വികസന വിഷയത്തില്‍ സമഗ്രമേഖകളിലും കേരളം അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഒപ്പം അന്ധവിശ്വാസങ്ങളുടെ ഇരുണ്ട കാലഘട്ടത്തിലേയ്ക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാനുളള ആസുത്രിതവും സംഘടിതവും അപകടകരവുമായ പരിശ്രമങ്ങളും നടക്കുന്നു. വികസന കുതിപ്പിന് പിറകില്‍ ഇടതുപക്ഷമെങ്കില്‍ അന്ധവിശ്വാസങ്ങളുടെ ചങ്ങലക്കെട്ടുകളില്‍ കേരള സമൂഹത്തെ ബന്ധനസ്ഥരാക്കാനുളള പരിശ്രമങ്ങള്‍ നടക്കുന്നത്, സംഘപരിവാര്‍ അവരുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമാം വിധം പരുവപ്പെടുത്തിയ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അന്തരീക്ഷത്തിലാണ്. രാജ്യത്തിലേയും കേരളത്തിലേയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ നേതാക്കളാകട്ടെ, കൂടോത്രങ്ങള്‍ക്ക് പിന്നാലെയാണ്. ശക്തമായി പ്രതിരോധിക്കേണ്ട മാധ്യമങ്ങളാകട്ടെ പ്രത്യക്ഷമായും പരോക്ഷമായും അന്ധവിശ്വാസങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം കൈക്കൊളളുന്നു. കാരണം അന്ധവിശ്വാസം വലിയ വിപണിയാണ്. ഒപ്പം മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സംഘപരിവാറിന്റെ ആധാരശിലയും.
നെയ്യാറ്റിന്‍കര ഗോപന്റെ സമാധി, ഷാരോണ്‍ വധം, പാലക്കാട് പോത്തുണ്ടിയിലെ ഇരട്ട കൊലപാതം., ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം എന്നു തുടങ്ങി കേരളം സമീപകാലത്ത് ചര്‍ച്ചചെയ്ത പല ക്രിമിനല്‍ പ്രവൃത്തികളുടേയും പിറകില്‍ സമൂഹത്തില്‍ രൂഢമൂലമായ അന്ധവിശ്വാസങ്ങള്‍ ഉണ്ട്. ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജോത്സ്യന്‍ ശംഖുമുംഖം ദേവീദാസനെ പൊലീസ് ചോദ്യം ചെയ്തു. കുഞ്ഞ് ദുര്‍ലക്ഷണമാണെന്ന ദേവിദാസന്റെ ജ്യോതിഷപ്രവചനത്തിന് കൊലയുമായി ബന്ധമുണ്ടോ എന്നതായിരുന്നു പൊലീസിന്റെ അന്വേഷണം. ുട്ടകച്ചവടം, പലചരക്ക് കട, കഥാപ്രസംഗം, കപ്പലണ്ടി കച്ചവടം എന്നുതുടങ്ങി ജീവിക്കാനായി ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞ ദേവീദാസന്‍ ഒടുവില്‍ വിജയിച്ചത് ജ്യോതിഷത്തിലാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള ന്യൂസ് 18 ചാനലിന്റെ ഡിജിറ്റല്‍ വിഭാഗത്തില്‍ നടത്തിയിരുന്ന 'സമ്പൂര്‍ണ്ണ വാരഫലം' എന്ന പംക്തിയാണ് അദ്ദേഹത്തെ തിരക്കേറിയ ഒരു ജ്യോത്സ്യനാക്കി മാറ്റിയത്. മുഖ്യധാരാമാധ്യമങ്ങള്‍ നടത്തുന്ന അന്ധവിശ്വാസ പ്രചാരണങ്ങള്‍ ആധുനിക കേരള സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തെന്ന് അറിയണമെങ്കില്‍ 2024 നവംബര്‍ 4-ലെ മാതൃഭൂമി ദിനപത്രത്തിലെ ഈ വരികള്‍ വായിച്ചാല്‍ മതി: 'പാറശാല സമുദായപ്പറ്റ് സ്വദേശിയായ ഷാരോണ്‍ രാജും തമിഴ്‌നാട്ടിലെ ദേവിയോട് സ്വദേശിനിയായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് ആര്‍മി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാരോണിനെ താലികെട്ടിയ ശേഷം കഷായത്തില്‍ വിഷം കലര്‍ത്തിയ ശേഷം കൊലപ്പെടുത്തിയത്'. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനായി തല്പര കക്ഷികള്‍ സ്വാമി വിവേകാനന്ദനേയും ശ്രീ നാരായണ ഗുരുവിനേയുമെല്ലാം വലിച്ചിഴയ്ക്കും. അവരുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കും. ജ്യോതിഷത്തെക്കുറിച്ചുളള സ്വാമി വിവേകാനന്ദന്റെ നിലപാട് ഇതായിരുന്നു:
'ഒരു നക്ഷത്രത്തിന് താറുമാറാക്കാന്‍ കഴിയുന്നതാണ് എന്റെ ജീവിതമെങ്കില്‍ അതിനു ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല. ജ്യോത്സ്യവും അതുപോലുളള അത്ഭുതവിദ്യകളും പൊതുവെ ദുര്‍ബല മനസ്സുകളുടെ ലക്ഷണമാണ്. അവ നിങ്ങളുടെ മനസ്സില്‍ പ്രബലമാകുന്നു എന്ന് കണ്ടാല്‍ ഉടനെ ഒരു ഡോക്ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ച് വിശ്രമിക്കുകയും വേണം.' (പേജ് 183, വോള്യം 8, വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം)
ജ്യോതിഷ പ്രചാരണത്തിനായി ശ്രീനാരായണ ഗുരുവിനെ ചാരുന്നവര്‍ ശ്രീനാരായണ വൈഖരിയിലെ ഈ ഭാഗം വായിച്ചിരിക്കണം: ഒരിക്കല്‍ തിരുവനന്തപുരത്തിനടുത്ത് ഗുരുദേവന്‍ ഒരു പ്രതിഷ്ഠ നടത്തി. ഏതു മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ എന്നറിയാന്‍ ഒരു പണ്ഡിതന് ആഗ്രഹം. ഗുരുവിനോട് തിരക്കി. 'അടി അളന്ന് നോക്കണം' എന്നായി ഗുരുദേവന്‍. പണ്ഡിതനും കാര്യം പിടികിട്ടിയില്ല എന്നു മനസ്സിലാക്കിയ ഗുരു വിശദീകരിച്ചു. 'പ്രതിഷ്ഠ കഴിഞ്ഞു. ഇനി അടി അളന്നു സമയം നിശ്ചയിച്ചു മുഹൂര്‍ത്തം കണ്ടുപിടിക്കാം. കുട്ടി ജനിച്ചതിന് ശേഷമാണല്ലോ ജാതകം എഴുതുക പതിവ്.' ജ്യോതിഷത്തോടുളള ഗുരുവിന്റെ മനോഭാവം ഇതില്‍നിന്ന് വ്യക്തമാവുന്നു; ഒപ്പം ബാഹ്യാചാരങ്ങളിലെ കഥയില്ലായ്മയും (പേജ് 71, ശ്രീനാരായണ വൈഖരി - ഡോ ടി ഭാസ്‌കരന്‍). ആലുവ അദ്വൈതാശ്രമത്തില്‍ ഒരു ഗുരുവചനം ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു: 'വിവാഹത്തിന് നക്ഷത്ര പൊരുത്തം നോക്കേണ്ടതില്ല. വിദ്യാഭ്യാസം, ധനം, വയസ്സ്, സൗന്ദര്യം, വയസ്സ്, സ്വഭാവ ഗുണം ഇവകള്‍ക്ക് പൊരുത്തമുണ്ടായാല്‍ വിവാഹം നടത്താം'. തൊണ്ണൂറുകളുടെ രണ്ടാം പാതിയോടെ കേരളത്തില്‍ ദൃശ്യമാധ്യമങ്ങള്‍ സജീവമായി. ഈ മാറ്റം അന്ധവിശ്വാസങ്ങളുടെ പ്രചാരണ രംഗത്തും പ്രതിഫലിച്ചു. കാലത്തിനൊത്ത് ജ്യോത്സ്യന്‍മാരും മാറി. പ്രേക്ഷകരെ ടി വി സ്‌ക്രീനിലേയ്ക്ക് ആകര്‍ഷിച്ച് പരിപാടികളുടെ റേറ്റ്ിംഗ് കൂട്ടി പരസ്യവരുമാനം വര്‍ദ്ധിപ്പിക്കാനുളള എളുപ്പവഴിയായിരുന്നു ടി വി ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍. മലയാള ടി വി ചാനലുകളില്‍ ഈ പരീക്ഷണത്തിന് തുടക്കമിട്ടത് രാജ്യത്തെ ആദ്യത്തെ സ്വകാര്യ സാറ്റലൈറ്റ് ടി വി ചാനലായ ഏഷ്യാനെറ്റ് ആയിരുന്നു. അക്കാലത്ത് ഏഷ്യാനെറ്റിന്റെ ഉടമസ്ഥന്‍ പുരോഗമന ചിന്താഗതിക്കാരനായ ശശികുമാറായിരുന്നു എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ രമാ ജ്യോതിഷാലയത്തിലെ ഒരു പ്രാദേശിക ജ്യോത്സനായിരുന്ന ആറ്റുകാല്‍ രാധാക്യഷ്ണന്‍. ഏഷ്യാനെറ്റില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന 'അനന്തം അജ്ഞാതം' എന്ന ജ്യോതിഷ പരിപാടി വളരെ പെട്ടെന്ന് ജനപ്രിയമായി. പതിവ് ആഴ്ച്ചാ പ്രവചനങ്ങള്‍ക്കും അപ്പുറം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. പത്രങ്ങളിലെ വാക്കുകള്‍ക്കുമപ്പുറത്തുളള ആകര്‍ഷണീയത ടി വി ദൃശ്യങ്ങള്‍ക്കുണ്ട്. ഈ സവിശേഷത പ്രയോജനപ്പെടുത്തി ആറ്റുകാല്‍ രാധാകൃഷ്ണന്‍ എന്ന ജ്യോത്സ്യന്‍ പെട്ടെന്ന് വളര്‍ന്നു. ജ്യോതിഷത്തോടൊപ്പം മാന്ത്രിക ഏലസ് വ്യവസായവും തുടങ്ങി. രോഗശമനത്തിന് ധന്വന്തരിയന്ത്രം, സകലകാര്യ സിദ്ധിക്ക് മഹാഗണപതിയന്ത്രം, ദാമ്പത്യ സുഖത്തിന് വീരഭദ്രയന്ത്രം എന്നിങ്ങനെ ആറ്റുകാല്‍ രാധാകൃഷ്ണന്റെ യന്ത്രങ്ങള്‍ ഭക്തിവിപണിയിലെ ആവശ്യക്കാര്‍ ഏറെയുളളതും വിപണി മൂല്ല്യമുളളതുമായ ഉല്പന്നങ്ങളായി മാറി. ആറ്റുകാല്‍ രാധാകൃഷ്ണന്റെ ജ്യോതിഷ വ്യവസായത്തിന്റെ കുത്തനെയുളള വളര്‍ച്ചയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ തട്ടിപ്പുകളും തുറന്ന് കാട്ടപ്പെട്ടു. ഒരടുത്ത ബന്ധുവിനെ കാണാതായപ്പോള്‍ ആറ്റുകാല്‍ രാധാകൃഷ്ണന്‍ കവടി നിരത്തുകയല്ല; പൊലീസില്‍ പരാതി നല്‍കുകയാണ് ചെയ്തത്. ലോകത്തെ എല്ലാ കാര്യങ്ങളും പ്രവചിക്കാന്‍ ശേഷിയുളള ആറ്റുകാല്‍ രാധാകൃഷ്ണന് എന്തുകൊണ്ടാണ് സ്വന്തം മകള്‍ എവിടെയാണെന്ന് പറയാന്‍ സാധിക്കാത്തത് എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു. പക്ഷെ മറുപടിയുണ്ടായില്ല. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ വിജയം നേടുമെന്ന് ആറ്റുകാല്‍ രാധാകൃഷ്ണന്‍ പ്രവചിച്ചു. പക്ഷെ ബി ജെ പി ദയനീയ പരാജയം ഏറ്റുവാങ്ങി. 2018-ല്‍ കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകില്ല എന്നതായിരുന്നു കാണിപ്പയൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ പ്രവചനം. സംഭവിച്ചത് മറിച്ചാണ്. ഇത്തരം വൈരുദ്ധ്യങ്ങള്‍ തെളിവുകള്‍ സഹിതം തുറന്നുകാട്ടപ്പെട്ടിട്ടും മാധ്യമങ്ങള്‍ക്കിന്നും ജ്യോതിഷം ഇഷ്ടപ്പെട്ട വിഭവമാണ്.
