തീവ്ര വംശീയവാദിയും വര്‍ണവിദ്വേഷത്തിന്റെയും കുടിയേറ്റ വിരോധത്തിന്റെയും പ്രചാരകനുമായ ഡൊണാള്‍ഡ് ട്രംപ് 2025 ജനുവരി 20-ന് നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 47-ാമത് അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും അധികാരമേറ്റു. അമേരിക്ക നേരിടുന്ന ഗുരുതര രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളുടെ പ്രതിഫലനമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓരോ നടപടിയിലും തെളിഞ്ഞു കാണുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതും യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങള്‍ക്കു പോലും സഹിക്കാനാകാത്ത തരത്തില്‍ വ്യാപാരയുദ്ധം മൂര്‍ച്ചിപ്പിക്കുന്നതുമാണ് പ്രതിഷേധത്തിനിടയാക്കുന്ന പുതിയ നടപടികള്‍. ഇതൊന്നും അപ്രതീക്ഷിതമല്ല. തീവ്ര വലതുപക്ഷവും കാലാകാലങ്ങളായി പറഞ്ഞു വരുന്ന കാര്യമാണ്. ട്രംപിന്റെ രണ്ടാം സര്‍ക്കാര്‍ നാടുകടത്തിയ ആദ്യ ഇന്ത്യക്കാരുമായി യു.എസ്. സേനാവിമാനം ബുധനാഴ്ച പഞ്ചാബിലിറങ്ങി. 18,000 ഇന്ത്യക്കാരാണ് ഉടന്‍ പുറത്താക്കപ്പെടുമെന്ന ഭീഷണി നേരിടുന്നത്.
യൂറോപ്യന്‍ വെള്ളക്കാര്‍ തദ്ദേശീയരെ വംശഹത്യ ചെയ്ത് സ്വന്തമാക്കിയ അമേരിക്കയില്‍ നിന്നും 'അനധികൃത' കുടിയേറ്റക്കാരെ നാടുകടത്തുന്ന പരിപാടി പതിറ്റാണ്ടുകളായുണ്ട്. എന്നാല്‍ രാഷ്ട്രീയ താല്‍പ്പര്യത്തോടെ കൊട്ടും കുരവയുമായി സാധാരണ മനുഷ്യരെ പുറത്താക്കുന്നത് ആദ്യമായി ട്രംപാണെന്നു മാത്രം. ട്രംപിന്റെ പൂര്‍വികരെപ്പോലെ 'അമേരിക്കന്‍ സ്വപ്‌ന'ങ്ങളുമായി കുടിയേറിയവരെ അല്‍പ്പം പോലും മനുഷ്യത്വമില്ലാതെ വിലങ്ങണിയിച്ച് സൗകര്യങ്ങളില്ലാത്ത സൈനിക വിമാനങ്ങളില്‍ കുത്തിനിറച്ചും മറ്റുമാണ് ഇപ്പോഴത്തെ നാടുകടത്തല്‍.
രണ്ടാമൂഴത്തിലെ ആദ്യ പ്രസംഗത്തില്‍ പ്രഖ്യാപിച്ച എല്ലാ നയങ്ങളും നിര്‍ദേശങ്ങളും അമേരിക്കയുടെ മാത്രമല്ല ലോകരാഷ്ടങ്ങളുടെയാകെ സാമ്പത്തിക, സാമൂഹ്യ, സമാധാന, ആഗോള മേല്‍ക്കോയ്മ ശക്തിപ്പെടുത്തുന്നതിനും അമേരിക്കയ്ക്ക് ഭീഷണിയായി വളര്‍ന്നുവരുന്ന ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഒതുക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങളാണ് ഓരോ പ്രഖ്യാപനത്തിനു പിന്നിലും. സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം കുറയ്ക്കുന്നതിനായി മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുങ്കവും നികുതികളും വര്‍ധിപ്പിച്ച് ലോകത്തെ വ്യാപാര യുദ്ധത്തിലേക്ക് തള്ളിവിടുകയാണ്. ചൈന, റഷ്യ എന്നിവയോട് മാത്രമല്ല ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോടും ട്രംപിന്റെ സമീപനം ആക്രമണോത്സുകമായിരിക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അധികാരമേറ്റ ഉടന്‍തന്നെ അമ്പതിലേറെ എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ് നടപ്പാക്കിയത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നുമുള്ള പിന്‍മാറ്റം, കുടിയേറ്റ നിയന്ത്രണം, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍, ജന്മാവകാശ പൗരത്വം റദ്ദാക്കല്‍ തുടങ്ങിയവ വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട യു.