കെ.ജി.ഒ.എ ന്യൂസ്
news-details
സ്പോർട്സ്

സഞ്ജുവിന്റെ ഇന്ത്യന്‍ വിജയഗാഥ

സഞ്ജു സാംസണ്‍ എന്ന മലയാളി താരത്തിന്റെ മികവില്‍ ഇന്ത്യ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും മുത്തമിട്ടു. സമീപകാലത്തെ ഇന്ത്യന്‍ ആധിപത്യത്തിന്റെ തുടര്‍ച്ചയായി ഇൗ ലോകകപ്പ് വിജയം. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രമാണ് ഇന്ത്യ അഹമ്മദാബാദില്‍ കുറിച്ചത്. മൂന്ന് കിരീടം നേടുന്ന ആദ്യ ടീം. ഫൈനലില്‍ ന്യൂസിലന്‍ഡിനെ ഏകപക്ഷീയമായ കളിയില്‍ 96 റണ്ണിന് തോല്‍പ്പിച്ചു.

സഞ്ജു സാംസണാണ് ലോകകപ്പിന്റെ താരമായത്. അഞ്ച് കളിയില്‍ 321 റണ്‍. അതില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍. ലോകകപ്പിനുള്ള ഒരുക്കം മോശമായിരുന്നു സഞ്ജുവിന്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 10, 6, 0, 24, 6. എന്നായിരുന്നു സ്‌കോര്‍. പക്ഷേ, അതിനുംമുന്പ് 2024ല്‍ മൂന്ന് സെഞ്ചുറികള്‍ നേടി. പക്ഷേ, ഓപ്പണിങ് സ്ഥാനം നിലനിര്‍ത്താനായില്ല. കിവീസുമായുള്ള അവസാന കളിയിലും പരാജയപ്പെട്ടതോടെ ലോകകപ്പില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഒതുങ്ങുകയായിരുന്നു. ഇതിനിടെ അഭിഷേക് ശര്‍മയ്ക്ക് പരിക്കായതിനാല്‍ നമീബിയക്കെതിരെ കളിക്കാന്‍ അവസരം കിട്ടി. എട്ട് പന്തില്‍ 22 റണ്‍.

ഗ്രൂപ്പ് ഘട്ടത്തിലെ മോശം പ്രകടനങ്ങളും ടീമിനെ ബാധിക്കുമെന്ന അവസ്ഥയിലായിരുന്നു ടീം. പാകിസ്ഥാനെയും കീഴടക്കി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായ ഇന്ത്യ സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.

ബാറ്റിലും പന്തിലും ഒരുപോലെ മങ്ങിയപ്പോള്‍ വലിയ തോല്‍വിയായിരുന്നു വഴങ്ങേണ്ടിവന്നത്. എതിരാളികളുടെ ഓഫ് സ്പിന്‍ കെണിയില്‍ അഭിഷേക് ശര്‍മ നിരന്തരം വീഴുന്നത് ടീമിനെ മാറ്റിചിന്തിപ്പിച്ചു. തിലക് വര്‍മയുടെ വേഗമില്ലാത്ത ബാറ്റിങ് രീതിയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സ്ഥിരതയില്ലായ്മയും ലോകകപ്പ് പ്രതീക്ഷളെ ബാധിക്കാന്‍ തുടങ്ങി. ഇഷാന്‍ കിഷനും പന്തില്‍ ജസ്പ്രീത് ബുമ്രയും മാത്രമായി ആശ്രയിക്കാവുന്ന കളിക്കാര്‍.

ദക്ഷിണാഫ്രിക്കയുമായുള്ള തോല്‍വിക്കുശേഷമുള്ള മാറ്റങ്ങളാണ് കിരീട ജയത്തിലേക്ക് നയിച്ചത്. സഞ്ജുവിനെ ഓപ്പണറായി കൊണ്ടുവരാനുള്ള തീരുമാനമായിരുന്നു അതില്‍ ശ്രദ്ധേയം. ഓപ്പണറായും വിക്കറ്റ് കീപ്പറായും തിരിച്ചെത്തിയത് ഇന്ത്യക്ക് ഊര്‍ജം പകര്‍ന്നു. സൂപ്പര്‍ എട്ടില്‍ സിംബാബ്വെയ്ക്കെതിരെ ബാറ്റര്‍മാര്‍ ഒന്നടങ്കം മികവിലേക്കുയര്‍ന്നപ്പോള്‍ സഞ്ജുവാണ് വഴികാട്ടിയത്.വെസ്റ്റിന്‍ഡീസിനെതിരെ അതാവര്‍ത്തിച്ചു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ റണ്ണടിച്ചുകൂട്ടി. ഇംഗ്ലണ്ട് പൊരുതിയെങ്കിലും അക്സര്‍ പട്ടേലിന്റെ ഫീല്‍ഡിങ് മികവും ബുമ്രയുടെ ഒന്നാന്തരം പന്തുകളും ഇന്ത്യയെ കാത്തു.

