കെ.ജി.ഒ.എ ന്യൂസ്
news-details
കഥ

ബ്ലാക്ക് ഔട്ട്

നിനച്ചിരിക്കാതെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോരുന്നോന്നുള്ള വിളി കേട്ടിട്ടുണ്ടോ?

ഞാന്‍ കേട്ടു. എന്നാണെന്നല്ലേ. പറയാം.

ടൈല് പാകി മനോഹരമാക്കിയ ജനറല്‍ ആശുപത്രിയുടെ ഓരംചേര്‍ന്ന വഴിയിലൂടെ രാജേഷിന്റെ കുരുത്തക്കേട് കേട്ട് ചിരിച്ചു ഞാന്‍ നടന്നു. രാജേഷിന്റെ കൈയില്‍ ജീവിതത്തില്‍ ആദ്യമായി എടുത്ത എന്റെ ഹൃദയതാളത്തിന്റെ വ്യതിയാനമുള്ളതും ഇല്ലാത്തതുമായ ഇ സി ജി യും ഡ്രോപ് ടെസ്റ്റ് അടക്കമുള്ള ബ്ലഡ് ടെസ്റ്റ് റിസള്‍ട്ടുകളും മടക്കി പിടിച്ചിട്ടുണ്ട്.

ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങി. തിരിഞ്ഞ ആശുപത്രിയിലേക്ക് നോക്കി. ഇന്നലെ വരെ കണ്ട ആശുപത്രിയേ അല്ല ഇന്ന്. ഇന്ന് ഇതിന് എന്റെ ജീവന്‍ തിരികെ തന്നെ ഇടം എന്ന അര്‍ത്ഥം കൂടിയുണ്ട്.

കഴിഞ്ഞ നാലുമണിക്കൂറിലധികമായി ഞാന്‍ ജനല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം റെഡ് സോണ്‍ ബെഡില്‍ ആയിരുന്നു. അതിനുമുമ്പ് ബഹു: ഡി ഐ ജി യുടെ പ്രതിമാസ കോണ്‍ഫറന്‍സിലും.

കോണ്‍ഫറന്‍സില്‍ പറയേണ്ടുന്ന കണക്കുകളില്‍ ചില വ്യത്യാസം കണ്ടതിനാല്‍, വസ്തുത ശരിയാക്കുന്നതിനു കുറച്ച് സമയം ആഫീസില്‍ ചെലവഴിച്ചത് കൊണ്ട്, കോണ്‍ഫറന്‍സ് തുടങ്ങി 10 മിനിറ്റ് കഴിഞ്ഞാണ് ഹാളില്‍ എത്തിയത്. ഡി ഐ ജി അദ്ദേഹത്തെ കാണാനും കേള്‍ക്കാനും കഴിയും വിധം പിറകില്‍ രണ്ടാം വരിയില്‍ ഇരിപ്പിടം കിട്ടി. പൊതുവേ ഓഫീസ് മാനിയാക്ക് ആയ അദ്ദേഹം വകുപ്പിന്റെ വരുമാനം ടാര്‍ജറ്റിനൊപ്പം ഉയരാത്തതില്‍ ഉത്കണ്ഠയിലായിരുന്നു. കയ്യില്‍ കരുതിയിരുന്ന നോട്ട് പാഡില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കുറിക്കുന്നതിലെ ശ്രദ്ധ, കഴുത്തില്‍ വിയര്‍പ്പ് പൊടിയുന്നത്കൂടിയപ്പോഴാണ് വിട്ടു തുടങ്ങിയത്. കാര്യമാക്കിയില്ല. കനത്ത ചൂടല്ലേ... ഷര്‍ട്ടിന്റെ കോളര്‍ ഒന്നുകൂടി പിറകോട്ട് വലിച്ചിട്ട് അമര്‍ന്നിരുന്നു. വിയര്‍ക്കല്‍ കൂടിവരുന്നുണ്ട്. വീണ്ടും കാര്യമാക്കിയില്ല.

