കെ.ജി.ഒ.എ ന്യൂസ്
news-details
സാഹിത്യം

സാന്ത്വനം

' നൊമ്പരത്തിന്‍ നെരിപ്പോടു പുകഞ്ഞെന്റെ
നെഞ്ചകം വിങ്ങവെ, മെല്ലെ മെല്ലെ
ജാലകപ്പാളി തുറന്നു, പതുക്കെയാ
സന്ധ്യാംബരത്തിലേക്കുറ്റു നോക്കേ,
ഗൃഹാതുരം ഈ മിഥുനസന്ധ്യ ഘനശ്യാമ
വര്‍ണ്ണമെന്‍ ഹൃത്തുപോല്‍ ഭാരോജ്വലം
പെയ്‌തൊഴിയാന്‍ വെമ്പിനില്‍ക്കും മുകിലുകള്‍
കൈതവം കാട്ടുന്ന കുഞ്ഞുതെന്നല്‍
കൂടണയാന്‍ തിടുക്കം കാട്ടിയെത്തുന്ന
കാകനും പുള്ളും പറവകളും
പലവഴികള്‍ താണ്ടിയിങ്ങെത്തുന്ന പാന്ഥരും
നിലവിളിച്ചകലുന്ന ശകടങ്ങളും,
'പെയ്യുക, പെയ്യുക മേഘകദംബമേ
വിങ്ങുമെന്‍ ഹൃത്തിനു സാന്ത്വനമായ്
എന്‍ മനോവീണതന്‍ തന്ത്രികള്‍ മീട്ടട്ടെ
മേഘമല്‍ഹാറിന്റെയീരടികള്‍'
മഴയെന്റെ പ്രണയിനിയാകുന്നു, മൊഴികളില്‍
തേന്‍തുള്ളിയായ് പെയ്തിറങ്ങുന്നു, ഹൃത്തിലെ
വ്യഥകള്‍ ഞാനകലെക്കളയുന്നിതെന്‍മനം
മഴയുടെ താളത്തിനൊപ്പിച്ചു തുള്ളുന്നു.
മഴയെന്റെ പ്രിയസഖിയാകുന്നു, ആര്‍ക്കുമേ
പങ്കുവയ്ക്കാത്തൊരെന്‍ വ്യഥകള്‍ തന്‍ മാറാപ്പും
ക്ഷമയോടെ കാതുനല്‍കീടുവോള്‍, തഴുകിയെത്തും
കണ്ണീരിനുപ്പലിയിച്ചു കളയുന്നവള്‍
ചുട്ടുപൊള്ളുന്നൊരെന്‍ നെറ്റിത്തടം തന്നില്‍
ഹരിചന്ദനംകൊണ്ടു ലേപനം ചെയ്യുമ്പോള്‍
സഫലമാകാത്തൊരെന്‍ സ്വപ്‌നങ്ങളെയോര്‍ത്തു
നെടുവീര്‍പ്പിടുമ്പോള്‍ നിനക്കും വരുമൊരു ദിനമെന്ന്
മെല്ലെ മൊഴിഞ്ഞെന്‍ ചിരാതിലെ-
ക്കാത്മവിശ്വാസത്തിനെണ്ണയിറ്റിപ്പവള്‍
മുടിയാട്ടമാടുന്ന കര്‍ക്കിടകോത്തിയായ്
ഇടിവെട്ടിയാര്‍ത്തു നീ പെയ്തിരമ്പീടവേ
മടവീണ പാടവരുമ്പിലുച്ചത്തില്‍
മാറത്തലച്ചുകരയുന്ന ചെറുമന്റെ
ചുടുകണ്ണുനീരായി ഭീതിയേകീടിലു
പ്രിയവര്‍ഷസുന്ദരീ നിന്‍തഴുകലാണെന്റെ
പൊരിയും മനസ്സിന്നു സാന്ത്വനമെപ്പോഴും

മീരയുടെ കോളം

<