കെ.ജി.ഒ.എ ന്യൂസ്
news-details
സംഘടന

അനുബന്ധ സെമിനാര്‍ -നവോത്ഥാന മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍

കെ ജി ഒ എ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് കേരളീയ സമൂഹം ചര്‍ച്ച ചെയ്യേണ്ടതായ വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ട് കേരളത്തിലെ പല ജില്ലകളിലായി സെമിനാറുകള്‍ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് നവോത്ഥാന പാരമ്പര്യം പേറുന്ന വൈക്കത്തു വച്ച് നവോത്ഥാന മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിച്ചത്. 2026 ഫെബ്രുവരി 24ന് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ വച്ച് നടന്ന സെമിനാറില്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ എസ് ആര്‍ മോഹന ചന്ദ്രന്‍ അധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍ സെമിനാറിന്റെ മോഡറേറ്ററായി. വിഷയത്തിന്മേലുള്ള സമീപന രേഖ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജന്‍ അവതരിപ്പിച്ചു. ഇടതുപക്ഷമനസ്സുള്ള കേരളീയ സമൂഹത്തില്‍അതിവേഗത്തില്‍ വര്‍ഗീയവല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണെന്നും സിവില്‍ സര്‍വീസ് മേഖലയില്‍ അടക്കം ഈ പ്രവണതയെ ചെറുക്കുവാന്‍ സര്‍വീസ് സംഘടന എന്ന നിലയില്‍ കെ ജി ഒ എ യുടെ ഇടപെടലിന്റെ ആവശ്യകതയും സമീപന രേഖ എടുത്തുപറയുന്നു. സമൂഹത്തിലേക്ക് വര്‍ഗീയതയെ ഒളിച്ചുകടത്തുന്ന സംഘപരിവാറിന്റെ സാംസ്‌കാരിക ഇടപെടലുകളെ സമീപന രേഖ തുറന്നു കാട്ടി.

തുടര്‍ന്ന് വിഷയാവതരണം നടത്തിയ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. കെ എന്‍ ഗണേഷ്, കേരളത്തില്‍ നടന്ന നവോത്ഥാന പോരാട്ടചരിത്രങ്ങളിലേക്ക് സദസ്സിനെ കൂട്ടിക്കൊണ്ടുപോയി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ മഹാരഥന്മാര്‍ തുടക്കം കുറിച്ച നവോത്ഥാന പ്രസ്ഥാനങ്ങളാണ് ആധുനിക കേരളത്തിന്റെ അടിത്തറ പാകിയത്. ജാതീയമായ അനാചാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതമായി ഒരു പരിഷ്‌കൃത സമൂഹമായി കേരളം മാറിയെങ്കിലും, വര്‍ത്തമാനകാലത്ത് ഈ നവോത്ഥാന മൂല്യങ്ങള്‍ കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

മതേതരത്വവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയ കേരളീയ സമൂഹത്തില്‍ വര്‍ഗീയ ചിന്താഗതികള്‍ പിടിമുറുക്കുന്നത് പ്രധാന വെല്ലുവിളിയാണ്. രാഷ്ട്രീയ ലാഭങ്ങള്‍ക്കായി മതവിശ്വാസത്തെ ഉപയോഗിക്കുന്നത് സാമൂഹിക ഐക്യത്തെ തകര്‍ക്കുന്നു.

ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്താന്‍ നവോത്ഥാന നായകര്‍ ശ്രമിച്ചെങ്കിലും, ആധുനിക കാലത്തും നരബലി, മന്ത്രവാദം, വ്യാജ ചികിത്സകള്‍ തുടങ്ങിയവ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഡോ . ഗണേഷ് അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ പ്രതികരണം നടത്തിക്കൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തക പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് നവോത്ഥാനം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നല്‍കിയെങ്കിലും, ഇന്നും ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധന സമ്പ്രദായവും സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനവും സൈബര്‍ ആക്രമണങ്ങളും നവോത്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.

ജാതിചിന്തയുടെ പുതിയ രൂപങ്ങള്‍: പരസ്യമായ ജാതിവിവേചനം കുറഞ്ഞെങ്കിലും, വിവാഹം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ ജാതീയമായ ചേരിതിരിവുകള്‍ ഇപ്പോഴും ശക്തമായി തുടരുന്നു. 'നവ-സവര്‍ണ്ണത' എന്ന പ്രതിഭാസം കേരളത്തില്‍ ദൃശ്യമാണെന്നും സുജ ടീച്ചര്‍ പറഞ്ഞു.

തുടര്‍ന്ന് പ്രതികരണം നടത്തിയ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിലെ ഡോക്ടര്‍ അമല്‍ പുല്ലാക്കാട്ട് നവോത്ഥാനം എന്നത് ഒരു നിശ്ചിത കാലഘട്ടത്തില്‍ അവസാനിക്കേണ്ട പ്രക്രിയയല്ല, മറിച്ച് അതൊരു തുടര്‍ച്ചയാണ് എന്ന് വിശദീകരിച്ചു. ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചും, ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുത്തും മാത്രമേ ഈ വെല്ലുവിളികളെ നമുക്ക് അതിജീവിക്കാന്‍ കഴിയൂ.

നവോത്ഥാന നായകര്‍ പകര്‍ന്നുതന്ന 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ദര്‍ശനം വര്‍ത്തമാനകാലത്ത് കൂടുതല്‍ പ്രസക്തമാണ്.

യുറോപ്പിലും മറ്റ് പാശ്ചാത്യനാടുകളിലും നടന്ന നവോത്ഥാന രൂപമല്ല കേരളത്തില്‍ ഉണ്ടായത്. ചരിത്രപരമായി ഇതിനെ നവോത്ഥാനം എന്ന് പേര് വിളിക്കാനും കഴിയുകയില്ല എങ്കിലുംനമ്മുടെ സാമൂഹിക മണ്ഡലത്തിലെ ഒരു പദപ്രയോഗം എന്ന നിലയില്‍ അതിനെ ചോദ്യം ചെയ്യാനും കഴിയുകയില്ല എന്ന് പറഞ്ഞു.

തുടര്‍ന്ന് സദസ്സില്‍ നിന്ന് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ അവതാരകന്‍ ക്രോഡീകരിച്ചു. വൈക്കത്ത് വെച്ച് നടന്ന ഈ സെമിനാര്‍ നവോത്ഥാന പോരാട്ടങ്ങളെ കുറിച്ച് ചരിത്രാവബോധം സൃഷ്ടിക്കുവാനും വര്‍ത്തമാനകാലത്ത് നവോത്ഥാനമൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അതിനെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കുവാനും സാധിച്ചു.

കവിത

നമുക്ക് ചുറ്റും

<