കെ.ജി.ഒ.എ ന്യൂസ്
news-details
വിദ്യാഭ്യാസം

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍ ബില്‍ 2025 സങ്കീര്‍ണതകള്‍, ആശങ്കകള്‍

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍ ബില്‍ 2025 തയ്യാറായിരിക്കുന്നു. ഡോ. ദഗ്ഗുപതി പുരന്തേശ്വരി അധ്യക്ഷത വഹിക്കുന്ന 31 അംഗ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഇപ്പോള്‍ ചര്‍ച്ചയ്ക്കായി വെച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ നെഞ്ചിടിപ്പിന്റെ നിമിഷങ്ങളാണ് ഇത്. മതനിരപേക്ഷ-ഫെഡറല്‍-ജനാധിപത്യ മൂല്യങ്ങള്‍ക്കാണോ, മതാത്മക-കേന്ദ്രീകൃത-ഏകാത്മക വ്യവസ്ഥകള്‍ക്കാണോ ഭാവിയില്‍ ഔദ്യോഗികാംഗീകാരം എന്നത് വ്യക്തമാകാന്‍ പോകുന്ന അതിസങ്കീര്‍ണമായ സമയമാണ് വന്നിരിക്കുന്നത്.

ഇത് പൊടുന്നനേ സംഭവിച്ച ഒന്നല്ല. വര്‍ഷങ്ങളായി നടന്നു വരുന്ന വലിയ ഒരു രാഷ്ട്രീയ പ്രക്രിയ ഇതിന് പിറകില്‍ ഉണ്ട്. ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള പുരോഗമനദിശയിലേക്കുള്ള സഞ്ചാരത്തിന്റെ ഭാഗമായി ഇതിനെ കാണാന്‍ പറ്റില്ല.

രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) രൂപീകരിച്ച് ഒരു നൂറ്റാണ്ടും അടിയന്തിരാവസ്ഥയുടെ അര നൂറ്റാണ്ടും പിന്നിട്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മതനിരപേക്ഷതയുടെ വര്‍ത്തമാനകാല ഇന്ത്യന്‍ അന്തരീക്ഷം പാടേ കലുഷിതമായിരിക്കുന്നു. വര്‍ഗീയതയും കോര്‍പ്പറേറ്റിസവും സകലമാന മേഖലയെയുമെന്നത് പോലെ ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസത്തെയും അതിന്റെ നീരാളിപ്പിടുത്തത്തില്‍ കീഴടക്കാന്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല അന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലം ആവശ്യപ്പെടുന്ന പ്രതിരോധം വേണ്ടും വിധത്തില്‍ ഇന്ത്യന്‍ സാമൂഹ്യ പശ്ചാത്തലത്തില്‍ രൂപപ്പെടാതെ പോകുന്നതായിരിക്കുന്നു നമ്മുടെ അനുഭവം.

1925-ല്‍ ആര്‍ എസ് എസ് രൂപം കൊള്ളുമ്പോള്‍ 100 വര്‍ഷം കൊണ്ട് ഇന്ത്യയെ സമ്പൂര്‍ണ ഹിന്ദുത്വ രാഷ്ട്രമാക്കും എന്ന് അവര്‍ പറഞ്ഞ് വെക്കുന്നുണ്ട്. ഗോള്‍വാള്‍ക്കര്‍ 'നമ്മളും നമ്മളുടെ വിദ്യാര്‍ത്ഥികളും' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട് - 'നിലനില്‍ക്കുന്ന വിദ്യാഭ്യാസ രീതികള്‍ മാറണം; സ്വന്തമായ ഒരു വിദ്യാഭ്യാസം നമുക്ക് വേണം; അത് നമ്മുടെ ആശയധാരകള്‍ അടിസ്ഥാനപ്പെടുത്തി വേണം' എന്ന്. അതിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാറും വിദ്യാഭ്യാസ ഏജന്‍സികളും ശ്രമിക്കുന്നത്.

