കെ.ജി.ഒ.എ ന്യൂസ്
news-details
സ്പോർട്സ്

ലോകകപ്പ് ഫുട്‌ബോള്‍ മായുന്നോ, ഇറ്റലി

ലോക ഫുട്ബോള്‍ ഭൂപടത്തില്‍ ഇറ്റാലിയന്‍ ഫുട്ബോളിന്റെ മോല്‍വിലാസം മായുന്നു. നാലുതവണ വിശ്വകിരീടം ഉയര്‍ത്തിയ അസൂറിപ്പട തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായി. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ നാണക്കേടിലാണ് യൂറോപ്യന്‍മാര്‍. 1934, 1938, 1982, 2006 ലോകകപ്പുകളില്‍ ചാമ്പ്യന്‍മാരായ ടീമിനാണ് ഇൗ ദുരവസ്ഥ. 2018-ല്‍ റഷ്യയിലും 2022-ല്‍ ഖത്തറിലും ഒടുവില്‍ ഇൗ ജൂണില്‍ അമേരിക്ക, മെക്സിക്കോ, കനഡ രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന ലോകകപ്പിലും യോഗ്യത കിട്ടാതെ മടങ്ങി. മൂന്നുതവണയും പ്ലേ ഓഫിലാണ് കാലിടറിയത്. ഇത്തവണ 48 ടീമുകളാണ് ടൂര്‍ണമെന്റില്‍. എന്നിട്ടും ഇതിലൊന്നായി മാറാന്‍ അസൂറികള്‍ക്കായില്ല. പ്ലേ ഓഫ് ഫൈനലില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സെഗൊവിനയോട് ഷൂട്ടൗട്ടില്‍ തോറ്റു. 4-1 ന്റെ ജയത്തോടെ 2014-നുശേഷം ആദ്യമായി ബോസ്നിയ ലോകകപ്പിനെത്തി.

2006-ല്‍ ജേതാക്കളായ ഇറ്റലിക്ക് തുടര്‍ന്നുള്ള ലോകകപ്പുകളില്‍ നിരാശയായിരുന്നു ഫലം. 2010-ലും 2014-ലും ആദ്യ റൗണ്ടില്‍ മടങ്ങി. 2018 പ്ലേ ഓഫില്‍ സ്വീഡനോട് തോറ്റപ്പോള്‍ യോഗ്യത നഷ്ടമായി. 2022-ലെ പ്ലേ ഓഫ് തോല്‍വി നോര്‍ത്ത് മാസിഡോണിയയോടായിരുന്നു. ഇക്കുറി നോര്‍വേയോട് രണ്ട് കളിയും തോറ്റ് യോഗ്യതാ റൗണ്ടില്‍ രണ്ടാമതായി. പിന്നാലെ പ്ലേ ഓഫിലേക്ക് വീണു. മറ്റൊരു മുന്‍ ചാമ്പ്യന്‍മാര്‍ക്കും ഇതുപോലൊരു പതനം സംഭവിച്ചിട്ടില്ല.

2006-ലെ ചാമ്പ്യന്‍ ടീമില്‍ മധ്യനിരക്കാരനായിരുന്ന ഗെന്നരോ ഗെട്ടൂസോയായിരുന്നു ഇക്കുറി ടീമിന്റെ പരിശീലകന്‍. പ്ലേ ഓഫ് സെമിയില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് മുന്നേറിയ ഗെട്ടൂസോയ്ക്ക് സ്വപ്നം പൂര്‍ത്തിയാക്കാനായില്ല. പ്ലേ ഓഫ് ഫൈനലില്‍ ബോസ്നിയയുടെ തട്ടകത്തില്‍ ആത്മവിശ്വാസത്തോടെയാണ് ഇറ്റലി തുടങ്ങിയത്. കളി തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ ലീഡ്. നിക്കോളോ ബരെല്ലയുടെ നീക്കത്തില്‍ മോയ്സ് കീന്‍ ലക്ഷ്യം കണ്ടു. ഇറ്റലി ആഘോഷിച്ചു. പക്ഷേ, തിരിച്ചടിയുടെ നിമിഷങ്ങളായിരുന്നു പിന്നെ. ബോസ്സിയന്‍ വിങ്ങര്‍ അമര്‍ മെമിച്ചിനെ ഗുരുതരമായി ഫൗള്‍ ചെയ്ത പ്രതിരോധക്കാരന്‍ അലെസാന്‍ഡ്രോ ബസ്റ്റോണി ചവുട്ടി വീഴ്ത്തുമ്പോള്‍ ആദ്യപകുതി അവസാനിക്കാന്‍ നാല് മിനിറ്റായിരുന്നു ബാക്കി. ശേഷിച്ച സമയം പത്തുപേരായി കളിക്കേണ്ടിവന്നതിന്റെ ബുദ്ധിമുട്ട് ഇറ്റലി അനുഭവിച്ചു. ഗോള്‍ കീപ്പര്‍ ജിയാന്‍ല്യൂജി ദൊന്നരുമ്മയുടെ പ്രകടനമാണ് കാത്തത്. പക്ഷേ, 79-ാം മിനിറ്റില്‍ സെക്കോയുടെ ഹെഡര്‍ ദൊന്നരുമ്മ കുത്തിയകറ്റിയെങ്കിലും പന്ത് ഹാരിസ് ടബകോവിച്ച് വലയിലേക്ക് തന്നെവിട്ടു. കളി അധികസമയത്തേക്ക്. പിന്നെ ഷൂട്ടൗട്ടില്‍. ഫ്രാന്‍സിസ്‌കോ എസ്പോസിറ്റോ, ബ്രയാന്‍ ക്രിസ്റ്റന്റെ എന്നിവരുടെ കിക്കുകള്‍ പാഴായതോടെ ഇറ്റലി കരഞ്ഞു. സാന്‍ഡ്രോ ടൊണാലി മാത്രമാണ് ലക്ഷ്യം കണ്ടത്. മറുവശത്ത് ബോസ്നിയ നാലും വലയിലിട്ടു. മൂന്നാം പ്രാവശ്യവും കപ്പിനും ചുണ്ടിനുമിടയില്‍ ലോകകപ്പ് മോഹം പൊലിഞ്ഞു.

