കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

മാറിയതല്ല മാറ്റിയതാണ്‌

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സ്വപ്നം യാഥാര്‍ഥ്യമായി

2018-ലെ മഹാപ്രളയം നമ്മില്‍ ഏല്‍പ്പിച്ച മുറിവുകള്‍ ചെറുതല്ല. വെള്ളത്തിനടിയിലായ കുട്ടനാടിന്റേയും തകര്‍ന്നടിഞ്ഞ റോഡുകളുടെയും കാഴ്ചകള്‍ ഇന്നും നമ്മുടെ ഓര്‍മ്മയിലുണ്ട്. തകര്‍ന്ന ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡ് ഇപ്പോള്‍ എല്ലാ പണികളും പൂര്‍ത്തിയാക്കി പൂര്‍ണ്ണമായും സജ്ജമായിരിക്കുന്നു. കേവലമൊരു അറ്റകുറ്റപ്പണിക്ക് പകരം വെള്ളപ്പൊക്കത്തെ നേരിടാന്‍ കഴിയുന്ന രീതിയില്‍ ഈ പാതയെ പുനര്‍നിര്‍മ്മിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നമ്മള്‍ ആ സ്വപ്‌നം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.

ചങ്ങനാശ്ശേരി പെരുന്ന ജംഗ്ഷനില്‍ നിന്ന് കളര്‍കോട് ജംഗ്ഷന്‍ വരെയുള്ള 24.164 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ പാത പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ മണ്ഡലങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ റോഡ് 752 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനിയൊരു പ്രളയമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ 3 കോസ്വേകള്‍, 5 ഫ്‌ളൈഓവറുകള്‍, 4 വലിയ പാലങ്ങള്‍, 13 ചെറിയ പാലങ്ങള്‍, 73 കലുങ്കുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പൂര്‍ണ്ണ മുന്‍ഗണന നല്‍കിക്കൊണ്ട് 10 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനുപുറമെ, ഇരുവശങ്ങളിലും ടൈല്‍ പാകിയ സുരക്ഷിതമായ നടപ്പാതകള്‍, 48 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, തെരുവ് വിളക്കുകള്‍, മികച്ച സുരക്ഷയ്ക്കായി ക്രാഷ് ബാരിയറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

കുട്ടനാടിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന ഈ പാത കേവലമൊരു റോഡ് മാത്രമല്ല; മറിച്ച്, പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച കേരള ജനതയുടെ ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റേയും വലിയ അടയാളമാണ്. കുട്ടനാട്ടിലെ ജനങ്ങളുടെ യാത്രാദുരിതങ്ങള്‍ക്ക് ഇതോടെ ശാശ്വത പരിഹാരമാകുകയാണ്. നമ്മുടെ നാടിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ശോഭനമായ ഭാവിയിലേക്കും ഈ പുതിയ പാത വഴിതുറക്കും.

തുരങ്കപാതയ്ക്ക് തുടക്കം

വയനാടിന്റെ ചിരകാല സ്വപ്‌നമായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണം സുപ്രധാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. മാര്‍ച്ച് 6-ാം തീയതി ആനക്കാംപൊയില്‍ ഭാഗത്തു പാറ തുരക്കലിനായുള്ള ആദ്യ ബ്ലാസ്റ്റിംഗ് പൂര്‍ത്തീകരിച്ചു. പരിസ്ഥിതി, വനം വകുപ്പുകളുടെ അനുമതികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ കടമ്പകള്‍ അതിവേഗം പൂര്‍ത്തിയാക്കിയാണ് നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയത്.കിഫ്ബിയിലൂടെ 2143 കോടി രൂപ വകയിരുത്തിയാണ് 8.735 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ നാലുവരി തുരങ്കപാത യാഥാര്‍ത്ഥ്യമാക്കുന്നത്. ഇത് കേവലമൊരു റോഡ് മാത്രമല്ല; മലബാര്‍ മേഖലയുടെ സാമ്പത്തിക, കാര്‍ഷിക, ആരോഗ്യ രംഗങ്ങളില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ജീവനാഡിയാണ്. വന്‍കിട പദ്ധതികള്‍ സ്വപ്‌നം കാണാന്‍ പോലും മടിച്ചിരുന്ന ആ നാളുകളില്‍ നിന്നാണ് നിശ്ചയദാര്‍ഢ്യത്തോടെ കേരളം ഇന്ന് മുന്നേറുന്നത്. കൃത്യമായ ആസൂത്രണവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഏതൊരു പ്രതിസന്ധിയെയും മറികടക്കാന്‍ സാധിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും തെളിയിക്കുകയാണ്.

