2024 ജൂലൈ 30ന് പുലര്‍ച്ചെ പുഞ്ചിരിമറ്റത്ത് ആദ്യത്തെ ഉരുള്‍ പൊട്ടി. പുലരും മുമ്പ് അത് സമീപ പ്രദേശങ്ങളിലായി പലകുറി ആവര്‍ത്തിച്ചു. പുന്നപ്പുഴയുടെ തീരത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 298 മനുഷ്യര്‍ കല്ലിനും ചെളിക്കും കടപുഴകിയൊലിച്ചിറങ്ങിയ മരങ്ങള്‍ക്കും ഇടയിലൂടെ ചതഞ്ഞരഞ്ഞൊഴുകി ചാലിയാറിലേക്കുവരെ പതിച്ചു. നിലയ്ക്കാത്ത നിലവിളികള്‍. നിറ കണ്ണുമായി രക്ഷാപ്രവര്‍ത്തനങ്ങള്‍. ഒറ്റ രാത്രി കൊണ്ട് നിരവധി കുടുംബങ്ങള്‍ ഒന്നാകെ ഭൂമിയില്‍ നിന്നില്ലാതായി. പല വീടുകളിലും ഒരാള്‍ മാത്രം അവശേഷിച്ചു. അതില്‍ കുഞ്ഞുമക്കള്‍ പോലുമുണ്ട്. നാളെയുടെ നല്ല സ്വപ്‌നം കണ്ടും പലതും നിശ്ചയിച്ചുറപ്പിച്ചും കിടന്നുറങ്ങിയവരായിരുന്നു അവര്‍.
ഇത്രയേറെ നമ്മളെയാകെ വേദനിപ്പിച്ച ഒരു ദുരന്തം സമീപ കാലത്ത് ഉണ്ടായിട്ടില്ല. ഗുരുതരമായ പരിക്കുകളോടെയും അതിലേറെ മാനസികാവസ്ഥയിലും ദുരന്തത്തെ അതിജീവിച്ച ആയിരത്തിലേറെ മനുഷ്യര്‍ നമുക്ക് മുന്നിലുണ്ടായി. ജീവന്‍ പൊലിഞ്ഞവരോടും ജീവിച്ചിരിക്കുന്നവരോടും നീതി കാട്ടുക എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നു. ദുരന്തമുണ്ടായതറിഞ്ഞത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി വന്നതിനിടെ മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ട് വയനാട്ടേയ്ക്ക് തിരിക്കാന്‍ നിര്‍ദേശിച്ചു. ഞാനുള്‍പ്പടെ മന്ത്രിമാരെല്ലാം ദുരന്ത ഭൂമിയിലെത്തി. വയനാട്ടെ പഞ്ചായത്തംഗങ്ങള്‍ മുതല്‍ മുഴുവന്‍ ജനപ്രതിനിധികളും നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ലഭ്യമാകുന്ന മുഴുവന്‍ സ്രോതസ്സുകളും സംസ്ഥാന സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി.
കാണാതായവര്‍ക്കുള്ള തിരച്ചലില്‍ തന്നെ ഉണ്ടായ ജനകീയ മാതൃക ലോകം വാഴ്ത്തിയതാണ്. വയനാട്ടിലെ ചൂരല്‍മലയ്ക്ക് സമീപമുള്ള സൂചിപ്പാറയിലെ സണ്‍റൈസ് വേലിക്കടുത്ത് മനുഷ്യശരീരാവശിഷ്ടങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് കടാവര്‍ ഡോഗ്‌സിനെ ഹെലികോപ്റ്ററില്‍ എത്തിച്ചാണ് തിരച്ചില്‍ നടത്തിയത്. ഇത്തരം ലഭ്യമായ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി മനുഷ്യ ശരീരങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്താനുള്ള ഒരു പരിശോധനയും മുമ്പെങ്ങും നടന്നിട്ടില്ലെന്നാണ് സൈന്യം ഉള്‍പ്പടെ സാക്ഷ്യപ്പെടുത്തിയത്. ഡിഎന്‍എ ടെസ്റ്റിന് കഴിയാവുന്ന വിധം നമ്പറുകളിട്ട്, എല്ലാ വിധ ആചാരങ്ങളോടും ഔദോഗിക ബഹുമതികളോടെയും കണ്ടുകിട്ടിയ ശരീര ഭാഗങ്ങള്‍ സംസ്‌കരിച്ചത് ലോകം ശ്രദ്ധിച്ച അപൂര്‍വ നടപടിയായിരുന്നു.
