നവകോളനിവത്ക്കരണ വക്താക്കള്‍ ആഗോളവത്ക്കരണനയങ്ങള്ക്ക് ബദലുകളില്ല എന്നും വേള്‍ഡ് സോഷ്യല്‍ ഫോറം സോഷ്യലിസം ആണ് ബദല്‍ എന്നും പ്രഖ്യാപിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. വഴിമുട്ടിയ ആഗോളവത്ക്കരണ-ഉദാരവത്ക്കരണ-സ്വകാര്യവത്ക്കരണ നയങ്ങള്‍ ചുങ്കയുദ്ധത്തിനും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിക്കുന്ന യുദ്ധങ്ങള്‍ക്കും വഴിതെളിച്ചിരിക്കുന്നു. ചെലവുചുരുക്കലിന്റെ രൂപത്തില്‍ സിവില്‍സര്‍വ്വീസില്‍ ഈ നയം നടപ്പാക്കാന്‍ ശ്രമിച്ച യു.ഡി.എഫ് മുഖ്യമന്ത്രിമാര്‍ 'സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് സര്‍ക്കാര്‍ ജോലി നേടി സര്‍ക്കാരിന്റെ പെന്ഷന് പറ്റി ജീവിക്കാമെന്ന് ആരും കരുതേണ്ടതില്ല', 'സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു മാസം അടഞ്ഞുകിടന്നാലും ഇവിടെ ഒന്നും സംഭവിക്കില്ല' എന്നീ പ്രസ്താവനകള്‍ ഉയര്‍ത്തി. പൊതുസേവന സംവിധാനത്തെയും ജീവനക്കാരുടെ അവകാശങ്ങളെയും അവഗണിച്ച അത്തരത്തിലുള്ള സമീപനങ്ങള്‍ക്ക് കേരളത്തിലെ സിവില്‍ സര്‍വീസ് ശക്തമായ ജനാധിപത്യ പ്രതികരണങ്ങളാണ് നല്‍കിയിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യ നേട്ടങ്ങള്‍ക്ക് അനിശ്ചിതകാല പണിമുടക്കങ്ങള്‍ അടക്കമുള്ള പ്രചരണ പ്രക്ഷോഭങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. സംസ്ഥാനത്തിന്റെ വിഭവ പരിമിതി മുറിച്ചുകടന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കും അടിസ്ഥാനസൗകര്യ വികസന കുതിപ്പിലേക്കും സാമ്പത്തിക വളര്‍ച്ചയിലേക്കും നയിച്ച ഇടതു പക്ഷബദലിനെ തകര്‍ക്കാന്‍ ബഹുമുഖ ശ്രമങ്ങള്‍ ഉണ്ടായി.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധങ്ങളും ധനകാര്യ സമ്മര്‍ദ്ദങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായി. മാധ്യമങ്ങള്‍ വിഷലിപ്ത പ്രചാരണങ്ങള്‍ അഴിച്ചു വിട്ടു. ഈ സാഹചര്യത്തില്‍ പോലും കൃത്യമായ ധനകാര്യ മാനേജ്മെന്റിലൂടെ സംസ്ഥാന ഭരണകൂടം മുന്നോട്ട് പോയതിന്റെ ഫലമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സിവില്‍ സര്‍വീസില്‍ അരലക്ഷത്തിലധികം തസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും രാജ്യത്ത് പബ്ലിക് സര്‍വീസ് കമ്മീഷന് മുഖേന നടത്തുന്ന നിയമനങ്ങളില്‍ 60 % വും കേരളത്തില്‍ നിന്നാവുകയും ചെയ്തത്. ഒഴിവുകള്‍ സമയബന്ധിതമായി പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കര്‍ശന നടപടികള്‍ ഇക്കാലയളവില്‍ റെക്കോര്‍ഡ് നിയമനങ്ങള്‍ സാധ്യമാക്കാനും സഹായിച്ചു.
