കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

വിഭിന്ന ബജറ്റ് സമീപനങ്ങൾ

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അടുത്തവര്‍ഷം വീണ്ടും കുറയുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് (6.3%) കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണ് നടപ്പ് വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച രണ്ട് ശതമാനത്തിലേറെ കുറഞ്ഞ് 6.4 ശതമാനത്തില്‍ എത്തിയിരിക്കുന്നത്. സാമ്പത്തിക രംഗത്ത് തളര്‍ച്ചയും പ്രതിസന്ധിയും ശക്തമായി തുടരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ ശക്തമായ പിന്തുണ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള സമയമാണിത്. അതിനു പകരം സമ്പദ് വ്യവസ്ഥയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതിന്റെ ചിത്രമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സ്വകാര്യ മേഖലയെ അമിതമായി ആശ്രയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലൂടെ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ സമ്പദ് വ്യവസ്ഥയില്‍ ഇല്ലെങ്കില്‍ എത്രമാത്രം കാര്യക്ഷമതയുണ്ടെന്നു പറഞ്ഞാലും സ്വകാര്യ മേഖലയ്ക്ക് നിക്ഷേപം വര്‍ദ്ധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ കഴിയുകയില്ല. ഈ യാഥാര്‍ഥ്യങ്ങള്‍ തുറിച്ചു നോക്കുന്ന സാഹചര്യത്തിലും അതിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ബജറ്റ് പ്രകാരം സര്‍ക്കാരിന്റെ ചെലവ് ചെയ്യല്‍ ജിഡിപിയുടെ 14.77% ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഈ സമയത്ത് അത് വീണ്ടും 14.55%-മായി കുറഞ്ഞിരിക്കുകയാണ്. അടുത്തവര്‍ഷത്തെ ബജറ്റാവട്ടെ ചെലവ് ചെയ്യല്‍ 14.19% ആയി വീണ്ടും കുറിച്ചിരിക്കുകയാണ്.

ബജറ്റില്‍ നിരവധി പ്രഖ്യാപനങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം ആകെ തുകയായി സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രത്യക്ഷപ്രഭാവത്തിന്റെ (മാക്രോ ഇക്കണോമിക് ഇംമ്പാക്ട്) സൂചകമാണ് ചെലവ് ചെയ്യലിന്റെ ജിഡിപി അനുപാതം. അത് കുറയുകയാണ് എന്നര്‍ത്ഥം. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ പിന്മാറുന്നതനുസരിച്ച് സ്വകാര്യ മേഖല കടന്നുവരികയും കമ്പോള ശക്തികള്‍ക്ക് അതനുസരിച്ച് ആധിപത്യം ലഭിക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന നവലിബറല്‍ വികസന സമീപനത്തിന്റെ ചുവടു പിടിച്ചാണ് ബജറ്റ് വികസന തന്ത്രം മുന്നോട്ട് വെക്കുന്നത്. ഉപഭോഗം വര്‍ദ്ധിപ്പിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുകയും നയിക്കുകയും ചെയ്യുക എന്ന തന്ത്രമാണത്. അതിനുവേണ്ടിയാണ് 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ ആദായ നികുതി പൂര്‍ണമായി വേണ്ടെന്നുവച്ചത്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ വരുമാന നേട്ടം നികുതിദായകര്‍ക്ക് ലഭിക്കുമെന്നാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നുത്. ഇങ്ങനെ അധികമായി ലഭിക്കുന്ന നികുതി നേട്ടം സമ്പദ് വ്യവസ്ഥയില്‍ ചെലവഴിക്കുന്നതോടുകൂടി വലിയ ഉണര്‍വ് ഉണ്ടാകും എന്നതാണ് പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷ അസ്ഥാനത്തുള്ളതാണ്. ജനസംഖ്യയുടെ കേവലം രണ്ടു ശതമാനത്തില്‍ താഴെയുള്ള നികുതി ദായകര്‍ക്ക് നല്‍കുന്ന നികുതി നേട്ടത്തിന്റെ ഫലമായി വര്‍ദ്ധിക്കുമെന്ന് ധനമന്ത്രി പ്രതീക്ഷിക്കുന്ന ഉപഭോഗം സാധാരണക്കാരും ഗ്രാമീണ ജനതയും കര്‍ഷകരും പ്രവര്‍ത്തിയെടുക്കുന്ന സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലേക്ക് എത്തിച്ചേരുമെന്ന് കരുതാന്‍ കഴിയില്ല. നികുതി ഇളവ് ലഭിച്ച വിഭാഗം നടത്തുന്ന ചെലവ് ചെയ്യല്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെയും വമ്പന്‍ വ്യാപാര ശൃംഖലകള്‍ നടത്തുന്നവരുടെയും കീശയിലേക്കും ഒഴുകിയെത്താനാണ് സാധ്യത. അത്യാവശ്യ ജീവിതസൗകര്യങ്ങളെല്ലാം ഇപ്പോള്‍ തന്നെയുള്ള ഈ വിഭാഗത്തിന് ലഭിക്കുന്ന നികുതി നേട്ടം സാങ്കേതികവിദ്യ നിറഞ്ഞതും മനുഷ്യാധ്വാനം വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നതുമായ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലേക്ക് മാത്രമായിരിക്കും. അതോടൊപ്പം തന്നെ നികുതിനേട്ടത്തിന്റെ വലിയൊരു ഭാഗം സ്വര്‍ണമടക്കമുള്ള ആസ്തികളിലും നിക്ഷേപിക്കപ്പെടും. മറ്റൊരു ഭാഗം വിദേശത്ത് ചെലവഴിക്കപ്പെടുകയും ചെയ്യും. അത്തരം ചെലവു ചെയ്യലിന്റെ യാതൊരു ഗുണന പ്രഭാവവും (മള്‍ട്ടിപ്ലെയര്‍ ഇഫക്ട്) സമ്പദ് വ്യവസ്ഥയില്‍ ലഭ്യമാകില്ല. ചുരുക്കി പറഞ്ഞാല്‍ ധനമന്ത്രി പ്രതീക്ഷിക്കുന്നത് പോലെ ആദായ നികുതി ഇളവ് നല്‍കിയത് വഴി ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ എല്ലാ മേഖലകളിലേക്കും എത്തിച്ചേരുന്ന രീതിയില്‍ ഉപഭോഗം വര്‍ദ്ധിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ബജറ്റ് മുന്നോട്ടുവെക്കുന്ന വികസന തന്ത്രം വിജയിക്കുമെന്ന് കരുതാന്‍ കഴിയില്ല.

