കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

സനാതനധര്‍മവും ഗുരുധര്‍മവും

ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചിടത്തോളം പല തലങ്ങളില്‍ അതുല്യമായ പ്രാധാന്യമുള്ള ഒന്നാണ്. നമ്മുടെ സാമൂഹ്യശരീരത്തില്‍ പടര്‍ന്നുകയറുന്ന നാനാതരത്തിലുള്ള വിഷാംശങ്ങള്‍ക്കെതിരായ പ്രതിരോധൗഷധം കൂടിയാണ് ആ പ്രസംഗം. സനാതനധര്‍മം എന്ന പ്രയോഗത്തിന്റെ മറപറ്റി ശ്രീനാരായണ ഗുരുവിനെ ഹൈന്ദവ വര്‍ഗീയതയുടെ പാളയത്തിലെത്തിക്കാനായി നടക്കുന്ന ശ്രമങ്ങള്‍ മുതല്‍ ഗുരുവിനെ ജാതീയതയുടെ വക്താവായി ചുരുക്കാനുള്ള ശ്രമങ്ങളെവരെ ആ പ്രസംഗം ചെറുക്കുന്നുണ്ട്. ഒപ്പംതന്നെ ഗുരുവും നവോത്ഥാനപാരമ്പര്യവും ജന്മംനല്‍കിയ ആധുനികതയുടെ ഹൃദയതത്വങ്ങളെ ഉയര്‍ത്തിപ്പിടിച്ച് പൊതുസമൂഹത്തിലേക്ക് കൂടുതല്‍ വെളിച്ചം പരത്താനും ആ പ്രസംഗത്തിന് കഴിയുന്നുണ്ട്.

സനാതനധര്‍മം എന്ന പദത്തിന്റെ അര്‍ഥപരിണാമങ്ങളെക്കുറിച്ച് ഈ സന്ദര്‍ഭത്തില്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ശാശ്വതമായ ധര്‍മം, ശാശ്വതമായ ക്രമം എന്നെല്ലാമാണ് പ്രത്യക്ഷത്തില്‍ അതിന്റെ അര്‍ഥം. എന്നാല്‍, ഇതിനപ്പുറം ഹിന്ദുമതത്തെയും അതിലടങ്ങിയ വര്‍ണ-ജാതി വ്യവസ്ഥയെയും കുറിക്കുന്ന പദമെന്ന നിലയിലാണ് അത് ഉപയോഗിക്കപ്പെട്ടതും നിലനിന്നുപോന്നതും. ഇവ രണ്ടുംതമ്മില്‍ മൗലികമായ വ്യത്യാസങ്ങളുണ്ട്. ആദ്യത്തേതിന്റെ മറപറ്റി രണ്ടാമത്തേതിനെ സമര്‍ഥിക്കാനും വാദിച്ചുറപ്പിക്കാനുമുള്ള ശ്രമം നിരന്തരം നടക്കുന്നുമുണ്ട്. 'സനാതനം', 'ധര്‍മം' എന്നീ പദങ്ങള്‍ക്ക് ദീര്‍ഘകാലത്തെ പഴക്കമുണ്ടെങ്കിലും അവ ചേര്‍ന്നുള്ള സനാതനധര്‍മം എന്ന പ്രയോഗം വൈദിക സംഹിതകളിലൊന്നും കാണാനാകില്ലെന്ന് പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. അറിയപ്പെട്ടിടത്തോളം ഇതിനോട് ചേര്‍ന്നുപോകുന്ന ഏറ്റവും പഴയ പ്രയോഗം ബുദ്ധമതഗ്രന്ഥമായ സുത്തനിപാതത്തിലെ സുഭാഷിതസുത്തത്തിലാണെന്ന് സമുന്നത ബുദ്ധമതപണ്ഡിതനും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസറുമായ കെന്നത്ത് നോര്‍മന്‍ ചൂണ്ടിക്കാട്ടുന്നു. 'ധമ്മോ സനാതനോ' എന്നാണവിടെ കാണുന്ന പ്രയോഗം. ശാശ്വതമായ ധാര്‍മികമൂല്യങ്ങള്‍ എന്ന അര്‍ഥത്തിലാണത് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. സത്യം, അഹിംസ, മൈത്രി, കരുണ തുടങ്ങിയ മൂല്യങ്ങളാണ് ആ പ്രയോഗത്തിന്റെ വിവക്ഷ. സനാതനമായ ധര്‍മങ്ങളുടെ അടിസ്ഥാനത്തിലേ മതങ്ങള്‍ക്ക് നിലനില്‍ക്കാനാകൂ എന്ന് അഭിപ്രായപ്പെടുന്ന സന്ദര്‍ഭത്തില്‍ നാരായണഗുരു സൂചിപ്പിക്കുന്നതും ഇത്തരത്തിലുള്ള ധാര്‍മികമൂല്യങ്ങളായ സ്‌നേഹം, സാഹോദര്യം, കരുണ തുടങ്ങിയവയെയാണ്.