നെയ്യാറ്റിന്‍കരയിലെ മണിയന്‍ എന്ന ഗോപന്റെ മരണകാരണം അറിയണമെങ്കില്‍ കല്ലറ പൊളിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തണം. ഇതിനായുളള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. കല്ലറ തുറക്കാന്‍ അനുവദിക്കരുതെന്ന ഗോപന്റെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തളളി. ഹൈക്കോടതിയുടെ നിലപാടിന് പിന്നാലെ 'തുടര്‍ നിലപാട് ഹിന്ദുത്വ സംഘടനകള്‍ തീരുമാനിക്കും' എന്നാണ് ഗോപന്‍ന്റെ മകന്‍ പ്രതികരിച്ചത്. ഗോപന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. ഇതിന് പിറകില്‍ ഒരു അന്ധവിശ്വാസമുണ്ട്. ഈ വിഷയം മുന്‍ നിര്‍ത്തി കേരളത്തില്‍ സാമുദായിക വിഭജനം ഉണ്ടാക്കുന്ന എന്ന സംഘപരിവാറിന്റെ അജണ്ടയുണ്ട്. ഇതിന്റെയെല്ലാം പ്രതിഫലനം മുഖ്യധാരാ മാധ്യമങ്ങള്‍ വിഷയം കൈകാര്യം ചെയ്തതില്‍ പ്രകടമാണ്. വിഷയത്തില്‍ സംഘപരിവാറിനെ വിമര്‍ശിക്കാന്‍ കൈരളിക്കും ദേശാഭിമാനിക്കും ജനയുഗത്തിനും ഒഴികെ ആര്‍ക്കും ധൈര്യമില്ല. ഇതുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിനെതിരെ എഡിറ്റോറിയല്‍ ചര്‍ച്ചകളോ മുഖപ്രസംഗങ്ങളോ ലേഖനങ്ങളോ ഇല്ല. വിഷയത്തില്‍ സമഗ്രാന്വോഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐപുറത്തിറക്കിയ വാര്‍ത്താകുറിപ്പ് മിക്ക മാധ്യമങ്ങളും തമസ്‌ക്കരിച്ചു. ഗോപനെ ജിവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് ശരീരം കല്ലറയ്ക്കകത്ത് വെച്ചിരിക്കാനുളള സാധ്യതയുണ്ടെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഒരു നേതാവ് അഭിപ്രായപ്പെട്ടപ്പോള്‍ 'ഇക്കാര്യം ദൈവത്തിന് മാത്രമേ അറിയൂ' എന്നതായിരുന്നു ഒരു അവതാരകന്റെ കൂട്ടിചേര്‍ക്കല്‍. അവതാരകന്‍ മുന്നോട്ട് വെയ്കുന്ന 'ദൈവത്തിന് മാത്രം അറിയാവുന്ന കാര്യം' എന്ന ചിന്താസരണി തന്നെയാണ് അന്ധവിശ്വാസ പ്രചാരകരുടേയും അവലംബം. സംഘപരിവാര്‍ നിഘണ്ടുവിലെ സംജ്ഞകളാണ് മാധ്യമങ്ങള്‍ ഉപയോഗിച്ചത്. ആറാലംമൂട് ഗോപനെ അവര്‍ ഗോപന്‍ സ്വാമിയാക്കി. കല്ലറയെ ആദ്യം സമാധിയും പിന്നീട് മഹാസമാധിയുമാക്കി. ഗോപന്റെ മൃതദേഹം വഹിച്ചുകൊണ്ട് സംഘപരിവാര്‍ നടത്തിയ രാഷ്രീയ പ്രകടനത്തെ 'രാമജപയാത്ര'യുമാക്കി. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ആക്രമ സമരംനടത്തിയ ആര്‍ എസ് എസ്സുകാര്‍ക്ക് അന്ന് മാധ്യമങ്ങള്‍ നല്‍കിയ വിളിപ്പേര് 'അയ്യപ്പ ഭക്തര്‍' എന്നായിരുന്നു. ആന്ന് സംഘപരിവാര്‍ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരായ കൈരളി ടി വിക്യാമറാ വുമണ്‍ ഷാജിലയ്ക്കും ന്യൂസ് ലേഖിക സരിതാ ബാലനും ഇതുവരെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനായിട്ടില്ല. പക്ഷെ മാധ്യമങ്ങളുടെ പൊതുനിലപാടില്‍ യാതൊരു മാറ്റവും ഇല്ല. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ഗോപന്റെ മൃതദേഹം വഹിച്ചുകൊണ്ട് സംഘപരിവാര്‍ നടത്തിയ 'രാമജപ യാത്ര' മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും മണിക്കൂറുകളോളം തല്‍സമയം സംപ്രേഷണം ചെയ്തു. ആ ദിനം അവര്‍ക്കെല്ലാം നല്ല റേറ്റിംഗ് കിട്ടി.
അന്ധവിശ്വാസങ്ങളുടെ കൂടപ്പിറപ്പാണ് അനാചാരങ്ങള്‍. രണ്ടിനും സംരക്ഷണം നല്‍കുന്നത് ബ്രാഹ്മണ്യമാണ്. ഇതിന്റെ സംരക്ഷകര്‍ സംഘപരിവാറും. 2024 ഡിസംബര്‍ 31-ന് ശിവഗിരിയില്‍ നടന്ന 92-ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീനാരായണ ധര്‍മ്മ സംഘംട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആരാധനാലയങ്ങളില്‍ ഉടുപ്പ് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു. സ്വാമി സച്ചിദാനന്ദയുടെ ആവശ്യത്തെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിന്തുണച്ചു. മാത്രമല്ല, ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ സനാതന ധര്‍മ്മത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ പ്രതിഷ്ഠിക്കാനുളള നീക്കത്തെ മുഖ്യമന്ത്രി ശക്തമായി എതിര്‍ത്തു. കേരള രാഷ്ട്രീയ സാമൂഹ്യമണ്ഡലത്തില്‍പുതിയൊരു സംവാദത്തിന് ശിവഗിരി സമ്മേളനം തുടക്കമിട്ടു.
ജനുവരി രണ്ടിന് പെരുന്നയില്‍ നടന്ന മന്നം ജയന്തി സമ്മേളനത്തെ അഭിസംബോധന ചെയ്ത എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആചാരങ്ങള്‍ മാറ്റാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പറഞ്ഞു. ഈ വിഷയം മുന്‍നിര്‍ത്തി മുഖ്യധാരാ പത്രങ്ങളൊന്നും എഡിറ്റോറിയല്‍ എഴുതാന്‍ തയ്യാറായില്ല. അനുകൂലിച്ചെഴുതിയാല്‍ സംഘപരിവാറിന്റെയും സവര്‍ണ്ണ സാമുദായിക നേതാക്കളുടേയും അപ്രീതിക്ക് കാരണമാകും. എതിര്‍ത്താല്‍ യാഥാസ്ഥിതികരുടെ പത്രം എന്ന് മുദ്രകുത്തപ്പെടും. സനാതനധര്‍മ്മ പ്രചാരകരുടേയും ക്ഷേത്രാചാര സംരക്ഷകരു ടേയും പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുകയും എതിരഭിപ്രായങ്ങളെ തമസ്‌ക്കരിക്കുകയോ അപ്രധാനമായി ഉള്‍പേജുകളിലേക്ക് ചുരുക്കകയോ ചെയ്ത് ഒരു അനാചാരത്തിന് പിന്തുണ നല്‍കുക എന്ന ദൗത്യമാണ് മാധ്യമങ്ങള്‍ നിറവേറ്റിയത്. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ പുരോഗമന ചിന്താഗതിക്കാര്‍ സനാതനധര്‍മ്മ പ്രചാരകരുടേയും ആചാരസംരക്ഷകരുടേയും നിലപാടുകള്‍ പൊളിച്ചടുക്കി.
