നിപിന് നാരായണന് രചനയും സംവിധാനവും നിര്‍വഹിച്ച കാത്തിരിപ്പ്, ഒറ്റ രാത്രിയില്‍ വികസിക്കുന്ന നിശബ്ദവും കൗതുകമുണര്‍ത്തുന്നതുമായ ഒരു ചെറിയ ചിത്രമാണ്. ഒരു കൂട്ടം സിനിമാപ്രേമികള്‍ ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ കൊച്ചു സിനിമ ഐഎഫ്എഫ്കെയില് എത്തിയപ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് ആസ്വാദകര്‍ ഏറ്റെടുത്തത്. ഇതിന്റെ സംവിധായകന്, കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ വിദ്യാര്‍ഥിയായിരുന്നു. അയാളുടെ കൂടെ ഈ സിനിമയുടെ അണിയറിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഏറെയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ്. കാത്തിരിപ്പ് എന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്തി തന്നെ സിനിമയുടെ സാദ്ധ്യതയെ വിപുലപ്പെടുത്തുന്നുണ്ട്. പല തരത്തിലുള്ള കാത്തിരിപ്പുകള്‍ നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ ദിവസവും ഉണ്ടാകാറുണ്ട്. ഈ സിനിമ കണ്ടതിനു ശേഷം ഒന്നു കൂടി നമ്മുടെ ഭൂതകാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഓര്‍മ്മിക്കാനും സിനിമയുടെ ഉള്ളടക്കത്തെ ഉള്‍ക്കൊള്ളാനും നമുക്ക് കഴിയും. ലോകത്തു തന്നെ പല തരം കാത്തിരിപ്പുകളാണല്ലോ. പ്രതീക്ഷകളുടെ കാത്തിരിപ്പ്, ആശങ്കകളുടെ കാത്തിരിപ്പ് എന്നിവയെല്ലാം വര്‍ത്തമാനകാലത്ത് സുപരിചിതമാണ്. യുദ്ധം നടക്കുന്ന ഇറാനിലും യുദ്ധം നടത്തുന്ന ഇസ്രയേലിലും അധിനിവേശത്തിലൂടെ കയ്യേറിയ ഗാസയിലും എല്ലാം പല തരം കാത്തിരിപ്പുകള്‍ കാണാം. ഭക്ഷണത്തിനായി, കിടപ്പാടത്തിനായി, ജീവന് രക്ഷിക്കാനായി, ബോംബുകളുടെ മുന്നറിയിപ്പ് സൈറണുകള്ക്കായി, സമാധാനത്തിനായി... ഇതിന്റെയെല്ലാം പ്രതീകമായി നമുക്ക് ഈ സിനിമയിലെ കാത്തിരിപ്പിനേയും കാണാം.
ഒരു വീടിനകത്ത് രണ്ടു കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് പ്രമേയം. ഡേവിഡ് (ജിതീഷ് റൈച്ചല്‍ സാമുവല്‍) എന്ന വ്യക്തി ഈ വീടിനുള്ളില്‍ ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി കാത്തിരിക്കുകയാണ്. അവിടേക്ക് രണ്ടാമത്തെ കഥാപാത്രം പ്രവേശിക്കുന്നതിലൂടെയാണ് സിനിമ ചലനാത്മകമാവുന്നത്. ഇവര്‍ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആ സംഭാഷണങ്ങളിലൂടെ പല കഥാപാത്രങ്ങള്‍, അവരുടെ അസാന്നിദ്ധ്യത്തിലും നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്.
ഒരു ആളൊഴിഞ്ഞ വീടിന്റെ ഉള്ളിലാണ് ഈ കഥ നടക്കുന്നത്. പഴയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്നതിനായി ദിവസങ്ങള്‍ ചെലവഴിക്കുന്ന ഡേവിഡ് എന്ന ഏകാന്ത മനുഷ്യനെയാണ് ഈ ചിത്രം പിന്തുടരുന്നത്. സിനിമയുടെ ഏതാണ്ട് മുഴുവന്‍ സമയത്തും, നായകന് ഡേവിഡ് റേഡിയോ പോലുള്ള ഒരു ഇലേക്ട്രാണിക് വസ്തു നന്നാക്കിക്കൊണ്ടിരിക്കുന്നതാണ് കാണുന്നത്. ഡേവിഡിന്റെ വര്‍ക്ക്ഷോപ്പ് ഇതുപോലുള്ള ചെറിയ വസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതായി കാണാം. എല്ലാം ശരിയാക്കാന്‍ കഴിയുമെന്ന കാത്തിരിപ്പില്‍, നന്നാക്കാന്‍ കഴിയാത്തതായ പലതും ഉണ്ടാകുമെന്ന ചിന്തയാകാം ഇതിലൂടെ നമ്മുടെ മുന്നിലേക്ക് വെയ്ക്കാന്‍ ശ്രമിക്കുന്നത്. സഫലമാകുമോ അതോ വിഫലമാകുമോ എന്നറിയാത്ത സ്വന്തം കാത്തിരിപ്പ് പോലെ തന്നെ.
