പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നിലപാട് സ്വീകരിച്ച് പൊരുതിനിന്ന ഒരു ഭരണാധികാരി കൂടി അധികാരഭ്രഷ്ടനായിരിക്കുന്നു. സിറിയയില്‍ ബഷാര്‍ അല്‍ അസദിന്റെ പതനത്തിലൂടെ സംഭവിച്ചിരിക്കുന്നത് അതാണ്. ഇനി അപ്രകാരം പൊരുതാന്‍ മേഖലയില്‍ അവശേഷിക്കുന്നത് ഇറാന്‍ മാത്രമാണ്. അതുകൊണ്ട് തന്നെ അമേരിക്കയ്ക്കും ഇസ്രയേല്‍ അടക്കമുള്ള കൂട്ടാളികള്‍ക്കും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ് സിറിയയിലെ സംഭവ വികാസങ്ങള്‍. എന്നാല്‍ മതനിരപേക്ഷവും സമാധാനകാംക്ഷികളുമായ മനുഷ്യര്‍ക്ക് സിറിയയില്‍ മതഭീകരര്‍ നടത്തിയ അട്ടിമറി അങ്ങേയറ്റം ആശങ്ക പകരുന്നതാണ്.
അല്‍ഖായ്തയുടെ ഉപസംഘടനയെന്ന് വിശേഷിപ്പിക്കാവുന്ന ഹയാത് തഹ്‌രീര്‍ അല്‍ഷാം (ഐയുടിഎസ്) ആണ് സിറിയ പിടിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിതിഗതി എത്രത്തോളം ഭീതിതമായ അവസ്ഥയിലാണ് എത്തിനില്‍ക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്. അസദിന്റെ ഭരണം അവസാനിച്ചതായി സിറിയയുടെ സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥരെ അറിയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാഖില്‍ സദ്ദാം ഹുസൈനെ അമേരിക്കന്‍ സാമ്രാജ്യത്വം പുറത്താക്കിയ ശേഷമുള്ള ഏറ്റവും നിര്‍ണ്ണായകമായ സാമ്രാജ്യത്വ അട്ടിമറിയാണ് സിറിയയില്‍ നടന്നത്. 2019 ഒക്ടോബറില്‍ സിറിയയില്‍ അമേരിക്കന്‍ വ്യാമാക്രമണത്തിലാണ് ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടത്. ബാഗ്ദാദി സൃഷ്ടിക്കുകയും നയിക്കുകയും ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന അതേത്തുടര്‍ന്ന് ചിതറിപ്പോവുകയും ദുര്‍ബലമാക്കുകയും ചെയ്തു. കിഴക്കന്‍ സിറിയയിലെ ദെയര്‍എസേര്‍ മുതല്‍ ഇറാഖിലെ മൊസൂള്‍ വരെ ഐഎസിനെ ഉച്ചസ്ഥായിയില്‍ വ്യാപിപ്പിച്ച ബാഗ്ദാദി സ്ഥാപിച്ച 'ഖിലാഫത്ത്' തകര്‍ക്കപ്പെട്ടു. എന്നാല്‍ സിറിയയിലെ തന്റെ ശൃംഖലയെ നയിക്കാന്‍ ബാഗ്്ദാദി തെരഞ്ഞെടുത്ത അബു മൊഹമ്മദ് അല്‍ ജോലാനിയാണ് ഇപ്പോള്‍ സിറിയയിലെ സായുധ കലാപത്തിന്റെ നേതാവ്. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ സാല്‍വേഷന്‍ ഗവണ്‍മെന്റിന്റെ അമീറും പ്രധാന പ്രതിപക്ഷ ജിഹാദി ഗ്രൂപ്പായ ഹയാത്ത് തഹ്‌രീര്‍ അല്‍ഷാമിന്റെ നേതാവുമാണ് ഇയാള്‍.