പൊതുവര്‍ഷത്തോട് (ഇീാാീി ഋൃമ) ചേര്‍ന്ന കാലയളവിലാകണം ബുദ്ധമതത്തില്‍നിന്നും ബ്രാഹ്‌മണസാഹിത്യത്തിലേക്ക് ഈ പദം കടന്നുവരുന്നത്. മനുസ്മൃതി മുതല്‍ മഹാഭാരതംവരെയുള്ള ഗ്രന്ഥങ്ങളില്‍ വേദപ്രമാണങ്ങളുടെ സനാതനസ്വഭാവത്തെയും വര്‍ണവ്യവസ്ഥയെയും സൂചിപ്പിക്കുന്ന പദമായി അത് മാറി. വേദങ്ങള്‍ അപൗരുഷേയങ്ങളായ ശാശ്വതസത്യങ്ങളാണെന്നും മന്ത്രദൃഷ്ടാക്കളായ ഋഷിമാര്‍ അത് കണ്ടെത്തുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ബ്രാഹ്‌മണമതത്തിന്റെ സങ്കല്‍പ്പം. മന്ത്രസ്രഷ്ടാവ് എന്നതിനുപകരം മന്ത്രദ്രഷ്ടാവ് എന്നുപറയുന്നതും അതുകൊണ്ടാണ്. വേദങ്ങളുടെ നിത്യത എന്ന സങ്കല്‍പ്പമാണ് ബ്രാഹ്‌മണ സാഹിത്യത്തിലെ സനാതനം എന്ന പ്രയോഗത്തിന് അടിസ്ഥാനം. വൈദികധര്‍മവ്യവസ്ഥയാകട്ടെ വര്‍ണധര്‍മാധിഷ്ഠിതവുമാണ്. വേദങ്ങളില്‍ ആദ്യത്തേതും പരമപ്രധാനവുമെന്ന് കരുതപ്പെടുന്ന ഋഗ്വേദത്തിലെ പുരുഷസൂക്തം വര്‍ണവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്ന ഒന്നാണ്. ഋഗ്വേദത്തിലെ പത്താം മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷസൂക്തത്തില്‍ വിരാട് പുരുഷന്റെ ശിരസ്സില്‍നിന്ന് ബ്രാഹ്‌മണനും ബാഹുക്കളില്‍നിന്ന് ക്ഷത്രിയനും ഊരുക്കളില്‍നിന്ന് വൈശ്യനും പാദങ്ങളില്‍നിന്ന് ശൂദ്രനും പിറവിയെടുത്തു എന്നുപറയുന്നു. ഈ വര്‍ണ -ജാതി വ്യവസ്ഥയെ ശാശ്വതപ്രമാണമാക്കിയാണ് ബ്രാഹ്‌മണമതവും പില്‍ക്കാല ഹിന്ദുമതവും നിലനിന്നത്. സനാതനധര്‍മം അവിടെ വൈദികപ്രമാണങ്ങളുടെയും അതില്‍ വേരാഴ്ത്തി നില്‍ക്കുന്ന വര്‍ണ -ജാതി ബന്ധങ്ങളുടെയും സനാതനത്വമാണ്. ജാതിധര്‍മത്തെ സൂചിപ്പിക്കുന്ന സ്വധര്‍മവും ശാശ്വതമൂല്യങ്ങളെ സൂചിപ്പിക്കുന്ന സനാതനധര്‍മവും എന്ന വ്യത്യാസം ചൂണ്ടിക്കാണിക്കപ്പെടാറുള്ളപ്പോള്‍ത്തന്നെ, വേദങ്ങള്‍ മുതലാരംഭിക്കുന്ന വര്‍ണസങ്കല്‍പ്പം സനാതനധര്‍മം എന്ന സങ്കല്‍പ്പത്തെ വര്‍ണ -ജാതി വ്യവസ്ഥയായി ഉറപ്പാക്കുകയാണ് ചെയ്തത്. ഹിന്ദുമതത്തിന്റെ അടിസ്ഥാനാശയങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന ഡോ. സി എന്‍ പരമേശ്വരന്റെ ഹൈന്ദവം എന്ന ഗ്രന്ഥം 'വേദങ്ങളെ അടിസ്ഥാനമായി കാണുന്നതും ഉത്ഭവിച്ചു എന്നു പറയാനാകാത്തതും (സനാതനം) ആരാലും സ്ഥാപിതമല്ലാത്തതും ജാതിയെ ജന്മദത്തവും ദിവ്യവുമായി കാണുന്നതുമായ മതമാണ് ഹൈന്ദവം അഥവാ ഹിന്ദുമതം എന്ന് ഹിന്ദുമതത്തെ നിര്‍വചിച്ചിരിക്കുന്നതും അതുകൊണ്ടാണ്. സുത്തനിപാതംമുതല്‍ നാരായണഗുരുവരെയുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശാശ്വതമായ ധാര്‍മികമൂല്യങ്ങള്‍ എന്ന വിവക്ഷയല്ല, വൈദികമായ വര്‍ണ-ജാതിവ്യവസ്ഥയാണ് ബ്രാഹ്‌മണ്യത്തിലെ സനാതനധര്‍മത്തിന്റെ സാരം എന്നര്‍ഥം. മനുസ്മൃതിമുതല്‍ക്കിങ്ങോട്ട് ബ്രാഹ്‌മണസാഹിത്യത്തില്‍ സനാതനധര്‍മം എന്ന പദം ഇടംപിടിക്കുന്നതും ഈ അര്‍ഥസൂചനയ്ക്കുള്ളിലാണ്.