1091 ഇടവം 15-ന് ആലുവ അദ്വൈതാശ്രമത്തില്‍ നിന്ന് ശ്രീനാരായണഗുരു പുറപ്പെടുവിച്ച ജാതിയില്ലാ വിളംബരം പലരും ഫേസ്ബുക്കില്‍ പങ്കുവെച്ചു: 'നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതുഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്നും മേല്‍ പ്രകാരമുളളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുളളൂ എന്നും മേലും ചേര്‍ക്കയുളളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു'.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ജെ പിയില്‍ അംഗത്വമെടുത്തു. ബി ജെ പിയുടെ ദേശീയ വക്താവായി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. എ കെ ആന്റണിയുടെ മകന്‍ ബി ജെ പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ്സുകാരെ മാത്രമല്ല, മതേതര ചിന്താഗതിക്കാരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
മകന്‍ ബി ജെ പി യില്‍ ചേരാനുളള കാരണം വെളിപ്പെടുത്തിയത് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആയിരുന്നു. കൃപാസനം ഉടമ്പടിയിലൂടെയാണ് തന്റെ മകന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്ന എലിസബത്തിന്റെ അനുഭവസാക്ഷ്യ വീഡിയോ കൃപാസനം അധികൃതര്‍ പുറത്ത് വിട്ടു. അനുഭവസാക്ഷ്യം ടി വി ചാനലുകള്‍ സംപ്രേഷണം ചെയ്തു. വീഡിയോയില്‍ എലിസബത്ത് പറയുന്നതിങ്ങനെ: 'അനില്‍ ആന്റണി ബി ജെ പിയിലേക്ക് പോയത് എ കെ ആന്റണിക്ക് ഷോക്ക് ആയിരുന്നെങ്കിലും അനിലിനെ അദ്ദേഹം സ്വീകരിച്ചു. കൃപാസനത്തിലെ പ്രാര്‍ത്ഥനയിലൂടെയാണ് മകന്റെ ബി ജെ പി പ്രവേശത്തിന് അനുമതി ലഭിച്ചത്. കൃപാസനത്തിലെ വൈദികനാണ് ബി ജെ പി പ്രവേശനത്തിന് അനുമതി നല്‍കിയത്. അതുവരെ ബി ജെ പിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറി. എ കെ ആന്റണിയുടെ ആരോഗ്യം വീണ്ടെടുത്തതും ആത്മവിശ്വാസം തിരികെ ലഭിച്ചതും കൃപാസനത്തിലെ ഉടമ്പടിയിലൂടെയാണ്.'