സിറിയയിലെ സംഭവവികാസങ്ങളില്‍ അമേരിക്കയുടെയും കൂട്ടാളികളുടെയും താല്‍പര്യവും ഇടപെടലും വ്യക്തമാണ്. അസദ് രാജ്യം വിട്ടുപോയിരിക്കുന്നുവെന്നു അദ്ദേഹത്തിന്റെ സംരക്ഷകന്‍ വ്‌ളാദിമിര്‍ പുടിന്റെ നേതൃത്വത്തിലുള്ള റഷ്യ അദ്ദേഹത്തെ സംരക്ഷിക്കാന്‍ താല്‍പര്യം കാണിച്ചില്ല എന്നുമാണ് അസദിന്റെ വീഴ്ചയില്‍ റഷ്യയെ പരിഹസിച്ചു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഒരു രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോളും എത്രത്തോളം സങ്കുചിത താല്‍പര്യത്തോടെയാണ് അമേരിക്ക ചിന്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍. 'ഞങ്ങളുടെ സൈനികരില്‍ ഒരാളായ അല്‍ ജലാനിയെ ഞങ്ങള്‍ ഒരു കൂട്ടം ആണ്‍മക്കളോടൊപ്പം നിയോഗിച്ചു. സിറിയയിലെ ഞങ്ങളുടെ സെല്ലുകളുമായി കൂടിക്കാഴ്ച നടത്താന്‍ അവരെ ഇറാനില്‍ നിന്ന് സിറിയയിലെ തള്ളിവിട്ടു.' ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് & സിറിയയുടെ തലവനായിരുന്ന അബൂബേക്കര്‍ അല്‍ ബാഗ്ദാദി 2011-ല്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട സിറിയയിലേക്ക് തന്റെ ഭീകരശൃംഖല വ്യാപിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. എല്ലാ മാസവും ട്രഷറിയിലുള്ള തന്റെ പകുതി പണം അവര്‍ക്ക് വിതരണം ചെയ്യുന്നുവെന്ന് അയാള്‍ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള സംഘത്തിന്റെ അട്ടിമറിയെയാണ് അമേരിക്ക ഇപ്പോള്‍ സ്വാഗതം ചെയ്യുന്നത്.
ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ എന്ന പേരില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന രാഷ്ട്രീയ - സൈനിക നീക്കങ്ങളും നയങ്ങളും എത്രമാത്രം പൊള്ളയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നുണ്ട് സിറിയയിലെ അട്ടിമറി. കൂട്ടാളികളായ തുര്‍ക്കിയും ഇസ്രയേലും നിര്‍ലോഭമായ സഹായങ്ങള്‍ സ്വാര്‍ത്ഥതാല്‍പ്പര്യം മുന്‍നിര്‍ത്തി സിറിയയിലെ വിമത ഭീകരര്‍ക്ക് നല്‍കുന്നുമുണ്ട്. സിറിയയില്‍ അട്ടിമറി നടത്തുന്ന സമയവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബഷാര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന ഇറാനും ലബനനിലെ ഹിസ്ബുള്ളയും മറ്റ് പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് അമേരിക്ക - ഇസ്രയേല്‍ പിന്തുണയുള്ള വിമത ഭീകരരുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കുരുതിയില്‍ നിന്നു ശ്രദ്ധ തിരിക്കുകയെന്ന പ്രധാന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നതും വിലയിരുത്തലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരില്‍ അവതരിപ്പിച്ച ഭീകരതയുടെ പുതുരൂപമായി മാറുമോ സിറിയയിലെ മതഭീകര നീക്കമെന്ന ആശങ്ക ശക്തമാണ്. നിരന്തരമായ വിമത നീക്കങ്ങളും ഭീകരാക്രമണ ഭീഷണിയും ഉണ്ടായിട്ടും പതിറ്റാണ്ടുകളോളം അതിശക്തമായി സ്വന്തം രാജ്യത്തെ മതനിരപേക്ഷമായി സംരക്ഷിച്ചു നിര്‍ത്തിയ ഭരണാധികാരിയാണ് ബഷാര്‍ അല്‍ അസദ്. പലവട്ടം പതനത്തിന്റെ മുനമ്പിലേക്ക് എത്തിയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. അപ്പോഴെല്ലാം വിട്ടുകൊടുക്കാതെ പൊരുതി മുന്നേറിയ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. വാഗ്‌ദ്ധോരണികള്‍പ്പുറം സിറിയന്‍ ജനതയെയും സൈനികരെയും വിശ്വാസത്തിലെടുത്ത് രാജ്യത്തെ അതിശക്തമായി അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പക്ഷത്ത് നിലനിര്‍ത്തി എന്നതുകൊണ്ടാണ് തിരിച്ചെത്തിയാലും ഇല്ലെങ്കിലും ബഷാര്‍ അല്‍ അസദ് ചരിത്രത്തില്‍ അടയാളപ്പെടുത്തുക. അസദ് രാജ്യം വിട്ടതിനു ശേഷം അധികാരമാറ്റത്തെ പിന്തുണയ്ക്കാനും പ്രതിപക്ഷവുമായി സഹകരിക്കാനും തയ്യാറാണെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സഹകരണം എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. മതഭീകരര്‍ നേതൃത്വം ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ ഇറാനും റഷ്യയും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായമാകും.
