കെ.ജി.ഒ.എ ന്യൂസ്
news-details
സാഹിത്യം

'അക്ബര്‍കക്കട്ടില്‍

തിരൂര്‍ നീലകണ്ഠപിള്ളയ്ക്കുശേഷം അദ്ധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ് അക്ബര്‍ കക്കട്ടില്‍. നര്‍മ്മംകൊണ്ട് ഹൃദയങ്ങളെ കീഴടക്കിയ അദ്ദേഹം ചെറുകഥാകൃത്തും നോവലിസ്റ്റും ആയിരുന്നു. കാരൂരിനെപ്പോലെ അക്ബര്‍ കക്കട്ടിലും അദ്ധ്യാപകനായിരുന്നു. മലയാള സാഹിത്യ ലോകത്ത് ഒരുപാട് തിരയിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ അക്ബര്‍ കക്കട്ടിലിനു കഴിഞ്ഞു. കഥകളിലൂടെയും നോവലുകളിലൂടെയും അനുഭവക്കുറിപ്പുകളിലൂടെയും ഒട്ടേറെ പാഠങ്ങളാണ് അദ്ദേഹം കൈരളിക്ക് സമ്മാനിച്ചത്. സാധാരണക്കാരന്റെ വായനാ ലോകത്ത് വീശിയടിച്ച കാറ്റായിരുന്നു ഓരോ കക്കട്ടില്‍ കഥകളും. സാമൂഹിക ജീവിതത്തില്‍ കണ്ടുമുട്ടുന്ന പച്ച മനുഷ്യരുടെ അവസ്ഥാന്തരങ്ങള്‍ എഴുതി അദ്ദേഹം മലയാളികളെ വിസ്മയിപ്പിച്ചു. മലബാറിലെ സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സംസ്‌കൃത പഠനത്തിന് കേരള സര്‍ക്കാരിന്റെ മെറിറ്റ് സ്‌കോളര്‍ഷിപ്പ്, മലയാള മനോരമ പ്രൈസ്, കോഴിക്കോട് യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രൈസ് എന്നിവ നേടിയ അദ്ദേഹം രചനാലോകത്ത് ചെറിയ പ്രായത്തില്‍ തന്നെ കഴിവ് തെളിയിച്ചു.