ഇക്കുറി വിയര്‍ക്കലിനു കൂട്ടായി വയറ്റില്‍ നിന്നും ഗ്യാസ് മുകളിലേക്ക് കയറി വരുന്നുണ്ട്. അതു വന്ന് നെഞ്ചില്‍ തളം കെട്ടി നിന്നു. താഴേക്കും മുകളിലേക്കും പോകാതെ അസ്വസ്ഥത വിളിച്ചുവരുത്തി.

ഒന്ന് എഴുന്നേറ്റാലോ എന്ന് തോന്നി. പക്ഷേ, ഔദ്യോഗിക കോണ്‍ഫറന്‍സ് അല്ലേ. എഴുന്നേല്‍ക്കല്‍ അനാവശ്യമായാല്ലോ എന്ന് കരുതി വേണ്ടെന്നുവച്ചു.

വിയര്‍ക്കല്‍ ഷര്‍ട്ടിനെ നനയ്ക്കുവോളം വളര്‍ന്നു.

അസ്വസ്ഥത ശരീരത്തില്‍ നിന്നും മനസ്സിലേക്ക് പടര്‍ന്നു കയറി. മനസ്സിന് തീപിടിച്ചു. ഓര്‍മ്മകളെ പൊള്ളിക്കാന്‍ തുടങ്ങി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശരീരം വെട്ടിവിയര്‍ത്തു നനഞ്ഞപ്പോള്‍ ഗ്യാസ്ട്രബിള്‍ പറഞ്ഞു ഉമ്മയെ കൊണ്ട് വാപ്പ വെള്ളം ചൂടാക്കി കുടിച്ചതോര്‍ത്തു. എന്നിട്ടും ഗ്യാസിന്റെ വിക്രിയ മാറിയില്ല. തലചുറ്റലും കൂടിയായപ്പോള്‍ സഹൃദ ആശുപത്രിയിലെ ഹെഗ്‌ഡേ ഡോക്ടറുടെ അടുത്തേക്ക് തന്നെ വന്നു. വാപ്പയുടെ മനസ്സറിഞ്ഞ ഡോക്ടറായിരുന്നു ഹെഗ്‌ഡേ. (അദ്ദേഹത്തിനു നല്ലതു വരട്ടെ.) ഹൃദയ താളത്തിന്റെ ചിത്രരേഖയിലെ ഏറ്റക്കുറച്ചില്‍ വായിച്ചിട്ട് അദ്ദേഹം എന്നെ നോക്കി. രണ്ടു മണിക്കൂറിനു മുമ്പ് ഹൃദയം വാപ്പയോട് ശക്തമായി പിണങ്ങിയിരുന്നു. അത്രമേല്‍ ശക്തമായ പിണക്കം. അതായിരുന്നു വെട്ടി വിയര്‍ക്കല്‍. ശരീരഘടന പറയുന്നു, താമസിയാതെ തന്നെ ഇനിയും ഒരു ഹൃദയാഘാതം കൂടി സംഭവിച്ചേക്കാമെന്ന്.

സഹൃദ ആശുപത്രിയിലെ ഐസിയു അന്ന് വാപ്പയെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു നടത്തി. ഹൃദയാഘാതത്തിനു കീഴടങ്ങാതെ, പക്ഷാഘാതം ബാപ്പയെ ക്ഷണിച്ചുകൊണ്ട് പോകുന്നത് വരെ, സഹൃദയ ആശുപത്രിയും ഡോക്ടര്‍ ഹെഗ്‌ഡേയും എന്റെ കുടുംബത്തിന്റെ മുന്‍ഗണന ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ബാപ്പയുടെ ശരീരത്തെ നനച്ച വിയര്‍പ്പ്... ഇന്ന് എന്റെ ഹൃദയത്തെ തൊടാന്‍ വരുന്നതുപോലെ...

കോണ്‍ഫറന്‍സ് കഴിഞ്ഞ് ഡി ഐ ജി സാര്‍ ഹാളില്‍ നിന്ന് പുറത്തേക്ക് പോയി. കഴുത്തിലും നെറ്റിയിലും പൊടിഞ്ഞ വിയര്‍പ്പിനെ കൈകൊണ്ട് തുടച്ച്, ധൃതി പിടിക്കാതെ ശ്രദ്ധിച്ചു പണികള്‍ ഇറങ്ങി ഞാന്‍ താഴെ വന്നു. വീണ്‌പോയാലോന്ന് വല്ലാതെ ആശങ്കപ്പെട്ടു. സ്റ്റേറ്റുമെന്റുകളും നോട്ട് പാഡും ഓഫീസില്‍ വച്ച് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി. തുടര്‍ച്ചയായ വിയര്‍ക്കലിനും നെഞ്ചിലെ അസ്വസ്തതക്കും കൂട്ടായി തലചുറ്റല്‍ കൂടി പ്രത്യക്ഷപ്പെട്ടു.

വാപ്പയുടെ വിയര്‍പ്പ് തുള്ളി എന്റെ ബോധത്തിലേക്ക് തുളഞ്ഞുകയറി. ഡോക്ടര്‍ ഹെഗ്‌ഡേ, ഓര്‍മ്മയുടെ വാതിലിനു മുന്നില്‍ വന്നു നിന്നു.

തമ്പു, ആദില്‍, അലന്‍ അവരിനി എങ്ങനെ?

ആശ്രിതനിയമനം...?

അലന്റെ പഠനം?

അനിയന്റെ ലോണ്‍? അങ്ങനെയങ്ങനെ ചിന്തകള്‍ എഴുതാപ്പുറം വായിച്ചു കരഞ്ഞു.

നോക്കി നില്‌ക്കേ കാഴ്ചകള്‍ കണ്ണില്‍ നിന്നും മങ്ങിത്തുടങ്ങുന്നു. ഓഫീസിനു മുന്നിലെ പ്ലാവ് വെറും പച്ചനിറം പോലെയായി മാറി. ശബ്ദങ്ങള്‍, ചെവിയെ ശ്രദ്ധിക്കാതെ പോകുന്നു ചിലതുമാത്രം പരിചയം പുതുക്കുന്നുണ്ട്.

ജീവനെ ആരോ തിരികെ വിളിച്ചു തുടങ്ങുന്നോ... ശബ്ദങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടുന്നോ...? ഞാന്‍ തീര്‍ന്നു തുടങ്ങുന്ന പോലെ...

അപ്പോഴേക്കും ഡി ഐ ജി സര്‍ താഴെ കാറിനടുത്ത് എത്തിയിരുന്നു.

''സര്‍, നെഞ്ചില്‍ എന്തോ ബുദ്ധിമുട്ട് തോന്നുന്നു. ആശുപത്രിയില്‍ പോകണം.''

രാജേഷാണ് കാറിന്റെ വാതില്‍ തുറന്നത്. കനമില്ലാത്ത ശരീരം കാറിന്റെ മുന്‍ സീറ്റിലിരുന്നു. പൊതുവേ വണ്ടി ഓടിക്കുന്നതില്‍ ധൃതിയുള്ള സാര്‍ അതിനേക്കാള്‍ ധൃതിയില്‍ കാര്‍ മുന്നോട്ട് എടുത്തു. മറ്റു വണ്ടിക്കാരോട് ആശുപത്രി കേസ് ആണ് എന്ന് പറയുന്നത് കേള്‍ക്കുന്നുണ്ട്. രാജേഷ് ആശുപത്രിയുടെ ഗേറ്റ് പറഞ്ഞു കൊടുക്കുന്നതും കേട്ടു.

കാറില്‍ നിന്നുമിറങ്ങി, ഇലയില്‍ കാറ്റേറ്റ പോലെ മുന്നിലേക്ക് നീങ്ങി. മുന്നിലെ കാഴ്ചകളൊക്കെ പറ്റെ മാഞ്ഞു പോയിട്ടുണ്ടായിരുന്നു.

ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒരു ബട്ടണ്‍ അമര്‍ത്തിയ പോലെ എന്നെ കിടത്തിയ ബെഡിനു ചുറ്റും നിമിഷങ്ങള്‍ക്കുള്ളില്‍ എത്തി. ഇസിജി, ബിപി, ഷുഗര്‍ എല്ലാ ഞൊടിയിടയില്‍ പരിശോധന കഴിഞ്ഞു.

എല്ലാം നോര്‍മലെന്നും ഷുഗര്‍ 72 എന്ന അറിവു വന്നു. ഉടന്‍തന്നെ ഷുഗര്‍ ലെവല്‍ ഉയര്‍ത്തല്‍. ആദ്യമായി വലതുകൈയിലെ കൈത്തണ്ടയിലെ ഞരമ്പില്‍ സൂചി കുത്തി. അതിലൂടെ തന്നെ ഗ്യാസിനുള്ള ഇഞ്ചക്ഷനും എടുത്തു.

കാഴ്ച തെളിഞ്ഞു തുടങ്ങുന്നുണ്ട്. ശബ്ദം തിരിച്ചു വന്നു തുടങ്ങുന്നു. ഇതിനിടയില്‍ നിരവധി ചോദ്യങ്ങള്‍ പല ഡോക്ടര്‍മാരില്‍ നിന്നും...

നെഞ്ചുവേദനയുണ്ടോ...? തല ചുറ്റുന്നുണ്ടോ...? ബ്ലാക്ക് ഔട്ട് ഫീലുണ്ടോ...?

വീണ്ടും ബ്ലാക്ക് ഔട്ട് ഫീലുണ്ടോ എന്ന് മറ്റൊരു ഡോക്ടര്‍ വക ചോദ്യം. രാവിലെ ബ്രേക്ക് ഫാസ്റ്റ് സ്‌കിപ്പ് ആയോ....? സെക്‌സ് റിലേറ്റഡ് മരുന്നു കഴിക്കുന്നുണ്ടോ...? അങ്ങനെ ഒരു പാട് ചോദ്യങ്ങള്‍.

ആവശ്യമുള്ള വിവരങ്ങള്‍ കിട്ടിക്കഴിഞ്ഞപ്പോള്‍, ചോദ്യങ്ങള്‍ നിര്‍ത്തി അവര്‍ മടങ്ങി. കാഴ്ച തെളിഞ്ഞ് കത്തി, ജീവനും.

കാഴ്ചകള്‍ക്കെന്തു ഭംഗി... ശബ്ദങ്ങള്‍ വീണ്ടും സുന്ദരമായി.

നമ്മുടെ സര്‍ക്കാര്‍ ആശുപത്രിയിലെ മാറ്റങ്ങളെ കുറിച്ച് കാണുകയും പറയുകയും ചെയ്യുന്നുണ്ടെങ്കിലും, അനുഭവിച്ചതിന്നാണ്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ മറ്റു ജീവനക്കാര്‍ എന്തിന് ഡ്യൂട്ടി പോലീസ് പോലും എത്ര ആശ്വാസമാണ് തരുന്നത്... ഷെറിന്‍ സിസ്റ്ററൊക്കെ ശരിക്കും മാലാഖ കുഞ്ഞ് തന്നെ. ഊഴമിട്ടു ഡ്യൂട്ടി നോക്കുന്ന മറ്റു മാലാഖമാര്‍.

ഓക്കെയായോ എന്ന് ചോദിക്കാന്‍ വേണ്ടി മാത്രം അടുത്തുവന്ന ഹൗസ് സര്‍ജന്‍സ്... അതിലുപരി ആത്മവിശ്വാസത്തോടെ പെരുമാറാന്‍ കൈ അകലത്തില്‍ ക്രമീകരിച്ചിരിക്കുന്ന ആധുനിക ഉപകരണങ്ങള്‍... എന്തിനധികം, കിടന്ന ബെഡ് പോലും റിമോട്ടിലായിരുന്നു പ്രവര്‍ത്തിച്ചത്.

പുറത്ത് സ്വകാര്യ ആശുപത്രിയില്‍ പോകുമായിരുന്നെങ്കില്‍ കുറഞ്ഞത് ഇരുപതിനായിരം രൂപയെങ്കിലും ആകുമായിരുന്ന പരിശോധനകള്‍ക്കു രാജേഷിനു ചിലവായത് കേവലം 885 രൂപ മാത്രം. രാജേഷ് അത് തിരികെ വാങ്ങില്ലാന്ന് അറിയുന്നതുകൊണ്ടുതന്നെ കൊടുക്കാന്‍ ശ്രമിച്ചതുമില്ല.

ഇതിനിടയില്‍ ഓഫീസില്‍ വന്നു പരിചയപ്പെട്ട ചിലര്‍, ആശുപത്രിയില്‍ എന്നെ കണ്ടു പരിചയം പുതുക്കി. കൈയിലെ സൂചിയിലും ട്രിപ്പിലും നോക്കി സാറിന് ഒന്നും വരില്ലെന്ന് ആശ്വസിപ്പിച്ചു. ഓഫീസിലെ ബേസിലും സുമേഷും ആശുപത്രിയില്‍ വന്നു. ഉകഏ സാറിനെ ബേസിലിനോടൊപ്പം സന്തോഷത്തോടെ മടക്കി.

സുമേഷ് ഫ്രൂട്ടി വാങ്ങി. ഫ്രൂട്ടിക്ക് ഇത്രയും മധുരമുണ്ടായിരുന്നോ.... വീണ്ടും ട്രിപ്പ് തീരും വരെ നിരീക്ഷണം. ഡോക്ടര്‍മാരോടും മാലാഖമാരോടും നന്ദി പറഞ്ഞു. മുഖത്ത് മസ്‌കുകള്‍ക്കു പിറകില്‍ കണ്ണുകള്‍ ചിരിച്ചു. രാജേഷ്‌നൊപ്പം ആശുപത്രിയില്‍ നിന്നുമിറങ്ങി.

ജീവിതം നോക്കി നില്ക്കുമ്പോള്‍ കയ്യില്‍ നിന്നും ഊര്‍ന്നു പോകുന്ന നിസ്സഹായത മങ്ങിയ കാഴ്ചകള്‍ കാട്ടിത്തന്നു... ബ്ലാക്ക് ഔട്ട്...

ജീവന്‍ ഔട്ടായി തുടങ്ങുന്നത് കണ്ണിലൂടെയായിരിക്കണം. അതുകൊണ്ടായിരിക്കും, മരണം കാത്ത് കിടക്കുന്നവര്‍ കണ്ണടഞ്ഞ് കിടക്കുന്നത്... ശേഷം കേള്‍വിയും... മരണക്കിടക്കയില്‍, ചെവിയുടെ അടുത്തുപോയി പേരുവിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എത്ര പെട്ടെന്നാണ് തിരിച്ചറിഞ്ഞത്...

എന്റെ കാഴ്ചയെ മയക്കി, കേള്‍വിയെ തകര്‍ത്ത്, ജീവിതത്തില്‍ നിന്നും എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വന്നവന്‍, ആശുപത്രി വരാന്തയില്‍ എവിടെയോ ഉണ്ടാകണം. ഡി ഐ ജി യുടെ കാറില്‍ കയറാന്‍ കഴിയാത്തതില്‍ നിരാശയുണ്ടാവും.

രാജേഷിന്റെ കൈയില്‍ മടക്കിപ്പിടിച്ച ഇസിജിയിലെ പൊങ്ങി നില്‍ക്കുന്ന വരികള്‍ എന്റെ ഹൃദയത്തിന് നേരെ തിരിഞ്ഞു നിന്നു. കൂടുതല്‍ നന്ദിയുള്ളവനാകണേയെന്ന ഓര്‍മ്മപ്പെടുത്തല്‍ പോലെ... ഇനി ഒരു ചായ കുടിക്കണം. ഈ നേരം വരെ രാജേഷും ഒന്നും കഴിച്ചിട്ടില്ല.

വിഷുക്കുട്ടികള്‍

അന്തസ്സോടെ ജീവിക്കുവാനും മരിക്കുവാനും അനുവദിക്കണം പ്ലീസ്!

<