മാത്രവുമല്ല, സര്‍ക്കാരിന്റെ എല്ലാ ചെലവു ചെയ്യലുകളും പ്രകടമായി തന്നെ ബജറ്റ് വെട്ടി കുറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമ വികസനം തുടങ്ങിയ ഉള്‍പ്പെടുന്ന സാമൂഹ്യ മേഖലയ്ക്ക് കഴിഞ്ഞ ബജറ്റില്‍ മാറ്റി വെച്ചിരുന്നത് ജിഡിപിയുടെ 1.65 ശതമാനം വിഹിതമായിരുന്നെങ്കില്‍ ഇത്തവണത്തെ ബജറ്റില്‍ അത് 1.55% മാത്രമാണ്. ആരോഗ്യ മേഖലയിലടക്കം പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് ആനുപാതികമായ ബജറ്റ് വിഹിതം മാറ്റി വെച്ചിട്ടില്ല. അതിന്റ അര്‍ത്ഥം ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതനുസരിച്ച് നിലവിലുള്ള പദ്ധതികളുടെ വിഹിതത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ്. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2047-ല്‍ രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തില്‍ ആത്മാര്‍ത്ഥത ഒന്നുമില്ലെന്നാണ് കാണാന്‍ കഴിയുന്നത്.

ധനകമ്മി കുറച്ചു കൊണ്ടുവരണം എന്ന നവ ഉദാരവല്‍ക്കരണ ആശയത്തിന്റെ സ്വാധീനത്താലാണ് ഇത്തരം നടപടികള്‍ ബജറ്റ് സ്വീകരിക്കുന്നത്. നടപ്പു വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ 4.8% ആണെങ്കില്‍ അത് 4.44% ആയി കുറയ്ക്കാനാണ് ബജറ്റ് തീരുമാനം. യഥാര്‍ത്ഥത്തില്‍ ധനക്കമ്മി എന്നത് സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലിന്റെ പ്രതിഫലനമാണ്. അതിനപ്പുറത്ത് ധനകമ്മി എന്ന ആശയത്തിന് സിദ്ധാന്തപരമായി മറ്റ് സാംഗത്യമെന്നുമില്ല. സമ്പദ് വ്യവസ്ഥയിലെ സര്‍ക്കാര്‍ സാന്നിധ്യത്തിന്റെ പ്രസ്തുത സൂചകം ഏതുവിധേനയും കുറച്ചു കൊണ്ടുവരാനുള്ള നവ ഉദാരവല്‍ക്കരണ ശ്രമമാണ് കേന്ദ്ര ബജറ്റ് നടപ്പാക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് സംസ്ഥാന ബജറ്റ് മുന്നോട്ടുവെക്കുന്നത്.