ദുരന്ത ബാധിതര്‍ക്കായി നടത്തിയ പുനര്‍നിര്‍മ്മാണ, പുനരധിവാസ പ്രക്രിയകളും സമാനതകളില്ലാത്ത മാതൃകയായാണ് കേരളം നടപ്പാക്കിയത്. മേപ്പാടിയില്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ദുരന്തബാധിതര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. തറക്കല്ലിട്ട് ഒരു വര്‍ഷത്തിനുള്ളില്‍ 178 വീടുകള്‍ കൈമാറാന്‍ കഴിഞ്ഞു. 232 വീടുകളുടെ നിര്‍മ്മാണം കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കി മഴയ്ക്ക് മുമ്പ് അവസാനത്തെ കുടുംബത്തെയും ഈ സുരക്ഷിതമായ ഇടത്തിലേക്ക് എത്തിക്കും. 410 വീടുകളയരുന്ന മേപ്പാടി നഗരത്തിലെ ടൗണ്‍ഷിപ്പില്‍ 1662ലധികം മനുഷ്യരാണ് സര്‍വ്വ സങ്കടങ്ങളും മറന്ന് ഒരൊറ്റ ഹൃദയം പോലെ കഴിയുക.
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട ആ മനുഷ്യര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നല്‍കിയ വാക്കാണ് മാര്‍ച്ച് ഒന്നിന് മേപ്പാടിയില്‍ നിറവേറ്റിയത്. ടൗണ്‍ഷിപ്പിലെ വീടുകളുടെ സമര്‍പ്പണ ചടങ്ങ് നമ്മളെല്ലാം കണ്ടതാണ്. സര്‍വ്വവും ഇല്ലാതായവര്‍ സങ്കടങ്ങള്‍ക്കിടയിലും സന്തോഷം പങ്കുവച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്ന സത്യത്തെ ഉള്‍ക്കൊണ്ട്, സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ആ വീടുകള്‍ തങ്ങളില്‍ നിന്നകന്നവരുടെ പ്രതീകങ്ങളായി കാണുകയാണ് പലരും. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ബോധ്യം അവര്‍ക്കുണ്ടെന്നാണ് ആ വാക്കിലൂടെയും ആശ്ശേഷത്തിലൂടെയും അനുഭവിച്ചറിഞ്ഞത്. ആദ്യഘട്ടത്തില്‍ പൂര്‍ണമായും വീട് തകര്‍ന്ന ഓരോ കുടുംബത്തിനെയും ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ പുതിയ വീടുകള്‍ നിശ്ചയിച്ചു. ഏഴ് സെന്റ് ഭൂമിയില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ വീടുകളും. വേണമെങ്കില്‍ ഒരുനിലകൂടി ഉയര്‍ത്താന്‍ കഴിയുന്ന വിധം ശക്തമാണ് ഓരോ വീടിന്റെയും അടിത്തറ. മൂന്ന് കിടപ്പുമുറികളും ഹാളും ഡൈനിങ് റൂമും പഠനമുറിയും അടുക്കളയും സ്റ്റോര്‍ റൂമും സിറ്റൗട്ടും ഉള്‍പ്പടെ മനോഹരമാണ് വീടുകള്‍. സമര്‍പ്പണ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി പുതിയ വീടുകള്‍ കണ്ടു. ഓരോ വീട്ടിലും ആവശ്യമായ ഫര്‍ണ്ണീച്ചറുകളും സര്‍ക്കാര്‍ വാങ്ങി നല്‍കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചത് ഇരട്ടി സന്തോഷമാണ് അവര്‍ക്ക് നല്‍കിയത്. ആ വാക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നിറവേറ്റും.
ആധുനിക രീതിയിലുള്ള റോഡ്, വൈദ്യുതി, കുടിവെള്ള സംവിധാനം, ലബോറട്ടറിയും ഫാര്‍മസിയും വാക്സിനേഷന്‍ സെന്ററും ഉള്‍ക്കൊള്ളുന്ന ആരോഗ്യ കേന്ദ്രം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റര്‍, പൊതു മാര്‍ക്കറ്റ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ലൈബ്രറി, ഓപ്പണ്‍ തിയേറ്റര്‍ തുടങ്ങിയവയെല്ലാം ടൗണ്‍ഷിപ്പിന്റെ ഭാഗമായി ഉയരും.
