അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ അറിയുന്ന എന്റെ നിളാനദിയെയാണ് എനിക്കിഷ്ടം എന്നും എന്റെ ഭാഷ എന്റെ വീടാണ് എന്നും അഭിപ്രായപ്പെട്ട എഴുത്തുകാരനാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി. കുടുംബം ശക്തമായ സ്വാധീനമായി നില്ക്കുന്ന രീതി എം.ടി യുടെ കഥകളിലും നോവലുകളിലും മാത്രമല്ല തിരക്കഥകളിലും കാണാം. തകര്‍ന്നു തുടങ്ങുന്ന തറവാടുകളെ പശ്ചാത്തലമാക്കി സൃഷ്ടിച്ച ചെറുകഥകളും തിരക്കഥകളും മലയാളി വായനക്കാരെ വളരെ വേഗം സ്വാധീനിച്ചു. നാലുകെട്ടും നടുമുറ്റവും ഭഗവതി കുടിയിരിക്കുന്ന മച്ചും പത്തായപ്പുരയും ആഖ്യാനങ്ങളില്‍ നിറയുന്നത് മലയാളിയുടെ ജീവിത പരിസരത്തുനിന്നാണ്. 1953-ല്‍ ദി ന്യുയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ ലോക ചെറുകഥ മത്സരത്തില്‍ എം.ടിക്ക് 'വളര്‍ത്തുമൃഗങ്ങള്‍'ക്ക് മലയാളത്തിലെ മികച്ച ചെറുകഥക്കുള്ള പുരസ്കാരം ലഭിച്ചു. അതോടെ എഴുത്തുകാരന് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യ നോവലായ 'നാലുകെട്ട്' എഴുതിയത് എം.ടിയുടെ ഇരുപത്തിമൂന്നാം വയസ്സിലായിരുന്നു. മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകള്‍ക്ക് പകര്‍ന്നു നല്കിയ വിസ്മയമായിരുന്നു എം.ടി. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മത എം.ടിയെ വ്യത്യസ്തനാക്കി. ഓരോ രചനകളും അദ്ദേഹത്തിന് സ്വയം ആനന്ദം നല്കുന്ന ഒന്നായിരുന്നു. അതേ ആനന്ദം തന്നെയാണ് വായനക്കാരനും അനുഭവിച്ചിരുന്നത്. സാഹിത്യ ജീവിതത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു എം.ടിയ്ക്ക് സിനിമ . 'മുറപ്പെണ്ണി'ന് തിരക്കഥ എഴുതിയാണ് ചലച്ചിത്ര ലോകത്ത് അദ്ദേഹം പ്രവേശിക്കുന്നത്. തിരക്കഥാകൃത്ത്, സംവിധായകന് എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അന്‍പതിലേറെ സിനിമകളുടെ പിന്നണിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. നിര്‍മ്മാല്യം (1973), ബന്ധനം (1978), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ എം.ടി സംവിധാനം ചെയ്തു. സൂക്ഷ്മമായ ചെറുകഥകള്‍ പോലെ തന്നെ ചെത്തിയൊതുക്കിയ, സമഗ്രതയാര്‍ന്ന തിരക്കഥകളായിരുന്നു എം.ടിയുടേത്. പതിവ് സങ്കല്പനങ്ങളെ/ധാരണകളെ ഉടച്ചു വാര്‍ത്തു കൊണ്ട് സ്വാഭാവികമായ ഒന്നാക്കി പുതുമയെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിനുള്ള ശേഷി അപാരമായിരുന്നു. പഴങ്കഥയിലെ ചതിയനായ ചന്തുവിനെ ചതിയനല്ലാത്ത ഒരാള്‍ ആക്കി മാറ്റിയപ്പോള്‍ അങ്ങനെ വിശ്വസിപ്പിക്കാന്‍ ആസ്വാദകനെയും അദ്ദേഹം മാറ്റിമറിച്ചു. പഴശ്ശിരാജയും രണ്ടാമൂഴത്തിലെ ഭീമനും പെരുന്തച്ചനും പഴയ ധാരണയില്‍ നിന്ന് പുനരാവിഷ്കരിച്ച കഥാപാത്രങ്ങളാണ്. കെട്ടുകഥകളെ യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഥനശേഷി പ്രത്യേകം ശ്രദ്ധേയമാണ്. രചനയിലെ മാന്ത്രികനായിരുന്നു എം.ടി വാസുദേവന്‍ നായര്‍. സംവിധായകന് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച് മലയാള സിനിമയെ നവീകരിച്ച എം ടി രൂപപ്പെടുത്തിയ കഥാപാത്രങ്ങള്‍ മലയാളത്തിലെ മഹാരഥന്മാരായ നടന്മാരുടെ പ്രതിഭയ്ക്ക് ഉരകല്ലായി.
ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളും ഉള്ളില്‍ ബാക്കിയാവുന്ന കഥാപാത്രങ്ങളും വായനാനുഭവവുമായി നല്കിയ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കലര്‍പ്പില്ലാത്ത ആവിഷ്കാരമാണ് എം.ടിയുടെ 'പാതിരാവും പകല്‍വെളിച്ചവും' (1957) (മാതൃഭൂമിയില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചതാണ്), കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കന്‍ കാരാഗ്രഹങ്ങളും വ്യക്തിയെ എത്രത്തോളം പ്രയാസപ്പെടുത്തുന്നു എന്ന് ഉണ്ണി എന്ന കഥാപാത്രത്തിലൂടെ വ്യക്തമാക്കിയ 'നാലുകെട്ട്' (1958), എന്‍.പി. മുഹമ്മദിനൊപ്പം എഴുതിയ 'അറബിപ്പൊന്ന്' (1960), മതസൗഹാര്‍ദ്ദത്തിന്റെ ഊഷ്മളാനുഭവങ്ങള് പങ്കുവയ്ക്കുന്ന 'അസുരവിത്ത്' (1962), പുരുഷാധിപത്യത്തിന്റെയും ചൂഷണത്തിന്റെയും ഇക്കോ ഫെമിനിസ്റ്റ് പ്രമേയത്തിന് കൂടുതല്‍ പ്രാധാന്യം നല്കി കുറച്ച് സംഭാഷണവും കുറഞ്ഞ കഥാപാത്രങ്ങളുമായി ബോധധാരാ സമ്പ്രദായത്തില്‍ എഴുതിയ 'മഞ്ഞ് '(1964), 1970-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'കാലം' (1969), അച്ഛന്റെ ശവദാഹത്തിന് നാട്ടിലെത്തുന്ന നാലു മക്കളുടെ ചിന്തയിലൂടെ വികസിക്കുന്ന, എവിടെയോ ആരംഭിച്ച് മറ്റ് എവിടെയോ അവസാനിക്കുന്ന ജീവിതയാത്രയെ സമഗ്രമായി അപഗ്രഥിക്കുന്ന 'വിലാപയാത്ര' (1978), ഭീമന് കേന്ദ്ര കഥാപാത്രമാകുന്ന'രണ്ടാമൂഴം' (1984) (1985-ലെ വയലാര്‍ അവാര്‍ഡ്), 'വാരണാസി' (2002) എന്നിവയാണ് എം.ടിയുടെ നോവലുകള്‍. രക്തം പുരണ്ട മണ്തരികള്, വെയിലും നിലാവും, വേദനയുടെ പൂക്കള്‍, നിന്റെ ഓര്‍മ്മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, വാരിക്കുഴി, തെരഞ്ഞെടുത്ത കഥകള്‍, ഡാര്-എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ഷെര്‍ലക് എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, നിഴലാട്ടം, ഓളവും തീരവും, എം.ടിയുടെ തിരക്കഥകള്‍, എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, പെരുന്തച്ചന്, നഖക്ഷതങ്ങള്‍, സുകൃതം, നാലു തിരക്കഥകള്‍, അടിയൊഴുക്കുകള്‍, ദയ, ഒരു ചെറുപുഞ്ചിരി, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, തീര്‍ത്ഥാടനം എന്നിവ തിരക്കഥകളാണ്.
മനുഷ്യര്‍ നിഴലുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, വന്‍കടലിലെ തുഴവള്ളക്കാര്‍ എന്നിവ എം.ടിയുടെ യാത്രാവിവരണങ്ങളാണ്. മാണിക്യക്കല്ല്, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി എന്നിവ അദ്ദേഹത്തിന്റെ ബാലസാഹിത്യ രചനകളാണ്. 'ഗോപുരനടയില്‍' എന്ന നാടകവും കാഥികന്റെ പണിപ്പുര, ഹെമിംഗ് വേ -ഒരു മുഖവുര, കാഥികന്റെ കല, കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്ദം, രമണീയം ഒരു കാലം, വാക്കുകളുടെ വിസ്മയം എന്നീ ഉപന്യാസങ്ങളും എം.ടിയുടെതാണ്.
നാലുകെട്ട്, പഞ്ചാഗ്നി എന്നിവ കന്നഡ, ഹിന്ദി, ഉറുദു, ഒറിയ, ഗുജറാത്തി തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. കാലം, മഞ്ഞ്, അറബിപ്പൊന്ന്, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഇരുട്ടിന്റെ ആത്മാവ് എന്നിവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു.
1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ച എം.ടി 1981-ല്‍ ആ സ്ഥാനം രാജിവച്ചു. 1989-ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999 ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ച ശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു. 2005 -ല്‍ രാജ്യം എം.ടിയെ പത്മഭൂഷന്‍ നല്കി ആദരിച്ചു. മാതൃഭൂമി പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന് പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന്റെ ലഭിച്ചു. മലയാള സാഹിത്യത്തിന് നല്കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വ്വകലാശാലയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയും അദ്ദേഹത്തിന് ഡി-ലിറ്റ് നല്കി ആദരിച്ചു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത 'നിര്‍മ്മാല്യം' 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. 2024 ഡിസംബര്‍ 25-ന് എം. ടി വാസുദേവന്‍ നായര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.