1989-ലാണ് ആലപ്പുഴ ജില്ലയിലെ കവലൂരിലെ കൃപാസനം മരിയന്‍ ദേവാലയം ആരംഭിക്കുന്നത്. ദേവാലയത്തില്‍ വന്ന് പ്രാത്ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ നടക്കുമത്രെ. മറ്റ് ദേവാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു ഉടമ്പടി പ്രാത്ഥനയുണ്ട്. ഇവിടെ വരുന്ന വിശ്വാസി ദൈവവുമായി ഒരു കരാറില്‍ ഏര്‍പ്പെടുമത്രെ. നേരിട്ട് വന്ന് പ്രാര്‍ത്ഥിക്കാം. അതുമല്ലെങ്കില്‍ ഓണ്‍ലൈനായും പ്രാര്‍ത്ഥിക്കാം. നിശ്ചിത തുക നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ ദിവ്യ എണ്ണയും ദിവ്യ ഉപ്പും കൃപാസനം പത്രത്തിന്റെ ഒരു കെട്ടും വാങ്ങണം. പത്രങ്ങള്‍ പരമാവധി ആളുകള്‍ക്ക് വിതരണം ചെയ്യണം. നിശ്ചിത കാലയളവില്‍ പ്രാത്ഥന നടത്തിയാല്‍ ജീവിതത്തില്‍ ദിവ്യാത്ഭുതങ്ങള്‍ സംഭവിക്കുമത്രെ. കൃപാസനം പത്രത്തേയും ഒരു ദിവ്യ വസ്തുവായി കാണുന്ന വിശ്വാസികള്‍ ഏറെയുണ്ട്. പത്രം കത്തിച്ച് ചാരം ഭക്ഷണത്തില്‍ കലര്‍ത്തി കഴിച്ചതുമൂലം രോഗം മാറിയെന്നും തൊഴില്‍ ലഭിച്ചെന്നുമെല്ലാമുളള അവകാശവാദങ്ങള്‍ ഏറെയുണ്ടായി.
കൃപാസനം ദേവാലയത്തിലെ മുഖ്യ പുരോഹിതനായ ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ 2019-ല്‍ വൈറല്‍ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ വലിയ വിവാദത്തില്‍ അകപ്പെട്ടു. രോഗബാധിതനായപ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം തേടിയതിന് പുരോഹിതന് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ നേരിടേണ്ടി വന്നു. ആളുകളുടെ എല്ലാ ദുഃഖകരമായ അനുഭവങ്ങളും ബുദ്ധിമുട്ടുകളും ദിവസവും കേള്‍ക്കുക എന്ന ശ്രമകരമായ ജോലി കാരണം തനിക്ക് വൈദ്യചികിത്സ ആവശ്യമാണെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം കൂടുതല്‍ ട്രോളിംഗിന് കാരണമായതിനാല്‍, മാധ്യമങ്ങളോട് സംസാരിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താന്‍ പുരോഹിതന്‍ തീരുമാനിച്ചു
കേരളത്തില്‍ രാഷ്രീയമാറ്റങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു അന്ധവിശ്വാസത്തെ അവലംബിച്ച് ഒരു രാഷ്രീയ കാലുമാറ്റം ഉണ്ടായത് അനില്‍ ആന്റണിയിലൂടെയാണ്. ആ കാലുമാറ്റം ഏറെ ചര്‍ച്ചാവിഷയമായി. എന്നാല്‍ കാലുമാറ്റത്തിന് പിറകിലെ കൃപാസനം എന്ന അന്ധവിശ്വാസത്തിന്റെ അശാസ്ത്രീയത തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. സ്ത്രീവിരുദ്ധതയുടെ കാര്യത്തിലെ ആചാരങ്ങളും സമാനമാണ്. സ്ത്രീയും പുരുഷരും തുല്ല്യരല്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞതും, ആര്‍ത്തവം അശുദ്ധമാണെന്ന് ശബരിമല യുവതീപ്രവേശന വിധിയെ എതിര്‍ത്തുകൊണ്ട് ബി ജെ പി പറഞ്ഞതും ഓരേ ചിന്താധാരയാണ്. ഇരുവരുടേയും ലക്ഷ്യം അധികാര സ്ഥാനങ്ങളിലേക്കുളള എളുപ്പവഴികള്‍ വെട്ടിയെടുക്കുക എന്നത് മാത്രമാണ്. ഈ വിഷയത്തില്‍ സമുദായ ശക്തികളും ഇടതുപക്ഷം ഒഴികെയുളള രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. നിയമനിര്‍മ്മാണം കൊണ്ട് പരിഹാരിക്കാവുന്ന പ്രശ്‌നമല്ലിത്. ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനം മാത്രമാണ് പരിഹാരം.