ഉറ്റവരും ഉടയവരും വീടും ഭൂമിയും സമ്പാദ്യവുല്ലാം നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഒരു സംഖ്യ നല്‍കി, അവരുമായുള്ള ബന്ധം അവസാനിപ്പിക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. അത്തരം ഉപദേശങ്ങളും പ്രസ്താവനകളും കേരളം കേട്ടു. എന്നാല്‍ ദുരന്ത ബാധിതരെ സ്ഥിരമായി പുനരധിവസിപ്പിക്കേണ്ട സുരക്ഷിത ഇടങ്ങളെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിച്ചത്. പുനരധിവാസത്തെ കുറിച്ച് ദുരന്ത ബാധിതരുടെ അഭിപ്രായങ്ങള്‍ തേടി. സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി നേരിട്ട് ഈയൊരു നടപടിക്ക് നേതൃത്വം നല്‍കി. അവരെല്ലാം ഒരേ സ്വരത്തില്‍ സര്‍ക്കാരിനു മുന്നില്‍ പറഞ്ഞത്, ദുരന്തം ഞങ്ങളെ വേര്‍പ്പെടുത്തി. പുനരധിവസിപ്പിക്കുകയാണെങ്കില്‍ ഞങ്ങളെ എല്ലാവരെയും അടുത്തടുത്ത് താമസിക്കും വിധം ഒരിടം മതി എന്നാണ്. സര്‍ക്കാര്‍ ഈ ആഗ്രഹത്തെ ഗൗരവത്തില്‍ കണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഒരു പൊതു സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്.
വയനാട് ഇത്തരത്തില്‍ ഒരു ഭൂമി സര്‍ക്കാരിന്റെ കൈവശം ഇല്ല. മുഴുവന്‍ തോട്ടങ്ങളാണ്. ദുരന്ത ബാധിതരുടെ ആവശ്യം നിറവേറ്റല്‍ ജന്മം കൊണ്ട ഭൂമികളില്ലാത്ത വയനാട് ജില്ലയില്‍ എളുപ്പമല്ല. അടുത്തടുത്തായുള്ള 25 എസ്റ്റേറ്റുകള്‍ കണ്ടെത്തി. ഇവിടങ്ങളില്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം പരിശോധന നടത്തി. സുരക്ഷിതമെന്ന് സംഘം ചൂണ്ടിക്കാട്ടിയ ഒമ്പത് എസ്റ്റേറ്റുകള്‍ സര്‍ക്കാരും പരിശോധിച്ചു. ഇതില്‍ ഏറ്റവും അടുത്തും സുരക്ഷിതവും മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളാവുന്നതുമായ രണ്ട് ഇടങ്ങളെന്ന നിലയിലാണ് എല്‍സ്റ്റോണും നെടുമ്പാലയും നിശ്ചയിച്ച് മുന്നോട്ടു പോയത്.
