സംഘപരിവാര്‍ ഭരണകൂടം ഉന്നത വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നിയമ ഭേദഗതികളും നയപരമായ ഇടപെടലുകളും ഫെഡറല്‍ മൂല്യങ്ങള്‍ക്കും അക്കാദമിക സ്വാതന്ത്ര്യത്തിനും ഗുരുതരമായ ഭീഷണിയാണ്. 2025-ല്‍ പുറത്തിറങ്ങിയ യു.ജി.സി. നിയമ ഭേദഗതിയുടെ കരടില്‍ സര്‍വകലാശാലകളെ ഭരണഘടനാദത്തമായ അക്കാദമിക സ്വാതന്ത്ര്യത്തില്‍ നിന്നും കേന്ദ്രഭരണത്തിന്റെ ചൊല്‍പ്പടിക്ക് വിധേയമാക്കുകയാണ്. സര്‍വകലാശാലകളുടെ ചാന്‍സലര്‍മാര്‍ക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന മന്ത്രിസഭകള്‍ക്കും സംസ്ഥാന നിയമസഭകളുടെ നിയമ നിര്‍മ്മാണ അധികാരങ്ങള്‍ക്കും മുകളില്‍ ഗവര്‍ണര്‍ക്ക്/ചാന്‍സലര്‍ക്ക് ഏകാധിപത്യാധികാരം നല്‍കുന്നതാണ്. അക്കാദമിക വിദഗദ്ധരല്ലാത്തവരെ അടക്കം ഇങ്ങനെ നിയമിക്കാം. സമ്പത്ത് വിനിയോഗിക്കുന്ന സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ അപ്രസക്തമാക്കുകയും സര്‍വകലാശാലകളെ രാഷ്ട്രീയ മേല്ക്കോയ്മയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന യു.ജി.സി. ഭേദഗതി നിര്‍ദ്ദേശം അധ്യാപക നിയമനവും അഖലേന്ത്യാ തലത്തില്‍ കേന്ദ്രീകരിക്കുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി രൂപീകരിച്ച് സമാനമായ കേന്ദീകരണം 14-ലധികം അഖിലേന്ത്യാ പരീക്ഷകളില്‍ നടപ്പാക്കിയതിന്റെ ദുരന്തം നീറ്റ് - നെറ്റ് പരീക്ഷാ നടത്തിപ്പില്‍ രാജ്യം കണ്ടതാണ്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കെ, ഒരു രാജ്യത്തെ സാംസ്കാരിക വൈവിധ്യങ്ങളെയും പ്രാദേശിക പ്രത്യേകതകളെയും അവഗണിച്ച് ഭരണ കേന്ദ്രീകൃത രീതി നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനും വാണിജ്യവല്‍ക്കരിക്കാനും ലക്ഷ്യമിടുന്നതിന്റെ ഭാഗമാണിത്. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ നിലവാരം ഒരേ തലത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ ദേശീയതലത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം സംവരണ തത്വം അട്ടിമറിക്കുന്നതിലേക്ക് മാറുമെന്ന ആശങ്ക ഉയര്‍ത്തുന്നു. ബി.ടെക് ബിരുദമെന്ന അനിവാര്യത എടുത്തുകളയുകയും എം.ടെക് അല്ലെങ്കില്‍ പി.എച്ച്.ഡി. ബിരുദമുള്ളവര്‍ക്ക് അടിസ്ഥാന ബിരുദം വ്യത്യസ്തമാണെങ്കിലും അദ്ധ്യാപകരാകാനുള്ള യോഗ്യത നല്‍കുകയെന്ന നിര്‍ദ്ദേശം ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തന്നെ ഇല്ലാതാക്കും. 'അക്കാദമിക വിദഗ്ധന്‍' എന്ന നിലയില്‍ അധ്യാപനപരിചയവും സര്‍വകലാശാല അനുഭവവും അടിസ്ഥാനയോഗ്യതകളായി പരിഗണിച്ചിരുന്ന വൈസ് ചാന്‍സലര്‍ നിയമനത്തിന്, 'ഉയര്‍ന്ന അക്കാദമിക യോഗ്യതകളും ഭരണ-നേതൃത്വപരമായ കഴിവുകളുമുള്ള വ്യക്തി, വ്യവസായ ഭരണ രംഗങ്ങളില്‍ നിന്നുള്ളവര്‍'' തുടങ്ങിയ പൊതു വ്യാഖ്യാനം നല്കി, അധ്യാപന മേഖലയുമായുള്ള ബന്ധം ലഘൂകരിച്ച് ഗവര്‍ണര്‍ക്ക്/ചാന്‍സലര്‍ക്ക് സ്വേച്ഛാധിപത്യ ഇടപെടലുകള്‍ക്ക് വഴി തുറക്കുന്ന സാഹചര്യമാണ് കരട് ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണ അധികാരം പൂര്‍ണമായും ചാന്‍സലറായ ഗവര്‍ണറുടെ കൈകളില്‍ കേന്ദ്രീകരിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിസഭാ നിര്‍ദേശങ്ങള്‍ക്കു വിധേയമായിട്ടാകണമെന്ന ഭരണഘടന കാഴ്ചപ്പാടും തകര്‍ക്കപ്പെടുന്നു. വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര താല്പര്യങ്ങള് ആധാരമാക്കി സംസ്ഥാനങ്ങളുടെ അവകാശങ്ങളെ മറികടക്കാനുള്ള നീക്കങ്ങള്‍ കണ്‍കറന്റ് ലിസ്റ്റിന്റെ അന്ത:സത്തയെ പരസ്യമായി വെല്ലുവിളിക്കുന്നതും ജനാധിപത്യമൂല്യങ്ങളെ അട്ടിമറിക്കുന്നതുമാണ്.
നിയമസഭ നിയമനിര്‍മാണം വഴി നല്കിയ ചാന്‍സലര്‍ പദവി ജനാധിപത്യ വിരുദ്ധമായി വിനിയോഗിക്കുവാന്‍ വേണ്ടി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഭേദഗതിക്കെതിരെ സര്‍വീസ് സംഘടനകളും വിദ്യാര്‍ത്ഥികളും അധ്യാപകരും പൊതു സമൂഹവും ഒന്നടങ്കം യോജിച്ച പ്രതിഷേധവും സംഘടനാപരമായ ചെറുത്തുനില്‍പ്പും ശക്തിപ്പെടുത്തേണ്ടതുണ്ട്.