പഴയ കാലത്തിന്റെയും പുതിയ കാലത്തിന്റെയും അദ്ധ്യാപകനായിരുന്നു അക്ബര്‍ കക്കട്ടില്‍. അതിരില്ലാത്ത സ്‌നേഹം കൊണ്ട് കുട്ടികളെ കഥാപാത്രങ്ങളാക്കി നല്ല സ്‌കൂള്‍ കഥകള്‍ അദ്ദേഹം എഴുതി. ഒരു അദ്ധ്യാപകന്‍ എഴുതിയ ആദ്യത്തെ സര്‍വീസ് സ്റ്റോറി എന്ന് അക്ബറിന്റെ 'അദ്ധ്യാപക സ്മരണകളെ' വിലയിരുത്താം. മൂന്ന് പതിറ്റാണ്ടുകാലത്തെ അദ്ധ്യാപക ജീവിതത്തില്‍ ഇരുപത്തിയൊന്നു വര്‍ഷത്തിലധികം വട്ടോളി സ്‌കൂളില്‍ തന്നെയായിരുന്നു അദ്ദേഹം. ക്ലാസ് മുറിയില്‍ കാതുകൂര്‍പ്പിച്ച് മിഴിച്ചിരിക്കുന്ന നിഷ്‌കളങ്ക മുഖങ്ങള്‍ അദ്ദേഹത്തിന് വിശാലമായ രചന ലോകത്തെ കഥാപാത്രങ്ങള്‍ ആയിരുന്നു. നാട്ടുഭാഷയുടെ ലളിതമായ ശൈലിയില്‍ അവയൊക്കെ കഥകളായും അനുഭവങ്ങളായും അദ്ദേഹം കുറിച്ചിട്ടു. 'അദ്ധ്യാപക കഥകളി'ലെ 'ഇനി നമുക്ക് റഷീദയെക്കുറിച്ച് സംസാരിക്കാം' എന്ന കഥ പോലെ അനുവാചകന്റെ ഹൃദയത്തെ തൊട്ട മറ്റൊരു സ്‌കൂള്‍ കഥയില്ല. റഷീദ് എന്ന കഥാപാത്രം തന്റെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നതാണെന്ന് അദ്ദേഹം പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ മാത്രമല്ല, അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും തുടങ്ങി മൂന്ന് പതിറ്റാണ്ടുകാലം കൊണ്ട് ക്ലാസിലും പുറത്തും കണ്ണില്‍പെട്ടവരിലൂടെയെല്ലാം അദ്ദേഹം കഥകള്‍ പറഞ്ഞു. 'അദ്ധ്യാപക കഥകള്‍', 'സ്‌കൂള്‍ ഡയറി', 'അദ്ധ്യയന യാത്ര', 'പാഠം മുപ്പത്' തുടങ്ങിയ കൃതികളിലൂടെ പച്ചയായ അനുഭവങ്ങള്‍ അദ്ദേഹം എഴുതി. നര്‍മ്മത്തിന്റെ ലാളിത്യത്തില്‍ പൊതിഞ്ഞ വേദനിക്കുന്ന ഹൃദയങ്ങളെക്കുറിച്ചാണ് സ്‌കൂള്‍ കഥകളില്‍ അദ്ദേഹം ഏറെയും എഴുതിയത്. ഹാസ്യത്തിന്റെ മേമ്പൊടി നീക്കിയാല്‍ അതിനു താഴെ ഓരോ കഥയ്ക്കും ഓരോ കഥാപാത്രത്തിനും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആഴമുള്ള ദുഃഖത്തിന്റെ കടല്‍ കാണാം. 'പ്യൂണ്‍ ബാലേട്ടന്‍', 'പരിമിതികള്‍', 'ഒരു പ്രതിസന്ധി', 'മരണാനന്തര സാധ്യതകള്‍', 'അണിയറ' തുടങ്ങിയ കഥകളില്‍ പല കാലങ്ങളും പല വ്യക്തികളും മറ്റ് പല കാലങ്ങളായും വേഷങ്ങളായുമാണ് പുനര്‍ജ്ജനിക്കുന്നത്. അദ്ധ്യാപകന്റെ കണ്ണിലൂടെ കുട്ടികളെ ഇത്ര സ്‌നേഹത്തോടെ കണ്ട കഥകള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ആ കഥകളൊക്കെ ടി.വി ചാനലുകളില്‍ പരമ്പരയായി വന്നപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. മനുഷ്യന്‍ എന്ന ആത്മാഭിമാനത്തില്‍ തീ പടരുന്നതിനെ പ്രതിരോധിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ് അക്ബര്‍ കക്കട്ടിലിന്റെ ഓരോ കഥയും നിര്‍വഹിക്കുന്നത്. 'നാദാപുരം', 'നിസ്സഹായരുടെ നീറ്റം' പോലുള്ള ശ്രദ്ധേയമായ കലാപകാലകഥകള്‍ എഴുതാന്‍ പ്രേരണ നല്‍കിയത് ആ മനസ്സാണ്. ചിരിയിലൂടെ ചിന്തകളുടെ വാതിലുകള്‍ തുറന്നിട്ട് സുന്ദരമായ ഭാഷയില്‍ ഒരു കാലഘട്ടത്തെ മുഴുവനായും കോറിയിടാന്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് കഴിഞ്ഞു.

ലേഖനം എന്ന ശ്രേണിയില്‍പ്പെടുമെങ്കിലും കഥ വായിക്കുന്ന മനസ്സോടെ ആസ്വദിക്കാന്‍ കഴിയുന്ന പുസ്തകമാണ് 'സ്‌കൂള്‍ ഡയറി' രണ്ടായിരത്തിന്റെ ആരംഭത്തില്‍ കേരളത്തിലുണ്ടായിരുന്ന സ്‌കൂള്‍ സമ്പ്രദായത്തിന്റെ നേരെഴുത്താണ് അത്. അദ്ധ്യാപകരെ വാര്‍ക്കപ്പണിക്കാര്‍ എന്നാണ് പുസ്തകത്തിലുടനീളം അദ്ദേഹം വിശേഷിപ്പിച്ചത്. വരുംതലമുറയെ വാര്‍ത്തെടുക്കേണ്ട 'വാര്‍ക്കപ്പണിക്കാര്‍' നാടന്‍ ശൈലിയില്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിലുടനീളം ഉണ്ടാകുന്ന മാറ്റത്തെ അവതരിപ്പിക്കുകയാണ് അതില്‍.

