മലയാളത്തിന്റെ ഗരിമയുള്ള സംസ്‌കൃത പണ്ഡിതനായിരുന്നു പ്രൊഫ: കെ.പി. നാരായണ പിഷാരടി. സംസ്‌കൃത ഭാഷയിലും സാഹിത്യത്തിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം സാഹിത്യം, കല തുടങ്ങിയ മേഖലകളില്‍ മലയാളത്തിന് മുതല്‍ക്കൂട്ടായി മാറി. ആര്‍ക്കും ഏതു സമയത്തും സംശയനിവൃത്തി വരുത്താവുന്ന വിജ്ഞാനകോശം ആയിരുന്നു പണ്ഡിതരത്‌നം കെ.പി. നാരായണ പിഷാരടി.
പത്തുവര്‍ഷത്തെ ഗുരുകുല വിദ്യാഭ്യാസത്തിനു ശേഷം സാഹിത്യ ശിരോമണി, മലയാള വിദ്വാന്‍ എന്നീ പരീക്ഷകള്‍ പാസായ നാരായണ പിഷാരടി വിവിധ കലാലയങ്ങളിലെ അധ്യാപകവൃത്തിക്കുശേഷം 1948 ല്‍ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ മലയാളം അധ്യാപകനായി. വിരമിച്ചതിനു ശേഷം യുജിസി പ്രൊഫസറായും പിന്നീട് കോഴിക്കോട് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിസിറ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. യു.ജി.സി പ്രൊഫസറായി സേവന അനുഷ്ഠിക്കുന്നതിനിടയിലാണ് കൂടിയാട്ടത്തിന്റെ നവോത്ഥാനത്തിന് ഇടയാക്കിയ പ്രബന്ധരചനയും നാട്യശാസ്ത്ര വിവര്‍ത്തനവും നടത്തിയത്. കോഴിക്കോട് ആള്‍ ഇന്ത്യാ റേഡിയോ പിഷാരടിയുടെ പ്രസംഗം പൂര്‍ണമായി സംപ്രേഷണം ചെയ്തത് കേള്‍ക്കാന്‍ ഇടയായ മലയാള ദിനപത്രമായ മാതൃഭൂമിയുടെ എഡിറ്റര്‍ എന്‍ വി കൃഷ്ണവാര്യര്‍ അതില്‍ ആകൃഷ്ടനായി. തൃശ്ശൂരിലെ ശ്രീ വടക്കുന്നാഥക്ഷേത്രത്തില്‍ പതിവായി അവതരിപ്പിക്കുന്ന കൂടിയാട്ടം നാടകങ്ങളുടെ സംഗ്രഹം പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ പിഷാരടിയോട് അഭ്യര്‍ത്ഥിച്ചു. നാരായണ പിഷാരടിയുടെ പ്രൗഢമായ കൃതികള്‍ അതുവരെ അസാധാരണമായിരുന്ന കൂടിയാട്ടം എന്ന കലാരൂപത്തെ ജനപ്രിയമാക്കുന്നതിലും ഒടുവില്‍ യുനെസ്‌കോ ഔദ്യോഗികമായി അംഗീകരിക്കുന്നതിനും വലിയ പ്രോത്സാഹനമായി. കൂടിയാട്ടം ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രശ്രമം അവിടെ അവസാനിച്ചില്ല. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത മിക്കവാറും എല്ലാ സംസ്‌കൃത നാടകങ്ങളുടെയും ക്രമദീപികയും ആട്ടപ്രകാരവും അദ്ദേഹം രചിച്ചു. നീലകണ്ഠന്റെ കല്യാണസൗഗന്ധികം,അശോകവനികാങ്കം, ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി, സ്വപ്‌നവാസവദത്തം, അംഗുലിയാങ്കം, മത്തവിലാസം എന്നിവ അതില്‍ പ്രധാനമാണ്. പിഷാരടിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേരള സംഗീത നാടക അക്കാദമി ബോധായനന്റെ ഭഗവതജ്ജുകം പ്രസിദ്ധീകരിച്ചു. ഇത് അദ്ദേഹത്തിന്റെ അവസാനം പ്രസിദ്ധീകരിച്ച കൃതിയാണ്. ഭരതമുനിയെ മലയാളത്തില്‍ ഗൗരവമായി പരിചയപ്പെടുത്തിയത് പിഷാരടിയാണ്. ഏകദേശം എട്ടു പതിറ്റാണ്ടുകളിലായി സംസ്‌കൃത സാഹിത്യം, വേദങ്ങള്‍, കേരള വംശീയരായ ക്ലാസിക്കല്‍ പ്രകടന കലകള്‍ എന്നിവയില്‍ ഗിരിമയോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. അനേകം പണ്ഡിതന്മാര്‍ക്കും കലാകാരന്മാര്‍ക്കും അദ്ദേഹം ഒരു സമര്‍ത്ഥനും മാനുഷിക മൂല്യങ്ങളുടെ മൂര്‍ത്തീഭാവവുമായിരുന്നു. അദ്ദേഹത്തിലെ പൂര്‍വ്വപ്രതിഭ സമൂഹത്തിനു മുഴുവന്‍ പ്രിയമുള്ളതായിരുന്നു. സംസ്‌കൃതത്തില്‍ ഉള്ള അഗാധമായ പാണ്ഡിത്യവും അത് ഏറ്റവും വ്യക്തമായി പ്രകടിപ്പിക്കാനുള്ള അതുല്യമായ കഴിവും അദ്ദേഹത്തെ ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ഏറ്റവും പ്രിയപ്പെട്ട വഴികാട്ടിയാക്കി. മഹാകവി പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മ എന്ന ഗുരുവിന്റെ കര്‍ശനമായ ശിക്ഷണത്തിലാണ് പിഷാരടിയുടെ സംസ്‌കൃത പഠനം ബലപ്പെട്ടത്. ആ മഹാനായ പണ്ഡിതന്റെ ജീവചരിത്രം പിഷാരടി എഴുതിയത് ഗുരുഭക്തിയുടെ ശക്തമായ പ്രകടനമായിരുന്നു. എഴുത്ത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ മുഴുനീളം ഒരു തുടര്‍ച്ചയായ പ്രക്രിയയായിരുന്നു. എഴുത്തു തുടരുക എന്നത് സമര്‍പ്പിതനായ ഒരു അദ്ധ്യാപകന്റെ കടമയാണെന്ന് പിഷാരടി വിശ്വസിച്ചിരുന്നു. വാല്മീകി, വ്യാസന്‍, കാളിദാസന്‍, എഴുത്തച്ഛന്‍,കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നിവരെ സാഹിത്യ വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുന്ന എണ്ണമറ്റ ഉപന്യാസങ്ങള്‍ പിഷാരടി രചിച്ചു. മണിദീപം, ശ്രുതിമണ്ഡപം എന്നീ പേരുകളില്‍ ഗ്രന്ഥങ്ങളായി അവ പിന്നീട് സമാഹരിച്ചു.
കൊടുങ്ങല്ലൂര്‍ തമ്പുരാന്റെ രാമചരിതത്തിന്റെ വ്യാഖ്യാനവും ശ്രീകൃഷ്ണചരിതത്തിനും മണിപ്രവാളത്തിനും കേശവീയത്തിനും മറ്റും രചിച്ച സംസ്‌കൃത പരിഭാഷയും വളരെ പ്രസിദ്ധങ്ങളാണ്. ശ്രുതിമണ്ഡലം, മണിദീപം, കൂത്തമ്പലങ്ങളില്‍, കവിഹൃദയത്തിലേക്ക്, കാളിദാസന്റെ ഹൃദയം തേടി, എന്നീ ഒട്ടനവധി ഗ്രന്ഥങ്ങള്‍ നാരായണ പിഷാരടിയുടെ സംഭാവനയാണ്. ആറ്റൂര്‍, തുഞ്ചത്താചാര്യന്‍, പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മ എന്നിവ ജീവചരിത്ര കൃതികളാണ്. ആശ്ചര്യചൂഡാമണി, ഭരതന്റെ നാട്യശാസ്ത്രം തുടങ്ങി നിരവധി കൃതികള്‍ സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മലയാളത്തില്‍ നിന്ന് സംസ്‌കൃതത്തിലേക്ക് വിവര്‍ത്തനങ്ങളും നടത്തി. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായത് എന്ന് വിശേഷിപ്പിക്കാവുന്ന വിവര്‍ത്തനം ഭരതമനിയുടെ നാട്യശാസ്ത്രം തന്നെയാണ്. കേരള സാഹിത്യ അക്കാദമിയാണ് അത് പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന്റെയും സംഗീതത്തിന്റെയും നാടകത്തിന്റെയും ബൈബിളായി കണക്കാക്കുന്ന നാട്യശാസ്ത്രം കേരളത്തിലെ നൂറുകണക്കിന് കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ലളിതമായി മനസ്സിലാകുന്ന വിധമാണ് പിഷാരടി വിവര്‍ത്തനം ചെയ്ത്. നാട്യശാസ്ത്രത്തിലെ എല്ലാ സംസ്‌കൃത ശ്ലോകങ്ങള്‍ക്കും തത്തുല്യമായ മലയാള വിവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ രചനയുടെ പ്രത്യേകത. നിരവധി സംസ്‌കൃതം കൃതികള്‍ക്ക് വ്യാഖ്യാനവും പിഷാരടി രചിച്ചു.
കൊച്ചി രാജാവ് നല്‍കിയ സാഹിത്യനിപുണന്‍ അവാര്‍ഡ് ആണ് കെ.പി. നാരായണ പിഷാരടിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരം. 1963-ല്‍ വിശ്വസംസ്‌കൃത പ്രതിഷ്ഠാനം നല്‍കിയ പണ്ഡിതരത്‌നം ബഹുമതിയാണ് അദ്ദേഹം അവസാനം വരെ തന്റെ പേരിനൊപ്പം ചേര്‍ത്തിരുന്നത്. വിശ്വ സംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ രക്ഷാധികാരികളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. പട്ടാമ്പി ശ്രീ നീലകണ്ഠ വിദ്വത് സദസ്സില്‍ നിന്ന് സാഹിത്യരത്‌നം ബിരുദം, സ്വര്‍ണ്ണ മെഡല്‍, രാഷ്ട്രപതിയില്‍ നിന്ന് മികച്ച സംസ്‌കൃത പണ്ഡിതനുള്ള ബഹുമതിപത്രം, കേരള-കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. ശ്രീ ലാല്‍ബഹദൂര്‍ ശാസ്ത്രി രാഷ്ട്രീയ സംസ്‌കൃത വിദ്യാപീഠം മഹാമഹോപാധ്യായ ബിരുദവും കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല ഡി.ലിറ്റ് ബിരുദവും നല്‍കി നാരായണപിഷാരടിയെ ആദരിച്ചു. 2024 മാര്‍ച്ച് 21-ന് അന്തരിച്ചു.