1968-ല്‍ കോത്താരി കമ്മീഷന്‍ രൂപകല്‍പ്പന ചെയ്ത ആദ്യ വിദ്യാഭ്യാസനയത്തിലും 1986-ലെ രണ്ടാം വിദ്യാഭ്യാസനയത്തിലും പൊതു മേഖല കേന്ദ്രീകരിച്ച വിദ്യാഭ്യാസത്തിനായിരുന്നു സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിരുന്നത്. എന്നാല്‍ 1990-ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ ആരംഭിച്ച ആഗോളവല്‍ക്കരണ - ഉദാരവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ നയങ്ങളുടെ (എല്‍ പി ജി) ഭാഗമായി പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിലൂടെ വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യ വത്കരണ നടപടികള്‍ക്ക്തുടക്കം കുറിച്ചു. ആദ്യം തുല്യാനുപാതം പാലിച്ച് തുടങ്ങിയ ഈ പദ്ധതിയില്‍ മെല്ലെ മെല്ലെ 'പബ്ലിക്' ശോഷിക്കുകയും 'പ്രൈവറ്റ്' അംശം വര്‍ധിക്കുകയും ചെയ്തു. ഇന്നത് പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന സാഹചര്യം സംജാതമാക്കിയിരിക്കുന്നു. സകലമേഖലകളിലുമെന്ന പോലെ വിദ്യാഭ്യാസത്തിലും പൊതുമേഖല നിശ്ചലമായിക്കൊണ്ട് മെല്ലെ മെല്ലെ അവിടേക്ക് കോര്‍പ്പറേറ്റ് ശക്തികള്‍ പിടിമുറുക്കാന്‍ തുടങ്ങിയതും 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലടങ്ങിയ സ്വകാര്യവല്‍ക്കരണ നയങ്ങളുടെ പ്രത്യക്ഷത്തിലെ കാഴ്ചകളാണ്.

ഈ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിയമാനുസൃത അംഗീകാരം എന്നോ legislative culmination എന്നോ വിളിക്കാവുന്ന ഒന്ന് ആണ് വി ബി എസ് എ 2025 ബില്ലില്‍ കൂടി നാം കാണുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതലായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും, ഫെഡറലിസവും സ്ഥാപനങ്ങള്‍ക്കുളള അക്കാദമിക് സ്വയം ഭരണാവകാശവും പാടേ ഇല്ലാതാക്കുന്നതും, കോര്‍പ്പറേറ്റിസവും കച്ചവടവല്‍ക്കരണവും ത്വരിതപ്പെടുത്തുന്നതും, ഹിന്ദുത്വ ആശയങ്ങള്‍ക്ക് വിത്തുപാകുന്നതും ആണ് ഒറ്റ നോട്ടത്തില്‍ ഈ ബില്ലിലെ വ്യവസ്ഥകള്‍.

ചോദ്യം ചെയ്യാനോ വിമര്‍ശനങ്ങള്‍ ഉയര്‍ത്താനോ പ്രാപ്തി ഇല്ലാത്ത ഒരു തലമുറയെ യഥാര്‍ത്ഥത്തില്‍ 'അക്കാദമിക് ഡീ- ജെനറേഷന്' വിധേയമാക്കുന്ന പ്രക്രിയയാണിത്. ഒട്ടുമേ പ്രത്യുല്‍പാദനപരമല്ലാത്ത ഒരു വിദ്യാഭ്യാസ പ്രക്രിയ കൊണ്ട് എന്തുണ്ട് കാര്യം എന്ന നമ്മുടെ കനത്ത ആശങ്കയുണ്ടല്ലോ. അതാണ് അവരുടെ വലിയ സാധ്യത. പുരോഗമന പക്ഷത്തിന്റെ ഇത്തരം ആശങ്കകളെ ലാഭം കൊയ്യാനായി ഉപയോഗിക്കാമെന്നതാണ് പ്രതിലോമ പക്ഷത്തിന്റെ എപ്പോഴത്തേയും വലിയ ആശ്വാസം. അതിനാല്‍ പുരോഗമന മൂല്യങ്ങളെ തട്ടി മാറ്റി ഇന്ത്യന്‍ നോളജ് സിസ്റ്റം (IKS) പഠിപ്പിക്കണമെന്ന് പറയുന്നു. വിവിധ ഭാഷയും സംസ്‌കാരവും, ജാതിയും മതവും, ആചാരവും വിശ്വാസവും ഒക്കെയാല്‍ നിറഞ്ഞ വൈവിധ്യങ്ങളുടെ ഇന്ത്യയ്ക്കകത്ത് നാനാത്വത്തെ തകര്‍ത്ത് ഏകത്വം പ്രോത്സാഹിപ്പിക്കുകയാണ് ഈ ബില്ലിലെ വ്യവസ്ഥ. 'നാനാത്വത്തില്‍ ഏകത്വം' എന്നത് മാറ്റി 'നാനാത്വമേ ഇല്ലാതാക്കി ഏകത്വം' എന്ന നിലയില്‍ കാര്യങ്ങള്‍ വരുന്നു.