സാമ്പത്തിക പ്രതിസന്ധികള്‍ നിലനിന്നപ്പോഴും ജീവനക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. മാറ്റിവെച്ചിരുന്ന ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചതും മുന്‍കാല കുടിശ്ശികകള്‍ ഘട്ടംഘട്ടമായി നല്‍കാനുള്ള തീരുമാനവും പുതിയ ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിച്ചതും അതിന്റെ ഉദാഹരണങ്ങളാണ്. നാഷണല്‍ പെന്ഷന് സ്കീമിന് പകരമായി അഷ്വേര്‍ഡ് പെന്ഷന് സംവിധാനം ഉറപ്പാക്കാനുള്ള തീരുമാനം ജീവനക്കാരുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന നടപടിയായും മാറി.
വികസനവും ക്ഷേമവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന ഭരണദര്ശനമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നടപ്പാക്കപ്പെട്ടത്. വര്‍ഷങ്ങളായി മുടങ്ങിയിരുന്ന നിരവധി അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഇന്ന് പൂര്‍ത്തീകരണ ഘട്ടത്തിലേക്കെത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം, ഗ്യാസ് പൈപ്പ്ലൈന്, വൈദ്യുതി മേഖലയിലെ ശാക്തീകരണം, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, വമ്പിച്ച അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഏതാനും ഉദാഹരണങ്ങളാണ്.
സാമൂഹ്യ ക്ഷേമ രംഗത്തും വലിയ മുന്നേറ്റങ്ങളാണുണ്ടായത്. 62 ലക്ഷത്തിലധികം ആളുകള്‍ക്ക് മാസം 2000 രൂപ വീതം സാമൂഹ്യസുരക്ഷാ പെന്ഷന് കുടിശ്ശിക ഇല്ലാതെ നല്‍കുകയും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴില്‍ അന്വേഷിക്കുന്ന യുവാക്കള്‍ക്ക് പിന്തുണ നല്കുന്നതിനുമായി വിവിധ പദ്ധതികളും നടപ്പിലാക്കി. ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുന്നതിനും റിവേഴ്സ് മൈഗ്രേഷനും വിജ്ഞാന സമൂഹ സൃഷ്ടിക്കും ഗവേഷണ വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറ പാകിയിരിക്കുന്നു. ജനസംഖ്യ ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് വയോജന സൗഹൃദ സാമൂഹത്തെ സൃഷ്ടിക്കുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തി.
പൊതുമേഖല ലാഭത്തിലാകുന്നു. സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സാമൂഹ്യനീതിയെയും പൊതുസേവനങ്ങളെയും ശക്തിപ്പെടുത്തുന്ന ജനപക്ഷ ഭരണകാഴ്ചപ്പാടാണ് കേരളത്തിന്റെ മുന്നേറ്റത്തിന്റെ അടിത്തറ. ഈ ക്ഷേമവികസന മുന്നേറ്റങ്ങള്‍ തുടര്‍ന്നുപോകണമെങ്കില്‍ ഭരണത്തിലെ ഈ ദിശയും തുടര്‍ച്ചയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. മറിച്ചൊരു സാഹചര്യം സിവില്‍ സര്‍വ്വീസിന്റെ മാത്രമല്ല വികസ്വര രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് നീങ്ങുന്ന കേരളത്തിന്റെ സാര്‍വ്വത്രിക തകര്‍ച്ചയ്ക്ക് കാരണമാകും. കാലാവസ്ഥാ വ്യതിയാനം, ലോക സാമ്പത്തിക തകര്‍ച്ചയും പെരുകുന്ന അസമത്വവും, കേന്ദ്ര സര്‍ക്കാറിന്റെ ഉപരോധം എന്നീ വെല്ലു വിളികളെ അതിജീവിക്കാന്‍ മതനിരപേക്ഷ ഇടതുപക്ഷ കേരളത്തിന് മാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ ജനപക്ഷ വികസനത്തിന്റെ ഈ പാത നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ഭാവിക്കു നിര്‍ണായകമാണെന്ന വിലയിരുത്തല്‍ ഇന്ന് കൂടുതല്‍ ശക്തമാകുകയാണ്. മറ്റു ബദലുകളില്ല (TINA)