ദുരന്തമുണ്ടായി 63-ാമത്തെ ദിവസം ഒക്ടോബര്‍ മൂന്നിന് ഈ രണ്ട് ഭൂമികളും ഏറ്റെടുക്കാന്‍ കേരള മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചു. പിറ്റേന്ന്, ഒക്ടോബര്‍ നാലാം തീയതി തന്നെ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിക്കുകയും ചെയ്തു. അന്ന് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പ് ഉണ്ടായെങ്കിലും നിര്‍ഭാഗ്യവശാല്‍ തോട്ടം ഉടമകളുടെ കോടതി വ്യവഹാരങ്ങള്‍ തടസമായി. രണ്ടരമാസം പിന്നിട്ട്, ഡിസംബര്‍ 27നാണ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പൂര്‍ണമായും ശരിയെന്ന് കണ്ടെത്തിയ കോടതി, ഒക്ടോബര്‍ നാലിലെ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിച്ചുള്ള വിധി പ്രസ്താവിച്ചത്. നിര്‍മ്മാണം പാടില്ല എന്ന വ്യവസ്ഥ ഈ വിധിയില്‍ ഉണ്ടായിരുന്നതും തടസമായി. കോടതി വ്യവഹാരങ്ങള്‍ നടക്കുന്നതിനിടെയും ഇതേ ഭൂമി തന്നെ ലഭ്യമാകും എന്ന പ്രതീക്ഷയില്‍ ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തി, അവിടെ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധങ്ങളായ സംവിധാനങ്ങളെക്കുറിച്ച് പഠനങ്ങള്‍ തുടര്‍ന്നു. ഏകദേശ രൂപരേഖയും തയ്യാറാക്കി. ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം ഡിസംബര്‍ 27ന് കോടതിയില്‍ നിന്ന് ലഭിച്ച് നാല് ദിവസം കഴിഞ്ഞ് ജനുവരി ഒന്നിന് തന്നെ ആ രൂപരേഖ അവതരിപ്പിച്ചു. ഏറ്റെടുക്കുന്ന ഭൂമി, അതില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍, അതിന്റെ പൊതുസ്വഭാവം, അതിലെ മറ്റു നിര്‍മ്മിതികള്‍, നിര്‍വഹണ ഏജന്‍സികള്‍ ഏത് എന്നടക്കമുള്ള രൂപരേഖയാണ് സമര്‍പ്പിച്ചത്.
കോടതി വ്യവഹാരം നടക്കുന്നതിനാല്‍ ഭൂമിയില്‍ പ്രവേശിച്ചുള്ള നടപടികള്‍ക്ക് വിലക്കുണ്ടായിരുന്നതിനാല്‍ ജനുവരി രണ്ടിന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്, ഹൈഡ്രോളജിക്കല്‍ സര്‍വെ, ടോപ്പോഗ്രാഫിക്കല്‍ സര്‍വെ, ജിയോളജിക്കല്‍ സര്‍വെ, മണ്ണ് പരിശോധന എന്നിവ അടിയന്തരമായി പൂത്തീകരിക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുക എന്ന നടപടിയും ആരംഭിച്ചു. ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച് വില നല്‍കാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തുന്നതിനിടെ വീണ്ടും കോടതിയില്‍ കേസ് വന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ തുടരുമ്പോഴും ഭൂമി ഏറ്റെടുത്ത നടപടിക്ക് സ്റ്റേ ഇല്ലെന്നും സര്‍ക്കാര്‍ തീരുമാനം ശരിയാണെന്നും സര്‍ക്കാര്‍ പറഞ്ഞതനുസരിച്ചുള്ള തുക വിശദാംശങ്ങള്‍ സഹിതം കെട്ടിവയ്ക്കാമെന്നും ഉദ്ഘാടന ചടങ്ങുള്‍പ്പടെ ഭൂമിയില്‍ നടത്താമെന്നും കോടതി വിധിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2025 മാര്‍ച്ച് 27 ന് ഔദ്യോഗികമായി ആരംഭിച്ചത്. പ്രീഫാബ് സാങ്കേതിക വിദ്യയടക്കം ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
ടൗണ്‍ഷിപ്പില്‍ വീടും സൗകര്യങ്ങളും ഒരുക്കി നല്‍കുന്നുണ്ടെങ്കിലും ദുരന്ത ബാധിതരെ പൂര്‍ണതോതില്‍ പുനരധിവസിപ്പിക്കാന്‍ കഴിയുന്ന വിധം മൈക്രോ പ്ലാനും സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. 1038 പേര്‍ ഉള്‍ക്കൊള്ളുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കുട്ടികളുടെ പുനരധിവാസ പ്രക്രിയയുടെ കാര്യത്തിലും ഒരു കേരള മോഡല്‍ പാക്കേജ് തയ്യാറാക്കി. പുനരധിവാസത്തിന്റെ ഭാഗമായ വിദ്യഭ്യാസ പാക്കേജ് ലോകത്തിനു തന്നെ മാതൃകയാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍, ഒരു രക്ഷകര്‍ത്താവ് മാത്രമായി അവശേഷിച്ച 14 കുട്ടികള്‍, അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 24 കുട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥരാണ്. ഇവരില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ വീതവും ഒരു രക്ഷകര്‍ത്താവ് മാത്രമുള്ള കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും തുടര്‍ പഠനത്തിനു വേണ്ടി സര്‍ക്കാര്‍ അനുവദിച്ചു. ഇതിനു പുറമെ ഓരോരുത്തരുടെയും പേരില്‍ രണ്ടര ലക്ഷം രൂപ വീതം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സഹായമായി മറ്റൊരു അക്കൗണ്ടില്‍ നിക്ഷേപിച്ചു. യൂണിസെഫുമായി സഹകരിച്ച് 24 കുട്ടികളെയും 25 വയസ്സുവരെ പഠിപ്പിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാടക കൊടുക്കേണ്ടി വന്നാല്‍ അതിനായി 4,000 രൂപ വീതം 24 പേര്‍ക്കുമായി നിശ്ചയിച്ചു. ലാപ്ടോപ് ഉള്‍പ്പടെ പഠന സഹായികള്‍ തീരുമാനിച്ചു.