ആ വീട്ടിലെ/വര്‍ക്ക്ഷോപ്പിലെ ഒറ്റപ്പെടലില്‍ ആരോടെങ്കിലും സംസാരിക്കാന്‍ ആഗ്രഹിച്ചിരിക്കുന്ന ഡേവിഡിന്റെ ഒറ്റപ്പെടലും ആകാംക്ഷയും മികച്ച സിനിമാ അനുഭവമാണ് നല്‍കുന്നത്. ഡേവിഡ് തന്റെ സുഹൃത്തിനെ കാത്തിരിക്കുമ്പോള്‍, അനൂപ് (രഞ്ജു താടിക്കാരന്) എന്ന അപരിചിതന് രാത്രിയില്‍ യാദൃഛികമായി അവിടെ എത്തുകയാണ്. അനൂപ് അബദ്ധത്തില്‍ വന്നതാണോ ബോധപൂര്‍വ്വം വന്നതാണോ എന്ന സംശയം ഡേവിഡിനെ പോലെ കാണികളിലും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. വന്നയാള്‍ ശത്രുവാണോ മിത്രമാണോ എന്ന മാറി മാറി വരുന്ന ഡേവിഡിന്റെ ആശങ്ക ആ വീടിനകത്തു നിന്നും തിയേറ്ററിലേക്കും പടരുന്നുണ്ട്. ക്രമേണ അവരുടെ ഇടപെടല്‍ ഡേവിഡിന്റെ ഭൂതകാലത്തിന്റെയും അവനെ രൂപപ്പെടുത്തുന്ന ധാര്‍മ്മിക തിരഞ്ഞെടുപ്പുകളുടെയും പാളികള്‍ തുറക്കുന്നതിലൂടെ പുതിയ തലങ്ങളിലേക്ക് സിനിമ എത്തുകയാണ്. ചില ഘട്ടങ്ങളില്‍ അവര്‍ തമ്മില്‍ ഒരു സംഘര്‍ഷത്തിലേക്ക് വരെ എത്തുന്നുണ്ട്. കേവലം ഒരു രാത്രിയിലെ സംഭവങ്ങളാണ് സിനിമയില്‍ ഉള്ളതെങ്കിലും അത് ഏറെ ജിജ്ഞാസയും ഉദ്വേഗവും ജനപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കാനായി എന്നതിലാണ് വിജയം. ചിത്രം അവസാന നിമിഷത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതല്‍ വലിച്ചടുപ്പിക്കുന്നതും ഇതേ കാരണത്താലാണ്. ഡേവിഡിന്റെ ഭൂതകാല സംഭവങ്ങളിലെ ഏതെങ്കിലും ഒരു പ്രതിയോഗി തന്നെ തേടിവരുമെന്ന കാത്തിരിപ്പായിരിക്കാം ഉത്കണ്ഠയുടെ ഒരു കാരണമെന്ന തിരിച്ചറിവിലേക്ക് പ്രേക്ഷകരെ നയിക്കുന്നതിനായി അവലംബിച്ച രീതി നന്നായിട്ടുണ്ട്.
സംഭാഷണങ്ങള്‍ കൂടാതെ ബിംബങ്ങളിലൂടെയും സിനിമ ആസ്വാദകനോട് സംവദിക്കുന്നുണ്ട്. മടുപ്പുളവാക്കാത്ത അനുഭവം ആണ് സിനിമ സമ്മാനിക്കുന്നത്.
കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ഇതിന്റെ നിര്‍മ്മാണം. സാധാരണ ഗതിയില്‍ ഏതൊരു സംവിധായകന്റെയും ആഗ്രഹം തന്റെ ആദ്യ സംരംഭം മികച്ച നിര്‍മ്മാതാക്കളുടെ പിന്തുണയില്‍ വലിയ തിയേറ്റര്‍ സാദ്ധ്യതയുള്ള ഒരു സിനിമ നിര്മ്മിക്കുകയെന്നതായിരിക്കും. അത് സംവിധായകന് ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുമുണ്ട്. എന്നാല്‍ ഈ സിനിമയില്‍ എല്ലാം മിനിമം ആണ്. കുറഞ്ഞ കഥാപാത്രങ്ങള്‍, കുറഞ്ഞ സംഭവങ്ങള്‍, കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കല്‍, കുറഞ്ഞ ചെലവ് എന്നിവയിലൂടെ നിര്‍മ്മിച്ച ചെറിയ സിനിമയാണിത്. എങ്കിലും നല്ലൊരു സിനിമാനുഭവം നല്കാന് നിപിനും കൂട്ടുകാര്‍ക്കും കഴിഞ്ഞുവെന്നതില്‍ അഭിമാനിക്കാം. ചുരുക്കത്തില്‍, കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന ഒട്ടേറെ കടമ്പകള്‍ ആവശ്യമായതിനാല്‍ ഈ സിനിമക്ക് തിയേറ്റര്‍ റിലീസ് സാദ്ധ്യത വളരെ പരിമിതമായിരിക്കാം. അതുകൊണ്ടു തന്നെ ഒ ടി ടി യില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ച്ച
അടിക്കുറിപ്പ്: ഈ സിനിമ കാണാന്‍ പറ്റിയില്ലെങ്കിലും വിഷമിക്കേണ്ട, മുനിമാരുടെ കാലത്ത് സിനിമ ഉണ്ടായിരുന്നില്ലല്ലോ.. (മുനിമാരുടെ കാലത്ത് ഗ്യാസിനു പകരം വിറകടുപ്പായിരുന്നുവെന്ന സംഘി വചനം പ്രചോദനം)