വി ബി എസ് വി പി (വികസിത് ഭാരത് ശിക്ഷാ വിനിമയന്‍ പരിഷത്), വി ബി എസ് എം പി (വികസിത് ഭാരത് ശിക്ഷാ മനക് പരിഷത്), വി ബി എസ് ജി പി (വികസിത് ഭാരത് ശിക്ഷാ ഗുണവത്ത പരിഷത്ത്) എന്നിവയും വി ബി എസ് എ യുടെ മൂന്ന് പ്രത്യേകാധികാര കൗണ്‍സിലുകള്‍ ആയി വ്യവസ്ഥ ചെയ്യുന്നുണ്ട്. ആദ്യത്തേത് ദേശീയ തലത്തില്‍ ഉള്ള റഗുലേറ്ററി കൗണ്‍സിലും, രണ്ടാമത്തേത് ഔട്ട്കം-യോഗ്യത-മിനിമം സ്റ്റാന്‍ഡേര്‍ഡ്‌സ് തുടങ്ങിയവ നിശ്ചയിക്കാന്‍ ഉളള കൗണ്‍സിലും, മൂന്നാമത്തേത് അക്രഡിറ്റേഷന്‍ കൗണ്‍സിലും ആണ്.

യഥാര്‍ത്ഥത്തില്‍ യു ജി സി, എ ഐ സി ടി ഇ, എന്‍ സി ടി ഇ എന്നിവ ഇല്ലാതായി. വി ബി എസ് എ എന്ന ഒറ്റ സമിതി വരുന്നു എന്ന് മാത്രമല്ല സംസ്ഥാന സര്‍വ്വകലാശാലകള്‍ക്കും അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും ഉള്ള ഗ്രാന്റ് അനുവദിക്കല്‍ (ഫണ്ടിങ്) എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് പൂര്‍ണ്ണമായും കേന്ദ്രം പിന്‍മാറുന്നു എന്ന് വ്യക്തം. 'സെന്‍ട്രല്‍ ഗ്രാന്റ്‌സ്' പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നു എന്നത് മാത്രമല്ല പത്ത് മുതല്‍ എഴുപത്തി അഞ്ച് ലക്ഷം വരെ രൂപ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴയിടാനും വി ബി എസ് എ അധികാരം നേടിയെടുക്കുന്നു. ഒരു കാലത്തെ 'funding agency' ക്ക് പകരം 'fine levying agency'യിലേക്ക് ഉള്ള മാറ്റം പ്രകടമാകുന്നു എന്ന് ചുരുക്കം.