ദുരന്തമുണ്ടായി 63-ാമത്തെ ദിവസം ഒക്ടോബര്‍ മൂന്നിന് ഈ രണ്ട് ഭൂമികളും ഏറ്റെടുക്കാന്‍ കേരള മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചു. പിറ്റേന്ന്, ഒക്ടോബര്‍ നാലാം തീയതി തന്നെ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിക്കുകയും ചെയ്തു. അന്ന് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പ് ഉണ്ടായെങ്കിലും നിര്‍ഭാഗ്യവശാല്‍ തോട്ടം ഉടമകളുടെ കോടതി വ്യവഹാരങ്ങള്‍ തടസമായി. രണ്ടരമാസം പിന്നിട്ട്, ഡിസംബര്‍ 27നാണ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പൂര്‍ണമായും ശരിയെന്ന് കണ്ടെത്തിയ കോടതി, ഒക്ടോബര്‍ നാലിലെ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിച്ചുള്ള വിധി പ്രസ്താവിച്ചത്. നിര്‍മ്മാണം പാടില്ല എന്ന വ്യവസ്ഥ ഈ വിധിയില്‍ ഉണ്ടായിരുന്നതും തടസമായി. കോടതി വ്യവഹാരങ്ങള്‍ നടക്കുന്നതിനിടെയും ഇതേ ഭൂമി തന്നെ ലഭ്യമാകും എന്ന പ്രതീക്ഷയില്‍ ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തി, അവിടെ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധങ്ങളായ സംവിധാനങ്ങളെക്കുറിച്ച് പഠനങ്ങള്‍ തുടര്‍ന്നു. ഏകദേശ രൂപരേഖയും തയ്യാറാക്കി. ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം ഡിസംബര്‍ 27ന് കോടതിയില്‍ നിന്ന് ലഭിച്ച് നാല് ദിവസം കഴിഞ്ഞ് ജനുവരി ഒന്നിന് തന്നെ ആ രൂപരേഖ അവതരിപ്പിച്ചു.
വ്യാപാരം നഷ്ടപ്പെട്ടവരെ ആ രംഗത്തേക്ക് തിരിച്ചു കൊണ്ടു വാരാനുള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചു. കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തില്‍ പൂര്‍ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. കടയുടമയ്ക്ക് ഒന്നില്‍ക്കൂടുതല്‍ കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവര്‍ക്കുണ്ടായ നഷ്ടത്തിന്റെ 50 ശതമാന പ്രകാരമുള്ള പരമാവധി തുക ഓരോ സംരംഭത്തിനും നഷ്ടപരിഹാരമായി നല്‍കുകയാണ്. ഇതിന് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് തുക വിതരണം ചെയ്യുന്നതിന് കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിച്ച ശക്തമായ അവഗണനയുടെ അപമാനകരമായ ഒരു ചിത്രം കൂടി ഈ ദുരന്ത നിവാരണ പ്രക്രിയയില്‍ നാം കണ്ടു. അതി തീവ്ര ദുരന്ത (എല്‍ -3) വിഭാഗത്തില്‍ ചൂരല്‍മല ഉരുള്‍പ്പെട്ടലിനെ പെടുത്തണം എന്ന് കേരളം ആവശ്യപ്പെട്ടതാണ്. ആഗസ്റ്റ് ഒമ്പതിന് കേരളം സന്ദര്‍ശിച്ച ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം (ഐഎംസിടി) റിപ്പോര്‍ട്ട് നല്‍കിയിട്ടും എല്‍- 3 പ്രഖ്യപിച്ചു കിട്ടാന്‍ ആറ് മാസം കേരളത്തിന് കാത്തിരിക്കേണ്ടി വന്നു. ഐഎംസിടി യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ അത് പ്രഖ്യാപിച്ചിരുന്നെങ്കില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പല സഹായങ്ങളും കേരളത്തിന് ലഭ്യമാകുമായിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നഷ്ടപരിഹാരം 1202 കോടിയും പിന്നീട് റിക്കവറി ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ വിന്‍ഡോയിലൂടെ പുനര്‍ നിര്‍മ്മാണത്തിന്റെയടക്കം 2202 കോടിയുടെയും കണക്കുകള്‍ അപകടകരവും അപമാനകരവുമായ വിധത്തില്‍ കേന്ദ്രം തള്ളിക്കളഞ്ഞു.