പരമ്പരാഗതമായ ഈ അര്‍ഥസൂചനയ്ക്ക് പുതിയ ചില മാനങ്ങള്‍ കൈവരുന്നത് പത്തൊമ്പതാം ശതകത്തിലാണ്. കോളനിഭരണത്തിന്റെയും ആധുനിക വിദ്യാഭ്യാസത്തിന്റെയും സന്ദര്‍ഭത്തില്‍ ഹിന്ദുമതത്തിനകമേ അരങ്ങേറിയ പരിഷ്‌കരണങ്ങള്‍ക്കെതിരെ മതത്തിന്റെ പാരമ്പര്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന നിലയിലാണ് 'സനാതനധര്‍മം' എന്ന പ്രയോഗം പത്തൊമ്പതാം ശതകത്തില്‍ പ്രബലമാകുന്നത്. പരിഷ്‌കരണവാദികളും സനാതനികളും എന്ന ദ്വന്ദ്വംതന്നെ ഇതിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെടുകയും ചെയ്തു. 'ഹിന്ദു' എന്ന പദത്തിന്റെ വൈദേശികസ്വഭാവവും (അതൊരു പേര്‍ഷ്യന്‍ പദമാണ്) സനാതനധര്‍മം എന്ന പ്രയോഗം സ്വീകരിക്കപ്പെടുന്നതിനു പിന്നിലുണ്ടെന്ന് പഠിതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തദ്ദേശീയമായ വിപുലപാരമ്പര്യം അവകാശപ്പെടുന്ന ഒരു മതം വൈദേശികമായ ഉല്‍പ്പത്തിയുള്ള ഒരു പേരുകൊണ്ട് വിശേഷിപ്പിക്കപ്പെടുന്നതിനെ മറികടക്കുകയെന്ന ലക്ഷ്യംകൂടി അതിലുണ്ടായിരുന്നു. ഒപ്പംതന്നെ രാജാറാം മോഹന്‍ റായ് ഉള്‍പ്പെടെയുള്ള പരിഷ്‌കര്‍ത്താക്കള്‍ ഹിന്ദുമതത്തിനകമേ ഉയര്‍ത്തിയ നവീകരണ ശ്രമങ്ങളെ പ്രതിരോധിക്കുന്ന യാഥാസ്ഥിതിക-പാരമ്പര്യവാദികളുടെ പ്രത്യയശാസ്ത്രായുധമായി 'സനാതനധര്‍മം' എന്ന സങ്കല്‍പ്പം ഉപയോഗിക്കപ്പെട്ടു. ഹിന്ദുമതത്തിലെ യാഥാസ്ഥിതിക -പരമ്പരാഗത മൂല്യങ്ങളുടെ സംരക്ഷണാര്‍ഥം 'സനാതനധര്‍മരക്ഷിണി സഭ' (1873) പോലുള്ള സംഘടനകള്‍ രൂപംകൊള്ളുകയും ചെയ്തു. നാരായണഗുരു ഉള്‍പ്പെടെയുള്ള നവോത്ഥാനചിന്തകര്‍ മുന്നോട്ടുവച്ച മതദര്‍ശനത്തിന് കടകവിരുദ്ധവും അതിന് നേര്‍വിപരീതവുമായിരുന്നു ഇവരുടെ സനാതനധര്‍മസങ്കല്‍പ്പം. ഗുരുധര്‍മത്തെ അതുമായി കൂട്ടിക്കെട്ടുന്നത് ഗുരുനിന്ദയില്‍ കുറഞ്ഞ ഒന്നുമല്ല. എന്തായിരുന്നു ഗുരുവിന്റെ മതദര്‍ശനം. 