'നമ്മുടെ കേരളം'

സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമാക്കാനും ഏവര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ പ്രാപ്യമാക്കാനും സഹായകമായ 'നമ്മുടെ കേരളം' മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സേവനങ്ങള്‍ക്ക് അപേക്ഷിക്കാനും ബില്ലുകള്‍ അടയ്ക്കാനും 'നമ്മുടെ കേരളം' ആപ്പ് മുഖേനയോ വെബ്പോര്‍ട്ടല്‍ വഴിയോ സാധിക്കും. കൂടാതെ ഭരണനിര്‍വ്വഹണത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കാളികളാവാനുള്ള സംവിധാനവും 'നമ്മുടെ കേരളം' ഒരുക്കുന്നുണ്ട്. ജനന സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമ പദ്ധതികള്‍, പെന്‍ഷനുകള്‍ തുടങ്ങി സര്‍വ്വതലസ്പര്‍ശിയായ 150 ന് മുകളില്‍ സേവനങ്ങള്‍ ഈ ആപ്പില്‍ ഏകീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും പരാതികള്‍ സമര്‍പ്പിക്കാനും അപ്ഡേറ്റുകള്‍ നേടാനും കഴിയുന്ന സംവിധാനവും ഇതിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി സേവനങ്ങള്‍ക്കായി പൊതുജനം വലഞ്ഞിരുന്ന കാലത്തു നിന്നും വിരല്‍ത്തുമ്പില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ടിന്റെ യുഗത്തിലേക്ക് കേരളം വളര്‍ന്നു കഴിഞ്ഞു. ഇത് വെറുമൊരു പരിഷ്‌കാരമല്ല, മറിച്ചു ഭരണസംസ്‌കാരത്തില്‍ കൊണ്ടുവരുന്ന ഘടനാപരമായ മാറ്റമാണ്.

അടച്ചുപൂട്ടല്‍ ഇല്ല

തിരിച്ചുപിടിക്കല്‍ മാത്രം

അടച്ചുപൂട്ടലില്‍ നിന്ന് അതിജീവനത്തിലേക്കും പിന്നീട് വികസന നേട്ടങ്ങളിലും ഉയര്‍ന്ന കെപിപിഎല്ലിന്റെ വിപുലീകരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍. ഇതിനായി 741 കോടി രൂപയുടെ ബൃഹത്തായ പദ്ധതിക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിലൂടെ നിലവിലുള്ള ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുകയും ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യും. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്ത് ഹൈ-ക്വാളിറ്റി പാക്കേജിംഗ് പേപ്പര്‍, റൈറ്റിംഗ് & പ്രിന്റിംഗ് പേപ്പര്‍, കോപ്പിയര്‍ പേപ്പര്‍ എന്നിവ നിര്‍മ്മിക്കും. സര്‍ക്കാരിന്റെ ഓഹരിയായി 175 കോടിയും ഗടകഉഇ വഴി 25 കോടിയും ബാങ്ക് കണ്‍സോര്‍ഷ്യം വഴി 541 കോടിയുമാണ് ലഭ്യമാക്കുക. 24 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കി പ്രതിവര്‍ഷം 1500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ കെ.പി.പി.എല്‍ ഒരു വന്‍ശക്തിയായി മാറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കൈവിട്ട എച്ച്.എന്‍.എല്‍ ഏറ്റെടുത്ത് ലാഭകരമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനുള്ള മറ്റൊരു അംഗീകാരം കൂടിയാണിത്.

കേരള ഗ്രഫീന്‍ പോളിസിക്ക് അംഗീകാരം

ഭാവിയിലെ അത്ഭുത പദാര്‍ത്ഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീന്‍ ഉല്‍പ്പാദനത്തിലും ഗവേഷണത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ 'കേരള ഗ്രഫീന്‍ പോളിസി'ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഗ്രഫീന്‍ സാങ്കേതികവിദ്യയുടെ ഗവേഷണം, പ്രായോഗിക ഉപയോഗം, വ്യവസായ വികസനം എന്നിവ പ്രോത്സാഹിപ്പിക്കാനായി ബൃഹത്തായ പദ്ധതികളാണ് ഈ നയത്തിലൂടെ വിഭാവനം ചെയ്യുന്നത്. അനുകൂലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാപിക്കുക, ആഗോള പങ്കാളിത്തങ്ങള്‍ ഉറപ്പാക്കുക, സാങ്കേതിക പിന്തുണയും മാര്‍ക്കറ്റിംഗ് സേവനങ്ങളും ലഭ്യമാക്കുക എന്നിവയിലൂടെ വിവിധ വ്യവസായ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ഗ്രഫീന്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ശക്തമായ അടിത്തറയൊരുക്കാനും ഈ പുതിയ നയം ലക്ഷ്യമിടുന്നു.

നിര്‍മാണമികവിന്റെ വിസ്മയമായി ആലപ്പുഴയിലെ പുത്തന്‍ പാലങ്ങള്‍...

പെരുമ്പളം പാലം

ഒരു ജനതയുടെ ഒറ്റപ്പെടലിനും യാത്രാദുരിതങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പെരുമ്പളം - പാണാവള്ളി പാലം നാടിന് സമര്‍പ്പിച്ചു. കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് ഈ ബൃഹത്തായ പദ്ധതി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. 1455.40 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ കാല്‍നടയാത്രക്കാര്‍ക്കായി ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ സുരക്ഷിതമായ നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ട്. കായലിലൂടെയുള്ള ജലഗതാഗതത്തിന് യാതൊരു തടസ്സവുമുണ്ടാകാത്ത വിധം 55 മീറ്റര്‍ നീളമുള്ള 3 മനോഹരമായ ബോ സ്ട്രിംഗ് ആര്‍ച്ച് സ്പാനുകളും (ആീം േെൃശിഴ മൃരവ ുെമി)െ 35 മീറ്റര്‍ നീളമുള്ള 27 സ്പാനുകളും ഈ നിര്‍മ്മിതിയുടെ മാറ്റുകൂട്ടുന്നു.

നാലുചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട പെരുമ്പളത്തേക്ക് നേരിട്ട് റോഡ് മാര്‍ഗ്ഗം എത്താന്‍ ഇതോടെ സാധിക്കും. ഈ പാലം കേവലമൊരു കോണ്‍ക്രീറ്റ് നിര്‍മ്മിതിയല്ല, മറിച്ച് മുഖ്യധാരയില്‍ നിന്നും അകന്നുപോകുമായിരുന്ന ഒരു ജനതയെ കൈപിടിച്ചുയര്‍ത്തുന്ന പ്രതീക്ഷയുടെ പാലമാണ്. പെരുമ്പളത്തിന്റെ അനന്തമായ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നിടുന്നതിനൊപ്പം, ആ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനും ഈ പാലം വഴിയൊരുക്കും.

തോട്ടപ്പള്ളി-നാലുചിറപാലം

ആലപ്പുഴയിലെ തോട്ടപ്പള്ളിയില്‍ പക്ഷിച്ചിറകിന്റെ മാതൃകയില്‍ നിര്‍മിച്ച തോട്ടപ്പള്ളി-നാലുചിറ പാലം കേരളത്തിലെ ആദ്യ എക്‌സ്ട്രാഡോസ്ഡ് പാലമാണ്. ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാല്‍ നടുക്ക് തൂണുകളില്ലെന്നപ്രത്യേകതയും ഈ പാലത്തിനുണ്ട്. നാലുചിറ, ഇല്ലിച്ചിറ മേഖലകളിലുള്ളവരുടെ യാത്രാക്ലേശത്തിനാണ് പാലം യാഥാര്‍ഥ്യമായതോടെ വിരാമമായത്. 60.73 കോടിരൂപയാണ് കിഫ്ബി പിന്തുണയോടെ നിര്‍മിച്ച പാലത്തിന്റെ ചെലവ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയെ ദേശീയപാത-66മായി ബന്ധിപ്പിക്കുന്ന പാലമാണിത്

പടഹാരം പാലം

കേരളത്തിലെ ആദ്യ ഇരുനിലപ്പാലം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പമ്പയാറിന് കുറുകെ, തകഴിയെയും നെടുമുടിയെയും ബന്ധിപ്പിക്കുന്ന പടഹാരം പാലം. മുകളില്‍ റോഡ്, താഴെ നടപ്പാത.അരക്കിലോമീറ്ററാണ് പാലത്തിന്റെ നീളം. കേരളത്തനിമയില്‍ പാലത്തില്‍ നിര്‍മിച്ച വാച്ച് ടവറുകളില്‍ നിന്ന് കുട്ടനാടിന്റെ സൗന്ദര്യം നോക്കിക്കാണാം.

മികച്ച പ്രവര്‍ത്തനത്തിന് സാമ്പത്തിക ശിക്ഷയോ?

ജനപക്ഷ ബദല്‍ നയങ്ങളുടെ തുടര്‍ച്ചയും നവകേരളവും

<