പുതിയ ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേരവകാശികള്‍ എല്ലാം കേവലമായ ഫെസിലിറ്റേറ്റേഴ്‌സ് മാത്രമായി മാറുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ക്കും യാതൊരു ജനാധിപത്യ അവകാശവും പ്രദാനം ചെയ്യുന്നില്ല ഈ ബില്‍. തൊഴില്‍ നിയമങ്ങളാകെ അട്ടിമറിക്കുന്ന പുതിയ ലേബര്‍ കോഡ് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. സംസ്ഥാനങ്ങളുടെ പൂര്‍ണാധികാരത്തില്‍ നിന്ന് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറിയ വിദ്യാഭ്യാസം ഇനിയങ്ങോട്ട് പരിപൂര്‍ണമായും കേന്ദ്ര ലിസ്റ്റിലേക്ക് മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ഒന്നാണ് അധികാര കേന്ദ്രീകരണം ഊട്ടിയുറപ്പിക്കുന്ന ഈ ബില്‍. പന്ത്രണ്ടംഗ സമിതിയുടെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാറില്‍ എന്ന് വന്നാല്‍ അതില്‍ എന്ത് താല്‍പര്യമാണ് പ്രതിഫലിക്കാന്‍ പോകുന്നത് എന്ന് വലിയ തല പുകച്ചിലില്ലാതെ തന്നെ നമുക്ക് ബോധ്യപ്പെടും.

തീര്‍ച്ചയായും ഈ ബില്‍ എതിര്‍ക്കപ്പെടണം. സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍, ഉന്നതവിദ്യാഭ്യാസത്തിന്റെ പുരോഗമന ഗുണ നിലവാരം എന്നിവയ്ക്ക് മുന്‍ തൂക്കം നല്‍കി രൂപീകരിക്കുന്ന സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലുകള്‍ക്ക് തന്നെയാകണം അതതിടങ്ങളില്‍ അധികാരം. ഇന്ത്യയാകെ വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍ എന്ന ഒറ്റ കമ്മീഷന്‍ വാങ്ങി വെച്ച് വിളമ്പി വാരി ചവച്ച് ഇറക്കിത്തരുന്നത് ആണ് പരമമായത് എന്ന് നമ്മള്‍ അംഗീകരിച്ച് കൂടാ. സംസ്ഥാന കൗണ്‍സിലുകള്‍ക്ക് തന്നെയാകണം പ്രാധാന്യം. യഥാര്‍ത്ഥത്തില്‍ കേന്ദ്രതലത്തില്‍ വേണ്ടത് ഹയര്‍ എഡ്യുക്കേഷന്‍ ഗ്രാന്റ്‌സ് കൗണ്‍സില്‍ ആണ്. നമ്മുടെ നികുതി പണത്തിന്റെ വിഹിതമായി നമുക്ക് നല്‍കാന്‍ ഉള്ളത് നിഷേധിക്കുകയല്ല; ഹയര്‍ എഡ്യുക്കേഷന്‍ ഗ്രാന്റ്‌സ് കൗണ്‍സില്‍ അതിന് വേണ്ടിയാകണം. സംസ്ഥാനങ്ങളെ പങ്കാളികളായി കാണണം; ആജ്ഞകള്‍ നല്‍കിയാല്‍ അനുസരിച്ച് തലയാട്ടുന്ന കീഴ്ഘടകമായല്ല ഫെഡറല്‍ അധികാര വ്യവസ്ഥയില്‍ സംസ്ഥാനങ്ങളെ കേന്ദ്രം കാണേണ്ടത്.

ഈ പേടിപ്പിച്ച് അനുസരിപ്പിക്കല്‍ തന്ത്രം നിയമാനുസൃതമാക്കുന്ന വി ബി എസ് എ ബില്‍-2025 അക്കാദമിക് സമൂഹം മാത്രമല്ല; ജനാധിപത്യ സമൂഹമാകെ ഒന്നിച്ച് എതിര്‍ക്കണം. വലിയ വിദ്യാഭ്യാസ- രാഷ്ട്രീയ-സാംസ്‌കാരിക സമരങ്ങള്‍ അതിനായി രൂപപ്പെടുത്തുക എന്നതാണ് നമ്മുടെ അടിയന്തിര ലക്ഷ്യം.

സംഘടനാ വാര്‍ത്തകള്‍

ചെകുത്താനും കടലിനുമിടയില്‍

<