'സനാതനധര്‍മം' ഉള്‍പ്പെടെ പരമ്പരാഗതമായി നിലനിന്നുപോരുന്ന ഏതെങ്കിലും മതദര്‍ശനത്തില്‍ ഗുരു സ്വയം ഉള്‍പ്പെട്ടിട്ടുണ്ടോ. ഇക്കാര്യത്തില്‍ സുനിശ്ചിതവും ഖണ്ഡിതവുമായ നിലപാട് ഗുരു മുന്നോട്ടുവച്ചിട്ടുണ്ട്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന പ്രമാണവാക്യത്തിലെ 'ഒരു മതം' എന്നത് 'സനാതനധര്‍മം' എന്ന് വിശേഷിക്കപ്പെട്ടുവരുന്ന ബ്രാഹ്‌മണവ്യവസ്ഥയടക്കമുള്ള ഏതെങ്കിലുമൊരു മതപാരമ്പര്യത്തെയല്ല കുറിക്കുന്നത്. ഇന്നു നിലവിലുള്ള ഏതെങ്കിലുമൊരു മതവുമായി തനിക്ക് പ്രത്യേകിച്ചൊരു സംബന്ധവുമില്ലെന്നും എല്ലാ മതങ്ങളും തനിക്ക് സമ്മതമാണെന്നും ഗുരുതന്നെ പ്രസ്താവിച്ചിട്ടുണ്ട്. 1915 ജൂലൈ 15-ന് പട്ടിത്താനത്ത് അച്യുതന്‍ മേസ്തിരി എന്ന ശിഷ്യന്‍ പണിതീര്‍ത്ത കെട്ടിടത്തിന്റെ ഉദ്ഘാടനവേളയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. താന്‍ ഹിന്ദുദേവാലയങ്ങളില്‍ പ്രതിഷ്ഠ നടത്തിയത് ഹിന്ദുക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്നും മറ്റു മതക്കാര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കു വേണ്ടത് ചെയ്തുകൊടുക്കാന്‍ തനിക്കു സമ്മതമാണെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നുമുണ്ട്. അതിനും മുമ്പേ ആലുവ അദ്വൈതാശ്രമത്തില്‍നിന്ന് പുറപ്പെടുവിച്ച ജാതിയില്ലാ വിളംബരം എന്നു പ്രസിദ്ധമായ പ്രസ്താവനയിലും താന്‍ ജാതിമതഭേദങ്ങള്‍ വിട്ടിരിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്. വാസ്തവത്തില്‍ ഗുരുവിന്റെ മതദര്‍ശനത്തിന്റെ സാരസംഗ്രഹമായി കരുതാവുന്ന ഒരു വാക്യം ആത്മോപദേശശതകത്തില്‍ കാണാം. പത്തൊമ്പതാം ശതകത്തിനൊടുവില്‍, 1897-ലാണ് ഗുരു 'ആത്മോപദേശശതകം' രചിക്കുന്നത്. അതിലെ നാല്‍പ്പത്തിനാലാം ശ്ലോകത്തില്‍ കാണുന്ന 'പലമതസാരവുമേകം' എന്ന ആശയമാണത്. പുറമേക്ക് കാണുന്നത്രയും ലളിതമല്ല ഈ ആശയം. എല്ലാ മതങ്ങളും ഒ