എല്ലാവിധേനയും സാമ്പത്തികമായി ഞെരുക്കപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനം നേരിടുന്നത്. ധന കമ്മീഷന്‍ വഴി ലഭിക്കുന്ന വിഹിതത്തിന്റെ കാര്യത്തിലും അനുവദനീയമായ കടം സ്വീകരിക്കുന്നതിനും അനാവശ്യ നിയന്ത്രണങ്ങളും പ്രതിലോമകരമായ സമീപനങ്ങളുമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ മാത്രമേ അനുവദനീയമായ ചെലവ് ചെയ്യലുകള്‍ പോലും നടത്താന്‍ കഴിയൂ എന്നതാണ് സാഹചര്യം. യഥാര്‍ത്ഥത്തില്‍ സമ്പദ് വ്യവസ്ഥയില്‍ സജീവമായി ഇടപ്പെട്ട് വികസന പ്രവര്‍ത്തനങ്ങളെ പുരോഗമന പാതയില്‍ നയിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി ചെലവ് ചെയ്യല്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ചെലവ് ചെയ്യല്‍ എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എന്നാണ് അര്‍ത്ഥം. വിഭവങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അതിനായി കടം സ്വീകരിക്കേണ്ടി വരും. അങ്ങനെയുണ്ടാകുന്ന ധനകമ്മി സമ്പദ് വ്യവസ്ഥയെ സംബന്ധച്ച് യാതൊരു ബാധ്യതയും സൃഷ്ടിക്കില്ല എന്നതാണ് സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങള്‍ വ്യക്തമാകുന്നത്. പക്ഷേ അതിനെല്ലാം എതിരായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചെലുത്തുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ധനകമ്മി കുറയ്ക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന കരുതലും വികസനമുമെന്ന മുദ്രാവാക്യം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്ന ചിത്രമാണ് ബജറ്റില്‍ കാണാന്‍ കഴിയുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷക്ഷേമം തുടങ്ങിയ സാമൂഹിക മേഖലകള്‍ക്ക് മാറ്റി വെയ്ക്കുന്ന ബജറ്റ് വിഹിതം അതേ നിലയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോവുകയാണ് ബജറ്റ്. കാര്‍ഷിക മേഖല, ഗ്രാമവികസം എന്നിവയ്ക്കായി മാറ്റി വെയ്ക്കുന്ന വിഹിതത്തിന്റെ കാര്യത്തില്‍ നല്ല വര്‍ദ്ധനവാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ ബജറ്റ് വിഹിതം ജിഡിപിയുടെ 2.75% മായിരുന്നു. എന്നാല്‍ പുതിയ ബജറ്റില്‍ ജിഡിപിയുടെ 3.5% എന്ന നിലയിലേക്ക് വലിയ വര്‍ദ്ധനയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. കരുതലോടെ ചേര്‍ത്ത് നിര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജനവിഭാഗങ്ങളെയും മേഖലകളെയും കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ ഇടയിലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. സേവന മേഖലകളുടെ ഗുണ നിലവാരം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ അവിടെ സേവന പ്രവര്‍ത്തനം നടത്തുന്ന അദ്ധ്യാപകരെയും ആരോഗ്യ പ്രവര്‍ത്തകരെയും മറ്റ് ജീവനക്കാരെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്കും മറ്റും ശമ്പള പരിഷ്‌കാരത്തിന്റെയും ക്ഷാമബത്തയുടെയും ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബജറ്റ് ശ്രദ്ധപുലര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിലും കരുതലും വികസനവും ഒന്നിച്ച് മുന്നോട്ടു കൊണ്ടു പോവുകയെന്ന പുരോഗമന നിലപാടാണ് സംസ്ഥാന ബജറ്റ് ധീരമായി മുന്നോട്ടു വെയ്ക്കുന്നത്.ച്ച

(ലേഖകന്‍ എറണാകുളം മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം അദ്ധ്യക്ഷനാണ്)

കേരളം ഭ്രാന്താലയമായി മാറിക്കൂടാ...

311-ാം അനുച്ഛേദവും അവകാശങ്ങളും

<