല്‍പ്പന ചെയ്ത ത്രിഘട്ട ആണവപദ്ധതി എന്തുകൊണ്ട് പാതിവഴിയില്‍ ഉപേക്ഷിച്ചു എന്നതാണ് മുഖപ്രസംഗം ഉന്നയിക്കുന്ന പ്രശ്‌നം. ഇന്ത്യയില്‍ സമൃദ്ധമായുള്ള തോറിയം നിക്ഷേപം ഉപയോഗപ്പെടുത്തുന്ന ഒരു പദ്ധതിയായിരുന്നു ഹോമി ജെ ഭാഭ മുന്നോട്ട് വെച്ചത്. ആഗോള യൂറേനിയം നിക്ഷേപത്തിന്റെ വെറും ഒന്നു രണ്ടു ശതമാനം മാത്രമേ ഇന്ത്യയിലുള്ളൂവെങ്കിലും തോറിയം നിക്ഷേപത്തിന്റെ കാര്യത്തില്‍ അത് ആഗോള നിക്ഷേപത്തിന്റെ നാലിലൊന്നാണ്. പക്ഷേ യുറേനിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തോറിയം ഉപയോഗിച്ചുള്ള ഊര്‍ജോല്‍പാദനത്തിന് പ്രയാസമേറും എന്നത് ശരിയാണ്. തോറിയം ഉപയോഗിച്ചുള്ള ഊര്‍ജോല്‍പാദനത്തിന്റെ കാര്യത്തില്‍ വന്ന ഗവേഷണപ്രബന്ധങ്ങളില്‍ മഹാഭൂരിപക്ഷവും ഇന്ത്യയിലാണ് പ്രസിദ്ധപ്പെടുത്തിയത്. വലിയ ചെലവില്ലാത്ത തോറിയം നിക്ഷേപങ്ങള്‍ ഉപയോഗിച്ച് വരുന്ന 4 നൂറ്റാണ്ടുകളിലായി 500 ഗിഗാവാട്ട് ഊര്‍ജം ഉല്‍പാദിപ്പിക്കാനാവും എന്നാണ് നമ്മുടെ ആണവ വിദഗ്ധര്‍ കണ്ടെത്തിയത്.
അന്ന് ഹോമി ജെ ബാബ പറഞ്ഞത് ഉടന്‍ കുഴിച്ചെടുക്കാവുന്ന തരത്തിലുള്ള 5 ലക്ഷം ടണ്‍ തോറിയം നിക്ഷേപം നമുക്കുണ്ട്, എന്നാല്‍ അതിന്റെ പത്തിലൊന്നിലും കുറവാണ് നമ്മുടെ യുറേനിയം നിക്ഷേപമെന്നിരിക്കെ ദീര്‍ഘകാല ആറ്റമിക ഊര്‍ജ പദ്ധതിക്ക് യുറേനിയത്തെ ആശ്രയിക്കുന്നതിനുപകരം തോറിയത്തെ കഴിവതും പെട്ടെന്ന് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് എന്നാണ്. പദ്ധതി ആരംഭിക്കുന്നതിനായി ആദ്യഘട്ട നിലയില്‍ മാത്രം പ്രകൃതിദത്ത യുറേനിയത്തെ ഉപയോഗപ്പെടുത്താം. അവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാവുന്ന പ്ലൂട്ടോണിയം രണ്ടാം ഘട്ട പദ്ധതിയില്‍ വൈദ്യുതോര്‍ജത്തിനും തോറിയത്തെ ഡ 233 എന്ന ഡിപ്ലീറ്റഡ് യുറേനിയമാക്കുന്നതിനും പ്രയോജനപ്പെടുത്താം. മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ഡ 233 ഉല്‍പ്പാദിപ്പിക്കാനാവും എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്.