ലോകനവോത്ഥാനത്തിന്റെ ചരിത്രമുറങ്ങുന്ന ഇറ്റാലിയന്‍

മണ്ണ് ഇൗ അപമാന തോല്‍വി സഹിക്കില്ല. ഹാട്രിക് ലോകകപ്പ്

നഷ്ടം അവരെ ശരിക്കും തളര്‍ത്തി. യോഗ്യത നേടാനാകാതായതോടെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. ഫുട്ബോള്‍ സംവിധാനം മുഴുവനായും പൊളിച്ചെഴുതാന്‍ തീരുമാനിച്ചു. ഫെഡറേഷന്‍ തലവന്‍ ഗബ്രിയേലെ ഗ്രാവിന രാജിവച്ചു. പരിശീലകന്‍ ഗെന്നരോ ഗെട്ടൂസോയും പുറത്തായി. ജിയാന്‍ല്യൂജി ബുഫണ്‍ ഉള്‍പ്പെടെ പരിശീലക സംഘത്തിലെ മുഴുവനാളുകളുമായും വേര്‍പിരിഞ്ഞു. തകര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഗ്രാവിനയെന്നാണ് വിലയിരുത്തല്‍. കായികലോകത്തെ ദുരന്തംപോലെയാണ് ഇറ്റലി തോല്‍വിയെ കാണുന്നത്. അതിനാല്‍തന്നെ ഫെഡറേഷന്‍ അടിമുടി മാറ്റുമെന്ന് ഇറ്റാലിയന്‍ കായിക

മന്ത്രി ആന്‍ഡ്രിയ അബോഡി പറഞ്ഞു. ഗ്രവാനിക്ക് പകരക്കാരനെ കണ്ടെത്താനായിട്ടില്ല. ജൂണ്‍ 22ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കും. പിന്നാലെ പുതിയ പരിശീലകനുമെത്തും. ഇറ്റാലിയന്‍ ലീഗുള്‍പ്പെടെ എല്ലാ ലീഗുകളിലും

അടിമുടി മാറ്റം വരുത്തും. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. അക്കാദമികളുടെ

പ്രവര്‍ത്തനത്തിലും സമ്പൂര്‍ണമായ അഴിച്ചുപണികളുണ്ടാകും.

പരിശീലക സ്ഥാനത്ത് മുന്‍ കോച്ച് റോബര്‍ട്ടോ മാന്‍സീനിയെയാണ് പകരക്കാരനായി ഉദ്ദേശിക്കുന്നത്. ഇറ്റലിക്ക് യൂറോ കപ്പ് നല്‍കിയ മാന്‍സീനിക്ക് 2018ലെ ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കാനായില്ല. പിന്നാലെ രാജിവയ്ക്കുകയായിരുന്നു. മാസിമില്ലാനോ അല്ലെഗ്രി, അന്റോണിയോ കോന്റെ എന്നിവരും പരിഗണനയിലുണ്ട്. ലോകകപ്പ് യോഗ്യത നേടാനാകാത്തത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഇറ്റലിയെ കൊണ്ടെത്തിക്കുകയാണ്. ഇൗ വര്‍ഷം മാത്രം 370 കോടി രൂപയുടെ നഷ്ടമാണുണ്ടാവുക. ഇറ്റാലിയന്‍ ലീഗും തളര്‍ച്ചയിലാണ്. തുടര്‍ച്ചയായി മൂന്ന് തവണ ലോകകപ്പ് കളിക്കാത്ത രാജ്യത്തേക്ക് വിദേശ താരങ്ങള്‍ എത്തില്ല. സൂപ്പര്‍താരങ്ങളുടെ അഭാവം പരസ്യ വരുമാനത്തെയും സ്പോര്‍ണസര്‍മാരെ കണ്ടെത്തുന്നതിലും ക്ഷീണമുണ്ടാക്കും. കളത്തില്‍ മാത്രമല്ല, പുറത്തും ഇറ്റലിക്ക് ജീവവായു അത്യവശ്യമാണ്. ദീര്‍ഘവീക്ഷണമുള്ള ഭരണസമിതിയെ കണ്ടെത്താന്‍ ഫെഡറേഷന് കഴിഞ്ഞില്ലെങ്കില്‍ ഒരിക്കലും തിരിച്ചുവരാനാത്ത തകര്‍ച്ചയിലേക്കാകും

ഇറ്റലി കൂപ്പുകുത്തുക.

കനല്‍മണ്ണിലെ മഴപക്ഷി

നവകേരള സൃഷ്ടിക്ക് അനിവാര്യമായ തുടര്‍ച്ച ഉണ്ടാവും

<