759 കുടുംബങ്ങളുടെ 1275 അക്കൗണ്ടുകളിലായി വിവിധങ്ങളായ കടങ്ങള്‍ നിലവിലുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ബാങ്കായ കേരള ബാങ്കിന്റെ ശാഖകളില്‍ ഉണ്ടായിരുന്ന ദുരന്ത മേഖലയിലെ മുഴുവന്‍ കടങ്ങളും എഴുതി തള്ളി മാതൃകകാണിച്ച ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തെ സമീപിച്ചത്. സെക്ഷന്‍ 13 ലൂടെ ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള ജനാധിപത്യ അവകാശവും വൃഥാവിലായി. ഇതോടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ വിരോധത്തില്‍ വയനാട് ദുരന്തബാധിതരെ ബലിയാടാക്കേണ്ട എന്ന് തന്നെ നിശ്ചയിച്ചു. 555 ഗുണഭോക്താക്കളുടെ 18.75 കോടി രൂപയുടെ കടബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനുള്ള തുക അനുവദിച്ച അവരുടെ കടങ്ങളെല്ലാം വീട്ടുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
ദുരന്ത ബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും ഉജ്ജീവന പദ്ധതിക്കും സര്‍ക്കാര്‍ തീരുമാനമെടുത്തു. മേപ്പാടിയിലെ ദുരന്തബാധിതര്‍ക്ക് പ്രഖ്യാപിച്ച ഈ സഹായം കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തില്‍ 2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതര്‍ക്കും ഉറപ്പാക്കിയതും എടുത്തുപറയുന്നു. 8.57 കോടി രൂപയുടെ വായ്പ പദ്ധതി അംഗീകരിച്ച് വായ്പയ്ക്ക് പലിശയായി കണക്കാക്കിയിട്ടുള്ള 1.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടര്‍ മുഖേന കുടുംബശ്രീ മിഷന് അനുവദിച്ചതുള്‍പ്പെടെ ഒരു സര്‍ക്കാരിന് ചെയ്യേണ്ട ഉത്തരവാദിത്വം നിറവേറ്റാന്‍ പരിശ്രമിച്ചിട്ടുണ്ട്.
ചൂരല്‍മല പുതുക്കി പണിയുക എന്ന ദൗത്യം കൂടി സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. അവിടെ എസ്ടിഎംഎയുടെ എഞ്ചിനീയര്‍ നേരിട്ട് പരിശോധിച്ച് ചൂരല്‍മലയ്ക്ക് ഒരു റീ ഡിസൈന്‍ തയ്യാറാക്കും. ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണത്തിനൊപ്പം തന്നെ ഒരു പദ്ധതി കൂടി ആസൂത്രണം ചെയ്യും.
സര്‍വ്വം തകര്‍ന്നു പോയ ഒരു ജനതയെ ചേര്‍ത്തു പിടിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. സന്തോഷം വീണ്ടെടുക്കാനുള്ള കൂട്ടായ പരിശ്രമം. ദുരന്ത ബാധിതരെ ഒരാളെയും വഴിയിലുപേക്ഷിക്കാതെ, കരുതലോടെ, കരളുറപ്പോടെ കേരളം ഇനിയും മുന്നോട്ട് പോകും. ഒന്നായ് തുടരാം.