കെ.ജി.ഒ.എ ന്യൂസ്
news-details
സിനിമ

ഫെമിനിച്ചി ഫാത്തിമ

ഇത്തവണ കേരളത്തില്‍ നടന്ന ഇരുപത്തി ഒമ്പതാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (ഐ എഫ് എഫ് കെ) പുരസ്‌കാരങ്ങളില്‍ നിറഞ്ഞ സിനിമയാണ് 'ഫെമിനിച്ചി ഫാത്തിമ'. കിടക്ക എന്ന ഒരു ബിംബത്തെ ആവര്‍ത്തന രൂപകമാക്കി മാറ്റുന്ന സൂക്ഷ്മ ആഖ്യാന രീതിയാണ് സംവിധായകന്‍ ഫാസില്‍ മുഹമ്മദ് ഇതില്‍ സ്വീകരിച്ചത്. ഈ സിനിമ വേറിട്ടൊരു ചലച്ചിത്ര അനുഭവമായി മാറുന്നതിന്റെ യഥാര്‍ത്ഥ കാരണവും അതാണ്. ഒരു ചെറിയ വസ്തുവില്‍ നിന്ന് സമൂഹത്തിലെ വിവിധ വിഷയങ്ങളിലേക്കുള്ള പടര്‍ന്നു കയറ്റം വളരെ രസകരമായും ലളിതമായും അവതരിപ്പിക്കാനായിട്ടുണ്ട്. ഫ്‌ളാഷ് ബാക്കുകളുടെ അകമ്പടിയില്ലാതെയുള്ള രേഖീയമായ ശൈലിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റുന്നവര്‍ക്കാണ് കിടക്കപ്പൊറുതി. കിടക്കാന്‍ കിടക്കയില്ലാതായതോടെ നടുവേദനയുള്ള ഫാത്തിമയുടെ സമാധാനവും ഇല്ലാതായി. ഫാത്തിമയുടെ കുടുംബത്തില്‍ കിടക്കയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവിധ സംഭവങ്ങളാണ് തുടര്‍ന്ന് സിനിമയില്‍ വരുന്നത്. മുസ്ല്യാര്‍ ആയ ഭര്‍ത്താവും മൂന്ന് മക്കളും ഭര്‍ത്താവിന്റെ ഉമ്മയും അടങ്ങുന്നതാണ് കുടുംബം. അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നു കാണിക്കുന്നതിലൂടെ ഒരു മതത്തെ പ്രത്യേകം വിമര്‍ശിക്കുന്നതായി ചില പരാമര്‍ശങ്ങള്‍ ഈ സിനിമയെ കുറിച്ച് കണ്ടിരുന്നു. മതത്തിന്റെ പേരു പറഞ്ഞ് വിവാദമുണ്ടായാല്‍ സിനിമ വിജയിക്കാന്‍ അതും ഒരു ഘടകമാകും. ഏതു സിനിമയിലും കഥാപാത്രങ്ങളുടെ പശ്ചാത്തലമനുസരിച്ച് അത്തരത്തില്‍ വ്യാഖ്യാനങ്ങള്‍ വരാറുണ്ട്. എന്നാല്‍ ഉന്നയിക്കപ്പെടുന്ന വിഷയം ഏതു മതത്തിലും പ്രസക്തമാണ്. ഉപയോഗിക്കപ്പെടുന്ന വാക്കുകളിലോ പ്രയോഗങ്ങളിലോ വസ്ത്രധാരണങ്ങളിലോ വ്യത്യാസമുണ്ടാകാമെന്നു മാത്രം. അതിലെ ആന്തരികമായ സത്ത ഒന്നു തന്നെ ആകുന്നുവെന്നു കാണാം. സിനിമ മുന്നോട്ടു പോകുമ്പോള്‍ അത് ഒരു മതത്തെയോ അല്ലെങ്കില്‍ ഒരു വിഭാഗത്തെയോ മാത്രം പ്രതിപാദിക്കുന്ന ചിത്രമല്ലെന്നും അത് യൂണിവേഴ്‌സലായിട്ടുള്ള ഒരു വിഷയമാണെന്നും നമുക്ക് മനസ്സിലാകും. എം.ടി. സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന സിനിമയിലൂടെ മുന്നോട്ടു വെച്ച ആശയം ഫെമിനിച്ചി ഫാത്തിമയിലും നമുക്കു കാണാനാകും. ഇത്തരം കുടുംബങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങളും പൊതു ആവശ്യങ്ങളും ദൈവീക കാര്യങ്ങളും ഒന്നിച്ചു വരുമ്പോള്‍ ആത്മീയതയില്‍ ലയിച്ച ഗൃഹനാഥന്റെ മുന്‍ഗണന ഏതിനാകുമെന്നത് ഈ ചിത്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വീട്ടിലെ ചുമതല ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളില്‍ ചിലര്‍ ഇല്ലായ്മകളെ സ്വീകരിക്കുമ്പോള്‍ മറ്റു ചിലര്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കും. അവിടെ ജാതിയും മതവും ദേശവും പ്രസക്തമല്ല. ലഭ്യമായ കഴിവും സാദ്ധ്യതയും ഉപയോഗിച്ച് സ്വയം പര്യാപ്തമാകുകയെന്ന മിനിമം ആവശ്യത്തിലേക്ക് ഒരാള്‍ എത്തുകയെന്നതിനാണ് ഈ സിനിമ പ്രാധാന്യം നല്‍കുന്നത്. അതാണ് സിനിമയുടെ സൗന്ദര്യവും. സ്വന്തമായി കാശ് കണ്ടെത്തി രൊക്കം പണം കൊടുത്ത് കിടക്ക വാങ്ങാന്‍ കഴിവുള്ളവളായി മാറുന്ന ഫാത്തിമ ഫെമിനിച്ചിയായതാണോ അല്ലയോ എന്ന് ഈ ചിത്രം കണ്ട് നമുക്ക് തീരുമാനിക്കാം. ഫെമിനിച്ചി എന്ന പദം ഏതൊരു മതപുരോഹിതനേയും എത്രത്തോളം അലോസരപ്പെടുത്തുന്നുവെന്ന വസ്തുത സിനിമ ബോധ്യപ്പെടുത്തുന്നു. അതിനായി കാണിച്ച പുതിയ വീടിന്റെ സ്ഥാനനിര്‍ണ്ണയത്തിന്റെ രംഗങ്ങള്‍ കാണികളെ ചിരിപ്പിക്കും. അനാചാരങ്ങളുടെ പൊള്ളത്തരങ്ങള്‍ വിവിധ രംഗങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്. പഴയ തലമുറയുടെ പ്രതിനിധിയായ അമ്മായിയമ്മ സ്വന്തം പ്രസവത്തിന്റെ കണക്കും, ഒരു കാര്യത്തിനും വീടിനു പുറത്തേക്കു പോകേണ്ടി വന്നിട്ടില്ലയെന്നതും ഫാത്തിമയോട് പറയുന്നത് വലിയ അഭിമാനമായിട്ടാണ്.