ദക്ഷിണ കൊറിയയില്‍ ജനാധിപത്യം അട്ടിമറിച്ചിട്ട് പട്ടാളഭരണം പ്രഖ്യാപിച്ച പ്രസിഡന്റ് യൂണ്‍ സുക് യോളിന്റെ നടപടിയെ ജനങ്ങള്‍ പരാജയപ്പെടുത്തി. തുടര്‍ന്ന് പട്ടാളഭരണം പിന്‍വലിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു. ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ഏത് ഏകാധിപതിക്കും പിടിച്ചുനില്‍ക്കാനാകില്ലെന്ന ഈ അനുഭവം മറ്റ് രാജ്യങ്ങള്‍ക്കും പാഠമാണ്. ഒപ്പം ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മറയ്ക്കാന്‍ പൊതു ശത്രുവിനെ സൃഷ്ടിച്ച് അതിലൂടെ ജനത്തെയും ജനങ്ങളെയും ഏറെനാള്‍ കബളിപ്പിക്കാനാകില്ലെന്നും ഇത് വ്യക്തമാക്കുന്നു. പ്രതിപക്ഷം കമ്യൂണിസ്റ്റ് രാജ്യമായ വടക്കന്‍ കൊറിയയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ചാണ് പ്രസിഡന്റ് യൂണ്‍ സുക് യോള്‍ ദക്ഷിണകൊറിയയില്‍ കഴിഞ്ഞ മാസം പട്ടാളഭരണം പ്രഖ്യാപിച്ചത്. പക്ഷേ, വിദ്യാര്‍ത്ഥികളും മറ്റ് ജനവിഭാഗങ്ങളും തെരുവിലിറങ്ങുകയും പാര്‍ലമെന്റ് അടിയന്തിരമായി ചേര്‍ന്ന് പട്ടാളഭരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ പ്രസിഡന്റിനു മുന്നില്‍ മറ്റു മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. ഭരണകക്ഷിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിക്ക് പോലും ഇക്കാര്യത്തില്‍ യൂണ്‍ സുക് യോളിനൊപ്പം നില്‍ക്കാനായില്ല. പട്ടാളഭരണത്തിന്റെ ആയുസ് ആറു മണിക്കൂറിലൊതുങ്ങി.
വടക്കന്‍ കൊറിയയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഇരുമ്പുമറയും ഏകാധിപത്യവുമെങ്കിലും സത്യത്തില്‍ ദക്ഷിണ കൊറിയക്കാണ് ജനാധിപത്യ ധ്വംസനങ്ങളുടെയും പട്ടാള അട്ടിമറിയുടെയും ചരിത്രം കൂടുതലുള്ളത്. രണ്ടാം ലോക യുദ്ധത്തില്‍ അമേരിക്കയുടെ കൈവശമുണ്ടായിരുന്ന കൊറിയന്‍ ഭാഗമാണ് പിന്നീട് ദക്ഷിണ കൊറിയയായി മാറുന്നത്. സോവിയറ്റ് യൂണിയന്റെ കൈവശമുണ്ടായിരുന്ന ഭാഗം വടക്കന്‍ കൊറിയയും. ഐക്യ കൊറിയയ്ക്കുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1948-ല്‍ ദക്ഷിണ ഭാഗം റിപ്പബ്ലിക് ഓഫ് കൊറിയയായി മാറി. 1950-ല്‍ ഉത്തര കൊറിയയുമായി യുദ്ധം തുടങ്ങി. 1953ല്‍ അവസാനിച്ചു. 1960-ല്‍ സിങ്മാന്‍ റീയുടെ നേതൃത്വത്തിലുള്ള ആദ്യ റിപ്പബ്ലിക് ഓഫ് കൊറിയ അട്ടിമറിക്കപ്പെട്ടു. പട്ടാളമേധാവിയായിരുന്ന പാര്‍ക് ചുങ് ഹിയുടെ നേതൃത്വത്തില്‍ 1961-ല്‍ നടന്ന അട്ടിമറി രണ്ടാം റിപ്പബ്ലിക്കിന് അന്ത്യം കുറിച്ചു. തുടര്‍ന്ന് 1977ല്‍ അട്ടിമറി പാര്‍ക്കിന്റെ വധത്തില്‍ കലാശിച്ചു. വീണ്ടും മൂന്ന് അട്ടിമറി നടന്നു. 1978-ലെ ജനാധിപത്യ സമരത്തെ തുടര്‍ന്നാണ് പട്ടാളഭരണം അവസാനിപ്പിച്ച് നിലവിലെ ആറാം റിപ്പബ്ലിക് രൂപീകരിച്ചത്. അമേരിക്കയെപ്പോലെ പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായം നിലനില്‍ക്കുന്ന ദക്ഷിണകൊറിയയില്‍ പക്ഷേ, പാര്‍ലമെന്റിന് പരിമിതമായ അധികാരം മാത്രമാണുള്ളത്.