എന്‍. ഏജന്‍സികളും ശാസ്ത്രലോകവും നല്‍കുന്ന മുന്നറിയിപ്പുകളെ വിവേകത്തോടെ കാണാത്ത ഭരണാധികാരിയാണ് ട്രംപെന്ന് വീണ്ടും തെളിയിച്ചിരിക്കയാണ് പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഭീഷണി അമേരിക്ക നേരിട്ടുകൊണ്ടിരിക്കെയാണ് ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, കാട്ടുതീ, പ്രളയം, പകര്‍ച്ചവ്യാധികള്‍, അന്തരീക്ഷ മലിനീകരണം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രലോകം നല്‍കിയ മുന്നറിയിപ്പുകളെ ലാഘവത്തോടെ തള്ളിക്കളയുന്നത്. അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര എണ്ണക്കമ്പനി ഉടമകള്‍ക്ക് കൊള്ളലാഭത്തിന് അവസരമുണ്ടാക്കുന്നതിനാണ് ഈ പിന്‍മാറ്റം. പകര്‍ച്ചവ്യാധികളും അപൂര്‍വ രോഗങ്ങളും അമേരിക്കയില്‍ ഉള്‍പ്പടെ ലോകത്തിന്റെ പല ഭാഗത്തും പടര്‍ന്നുപിടിക്കുന്ന ഘട്ടത്തിലാണ് ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറി അതിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തിവയ്ക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പോടുകൂടി രൂപപ്പെട്ട അമേരിക്കന്‍ രാഷ്ട്രീയം ട്രംപിന്റെ തന്‍പോരിമ രാഷ്ട്രീയത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ്. പൊതുവില്‍ത്തന്നെ അമേരിക്കന്‍ പ്രസിഡന്റ് പദവിയെക്കുറിച്ച് പറയുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ എക്‌സിക്യൂട്ടീവ് അധികാരമെന്നാണ്. അതോടൊപ്പം പാര്‍ട്ടിക്കു പുറമെ ഭരണത്തിന്റെ സര്‍വ മേഖലകളിലും ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യംകൂടി ട്രംപിന് ലഭിച്ചിരിക്കുന്ന അപകടകരമായ സാഹചര്യമാണിപ്പോള്‍. ഭരണം തന്റെ കൈപ്പടിയില്‍ ഒതുങ്ങിയെന്ന അഹന്തയാണ് കാനഡയോടും ഗ്രീന്‍ലാന്റ് വിഷയത്തിലും പനാമ കനാലിന്റെ കാര്യത്തിലും ട്രംപ് പ്രകടമാക്കുന്നത്. ഈ നിലപാട് ആഗോള തലത്തില്‍ ഭീതി വിതയ്ക്കുന്നത് തന്നെയാണ്.
മറ്റൊരു അപകടകരമായ നീക്കം ചൈനയുടെ കാര്യത്തിലാണ്. ചൈനയുടെ കയറ്റുമതിക്കു മേല്‍ അറുപത് ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ലോക സമ്പദ് വ്യവസ്ഥയെത്തന്നെ താളം തെറ്റിക്കും. ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും സാമ്പത്തിക സൈനിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള പ്രതിസന്ധി ആഗോള സമ്പദ് വ്യവസ്ഥയെയും സമാധാനത്തെയും വളരെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തില്‍ ഒരു സാമ്പത്തിക വിദഗ്ധര്‍ക്കും സംശയമില്ല. അധികാരമേറ്റെടുക്കുന്നതിന് മുന്‍പ് നടത്തിയ അന്തര്‍ദേശീയ മര്യാദകളെ ലംഘിക്കുന്ന പ്രഖ്യാപനങ്ങളും അധികാരമേറ്റെടുത്ത ശേഷം സ്വീകരിച്ച നടപടികളും ട്രംപിന്റെ രണ്ടാമൂഴം ലോകത്തിന് സമ്മാനിക്കുക ആശങ്കയുടെ ദിനങ്ങളാണെന്നതില്‍ സംശയമില്ല. ഗാസയില്‍ ഇനിയെന്ത്?
