കെ.ജി.ഒ.എ ന്യൂസ്
news-details
സാഹിത്യം

ചിലര്‍

പരിഭവമില്ലാത്ത ചിലരുണ്ട്.

മണ്‍മറഞ്ഞിട്ടും മറയാതെ മായാതെ ഒരുപാട്

കണ്ണുകളിലൂടെ ഹൃദയത്തിലൂടെ ജീവിക്കുന്ന ചിലരുണ്ട്.

സങ്കല്പിച്ചു നോക്കാന്‍ പോലും കരുത്തില്ലാതെ നാം

തളര്‍ന്നു പോകുന്ന ദുരന്തങ്ങളുടെ പേമാരിയില്‍

നിസ്സംഗമായി ജീവിക്കുന്ന എത്രയോ ചിലരുണ്ട്.

കുറ്റം ചെയ്യാതെ കുറ്റവാളിയായി തടവറകളില്‍

ഇരുട്ടിനെ പകലാക്കിയ ചിലരുണ്ട്.

പോയ വസന്തങ്ങളെ വാരിയടുക്കി ഇനിയും

നഷ്ടമാകാതിരിക്കാന്‍ കൈ കൊണ്ട് നെഞ്ചിലേക്കമര്‍ത്തി

പട്ടടയിലേക്ക് നീങ്ങിയവരുമുണ്ട്..

മഞ്ഞും മഴയും നിലാവിലും തണുപ്പിന്റെ

സുഖമറിയുന്നവരുണ്ട്..

മറുപാതയില്‍ തണുപ്പെന്തന്നറിയാതെ

വിറയ്ക്കുന്നവരുണ്ട്, വിയര്‍ക്കുന്നവരുണ്ട്...

പാഴ്മുളംതണ്ടിലെ സുഷിരത്തിലൂടെ വിറങ്ങലിച്ച

ശ്വാസ താളത്തെ സംഗീത സാന്ദ്രമാക്കുന്ന ചിലരുണ്ട്.

അന്യരുടെ ഭാവി പറയുമ്പോള്‍ സ്വന്തം ഭാവി

എന്തെന്നറിയാത്ത ചിലരുണ്ട്.

നഷ്ടപ്പെടലുകളുടെ കണ്ണീരുപ്പാല്‍ ഓണവും

ഉത്സവങ്ങളും ആഘോഷിക്കുന്നവരുണ്ട്

കടുകുമണി സന്തോഷത്തെ ആകാശഗംഗയാക്കുന്നവരുണ്ട്..

നാളെയുടെ വേവലാതികളില്‍ അവര്‍ക്ക് ഉറക്കം

നഷ്ടപ്പെടാറില്ല..

അങ്ങനെ എത്രയെത്ര 'ചിലരുണ്ട് 'നെഞ്ചില്‍

ഒരു വിങ്ങലായി... ആശ്വാസമായി...

ഈ ചിലരെ ഓര്‍മ്മിക്കുന്ന മറ്റ് ചിലരുമുണ്ട്...

ചിരിയും കരച്ചിലും മൗനവും നിസ്സംഗതയും

ഒന്ന് ചേര്‍ന്നൊഴുകുന്ന പ്രപഞ്ചം...

നിമിഷങ്ങള്‍ മാറി മറിയുമ്പോള്‍ ആരൊക്കെ...

എന്തൊക്കെ...ആര്‍ക്കറിയാം.

കെ.പി. നാരായണ പിഷാരടി

പെന്‍ഷന്‍ തുടരുമോ?

<