രേ ഈശ്വരനിലേക്കുള്ള വഴികളാണെന്നും അതുകൊണ്ട് മതങ്ങളെല്ലാം പരസ്പര സഹിഷ്ണുതയോടെ സഹകരിച്ചു നിലകൊള്ളണമെന്നുള്ള ലളിതയുക്തിയല്ല ഗുരുവിന്റേത്. അത്തരമൊരു പ്രാഥമികാര്‍ഥം അതിനു നല്‍കുന്നത് തെറ്റാണെന്ന് പറഞ്ഞുകൂടെങ്കിലും ഗുരുവിന്റെ വിവക്ഷ അതിനെല്ലാമപ്പുറത്താണ്. മതത്തെ ഭവപരമായിത്തന്നെ പുനര്‍നിര്‍വചിച്ചുകൊണ്ടാണ് ഗുരു 'പലമതസാരവുമേകം' എന്ന തത്വം മുന്നോട്ടുവയ്ക്കുന്നത്. സി വി കുഞ്ഞുരാമനുമായുള്ള പ്രസിദ്ധമായ സംഭാഷണത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എല്ലാ മതങ്ങളുടെയും സ്ഥാപനപരമായ ഉള്ളടക്കം ചരിത്രപരമായി രൂപപ്പെട്ടുവരുന്നതാണെന്ന് ഗുരു ആ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു. ആചാരാനുഷ്ഠാനങ്ങളും പൗരോഹിത്യക്രമവുംമുതല്‍ ദൈവശാസ്ത്രവും സ്ഥാപനരൂപങ്ങളുംവരെയുള്ള ഘടകങ്ങള്‍ മതങ്ങളില്‍ പലകാലങ്ങളിലായി ഉരുത്തിരിഞ്ഞവയാണ്. ഇവയൊന്നും ശാശ്വതമോ കേവലമോ അല്ല. ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ! എന്നദ്ദേഹം പറയുന്നത് അതുകൊണ്ടാണ്. എന്നുമാത്രമല്ല ഈ ഘടകങ്ങളെ മുന്‍നിര്‍ത്തി മതങ്ങളെ മനസ്സിലാക്കിയാല്‍ ഓരോ മതവും ഇതരമതങ്ങളെ പുറംതള്ളുന്നവയായി മാറും. ഒരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളും പൗരോഹിത്യക്രമവും ദൈവദര്‍ശനവും ആരാധനാസ്ഥാപനങ്ങളും മറ്റും വേറൊരു മതത്തിന്റേതുമായി പൂര്‍ണമായി ഒത്തുപോകില്ല. അവയെ മുന്‍നിര്‍ത്തി മതത്തെ വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ മതങ്ങള്‍ പരസ്പരം പുറംതള്ളുന്ന പ്രവര്‍ജ്ജകശക്തികളായിത്തീരും.