സിംബാബ്വെയുമായുള്ള കളിയില്‍ സഞ്ജു 15 പന്തില്‍ 24 റണ്ണെടുത്ത് പുറത്തായെങ്കിലും അത് ഗംഭീര തുടക്കമായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 50 പന്തില്‍ പുറത്താകാതെ 97 റണ്ണടിച്ചു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89. രണ്ട് കളിയിലും 'മാന്‍ ഓഫ് ദി മാച്ചായി'. സ്റ്റേഡിയത്തെ ഇളക്കിമറിച്ച ഇൗ രണ്ട് ഇന്നിങ്‌സുകള്‍ സഞ്ജുവിനെ പ്രിയങ്കരനാക്കി.

ഫൈനലിലെ സമ്മര്‍ദം ഇന്ത്യന്‍ ടീമിനെ ബാധിച്ചതേയില്ല. ബാറ്റിലും പന്തിലും കിവീസ് ഇന്ത്യക്ക് എതിരാളികളായില്ല. സെമിയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ കീഴടക്കിയതിന്റെ മിടുക്കൊന്നും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചെല്‍ സാന്റ്നെര്‍ക്കും സംഘത്തിനുമുണ്ടായില്ല. ടോസ് നഷ്ടപ്പെട്ട് ഇന്ത്യയെ ബാറ്റ് ചെയ്യാനയച്ച സാന്റ്നെറുടെ ആദ്യ തീരുമാനംതന്നെ പാളി. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന് ബൗളര്‍മാരെ പറപ്പിച്ചു. ഇഷാന്‍ കിഷനും ശിവം ദുബെയും ഒപ്പം ചേര്‍ന്നപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്ണാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ന്യൂസിലന്‍ഡ് 159ന്പുറത്തായി. നാല് വിക്കറ്റുമായി പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഫൈനലിലെ താരമായത്.

മൂന്ന്വര്‍ഷം മുമ്പ് അഹമ്മദാബാദിലെ ഇതേവേദിയില്‍ ഏകദിന ലോകകപ്പ് കൈവിട്ടതിന്റെ സങ്കടം മായ്ക്കുന്നതായി ഇന്ത്യക്ക് ഇൗ വിജയം.

ട്വന്റി 20 ലോകകപ്പില്‍ 2024-ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ജേതാക്കളായത്. 2007-ല്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ആദ്യ കിരീടം. മഹേന്ദ്ര സിങ് ധോണിയായിരുന്നു ക്യാപ്റ്റന്‍.

ഐപിഎല്‍ ക്രിക്കറ്റിലും ആഭ്യന്തര ട്വന്റി 20-യിലും മികച്ച കളി പുറത്തെടുക്കുന്ന ഒരുപിടി താരങ്ങളായിരുന്നു ടീമിന്റെ കരുത്ത്. ഗൗതം ഗംഭീര്‍ മികച്ച പരിശീലകനായി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് വലിയ പരീക്ഷണങ്ങളുണ്ടായില്ല.

ഇക്കുറി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (317), ജസ്പ്രീത് ബുമ്ര (14 വിക്കറ്റ്), അക്സര്‍ പട്ടേല്‍ (11 വിക്കറ്റ്), ഹാര്‍ദിക് പാണ്ഡ്യ (217 റണ്‍, 9 വിക്കറ്റ്), ശിവം ദുബെ (235 റണ്‍, 5 വിക്കറ്റ്) എന്നിവരാണ് ഇൗ ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്ക്വാദ്, പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി എന്നിവര്‍ അവസരത്തിനായി പുറത്തുനില്‍ക്കുന്നുണ്ട്.

ഇതിനിടെ പരിശീലകനായും കളിക്കാരാനായും ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന അപൂര്‍വ നേട്ടം ഗൗതം ഗംഭീറും സ്വന്തമാക്കി. 2024 ജൂലെയില്‍ ചുമതലയേറ്റേടുത്ത ശേഷമുള്ള മൂന്നാമത്തെ കിരീടമാണ്. കഴിഞ്ഞവര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യന്‍ കപ്പും ഇന്ത്യക്ക് സമ്മാനിച്ചു. രണ്ട് ഐസിസി ട്രോഫികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കോച്ച് കൂടിയാണ്.

2028-ല്‍ ലൊസ് ഏഞ്ചല്‍സില്‍ അരങ്ങേറുന്ന ഒളിമ്പിക്സില്‍ സ്വര്‍ണം നേടുകയാണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത ലക്ഷ്യം. 1900-ല്‍ ഒരു പതിപ്പില്‍ മാത്രമാണ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഇനമായത്. ഇതിനുശേഷം ആദ്യമായാണ് ലോകകായിക മാമാങ്കത്തില്‍ ക്രിക്കറ്റെത്തുന്നത്.

ഉയര്‍ന്ന ശമ്പളസ്‌കെയിലില്‍ നിന്നും താഴ്ന്ന ശമ്പള സ്‌കെയിലിലേക്ക് തസ്തികമാറ്റം മുഖേന നിയമനം ലഭിക്കുന്നവരുടെ വാര്‍ഷിക വേതന വര്‍ദ്ധനവ്‌

കെ.പി. നാരായണ പിഷാരടി

<