2025-26 സാമ്പത്തികവര്‍ഷത്തെ ബജറ്റ് അവതരണത്തിന്റെ തലേദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കേരളത്തിന്റെ സവിശേഷതകള്‍ നേട്ടങ്ങളെന്ന നിലയില്‍ തന്നെ എടുത്തു പറഞ്ഞിരിക്കുന്നു. കേരളത്തിന്റെ ജനകീയപ്രവര്ത്തനങ്ങളെയും ജനകീയ സ്വഭാവത്തോടെ ശക്തമാക്കിയിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെയും റിപ്പോര്‍ട്ട് അഭിനന്ദിക്കുന്നുണ്ട്.
കേരളത്തെ സംബന്ധിക്കുന്ന മൂന്ന് കാര്യങ്ങളാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് മാതൃക എന്നനിലയില്‍ എടുത്തു പറഞ്ഞത്. അവയിലൊന്ന്, സുസ്ഥിര വികസനത്തിനായി സാമൂഹികാടിസ്ഥാനത്തിലുള്ള ഫലപ്രദമായ ഇടപെടലാണ്. ഇത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നു. പ്രാദേശിക വികസനത്തിനുള്ള പദ്ധതികളില്‍ കേരളത്തിലെ തദ്ദേശസ്വയംഭരണവകുപ്പും കിലയും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമങ്ങളിലെ വികസനമുള്‍പ്പെടെ അന്തര്‍ദ്ദേശീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് കേരളത്തില്നടക്കുന്നത്. വീട്, കുടിവെള്ളം, വൈദ്യുതി, കക്കൂസ് തുടങ്ങിയവയ്ക്ക് കേരളം പ്രാധാന്യം നല്കുന്നു. താഴെത്തട്ടിലുള്ള ജീവിത ഗുണനിലവാരത്തിന്റെ പുരോഗതിക്ക് ഇത് സഹായകമാണ് - റിപ്പോര്‍ട്ട് പറയുന്നു. രണ്ട്, സ്വയം സഹായ സംഘങ്ങള്‍ക്ക് കാര്‍ഷിക ആവശ്യത്തിനായി ഭൂമി പണയത്തിനെടുക്കാവുന്ന സംവിധാനമാണ്. മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ കൃഷിക്കായി ഈ ഭൂമി ഉപയോഗിക്കാം എന്നത് ജനകീയ കൂട്ടായ്മയുടെ നൂതനമായ ഒരു സംരംഭമാണ്. മണ്ണിന്റെ ഫലഭൂയിഷ്ടതയ്ക്കും ഇത് പ്രയോജനപ്പെടുന്നതായി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. മൂന്നാമതായി, ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യനിര്‍മാര്‍ജ്ജന സംവിധാനമാണ് പ്രശംസിക്കപ്പെട്ടിരിക്കുന്നത്. 4600 വീടുകളും 500 സ്ഥാപനങ്ങളും ഇവിടെ ഹരിതകര്‍മ്മ സേനയുടെ കീഴിലാണ്. സ്ത്രീകള്‍ക്ക് തൊഴില്‍, വൃത്തിയുള്ള പരിസരം, പരിസ്ഥിതിയുടെ പരിപാലനം എന്നിങ്ങനെ എടുത്തുപറയേണ്ട നേട്ടങ്ങള്‍ ഇക്കാര്യത്തിലുള്ളതായി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. സാമ്പത്തിക സര്‍വേയില്‍ കേരളത്തെ അഭിനന്ദിക്കുമ്പോള്‍ തന്നെ, റിപ്പോര്‍ട്ട് പുറത്തു വന്നതിനു തൊട്ടടുത്ത ദിവസം പാര്‍ലമെന്റില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബഡ്ജറ്റ് കേരളത്തെ പൂര്‍ണ്ണമായി അവഗണിക്കുന്നു. 2025 ഫെബ്രുവരി ഒന്നാം തീയതി പാര്‍ലമെന്റില്‍ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഇവിടെ കേരളത്തിലിരുന്നുകൊണ്ട് മുതിര്‍ന്ന സാഹിത്യകാരന് ടി പത്മനാഭന് ചോദിക്കേണ്ടിവന്നു: 'എനിക്കൊരു സംശയം, കേരളം ഇന്ത്യയിലാണോ?' കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ കേരളത്തോടു കാണിച്ച അവഗണനയുടെ ആഴമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ബജറ്റില്‍ പരാമര്‍ശിക്കുന്നതും പ്രഖ്യാപിക്കുന്നതുമായ കാര്യങ്ങള്‍ക്ക് തന്നെയും പിന്നീട് പരിശോധനയോ തുടര്‍ച്ചയോ ഉണ്ടാകുന്നില്ല എന്നതാണ് സവിശേഷത. ഉദാഹരണത്തിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന്, 2024 ജൂലൈ മാസം അവതരിപ്പിച്ച ബജറ്റില്‍, തൊഴിലിനും നൈപുണ്യ വികസനത്തിനും പ്രാമുഖ്യം നല്‍കുമെന്ന് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ പാക്കേജുകള്‍ എന്ന നിലയില്‍ അഞ്ചു പദ്ധതികള്‍ ധനകാര്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതേക്കുറിച്ചൊന്നും ഇത്തവണത്തെ ബഡ്ജറ്റ് ഒന്നും സൂചിപ്പിക്കുന്നില്ല. പ്രഖ്യാപനങ്ങള്‍ക്ക് തുടര്‍ച്ചയോ വിലയിരുത്തലോ ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അതേസമയം, കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കും എല്ലായ്പോഴും നേതൃത്വം നല്‍കിയത് ജനകീയഇടപെടലും അവയുടെ തുടര്‍ച്ചയുമാണ് എന്ന് കാണാം. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല. കേരളത്തെ രാജ്യത്ത് വ്യത്യസ്തമാക്കി നിലനിര്‍ത്തുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ജനകീയസംരംഭങ്ങളാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയവയില്‍ കേരളത്തെ ഒന്നാമതാക്കുന്ന ഘടകങ്ങള്‍ നവോത്ഥാനാനന്തരം കേരളം നടത്തിയ തുടര്‍ച്ചയായ ജനകീയ ഇടപെടലുകളാണ്. അക്കൂട്ടത്തില്‍, സമ്പൂര്‍ണ സാക്ഷരതായജ്ഞവും ജനകീയാസൂത്രണവും കുടുംബശ്രീ പ്രസ്ഥാനവും ഉള്‍പ്പെടുന്നു.
വിജ്ഞാന കേരളം ജനകീയ കാമ്പയിനിലൂടെ, നവകേരളത്തിലേക്കുള്ള യാത്രയെ വീണ്ടും ജനകീയതയില്‍ ഊന്നിന്നിന്നുകൊണ്ട് അഭിസംബോധന ചെയ്യുകയാണ് കേരളം. വിജ്ഞാനസമ്പദ്ഘടനയില്‍ അധിഷ്ഠിതമായ സമൂഹ നിര്‍മ്മിതി എന്ന ആശയത്തിന് 2021 ലെ ബജറ്റില്‍ കേരളം ഇടം നല്കി. അത് യഥാര്‍ഥ്യമാക്കാന്‍ കേരള നോളെജ് ഇക്കോണമി മിഷന് പിണറായിസര്‍ക്കാര്‍ രൂപം നല്‍കുകയും ചെയ്തു. വിജ്ഞാനം ആര്‍ജ്ജിക്കുന്നതോടൊപ്പം വിജ്ഞാനത്തിന്റെ ഉത്പാദനവും വിതരണവും വിജ്ഞാനസമ്പദ് ഘടനയെ ശക്തിപ്പെടുത്താന്‍ അനിവാര്യമാണ്. വിജ്ഞാനത്തിന്റെ പ്രയോഗം സാധ്യമാവണം. അത് പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ സഹായകമാകുന്നത്തോടെ വിജ്ഞാനസമൂഹത്തിലേക്ക് അടുക്കുക എളുപ്പമാകും. ആഗോളതലത്തില്‍ യഥാര്ഥ്യമായിക്കഴിഞ്ഞ വിജ്ഞാനസമ്പദ് ഘടനയെ അവഗണിച്ചുകൊണ്ടോ നിരാകരിച്ചുകൊണ്ടോ ഉള്ള വികസനനയം കാലാനുസൃതമല്ലെന്ന തിരിച്ചറിവാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ സവിശേഷത. എന്നാല്‍, ആഗോളമുതലാളിത്തം വിജ്ഞാനത്തെ കേന്ദ്രീകരിച്ചുള്ള കുത്തകവല്‍ക്കരണത്തിനാണ് ശ്രമിക്കുക. കേരളമാകട്ടെ, വിജ്ഞാനസമ്പദ് ഘടന വിജ്ഞാനത്തിന്റെ വികേന്ദ്രീകൃതമായ പ്രയോഗത്തില്‍ അധിഷ്ഠിതമവണമെന്ന നയത്തെ മുന്നോട്ട് വയ്ക്കുന്നു. അതുകൊണ്ടുതന്നെ, സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പ്രശംസിച്ച കേരളത്തിന്റെ പ്രത്യേകതയായ ജനകീയ ഇടപെടലിന് വിജ്ഞാനസമൂഹനിര്മ്മിതിയിലും പ്രാധാന്യം നല്കുന്ന സമീപനം കേരളം സ്വീകരിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വവും അവയുടെ ശക്തിപ്പെടുത്തലും പരസ്പര പൂരകമായി ഇക്കാര്യത്തിലും കേരളം കാണുന്നു. വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍, ഒന്നാമതായി പരിഗണിക്കേണ്ടതും പരിഹരിക്കേണ്ടതും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ് എന്ന തിരിച്ചറിവ് നമുക്കുണ്ട്. വിദ്യാഭ്യാസത്തിലെ, വിശേഷിച്ച് ഉന്നതവിദ്യാഭ്യാസത്തിലെ മുന്നാക്കാവസ്ഥ നമ്മുടെ നാട്ടില്‍ വിദ്യാസമ്പന്നരായ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനു ഒരു കാരണമാണ്. സര്‍വ്വദേശീയതലത്തില്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ അശാസ്ത്രീയത തൊഴില്‍ നഷ്ടത്തിനും തൊഴില്‍ അവസരങ്ങള്‍ കുറയുന്നതിനും കാരണമാകുന്നുണ്ടല്ലോ. ഇന്ത്യയിലാകട്ടെ, 2024 സെപ്റ്റംബറില്‍ പുറത്തുവന്ന പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ (ജഘഎട) റിപ്പോര്‍ട്ട് അനുസരിച്ച് 15 വയസിനും 29 വയസ്സിനുമിടയില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ 10.2% വര്‍ദ്ധിച്ചിരിക്കുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം ബിരുദധാരികളുടെ തൊഴിലില്ലായ്മയാകട്ടെ, 13% ആണ്. എന്നിട്ടും 2024 ജൂലൈയില്‍ കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ പറഞ്ഞ, 4.1 കോടി യുവജനങ്ങള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനായി അഞ്ചു വര്‍ഷത്തേക്ക് രണ്ടു ലക്ഷം കോടി രൂപ വകയിരുത്തുമെന്ന പ്രഖ്യാപനത്തെ തിരിഞ്ഞുനോക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ഫെബ്രുവരി 1-ന് അവതരിപ്പിച്ച ബജറ്റില്‍ ഇക്കാര്യം പാടേ അവഗണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനസര്‍ക്കാര്‍, അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകരെ കണ്ടെത്താനും അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി സ്വകാര്യമേഖലയില്‍ രൂപപ്പെടുന്ന നവ തൊഴിലുകളില്‍ അവരെ എത്തിക്കാനും തയ്യാറാവുന്നത്. അത്തരം തൊഴിലുകള്‍ക്ക് അനിവാര്യമായ നൈപുണ്യ പരിശീലനം നല്‍കിക്കൊണ്ട് തൊഴില്‍ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇതിനും മുന്‍ കാലങ്ങളിലേതുപോലെ ജനകീയ ഇടപെടല്‍ മാതൃക തന്നെ കേരളം അവതരിപ്പിക്കുന്നു. തൊഴില്‍ അന്വേഷകരെ കണ്ടെത്താനും അവര്‍ക്ക് കുറവുള്ള നൈപുണ്യം എന്താണെന്ന് പരിശോധിക്കാനും അത് പരിശീലിപ്പിച്ച് അവരെ തൊഴില്‍ സജ്ജരാക്കാനും സന്നദ്ധപ്രവര്‍ത്തനത്തിന്റെ ജനകീയ മാതൃകയിലേക്ക് കേരളം കടക്കുകയാണ്. വിജ്ഞാകേരളം ജനകീയ കാമ്പയിന് ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലിന് അവസരമൊരുക്കുന്നു. അക്കാദമിക വിദഗ്ദ്ധരും സര്‍വീസില്‍ നിന്ന് വിരമിച്ചവരും വ്യവസായിക രംഗത്തെ വിദഗ്ദ്ധരും സന്നദ്ധപ്രവര്‍ത്തകരായി മാറുന്ന മാതൃകയാണിത്. സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെ ജനകീയ സമിതികള്‍ രൂപീകരിച്ചുകൊണ്ടാണ് ഇത് യഥാര്‍ഥ്യമാക്കുക. റിസോഴ്സ് പെഴ്സന്മാരും പ്രൊഫഷണല്‍ കമ്മ്യൂണിറ്റി മെന്റര്‍മാരും ഉള്‍പ്പെടെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ അണിനിരക്കുന്ന സംരംഭമാണിത്.