കെ.ജി.ഒ.എ ന്യൂസ്
news-details
കവിത

കനല്‍മണ്ണിലെ മഴപക്ഷി

ആകാശത്തിലെ കറുത്ത പുക

ചുരുളുകള്‍ക്കിടയില്‍

അവള്‍ തിരയുന്നത് മഴ മേഘങ്ങളെയാണ്.

ബോംബുകള്‍ വിതറുന്ന കനല്‍ മഴയല്ല,

ഭൂമിയെ തണുപ്പിക്കുന്ന സ്‌നേഹ മഴ.

ഇരുണ്ട മേഘങ്ങള്‍ മാനത്ത് വിരിയുമ്പോള്‍

അവളുടെ ഉള്ളില്‍ അനുരാഗം വിരിയുന്നു.

മാനത്ത് പറക്കുന്ന യുദ്ധ വിമാനങ്ങളല്ല,

മഴ മേഘങ്ങളാണ് തന്റെ പ്രിയനെന്ന്

അവള്‍ കരുതുന്നു.

'എന്റെ പ്രിയപ്പെട്ട മഴ മേഘമേ, നീ പെയ്യുമ്പോള്‍

ഈ വെടിയുണ്ടകള്‍ അലിയുമോ?

നിന്റെ ഇടിമുഴക്കത്തില്‍ ഈ സ്‌ഫോടന ശബ്ദം

എന്നെന്നേക്കുമായി നിലച്ചു പോകുമോ?

തകര്‍ന്നു വീണ ജനാലയ്ക്കരുകില്‍ നിന്ന്

കൊണ്ട് അവള്‍ ആകാശത്തോട് ചോദിക്കുന്നു.

അവളുടെ കണ്ണുനീര്‍ തുള്ളികള്‍ക്ക്

മഴത്തുള്ളികളുടെ ഗന്ധമാണ്.

ഓരോ മിന്നല്‍ പിണറിലും അവള്‍ കണ്ടത്

ആകാശത്തിന്റെ പ്രണയ തിളക്കമാണ്.

ഭയത്തിന്റെ പുക പടലങ്ങള്‍ക്കിടയിലും

മേഘങ്ങളെയവള്‍ മാറോട് ചേര്‍ക്കുന്നു.

ചുറ്റും വീഴുന്ന അഗ്‌നി പടലങ്ങള്‍ കണ്ട്

പേടിച്ച് വിറയ്ക്കുന്ന ഹൃദയത്തില്‍

മഴയുടെ തണുത്ത സ്പര്‍ശനത്തിനായി

അവള്‍ കാത്തിരിക്കുന്നു.

ചുറ്റുമുള്ള ചോര മണം

മഴപെയ്തുണര്‍ത്തുന്ന മണ്‍ മണത്തില്‍

അലിഞ്ഞു തീരുമെന്ന് അവള്‍ വിശ്വസിക്കുന്നു.

ഓരോ മഴ തുള്ളിയും അവള്‍ക്ക് ചുംബനങ്ങളാണ്.

വേദനകള്‍ കഴുകി തുടയ്ക്കുന്ന സ്വര്‍ഗീയ ബിന്ദുക്കള്‍.

യുദ്ധമില്ലാത്തൊരു ലോകത്തെ, മഴമേഘങ്ങളെ

പ്രണയിച്ച ഗാസയിലെ പെണ്‍കുട്ടി,

ഇന്നും കാത്തിരിക്കുന്നു.

കനല്‍ മണ്ണിലെ മഴ പക്ഷിയായി...

പ്രിയപ്പെട്ട മേഘങ്ങളെ, നിങ്ങളെന്നും

അവളെ തഴുകുക.

ഈ ഭൂമി അവള്‍ക്ക് കനല്‍ മാത്രം നല്‍കുമ്പോള്‍,

നിങ്ങളുടെ തണുപ്പില്‍ അവളൊന്നു മയങ്ങട്ടെ,

യുദ്ധമില്ലാത്തൊരു പ്രണയ ലോകത്തെ

സ്വപ്‌നം കണ്ട് കൊണ്ട്.

മീരയുടെ കോളം

ലോകകപ്പ് ഫുട്‌ബോള്‍ മായുന്നോ, ഇറ്റലി

<