വീണ്ടും ഒരു സര്‍വ്വദേശീയ വനിതാദിനം കൂടി. സമത്വവും സ്വാതന്ത്ര്യവും ആവശ്യപ്പെട്ടുകൊണ്ട് ഒരു നൂറ്റാണ്ടിലേറെ കാലമായി സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബഹുജന പ്രസ്ഥാനങ്ങളുടെ വലിയൊരു ആഘോഷമായി കൂടി ഇപ്പോള്‍ വനിതാദിനം മാറിയിട്ടുണ്ട്. ആഗോളതലത്തില്‍ തന്നെ ആഘോഷിക്കപ്പെടുന്ന ഈ ദിനത്തിന്റെ പിറവിക്ക് പിന്നിലെ സോഷ്യലിസ്റ്റ് ഉറവിടങ്ങള്‍ ഒട്ടും തന്നെ വിസ്മരിക്കാന്‍ പാടില്ല. കാരണം മാധ്യമങ്ങളും പരസ്യ വ്യവസായവും കോര്‍പ്പറേറ്റ് പരസ്യ ദാതാക്കളും ഈ ദിവസത്തെ ഏതാണ്ട് കൈപ്പടിയിലാക്കാനുള്ള വലിയ പരിശ്രമങ്ങള്‍ നടത്തുന്ന ഒരു സന്ദര്‍ഭത്തില്‍ സര്‍വ്വദേശീയ വനിതാദിനം എന്തുകൊണ്ട്? എങ്ങനെ? എപ്രകാരം? എന്ന ചോദ്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാകുന്നു. ആണ്ടോടാണ്ട് സമുചിതമായ സന്ദേശവും മുദ്രാവാക്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആഗോളതലത്തില്‍ സ്ത്രീകളുടെ വലിയൊരു ആഘോഷമായി ഇതിനകം വനിതാദിനം ഏറ്റെടുക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ ഇരയാക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനം ആണ് മാര്‍ച്ച് എട്ട്.ചരിത്രപ്രസിദ്ധമായ റഷ്യന്‍ വിപ്ലവത്തില്‍ 1917 മാര്‍ച്ച് എട്ടിന് പെട്രോഗാര്‍ഡിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ പണിമുടക്കും പ്രകടനവും ആണ് സര്‍വ്വദേശീയ വനിതാ ദിനത്തിന്റെ ഉറവിടം. ആ സമരം തന്നെയാണ് ഐക്യരാഷ്ട്രസഭയെ ഈ ദിവസം വനിതാദിനമായി ആഘോഷിക്കാന്‍ പ്രേരിപ്പിച്ചതും. ചരിത്രത്തെ തുടുപ്പിച്ച സ്ത്രീ മുന്നേറ്റത്തിന്റെ ഈ അടയാളപ്പെടുത്തല്‍ സഖാവ് ആര്‍. ജവഹറിന്റെ 'സര്‍വ്വദേശീയ വനിതാദിനത്തിന്റെ സോഷ്യലിസ്റ്റ് ഉറവിടങ്ങള്‍' എന്ന പുസ്തകം നമ്മോട് ഉറക്കെ സംസാരിക്കുന്നു. 'ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി വിപ്ലവം എന്ന് വിളിക്കപ്പെടുന്ന ഈ സമര പോരാട്ടത്തില്‍ പെട്രോഗാ ര്‍ഡിലെ വനിതാ തൊഴിലാളികള്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം ആകട്ടെ 'റൊട്ടിയും ശാന്തിയും' ആണ്. യുദ്ധങ്ങള്‍ എങ്ങനെ മനുഷ്യജീവിതത്തെയൊന്നാകെ, സവിശേഷമായി സ്ത്രീജീവിതത്തെ എങ്ങനെ താറുമാറാക്കുന്നു എന്ന സമകാലാനുഭവം നമ്മുടെ മുന്നില്‍ സജീവമായി നില്‍ക്കുമ്പോള്‍ 1917-ല്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം ഇന്നും പ്രസക്തമാകുന്നു. 1800 കളില്‍ മദിരാശി മുതല്‍ മാഞ്ചസ്റ്റര്‍ വരെ ഉള്ള ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് നിയതമായ വേതനമോ തൊഴില്‍ സമയമോ ഒന്നും ഇല്ലാതെ,പണിയെടുത്ത് സ്വയം യന്ത്രങ്ങളായി മാറി, നടുവൊടിഞ്ഞും നെഞ്ചുപൊട്ടിയും അസഹനീയമായ അധ്വാന ഭാരത്താല്‍ ചെറുപ്പത്തിലെ മരിച്ചുപോകുന്ന സഹജീവികളുടെ ദയനീയ ചിത്രം കാള്‍ മാര്‍ക്‌സ് മൂലധനത്തില്‍ തന്നെ എഴുതുന്നുണ്ട്. തുടര്‍ന്നുള്ള മഹത്തായ പോരാട്ടത്തിന്റെ ചരിത്രം നമുക്ക് ഏവര്‍ക്കും സുവിദിതമാണ്. അതേത്തുടര്‍ന്ന് തൊഴിലെടുക്കുന്ന സ്ത്രീകള്‍ ഉയര്‍ത്തിയ അവകാശ പോരാട്ടങ്ങള്‍ ലോകത്തെ മുഴുവന്‍ സ്ത്രീകളുടെയും നിലനില്‍പ്പിനു വേണ്ടിയുള്ള അവകാശ സമരമായി മാറുകയായിരുന്നു. നൂറ്റാണ്ടിനിപ്പുറം സമരോജ്വലമായ പോരാട്ടത്തിന്റെ ചരിത്രത്തെ ഓര്‍ത്തുകൊണ്ട് ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് വേണ്ടി നമ്മളും അണിചേരുന്നു; ഇരപിടിയന്‍ മുതലാളിത്തത്തിനെതിരെ, വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ.