കേരളത്തിന്റെ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ ഭരണനിര്‍വഹണമാണ് കഴിഞ്ഞ ഒരു ദശാബ്ദം നടന്നതെന്നും ഇതിന് അനിവാര്യമായ തുടര്‍ച്ച ഉണ്ടാവുമെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം സ്വരാജ് പറഞ്ഞു. കെ ജി ഒ എ വജ്രജൂബിലി സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്.
കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തി, എല്ലാ മേഖലകളെയും നവീകരിക്കാന്‍ കഴിഞ്ഞ 10 വര്‍ഷത്തെ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യമാകെ സിവില്‍ സര്‍വീസില്‍ പുതിയ നിയമനങ്ങള്‍ ചുരുക്കുമ്പോള്‍, കേരളത്തില്‍ മാത്രമാണ് കൃത്യമായി സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമനങ്ങള്‍ പി എസ് സി വഴി നടത്തുന്നത്. അതുകൊണ്ടാണ് ഇന്ത്യയില്‍ ആകെ നടക്കുന്ന നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലായത്.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഇന്ത്യയില്‍ 90000 ത്തോളം സ്കൂളുകള്‍ അടച്ചുപൂട്ടപ്പെട്ടു. കേരളത്തില്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ പോലും അടച്ചുപൂട്ടിയില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വഴി ഖജനാവ് കൊള്ളയടിക്കപ്പെടുന്നു എന്നും സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടന്നാല്‍ ഒന്നും സംഭവിക്കില്ല എന്നും പറഞ്ഞ മുഖ്യമന്ത്രിമാരുടെ കാലത്തുനിന്നും ഏറെ വിഭിന്നമായിരുന്നു എന്ന് ജീവനക്കാര്‍ സ്വന്തം അനുഭവത്തില്‍നിന്ന് തിരിച്ചറിഞ്ഞതായിരുന്നു കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലഘട്ടം. ശമ്പളം മുടങ്ങും എന്നും ട്രഷറി പൂട്ടും എന്നും സ്വപ്നം കണ്ട് വാര്‍ത്തകള്‍ ചമച്ച വലതുപക്ഷ മാധ്യമങ്ങളുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്ത് മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ അടക്കം നല്കി എല്ലാ ജനവിഭാഗങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോയത്.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലം തീവെട്ടിക്കൊള്ള ആയിരുന്നു എന്ന് അന്ന് പറഞ്ഞ ഇന്നത്തെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ അടക്കം ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങളെ തമസ്കരിച്ചുകൊണ്ട് ഇല്ലാത്ത കഥകള്‍ മെനഞ്ഞ് പ്രതീതി നിര്‍മ്മാണത്തിനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് നവകേരള സൃഷ്ടിക്ക് അനിവാര്യമായ ജനവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം. സ്വരാജ് പറഞ്ഞു.