കെ.ജി.ഒ.എ ന്യൂസ്
news-details
സാഹിത്യം

കാത്തിരിപ്പ്

ഒരോര്‍മ്മദൂരം കാത്തിരിപ്പുണ്ടോ
ബാല്യത്തിലെങ്ങോ മറന്നൊരാ കളിച്ചെപ്പ്?
നിറമാര്‍ന്ന തൂവലും മഞ്ചാടി മണികളും
പുസ്തകത്താളിലെ പൊന്‍ മയില്‍പ്പീലിയും
ഓണനിലാവിലെ കളിയൂഞ്ഞാല്‍പ്പാട്ടും
കൊച്ചുകളിമ്പങ്ങള്‍, രാവിലമ്മച്ചൂടും,
പോയകാലത്തിന്‍ തിരശ്ശീലയ്ക്കപ്പുറം
വീണ്ടുമെന്നെയും കാത്തിരിപ്പുണ്ടാമോ?
പൂവനം വസന്തത്തെ കാത്തിരിക്കുന്നുവോ,
പൂവൊരു തുമ്പി തന്‍ പാട്ടു കാതോര്‍ക്കയോ?
സരോവരം സൂര്യനെ കാത്തുറങ്ങുന്നുവോ,
പൊന്നാമ്പല്‍ തിങ്കളെ കാണാനുണര്‍ന്നുവോ?
ജന്മാന്തരങ്ങളായ് എന്നിലെ രാധയും
രാഗാര്‍ദ്രമാധവം കാത്തിരിക്കുന്നുവോ!
രാവിലീ ജാലകവാതില്‍ തുറന്നെത്തും
തരളമിളം കാറ്റിന്‍ മൃദുകരസ്പര്‍ശനം.
പണ്ടു മറന്നൊരു രാഗമെന്‍ മുരളിക
അറിയാതെ മൂളിപ്പോയ്, ആരതു കാത്തിരിക്കുന്നു!
വര്‍ത്തമാനപ്പകല്‍, തിളവെയില്‍ ക്രൂരത,
വേനല്‍ കനക്കുന്നു, ചുറ്റിനും തപ്തത.
ദരിദ്ര ജനകോടികള്‍, പട്ടിണിപ്പാവങ്ങള്‍,
ഒരിറ്റു വറ്റിനായ് കാത്തിരിക്കുന്നു.
തെരുവിലെറിയപ്പെടും നാരി തന്‍ മാനം
ഇന്നൊരു തുണ്ടു ചേലയ്ക്കായ് കാത്തിരിക്കുന്നു.
ദളിതര്‍,പീഡിതര്‍, അധ്വാനവര്‍ഗങ്ങള്‍,
തുല്യ നീതിക്കായ് കാത്തിരിക്കുന്നു.
നേരു പുലരാനായ് തളരാതെ പൊരുതിയും,
മുറിവേറ്റ മനുജന്റെ കണ്ണുനീരൊപ്പിയും,
മാനവ സ്‌നേഹത്തിന്‍ ഗാഥകള്‍ പാടിയും
ഈ വഴിയേ മുന്‍പ് പോയവരെങ്ങോ?
മോദമോടെല്ലാരും ഒന്നു പോല്‍ വാഴുമെന്നവര്‍
കാത്തിരുന്നൊരാ പൊന്‍പുലരിയെങ്ങോ?
അപ്പുതുലോകത്തിന്‍ കാത്തിരിപ്പാകട്ടെ
ഇനിയുള്ള കാലവും, കര്‍മ്മങ്ങളൊക്കെയും!

സര്‍വ്വീസ് കാര്യങ്ങള്‍ <

മീരയുടെ കോളം

<