എന്നാല്‍ ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന തോറിയം അടിസ്ഥാനമായുള്ള ആണവ പദ്ധതിക്ക് തുരങ്കം വെക്കാന്‍ അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ആണവ ശക്തികള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. ത്രിഘട്ട പദ്ധതിയിലെ രണ്ടാം ഘട്ടം ഇനിയും ആരംഭിച്ചിട്ടില്ല. 2011 ല്‍ അത് കമ്മീഷന്‍ ചെയ്യപ്പെടേണ്ടതായിരുന്നു. ഇപ്പോള്‍ പറയുന്നത് 2025 ല്‍ തീരുമെന്നാണ്. എന്തുകൊണ്ടിങ്ങനെ എന്നതിനുള്ള ഉത്തരമന്വേഷിച്ച് ഏറെയൊന്നും പോവേണ്ടതില്ല. അമേരിക്കയിലെ വമ്പന്‍ കുത്തക ഊര്‍ജോല്‍പ്പാദക കമ്പനികളുടെ കാലഹരണപ്പെട്ട യുറേനിയം അടിസ്ഥാനമായുള്ള ആണവ നിലയങ്ങള്‍ മതി ഇന്ത്യക്ക് എന്ന നിലപാട് ഇന്ത്യന്‍ ഭരണാധികാരികള്‍ കൈക്കൊള്ളാന്‍ തുടങ്ങി. നെഹ്‌റുവിയന്‍ നയങ്ങളോട് വിട പറഞ്ഞു കഴിഞ്ഞിരുന്ന മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ നമ്മുടെ സ്വാശ്രയത്വത്തിന്റെ ചെലവില്‍ അമേരിക്കന്‍ കുത്തകക്കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള പദ്ധതിക്ക് കൂട്ടുനിന്നു. അതിനായി അമേരിക്കയുമായി ഒരു ആണവക്കരാര്‍ ഒപ്പിട്ടു. ഇന്ത്യയുടെ തോറിയം പദ്ധതി തകര്‍ത്ത് പകരം അമേരിക്കയിലെ കാലഹരണപ്പെട്ട യുറേനിയം പ്ലാന്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷം ഒന്നാം യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. അന്ന് ദൗര്‍ഭാഗ്യവശാല്‍ അതിന്റെ പ്രാധാന്യം വേണ്ടും വിധം മനസ്സിലാക്കിയവര്‍ നന്നേ കുറവായിരുന്നു. ഇടതുപക്ഷത്തിന്റെ ആത്മഹത്യാപരമായ നിലപാടാണ് അത് എന്ന് വിമര്‍ശനമുയര്‍ന്നു. ഭരണത്തിന്റെ ഇടനാഴികളില്‍ സ്വാധീനശക്തിയായി നിലയുറപ്പിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത് എന്ന് ചില ഇടതുപക്ഷക്കാര്‍ പോലും കുറ്റപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വ ശക്തികളുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ ഭരണവര്‍ഗത്തോട് കണക്ക് തീര്‍ക്കുകയായിരുന്നു ഇടതുപക്ഷം. ആ ചോരയില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന പ്രഖ്യാപനമായിരുന്നു അത്. അതേത്തുടര്‍ന്നാണ് ഇന്ത്യന്‍ വിശ്വാസം വില കൊടുത്തു വാങ്ങിയ പാര്‍ലമെന്റില്‍ നോട്ടു കെട്ടുകള്‍ പറന്നതും തങ്ങള്‍ ഇടതുപക്ഷത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചിതരായിരിക്കുന്നു എന്ന് ഭരണ നേതൃത്വം പ്രഖ്യാപിച്ചതും. അന്നത്തെ ഇടതുപക്ഷ നിലപാട് എത്ര ശരിയായിരുന്നു എന്നാണ് ബിസിനസ് ലൈന്‍ മുഖപ്രസംഗം തെളിയിച്ചു പറയുന്നത്. ഓരോ ഇടതുപക്ഷക്കാരനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഏറെ തെറ്റിദ്ധരിക്കപ്പെട്ട അന്നത്തെ ശരിയായ നിലപാട് എന്നര്‍ത്ഥം