കുട്ടികള്‍ ഉണരുക എന്നത് കേവലം ഉറക്കത്തില്‍ നിന്നും ഉണരുകയല്ല എന്ന് കക്കട്ടില്‍ പറയുന്നു. അറിവുകളിലേക്കും തിരിച്ചറിവുകളിലേക്കുമാണ് കുട്ടികള്‍ ഉണരുന്നത്. കൊച്ചു ഭൂമികുലുക്കങ്ങളായിരിക്കില്ല അപ്പോള്‍ ഉണ്ടാകുന്നത്. മറിച്ച് വലിയ വലിയ ഭൂകമ്പങ്ങളാണ്. പുതിയകാലം കുട്ടികളെ ഭൂകമ്പങ്ങളിലേക്ക് നയിക്കുകയാണ്. ഓരോ ദിവസവും അവരെ തേടിയെത്തുന്ന വാര്‍ത്തകള്‍, ദൃശ്യങ്ങള്‍, അനുഭവങ്ങള്‍ ഒക്കെ കുട്ടികളുടെ മനസ്സില്‍ ഇടിമുഴക്കങ്ങളും ചുഴലിക്കാറ്റും സൃഷ്ടിക്കുന്നുണ്ട്. കാറ്റ് കഠിനമായി വീശുകയും വികാരത്തിര ഉയരുകയും ചെയ്യുമ്പോള്‍ സുനാമിയാവും. അത് സദാചാരത്തെയും ദുരാചാരത്തെയും കുറിച്ചുള്ള സങ്കല്പങ്ങള്‍, ധാരണകള്‍, വീക്ഷണങ്ങള്‍ എന്നിവയെ തകര്‍ക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യും. കുട്ടികളുടെ മനസ്സില്‍ സംഭവിക്കുന്ന അത്തരം അപനിര്‍മ്മാണത്തെക്കുറിച്ച് ഏറ്റവും നന്നായി പറയാന്‍ കഴിയുന്നത് അദ്ധ്യാപകര്‍ക്കാണ്. അദ്ധ്യാപകനായ കുട്ടികളുടെ മനസ്സ് വലുതായി മനസ്സിലാക്കിയ അക്ബര്‍ കക്കട്ടിലിന് അത് മികച്ച രീതിയില്‍ സാധ്യമായി. സ്‌കൂള്‍ ഡയറി എഴുതിയ അദ്ദേഹം കുട്ടികളെ മനസ്സിലാക്കിയെന്നു മാത്രമല്ല , ക്രാന്തദൃഷ്ടിയോടെ, പ്രവചനസ്വഭാവത്തോടെ തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. അതിനൊരു ഉദാഹരണം മാത്രമാണ് 'കുട്ടികള്‍ ഉണരുന്ന നേരം' എന്ന കഥ.

1986 ല്‍ അക്ബര്‍ കക്കട്ടില്‍ എഴുതി ആകാശവാണിയില്‍ അവതരിപ്പിച്ച 'വലിയ വീട്ടില്‍ പാര്‍ക്കും കുറ്റിക്കാട്ടില്‍ കുഞ്ഞിമൂസ' എന്ന കഥ ഒന്‍പത് വര്‍ഷത്തിനു ശേഷം നാടകമാക്കി. നടക്കാത്ത പണപ്പയറ്റുകളും പെണ്ണുകെട്ടുകളുമായി തന്റെ നാട്ടില്‍ ജീവിച്ച ഒരാളെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ നര്‍മ്മത്തില്‍ ചാലിച്ച ഒരു കഥയായിരുന്നു അത്. ആകാശവാണിയിലെ കെ.ഇ. മുരളീധരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആദ്യം റേഡിയോ നാടകമായാണ് കുഞ്ഞിമൂസ പ്രേക്ഷകരിലേക്കെത്തുന്നത്. പിന്നണിഗായകന്‍ വി.ടി മുരളിയാണ് വടകര വരദയ്ക്കുവേണ്ടി അത് സ്റ്റേജ് നാടകമാക്കാന്‍ പിന്നീട് എഴുത്തുകാരനെ സമീപിച്ചത്. എന്നാല്‍ അത് അരങ്ങിലെത്തിക്കാനുള്ള നിയോഗം അക്ബര്‍ കക്കട്ടിലിന്റെ സഹപാഠിയും നാട്ടുകാരനും നാടകസംവിധായകനുമായ ജയമോഹന്‍ നെല്ലോളിക്കായിരുന്നു. രാജഗോപാല്‍ കാരപ്പറ്റയുടെയും വി.കെ പ്രഭാകരന്റെയും താജുവിന്റെയുമൊക്കെ സഹായവും തിക്കോടിയന്റെ ഉപദേശവും കൂടിച്ചേര്‍ന്നതോടെ ചിരിയും ചിന്തയും കൊണ്ട് ദീപ്തമായ നാടകമായി അത് മാറി.

നാല് നോവലുകളും ഇരുപത്തിയേഴ് ചെറുകഥാ സമാഹാരങ്ങളുമടക്കം അന്‍പത്തിനാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മൃത്യുയോഗം, ഹരിതാഭകള്‍ക്കപ്പുറം, വടക്കുനിന്നൊരു കുടുംബവൃത്താന്തം, സ്‌ത്രൈണം എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് എഴുതിയതാണ് 'സ്‌ത്രൈണം' എന്ന നോവല്‍. മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ് നോവല്‍ എന്ന പ്രത്യേകതയും അതിനുണ്ട്. മലയാളത്തിലെ വിഖ്യാതരായ ഇരുപത്തിയഞ്ച് എഴുത്തുകാരുമായി അക്ബര്‍ കക്കട്ടില്‍ നടത്തിയ സര്‍ഗ്ഗാത്മക സംവാദമായ 'സര്‍ഗസമീക്ഷ' മലയാളത്തിന് ലഭിച്ച ഈടുറ്റ ഗ്രന്ഥമാണ്. ഈ വഴി വന്നവര്‍, മേധാശ്വം, ശമീല ഫഹ്മി, അദ്ധ്യാപക കഥകള്‍, കാദര്‍കുട്ടി ഉത്തരവ്, ആറാം കാലം, വീടിനു തീ പിടിക്കുന്നു, ആകാശത്തിന്റെ അതിരുകള്‍, നാദാപുരം, വീണ്ടും നാരങ്ങ മുറിച്ചപ്പോള്‍, തെരെഞ്ഞെടുത്ത കഥകള്‍, ഒരു വായനക്കാരിയുടെ ആവലാതികള്‍, ചെറിയ കഥകള്‍, മായക്കണ്ണന്‍, ശേഷം സ്‌ക്രീനില്‍, ശ്രീപ്രിയയുടെ ആധികള്‍, ജീന്‍സിട്ട പെണ്‍കുട്ടിയെ ഒറ്റയ്ക്കു കിട്ടിയാല്‍ എന്തുചെയ്യണം?, കഥകള്‍ - തെരെഞ്ഞെടുത്ത കഥകള്‍, ഞങ്ങള്‍ ലീബാജോണിനെ പേടിക്കുന്നു, പുതിയ വാതിലുകള്‍, ദര്‍ബാര്‍- തെരഞ്ഞെടുത്ത കഥകള്‍, ആള്‍പ്പെരുമാറ്റം, മൈലാഞ്ചിക്കാറ്റ്, സ്ത്രീലിംഗം - ഒരു പെണ്‍പക്ഷ കഥകള്‍, 2011 ലെ ആണ്‍കുട്ടി, കന്നിച്ചുവടുകള്‍ (ഈ വഴി വന്നവരും മേധാശ്വവും), ഇപ്പോള്‍ ഉണ്ടാവുന്നത് എന്നിവയാണ് ചെറുകഥാ സമാഹാരങ്ങള്‍. രണ്ടും രണ്ട്, മൂന്നും മൂന്ന്, ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങള്‍, ധര്‍മ്മസങ്കടങ്ങളുടെ രാജാവ്, പതിനൊന്ന് നോവലറ്റുകള്‍, ജിയാദ് ഗോള്‍ഡ് പൂവിടുമ്പോള്‍, കീര്‍ത്തന എന്നിവയാണ് അക്ബര്‍ കക്കട്ടിലിന്റെ ലഘു നോവലുകള്‍. പ്രാര്‍ത്ഥനയും പെരുന്നാളും, സ്‌കൂള്‍ ഡയറി, അനുഭവം ഓര്‍മ്മ യാത്ര, പുനത്തിലും ഞാനും പിന്നെ കാവ്യാമാധവനും, ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെ?, നക്ഷത്രങ്ങളുടെ ചിരി എന്നിവയാണ് ഉപന്യാസങ്ങള്‍. നമ്മുടെ എം.ടി എന്നത് കക്കട്ടില്‍ എഴുതിയ ജീവിത രേഖയാണ്. അദ്ധ്യയനയാത്ര അദ്ദേഹത്തിന്റെ സ്മൃതിചിത്രമാണ്. വരൂ അടൂരിലേക്ക് പോകാം, ഇങ്ങനെയും ഒരു സിനിമാക്കാലം എന്നിവ സിനിമാ രചനകളാണ്. നോക്കൂ, അയാള്‍ നിങ്ങളില്‍ തന്നെയുണ്ട് എന്നത് ബാലപംക്തി കുറിപ്പാണ്. 'കക്കട്ടില്‍ യാത്രയിലാണ്' എന്നത് യാത്രാ വിവരണമാണ്. പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള പാഠപുസ്തകനിര്‍മ്മാണ സമിതികളില്‍ ദീര്‍ഘകാലം അംഗമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേര്‍ണിങ് ബോഡികള്‍, കരിക്കുലം സ്റ്റിയറിങ് കമ്മറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, മലയാളം ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണ വിഭാഗം കണ്‍വീനര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മലയാളം ഉപദേശക സമിതി അംഗം, സംസ്ഥാന സാക്ഷരതാ മിഷന്‍ മാസികയായ അക്ഷര കൈരളി പത്രാദിപസമിതി അംഗം, കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് കരിക്കുലം കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫെലോഷിപ്പ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ടി.വി കൊച്ചുബാവ അവാര്‍ഡ്, അങ്കണം സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2016 ഫെബ്രുവരി 17-ന് അന്തരിച്ചു

'ബും... ബും... ബുംറ

രേഖാചിത്രം

<