കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

നമുക്ക് ചുറ്റും

പശ്ചിമേഷ്യയെ മാത്രമല്ല, ലോകത്തെയാകെ അശാന്തിയിലേക്കും ദുരിതങ്ങളിലേക്കും തള്ളിയിടുന്നതാണ് തികച്ചും അനാവശ്യമായും ആസൂത്രിതമായും ഇസ്രയേല്‍ അമേരിക്കയുമായി ചേര്‍ന്ന് ഇറാനില്‍ ആരംഭിച്ച ആക്രമണം. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയും നിരവധി ഉന്നത നേതാക്കളും സൈനിക ഉദ്യോഗസ്ഥരും വധിക്കപ്പെട്ടു. ഇറാനിലെ 31-ല്‍ 24 പ്രവശ്യകളിലുണ്ടായ യാങ്കി സയണിസ്റ്റ് ആക്രമണത്തില്‍ ഒരു പെണ്‍ പള്ളിക്കൂടത്തിലെ 150 കുട്ടികളടക്കം ഇരുനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരിച്ചടിയായി മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലും ഇസ്രയേലിലും ഇറാന്‍ ആരംഭിച്ച മിസൈല്‍ - ഡ്രോണ്‍ ആക്രമണവും തുടരുകയാണ്. ഇതുവരെ 1255-ലധികം ഇറാനികള്‍ കൊല്ലപ്പെടുകയുണ്ടായി. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചത് ലോക വാണിജ്യത്തെയാകെ ബാധിക്കുന്നതാണ്. ഇറാന്‍ ആണവ പദ്ധതി സംബന്ധിച്ച തര്‍ക്കത്തില്‍ ആ രാജ്യവും അമേരിക്കയുമായി നടത്തിവന്ന ചര്‍ച്ച ധാരണയിലേക്ക് മുന്നേറുന്നതായി മധ്യസ്ഥനായ ഒമാന്റെ വിദേശ മന്ത്രി ഹമദ് അല്‍ബുസൈനി വ്യക്തമാക്കി 24 മണിക്കൂര്‍ തികയും മുമ്പാണ് അതിനെ അട്ടിമറിക്കാന്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്.

ഇറാന്റെ ആണവ ഭീഷണി ഒഴിവാക്കുകയോ മേഖലയില്‍ സമാധാനം ഉറപ്പാക്കുകയോ അല്ല യുദ്ധഭ്രാന്തനായ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും അയാളുടെ ചട്ടുകമായി മാറിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ലക്ഷ്യമെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 13-ന് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം ആരംഭിച്ചതും സമാന സാഹചര്യത്തിലായിരുന്നു. അമേരിക്കയും ഇസ്ലാമിക റിപ്പബ്ലിക്കുമായി അന്ന് നടത്തിയ ആണവചര്‍ച്ചയില്‍ നിര്‍ണായക പുരോഗതിയുണ്ടാവുകയും രണ്ടു ദിവസത്തിനകം ആറാംവട്ട ചര്‍ച്ച തുടങ്ങാനിരിക്കുകയും ചെയ്യുമ്പോഴാണ് അതിനെ അട്ടിമറിച്ച് അന്ന് ഇസ്രയേല്‍ യുദ്ധമാരംഭിച്ചത്. ഒടുവില്‍ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രണം നടത്തിയതോടെയാണ് 12 ദിവസം നീണ്ട യുദ്ധം അവസാനിപ്പിച്ചത്. ഇറാന്റെ ആണവപദ്ധതി തുടച്ചുനീക്കി എന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ പോകുന്നു എന്നാണ് ഇപ്പോള്‍ ട്രംപ് പറയുന്നത്.

ഇറാനും അമേരിക്കയുമായി ഒരിക്കലും ആണവകരാര്‍ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്ന നെതന്യാഹുവിന്റെ കളിപ്പാവയായിരിക്കുകയാണ് വീണ്ടും ട്രംപ്. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ 2015-ല്‍ ഇറാനും വന്‍ ശക്തികളുമായുണ്ടാക്കിയ ആണവക്കരാര്‍ ലോകത്തിന് സമാധാന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇസ്രയേല്‍ അതിനെ അംഗീകരിച്ചിരുന്നില്ല. ഒബാമയ്ക്ക് ശേഷം ട്രംപ് പ്രസിഡന്റായപ്പോള്‍ വൈകാതെ കരാറില്‍ നിന്ന് അമേരിക്കയെ പിന്‍വലിപ്പിക്കാന്‍ നെതന്യാഹുവിന് സാധിച്ചു. തുടര്‍ന്ന് ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുകയും കടുപ്പിക്കുകയും ചെയ്ത് ഇറാനെ ദുര്‍ബലമാക്കിയതിന്റെ തുടര്‍ച്ചയിലാണ് യുദ്ധം അടിച്ചേല്‍പ്പിക്കുന്നത്. 2015-ലെ ആണവക്കരാറല്‍ പങ്കാളികളായിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ കരാര്‍ ലംഘിച്ച അമേരിക്കയെ അല്ല, ഇറാനെയാണ് ശിക്ഷിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഏകപക്ഷീയമായി ഇസ്രയേലും അമേരിക്കയും ആരംഭിച്ച യുദ്ധത്തെയും അനുകൂലിച്ച് അവര്‍ തനിനിറം കാണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശനം നടത്തി രണ്ട് ദിവസത്തിനകം ഇറാനില്‍ ആക്രമണമുണ്ടായത് ഇന്ത്യയെയും സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ആണവായുധം ഉണ്ടെന്ന് പറഞ്ഞാണ് ഇറാഖിനെ തകര്‍ത്തതും പ്രസിഡന്റ് സദ്ദാമിനെ പിടികൂടി വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയതും. പിന്നീട് ആണവായുധമില്ലെന്ന് ബോധ്യമായി. സ്വതന്ത്ര പരമാധികാര രാജ്യമായ ലിബിയയെ പത്തു ദിവസംകൊണ്ടാണ് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ചേര്‍ന്ന് തകര്‍ത്തു കളഞ്ഞത്. മെക്‌സിക്കോയെയും കൊളംബിയയെയും നിരന്തരം ഭീഷണിപ്പെടുത്തുന്നു. മയക്കുമരുന്ന് കയറ്റി അയച്ചു എന്നാരോപിച്ചാണ് വെനസ്വേലന്‍ പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ പട്ടാളം അറസ്റ്റ് ചെയ്ത് വാഷിംഗ്ടണില്‍ കൊണ്ടുപോയി തടവറയിലാക്കിയത്. എല്ലാ അന്താരാഷ്ട്ര മര്യാദയും ലംഘിച്ചുള്ള കടന്നാക്രമണമാണിത്. ക്യൂബക്ക് മേലുള്ള ഉപരോധം വര്‍ധിപ്പിച്ചു. പുറത്തുനിന്ന് ഒരു ലിറ്റര്‍ എണ്ണ കൊണ്ടുവരാനാകാതെ വിഷമിക്കുകയാണ് ക്യൂബ. ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടത് നിങ്ങള്‍ റഷ്യയില്‍ നിന്നോ ഇറാനില്‍ നിന്നോ എണ്ണ വാങ്ങരുത് എന്നാണ്.

അമേരിക്കയുടെ സ്വാധീനം ലോകത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അതിനൊപ്പം എണ്ണ സമ്പത്ത് കൈപ്പിടിയിലാക്കുക. അമേരിക്കയുടെ അനിഷ്ടത്തിന് പാത്രമാകുന്ന രാജ്യങ്ങളില്‍ പട്ടാളത്തെ ഇടപെടുവിച്ച് ഭരണമാറ്റം നടത്തുകയാണ്. ഐക്യരാഷ്ട്ര സംഘടനയിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ഇതിന് എതിരാണ്. പത്ത് ദിവസത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റു തന്നെ പറഞ്ഞതിന് ശേഷം രണ്ടാം നാള്‍ ബോംബും മിസൈലുംകൊണണ്ട് തകര്‍ക്കുന്നത് അവരുടെ സാമ്രാജ്യത്വ പദ്ധതി നിലനിര്‍ത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും അഭാവത്തിലാണ് അമേരിക്ക ഏകധ്രുവ ലോകത്തിനായി ചൊല്‍പ്പടിക്ക് നില്‍ക്കാത്ത രാജ്യങ്ങളെ ആക്രമിച്ച് തകര്‍ക്കുന്നത്. ഇതിനെതിരെ ലോകമനസാക്ഷി ഉണരുകതന്നെ ചെയ്യും. ഈ ആക്രമണത്തിനെതിരെ മറ്റൊരു ചേരി ഉയര്‍ന്ന് വരികതന്നെ ചെയ്യും.