പരമതനിരാസം സ്വമതസമര്‍ഥനത്തിന്റെ വഴിയായി പരിണമിക്കുന്നത് അങ്ങനെയാണ്. ലോകമെമ്പാടും മതകലഹങ്ങളുടെയും പരമതവിദ്വേഷത്തിന്റെയും ആധാരങ്ങളിലൊന്നായി മാറിയതും അവയില്‍ നിലീനമായ പ്രവര്‍ജ്ജകശേഷിയാലാണ്. പരസ്പരം പുറംതള്ളുന്ന മേല്‍പ്പറഞ്ഞ ഘടകങ്ങളില്‍നിന്ന് മതത്തെ മോചിപ്പിച്ച് അവയെ സാര്‍വലൗകികവും സാര്‍വകാലികവുമായ നൈതികമൂല്യങ്ങളാക്കി പുനഃസ്ഥാപിക്കാനാണ് ഗുരു ശ്രമിച്ചത്. മതങ്ങള്‍ അടിസ്ഥാനപരമായി അവ മുന്നോട്ടുവയ്ക്കുന്ന ധാര്‍മിക പ്രമാണങ്ങളാണെന്ന് ഗുരു വിശേഷിപ്പിച്ചത് അവയെയാണ്. അല്ലാതെ പരമ്പരാഗതമായ ആചാരാനുഷ്ഠാനരൂപങ്ങളെയല്ല. മതത്തിന്റെ ധാര്‍മികതത്വങ്ങളെ മുന്‍നിര്‍ത്തി പരിഗണിച്ചാല്‍ ക്രിസ്തുമതം സ്‌നേഹമാണ്; ഇസ്ലാം സാഹോദര്യവും. ഈ മൂല്യങ്ങള്‍ പരസ്പരം കൈയൊഴിയുന്നവയല്ല. സ്‌നേഹമില്ലാതെ സാഹോദര്യമോ സഹോദര്യമില്ലാതെ സ്‌നേഹമോ സാധ്യമല്ലെന്നിരിക്കെ മതഭേദങ്ങള്‍ക്ക് എന്താണര്‍ഥം എന്ന ചോദ്യത്തിലൂടെ ഗുരു സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. മതത്തെ ആചാരത്തിനപ്പുറം അനുഭൂതിയായി ഉള്‍ക്കൊള്ളാന്‍ തുടങ്ങിയാല്‍ മതഭേദം അപ്രസക്തമാകും. മതം അറിഞ്ഞവന് മതം പ്രമാണമല്ലെന്ന ഗുരുവിന്റെ പ്രഖ്യാപനം സൂചിപ്പിക്കുന്നതും വേറൊന്നല്ല. മതത്തെ അതിന്റെ അനുഭൂതിതലത്തില്‍ ഉള്‍ക്കൊണ്ട് ഒരാള്‍ മതഭേദങ്ങളെ മാത്രമല്ല തന്റെതന്നെ ഔപചാരിക മതബോധത്തെയും മറികടക്കും. മതാനുഷ്ഠാനങ്ങളുടെ തലത്തില്‍ സ്‌നേഹം, സാഹോദര്യം, കരുണ, ഏകം തുടങ്ങിയ അനുഭവമൂല്യങ്ങളുടെ തലത്തില്‍ - ഒരുമതം മറ്റൊന്നിനെ നിരാകരിക്കുന്നില്ല. മറിച്ച് ഇവയോരോന്നും ഇതരമതാനുഭൂതികളെ പിന്തുണയ്ക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന സാര്‍വലൗകികാനുഭൂതിയായാണ് നിലനില്‍ക്കുക. ഇങ്ങനെ പരസ്പരം പൂരിപ്പിക്കുന്ന അനുഭൂതി സഞ്ചയമായി മതത്തെ വിലയിരുത്തിയാണ് 'ഏകമതം' എന്ന ആശയം ഗുരു മുന്നോട്ടുവച്ചത്. അത് പരമ്പരാഗതമായ മതത്തിന്റെ ആവര്‍ത്തനമോ ദൃഢീകരണമോ അല്ല. മതങ്ങളുടെ ഭവപരമായ പുനര്‍നിര്‍വചനമാണ്. ഇങ്ങനെ നിലവില്‍വരുന്ന ഏകമതമാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്നതിലെ ഒരു മതം. അല്ലാതെ ബ്രഹ്‌മണ്യത്തിന്റെയും വര്‍ണധര്‍മത്തിന്റെയും മൂശയില്‍ വാര്‍ത്തെടുത്ത സനാതന ധര്‍മമല്ല. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്,' 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി,' 'മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാംയഥാ,' 'പുണര്‍ന്നു പെറുന്നതെല്ലാമൊരിനമാം,' 'ജാതിയേതെന്നു ചൊല്ലേണ്ട നേര് മെയ്തന്നെ ചൊല്‍കയാല്‍,' 'പലമതസാരവുമേകം' തുടങ്ങിയ ഗുരുവിന്റെ പ്രമാണവാക്യങ്ങളെല്ലാംതന്നെ വര്‍ണ -ജാതി വ്യവസ്ഥയെയും അതിലടിയുറച്ചു നില്‍ക്കുന്ന 'സനാതനധര്‍മ' സങ്കല്‍പ്പത്തെയും വെല്ലുവിളിക്കുന്ന നൈതികതത്വങ്ങളാണ്. ഈ അടിസ്ഥാനവസ്തുതകള്‍ മറച്ചുവച്ച് ഗുരുവിനെ ശങ്കരപാരമ്പര്യത്തിലെ ഒരു കേവലസന്യാസിയായി ഒതുക്കിക്കെട്ടാന്‍ ഹിന്ദുത്വശക്തികള്‍ കാലങ്ങളായി ശ്രമിച്ചുപോരുന്നുണ്ട്. ഗുരുവിനെ തങ്ങളുടെ പാളയത്തില്‍ കൊണ്ടുചെന്നുകെട്ടാന്‍ കഴിഞ്ഞ കുറേക്കാലങ്ങളായി ഹൈന്ദവ വര്‍ഗീയവാദികള്‍ നടത്തിവരുന്ന നാനാതരം ശ്രമങ്ങളുടെ അവസാന അധ്യായമാണ് അദ്ദേഹത്തെ സനാതനധര്‍മത്തിന്റെ മറപറ്റി നിന്നുകൊണ്ടുള്ള ഇപ്പോഴത്തെ വാദഗതികള്‍. ഗുരുവിനെയറിഞ്ഞവര്‍ അതു വകവച്ചുകൊടുത്തുകൂടാ.

നമുക്ക് ചുറ്റും

നിലപാടുകളുടെ രാഷ്ട്രീയം

<