പൊന്നാനി എന്ന പ്രദേശത്തിന്റെ തീരദേശത്ത് നിര്‍മ്മിച്ച ഈ ചിത്രം ക്യാമറ ആങ്കിളുകള്‍ ഉപയോഗിച്ചോ, ലൈറ്റിംഗ് തന്ത്രങ്ങള്‍ കൊണ്ടോ, എഡിറ്റിംഗ് മൊണ്ടാഷുകള്‍ തീര്‍ത്തോ പശ്ചാത്തല സംഗീതത്തിലൂടെയോ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്നില്ല. പകരം ലളിതവും സുന്ദരവുമായി ഒരുക്കിയ സിനിമ എന്ന് നിസ്സംശയം പറയാവുന്നതാണ്ഫെമിനിച്ചി ഫാത്തിമ. കഥാപാത്രമായി അഭിനയിക്കാതെ കൃത്യമായി പെരുമാറിയ ഫാത്തിമയും (ഷംല ഹംസ) ഭര്‍ത്താവായ മുസ്ല്യാരും (കുമാര്‍ സുനില്‍) ഈ ചിത്രത്തിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഉമ്മ, അയല്‍പക്കത്തെ സ്ത്രീകളായി വരുന്ന കഥാപാത്രങ്ങള്‍ എല്ലാം അഭിനയത്തില്‍ നീതി പുലര്‍ത്തി. സോഷ്യല്‍ മീഡിയ കാലത്തിന്റെ തുറസ്സുകള്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ചില ഉസ്താദുമാരെ നന്നായി കളിയാക്കുന്നുണ്ട് ഈ സിനിമ. പ്രമേയ പരിചരണത്തില്‍ മൊത്തത്തില്‍ കാണാവുന്ന നര്‍മ്മത്തിന്റെ സ്പര്‍ശം ഫെമിനിച്ചി ഫാത്തിമയെ ഏറെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. വെറുമൊരു കിടക്ക ഉപയോഗിച്ച് സംവിധായകന്‍ വളരെ കൃത്യതയോടെയാണ് വിവേചനത്തിന്റെ, ആണ്‍ മേല്‍ക്കോയ്മയുടെ, മതക്കെട്ടുകളുടെ കഥ പറഞ്ഞുവെക്കുന്നത്. 100 മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള സിനിമ ഫെസ്റ്റിവലുകളില്‍ മാത്രമല്ല, ഉള്ളടക്കം കൊണ്ട് തിയേറ്റര്‍ റിലീസിലും വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. ഫാസില്‍ മുഹമ്മദിന്റെ ആദ്യ ഫീച്ചര്‍ ഫിലിം ആണെങ്കിലും അത്തരം പരിമിതികളൊന്നും സിനിമയെ ബാധിച്ചിട്ടില്ല. വന്‍ താരനിരകളുമായി കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന രണ്ടര മണിക്കൂറോ അതിലധികമോ നീളമുള്ള തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കിടയില്‍ ഇത്തരം സാധാരണ

ജീവിതങ്ങളുടെ കഥ പറയുന്ന ചെറിയ സിനിമകള്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. അടിക്കുറിപ്പ്: വയലന്‍സ് നിറഞ്ഞ 'മാര്‍ക്കോ' എന്ന സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത് (സ്വാഭാവികം). എന്നു വെച്ചാല്‍ 18 വയസ്സില്‍ താഴെ ഉള്ളവര്‍ കാണരുത് എന്നാണ്. എന്നാല്‍ സിനിമ വിജയിപ്പിച്ചത് അവരാണ്. അപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അ, ഡ, ഡ/അ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്തിനാണ്..? (ഒരു രസത്തിന്..)

ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേന്ദ്രഅധിനിവേശം

അംബേദ്കര്‍ ആശയങ്ങളുടെ സമകാലിക പ്രസക്തി

<