2022ലാണ് യൂണ്‍ പ്രസിഡന്റാകുന്നത്. അതും കേവലം ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ നടന്ന 300 അംഗ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാകട്ടെ പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 190 സീറ്റ് ലഭിച്ചു. മാത്രവുമല്ല, വിലക്കയറ്റവും രാജ്യത്തിന്റെ കറന്‍സിയായ വോണിന്റെ മൂല്യത്തകര്‍ച്ചയും സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലുമാക്കി. ഇത് ജനങ്ങളില്‍ വന്‍ പ്രതിഷേധം വളര്‍ത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള യൂണിന്റെ നിര്‍ദ്ദിഷ്ട ബജറ്റ് 6.77 ലക്ഷം കോടിയില്‍നിന്ന് പാര്‍ലമെന്റ് ഏകദേശം 4000 കോടി വോണ്‍ വെട്ടിക്കുറച്ചിരുന്നു. ഇതിനുപുറമെ അമേരിക്കയുമായി ചേര്‍ന്ന് ഉക്രയ്‌ന് ആയുധം നല്‍കുന്ന യൂണിന്റെ നയത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവ സൃഷ്ടിക്കുന്ന പ്രസിന്ധിയില്‍ നിന്ന് രക്ഷപ്പെടാനാണ് ഉത്തരകൊറിയയുടെ പേരില്‍ അറ്റകൈക്ക് യൂണ്‍ തുനിഞ്ഞതെന്നാണ് അനുമാനം.
പട്ടാളനിയമം പ്രഖ്യാപിച്ചതിനു പിന്നാലെ സുരക്ഷാസേന ദേശീയ അസംബ്ലി സീല്‍ ചെയ്തു. അസംബ്ലിയുടെ മേല്‍ക്കൂരയില്‍ സൈനിക ഹെലിക്കോപ്റ്ററുകള്‍ ഇറക്കി കുറച്ച് സമയത്തേക്കെങ്കിലും സൈനികര്‍ അസംബ്ലി കെട്ടിടത്തിനുള്ളി പ്രവേശിച്ചു. എന്നാല്‍ നാഷണല്‍ അസംബ്ലിയിലെ 190 അംഗങ്ങളും പട്ടാളഭരണത്തിനെതിരെ വോട്ടു ചെയ്തു. പാര്‍ലമെന്റിനു പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടി യൂണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പട്ടാള അട്ടിമറി നീക്കത്തെ അമേരിക്ക അപലപിച്ചിട്ടു പോലും ഏറ്റവും വലിയ ജനാധിപ്യ രാജ്യമായ ഇന്ത്യയിലെ ഭരണാധികാരികള്‍ പട്ടാളഭരണത്തെ അപലപിച്ചിട്ടില്ലെന്നത് ആശ്ചര്യജനകമാണ്. ജനാധിപത്യത്തോടുള്ള പുറംപൂച്ചാണ് വ്യക്തമാക്കുന്നത്. എന്തായാലും ദക്ഷിണികൊറിയയിലെ ജനങ്ങള്‍ തല്‍ക്കാലം പട്ടാള അട്ടിമറിയെ ചെറുത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നത് ജനാധിപത്യ ശക്തികള്‍ക്ക് കരുത്തുപകരുക തന്നെ ചെയ്യും. ഒപ്പം ഏകാധിപതികള്‍ക്കുള്ള മുന്നറിയിപ്പും.