ബംഗ്ലാദേശ് ജനവിധി:

മതരാഷ്ട്രവാദികള്‍ക്ക് തിരിച്ചടി

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട് (2024 ആഗസ്റ്റ് 5) ഒന്നര വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ടിക്ക് (ബിഎന്‍പി) വന്‍ വിജയം. ബിഎന്‍പി പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 17 വര്‍ഷത്തെ ലണ്ടന്‍ പ്രവാസ ജീവിതത്തിനു ശേഷം ഡിസംബര്‍ 25-നാണ് താരിഖ് തിരിച്ചെത്തിയത്. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഎന്‍പി അധികാരത്തില്‍ വരുന്നത്. അതും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ. ദീര്‍ഘകാലം ബിഎന്‍പിയുടെ സഖ്യകക്ഷിയായിരുന്ന ഇസ്ലാമിക തീവ്രവാദികളായ ജമാ അത്തെ ഇസ്ലാമി ഇത്തവണ ഭരണം പിടിക്കുന്ന പ്രതീതി സൃഷ്ടിച്ചിരുന്നെങ്കിലും അത് വ്യാമോഹമായി കലാശിച്ചു. ഹസീന സര്‍ക്കാരിനെ വീഴ്ത്തിയ വിദ്യാര്‍ത്ഥി യുവജന പ്രക്ഷോഭം നയിച്ചവരില്‍ ചിലര്‍ ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ടിയെയും തങ്ങളുടെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചതാണ് ജമാ അത്തെ ഇസ്ലാമിയെ അതിരു കവിഞ്ഞ പ്രതീക്ഷയിലെത്തിച്ചത്. എന്നാല്‍, വിവേകപൂര്‍വം വോട്ട് ചെയ്ത ബംഗ്ലാദേശ് ജനത മതരാഷ്ട്രവാദികള്‍ക്ക് കനത്ത് തിരിച്ചടി നല്‍കിയതിനൊപ്പം അവരുടെ സഖ്യത്തില്‍ ചേര്‍ന്ന എന്‍സിപിയെയും പാഠം പഠിപ്പിച്ചു. 30 സീറ്റില്‍ മത്സരിച്ച 'ജന്‍സീ' പാര്‍ടിക്ക് ആറിടത്ത് മാത്രമാണ് വിജയിക്കാനായത്.

ഒന്നര വര്‍ഷമായി രാജ്യം ഭരിച്ചു വന്ന ഇടക്കാല സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 350 അംഗ പാര്‍ലമെന്റിലെ 50 സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. ലഭിച്ച വോട്ടിന് ആനുപാതികമായി കക്ഷികള്‍ക്കുള്ള ഈ സീറ്റുകളിലേക്ക് അംഗങ്ങളെ നിശ്ചയിക്കാം. ജനാധിപത്യ ഭരണം പുനരാരംഭിക്കുമെങ്കിലും ഇടക്കാല സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ബംഗ്ലാദേശിന്റെ വിമോചന പോരാട്ടം നയിച്ച അവാമി ലീഗിന് മത്സരിക്കാന്‍ സാധിച്ചില്ല എന്നത് ഈ തെരഞ്ഞെടുപ്പിന്റെ ശോഭ കുറച്ചു. രാജ്യത്തെ രണ്ടു പ്രധാന കക്ഷികളില്‍ ഒന്നായ അതിന്റെ അഭാവത്തില്‍ 60 ശതമാനത്തില്‍ താഴെയാണ് പോളിംഗ്. പ്രധാനമന്ത്രി സ്ഥാനം ഒരാള്‍ക്ക് പരമാവധി രണ്ടു വട്ടം എന്നതടക്കം ഭരണഘടനാ പരിഷ്‌കാരങ്ങളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനഹിതമറിയാന്‍ വച്ചപ്പോള്‍ അതിനനുകൂലമായാണ് ജനവിധി. കോടതികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പുകള്‍ ഇടക്കാല നിഷ്പക്ഷ സര്‍ക്കാരുകള്‍ക്ക് കീഴില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം തുടങ്ങിയവയും പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു.

ബംഗ്ലാദേശ് പിറവിയെടുത്തിട്ട് 55 വര്‍ഷം തികയാന്‍ പോകുന്നു. ബംഗ്ലാദേശ് തുടക്കം മുതല്‍ രക്തരൂക്ഷിതമായ അധ്യായങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രാഷ്ട്രപിതാവും അവാമി ലീഗ് സ്ഥാപകനുമായ ഷേക്ക് മുജീബുര്‍ റഹ്മാനും ഭൂരിപക്ഷം കുടുംബാംഗങ്ങളും നാലു വര്‍ഷത്തിനകം പട്ടാള അട്ടിമറിയില്‍ വധിക്കപ്പെട്ടു. അട്ടിമറിക്കാലത്ത് സൈന്യത്തിന്റെ ഉപമേധാവിയായിരുന്ന സിയ ഉള്‍ റഹ്മാന്‍ പിന്നീട് പ്രസിഡന്റായിരിക്കെ ആറു വര്‍ഷത്തിനകം അടുത്ത പട്ടാള അട്ടിമറിയില്‍ വധിക്കപ്പെട്ടു. പിന്നീട് പതിറ്റാണ്ടോളം നീണ്ട പട്ടാള വാഴ്ചയ്ക്കു ശേഷം 1991ല്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതു മുതല്‍ സിയയുടെ ഭാര്യ ഖാലിദ സിയ നയിച്ച ബിഎന്‍പിയും മുജീബിന്റെ മകള്‍ ഷെയ്ക് ഹസീന നയിക്കുന്ന അവാമി ലീഗുമാണ് മാറിമാറി ഭരിച്ചത്. ഒരിടവേളയ്ക്കു ശേഷം 2009ല്‍ തിരിച്ചെത്തിയത് മുതല്‍ 2024 ആഗസ്റ്റില്‍ പ്രക്ഷോഭത്തില്‍ പുറത്താക്കുന്നത് വരെ ഹസീനയാണ് ഭരിച്ചത്. പാക് സൈന്യത്തിനൊപ്പം ചേര്‍ന്ന് കൂട്ടബലാത്സംഗങ്ങളടക്കം നടത്തുകയും വിമോചന പോരാളികളെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുകയും ചെയ്ത ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയ ഹസീനയുടെ ഭരണം മതരാഷ്ട്ര വാദികളെ മൂലയില്‍ ഒതുക്കിയിരുന്നു. എന്നാല്‍ ഹസീനയെ വീഴ്തിയ പ്രക്ഷോഭകരെ കൂട്ടുപിടിച്ച് ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ ജമാ അത്തെ ഇസ്ലാമിക്ക് സാധിച്ചു. എങ്കിലും അവര്‍ അധികാരത്തിനടുത്ത് എത്തിയില്ല എന്നത് ആക്രമണങ്ങള്‍ നേരിടുന്ന ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്.

ഖാലിദ സിയ അടുത്തിടെ അന്തരിക്കുകയും ഷെയ്ക് ഹസീന ഇന്ത്യയില്‍ അഭയാര്‍ഥിയായി കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ തലമുറയിലേക്ക് ബംഗ്ലാദേശ് രാഷ്ട്രീയം പരിണമിക്കുകയാണ്. ഖാലിദ സിയയുടെ മകന്‍ താരീഖ് അന്‍വര്‍ മന്ത്രിയായതോടു കൂടി രണ്ടു പതിറ്റാണ്ടിന് ശേഷം അധികാരം ആ കുടുംബത്തിലേക്ക് തിരിച്ചെത്തുകയാണ്. ഹസീന അധികാരമേറ്റപ്പോള്‍ അഴിമതി കേസുകളില്‍ അറസ്റ്റ് ഭയന്ന് രാജ്യം വിട്ട താരിഖ് അടുത്തിടെയാണ് തിരിച്ചെത്തിയത്. ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ രീതിയനുസരിച്ച് മാതാവിന്റെ പ്രതിയോഗിയായിരുന്ന ഹസീനയെയും കുടുംബത്തെയും വേട്ടയാടാനാണ് താരിഖ് മുന്‍ഗണന നല്‍കുന്നതെങ്കില്‍ അവിടെ കാലത്തിനനുസരിച്ച മാറ്റത്തിന് സാധ്യത കാണുന്നില്ല. ഹസീനയെ വീഴ്ത്തിയ യുവരോഷം ബിഎന്‍പി സര്‍ക്കാരിനെതിരെയും തിരിയാം. അത്തരം സാഹചര്യം മതരാഷ്ട്ര വാദികള്‍ക്ക് വീണ്ടും വളരാന്‍ അവസരമൊരുക്കുന്നതായിരിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്ത ആര്‍എസ്എസ് എന്ന പോലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തെ എതിര്‍ക്കുക മാത്രമല്ല, വിമോചന യുദ്ധ പോരാളികളെ വധിച്ച പാകിസ്ഥാന് പിന്തുണ നല്‍കിയ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ പതനം ശ്രദ്ധേയമാണ്.

നവോത്ഥാന മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍

ഉയര്‍ന്ന ശമ്പളസ്‌കെയിലില്‍ നിന്നും താഴ്ന്ന ശമ്പള സ്‌കെയിലിലേക്ക് തസ്തികമാറ്റം മുഖേന നിയമനം ലഭിക്കുന്നവരുടെ വാര്‍ഷിക വേതന വര്‍ദ്ധനവ്‌

<