പതിനഞ്ച് മാസമായി ഗാസയില്‍ തുടരുന്ന വംശഹത്യക്ക് താല്‍ക്കാലിക വിരാമമാകുമെന്ന പ്രതീക്ഷ നല്‍കിയാണ് കഴിഞ്ഞ മാസം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമാകില്ലെന്ന പാഠം ഗാസയും ഓര്‍മ്മിപ്പിക്കുകയാണ്. ഹമാസിനെ തുടച്ചുനീക്കുക എന്ന ലക്ഷ്യം നെതന്യാഹുവിന് നേടാന്‍ കഴിയാത്തതുപോലെ ഇസ്രയേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യം ഹമാസിനും നേടാനായില്ല. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തിന്റെ ശേഷിപ്പായ 4.2 കോടി ടണ്‍ കല്ല്, കോണ്‍ക്രീറ്റ് അവശിഷ്ടം നീക്കം ചെയ്യാന്‍ പത്തു വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് നിഗമനം. അത്രയുംകാലം ഇസ്രയേല്‍ ഉപരോധം ഇല്ലാതിരിക്കുകയും വേണം. വീട്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിങ്ങനെ നിരത്തുകളെ അടയാളപ്പെടുത്തുന്ന യാതൊന്നും അവശേഷിക്കുന്നില്ല. വടക്കന്‍ ഗാസയുടെ 70 ശതമാനവും ഗാസ സിറ്റിയുടെ 74 ശതമാനവും ദെയര്‍ അലബലായുടെ 50 ശതമാനവും ഖാന്‍യൂനിസിന്റെ 55 ശതമാനവും റാഫയുടെ 48 ശതമാനവും തകര്‍ക്കപ്പെട്ടു. മുനമ്പിലെ 60 ശതമാനം വീടുകളും നിലംപൊത്തി. 88 ശതമാനം സ്‌കൂളുകളും 50 ശതമാനം ആശുപത്രികളും 68 ശതമാനം റോഡുകളും തകര്‍ക്കപ്പെട്ടു. 68 ശതമാനം റോഡുകളും തകര്‍ക്കപ്പെട്ടു. 68 ശതമാനം കൃഷിഭൂമിയും തുടര്‍ ആക്രമണത്തില്‍ നശിച്ചു. ഇസ്രയേല്‍ നേരത്തെ പ്രഖ്യാപിച്ചതുപോലെ ഗാസയെ ശിലായുഗത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. യു.എന്‍. കണക്കനുസരിച്ച് 4000 കോടി ഡോളര്‍ എങ്കിലും വേണം ഗാസയെ പുനര്‍നിര്‍മ്മിക്കാന്‍. ചുരുങ്ങിയത് 16 വര്‍ഷമെങ്കിലും ഇതിനായി എടുക്കും. ഇസ്രയേല്‍ ഉപരോധം തുടര്‍ന്നാല്‍ 350 വര്‍ഷമെങ്കിലുമെടുക്കുമെന്നും യു.എന്‍. തന്നെ കണക്കാക്കുന്നു. ബിസിനസ്സുകാരനായ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കണ്ണ് ഈ പുനര്‍ നിര്‍മ്മാണത്തിലും ഉണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എപ്പോള്‍ വേണമെങ്കിലും പൊട്ടിച്ചിതറാവുന്നതെങ്കിലും മറ്റൊരു വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഗാസ ഭരിക്കുന്ന ഹമാസും തമ്മിലുണ്ടായത് മാനവരാശി ആശ്വാസത്തോടെയാണ് കാണുന്നത്. എന്നാല്‍ ഈ സന്ദര്‍ഭം മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട പലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് അടിത്തറയാകുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ ഇനിയും രക്തപ്പുഴയൊഴുകും. ലോകത്തെയാകെ അശാന്തിയിലേക്ക് തള്ളിവിടുന്നതാകും ഈ മേഖലയിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍. അതിനാല്‍ ലോകരാഷ്ട്രങ്ങള്‍ തത്വത്തില്‍ അംഗീകരിക്കുകയും നയതന്ത്ര പരമാധികാര പാലസ്തീന്‍ രാഷ്ട്രം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ നീതിബോധമുള്ള ജനതകളാകെ ഉണര്‍ന്ന് തങ്ങളുടെ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണം.
പാലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടുന്ന വെസ്റ്റ്ബാങ്കില്‍ ഇപ്പോള്‍ ഏഴ് ലക്ഷത്തിലധികം ജൂത കുടിയേറ്റക്കാരുണ്ട്. ഇസ്രയേലിലെ ആകെ 10 ശതമാനം വരുമിത്. വെസ്റ്റ്ബാങ്കിലെ ഭൂമിയുടെ 40 ശതമാനം ഈ ജൂത കൈയ്യേറ്റക്കാരുടെ നിയന്ത്രണത്തിലാണ്. 1993ല്‍ ഓസ്ലോ കരാറിലൂടെ ജഘഛയെ പാലസ്തീന്‍ ജനതയുടെ പ്രതിനിധികളായി അംഗീകരിച്ച ഇസ്രയേല്‍ പിന്നീട് അതിനെ തകര്‍ക്കാനാണ് ഹമാസിനെ വളര്‍ത്തിയത്. ഓസ്ലോ കരാറിന്റെ പേരില്‍ രണ്ട് ഇസ്രയേലി നേതാക്കള്‍ക്കൊപ്പം സമാധാന നൊബേല്‍ പുരസ്‌കാരം സമ്മാനിക്കപ്പെട്ട പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ ഇസ്രയേലി സേനയുടെ തടങ്കലിലെന്ന പോലെ ഓഫീസിന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത വിധത്തിലായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും 2006ല്‍ നടന്ന പാലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍, പതിറ്റാണ്ടുകള്‍ അദ്ദേഹം നയിച്ച മതനിരപേക്ഷ പാര്‍ട്ടിയായ ഫത്തായെ തോല്‍പ്പിച്ചു ഭൂരിപക്ഷം നേടാന്‍ ഇസ്ലാമിക കക്ഷിയായ ഹമാസിന് വഴിയൊരുക്കിയത് ഇസ്രയേലാണ്. പിന്നീട് ഹമാസിന്റെ പേര് പറഞ്ഞായി അതിക്രമങ്ങള്‍. പലസ്തീന്‍ രാഷ്ട്രം അസാധ്യമാക്കുക മാത്രമാണ് ലക്ഷ്യം. ഹിറ്റ്‌ലറുടെ നാസിസത്തിന്റെ വര്‍ത്തമാന രൂപമാണ് ഇസ്രയേലി ഭരണകൂടത്തെ നയിക്കുന്ന സയണിസം. അതിനെതിരെ 1980-ല്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തിനെതിരെ ഉയര്‍ന്നപോലെ ഒറ്റക്കെട്ടായി ലോകജനതയുടെ പ്രതിഷേധം ഉയരണം.
ഈ സന്ദര്‍ഭത്തിലാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഗാസയെ ഏറ്റെടുത്ത് ടൂറിസം കേന്ദ്രമാക്കുമെന്നും പാലസ്തീന്‍കാര്‍ മറ്റെവിടെയെങ്കിലും മാറിത്താമസിക്കണമെന്നും നിര്‍ദ്ദേശിച്ച് രംഗത്തുവന്നത്. അമേരിക്കന്‍ പ്രസിഡന്റും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഈ പ്രസ്താവന എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇതിനെതിരെ അമേരിക്കയുടെ സഖ്യരാഷ്ട്രമായ സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ അമേരിക്കയുടെ ഈ ഏറ്റെടുക്കല്‍ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി രംഗത്തു വന്നുകഴിഞ്ഞു.
ഒരു കാര്യം ഉറപ്പിച്ചു പറയാം. പാലസ്തീന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകും. ആ രാജ്യം സ്വതന്ത്രമാകും. നീതിക്കുവേണ്ടി പൊരുതുന്ന പാലസ്തീന്റെ സ്വാതന്ത്ര്യം അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും അംഗീകരിക്കേണ്ടി വരും. ഇന്നല്ലെങ്കില്‍ നാളെ ഇസ്രയേലിന് ലോക മനസാക്ഷിക്കുമുമ്പില്‍ കണക്കു പറയേണ്ടിവരും. സ്വതന്ത്രപാലസ്തീന്‍ ഒരുനാള്‍ യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും.