ജോഫിന്‍ ടി. ചാക്കോയുടെ രേഖാചിത്രം എന്ന സിനിമ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ്. സിനിമാ നിര്‍മ്മാതാക്കളുടെ റിപ്പോര്‍ട്ട് പ്രകാരം ജനുവരിയില്‍ റിലീസ് ആയ 28 സിനിമകളില്‍ തിയേറ്ററില്‍ വിജയിച്ച ഏക സിനിമ ഇതാണെന്നാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ തിയേറ്ററില്‍ വിജയിച്ച സിനിമകളുടെ പട്ടികയെടുത്താല്‍ കിഷ്‌കിന്ധാകാണ്ഡം, സൂക്ഷ്മദര്‍ശിനി, തലവന്‍ എന്നിവയെല്ലാം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമകളാണ് എന്നു കാണാം. കാണികളുടെ കാഴ്ചാ മുന്‍ഗണനകളിലെ മാറ്റം ഇതില്‍ പ്രകടമാകുന്നുണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയതിനാല്‍ അത് തട്ടുപൊളിപ്പന്‍ ആക്ഷന്‍ ആയിരിക്കില്ല, മറിച്ച് ബുദ്ധിപരമായ കഥപറച്ചില്‍ രീതിയായിരിക്കുമെന്ന സങ്കല്പത്തിലാണ് സിനിമ കാണാന്‍ പോയത്. സിനിമയുടെ ട്രെയിലറില്‍ നിന്ന് അങ്ങനെയൊരു മുന്‍ധാരണ രൂപപ്പെട്ടിരുന്നു. അത് ശരിയാവുകയും ചെയ്തു. ഈ ചിത്രം പ്രത്യേകമായി എന്തെല്ലാമോ വാഗ്ദാനം ചെയ്യുന്നതായി തോന്നിപ്പോകുന്ന രീതിയിലാണ് പോസ്റ്റര്‍ പോലും ഡിസൈന്‍ ചെയ്തത്. സിനിമ ആരംഭിക്കുന്നത് അസ്വസ്ഥജനകമായ ഒരു സംഭവശ്രേണിയോടെയാണ്. ചാലക്കുടിയിലെ കാടിന്റെ പ്രശാന്തതയില്‍ സ്വയം ഒറ്റപ്പെട്ട രാജേന്ദ്രന്‍ (സിദ്ദീഖ്) എന്ന മനുഷ്യന്‍ തന്റെ ജീവിതം അവസാനിപ്പിക്കുന്നു. അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ നടത്തിയ അവസാന കുറ്റസമ്മതം നിഗൂഢമായ ഒരു വെളിപ്പെടുത്തലായിരുന്നു. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മലയാള സിനിമയുടെ നിര്‍മ്മാണത്തിനിടെ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ഒരു വൃദ്ധന്റെ ആത്മഹത്യാ വെളിപ്പെടുത്തലിനെ ചുറ്റിപ്പറ്റിയുള്ള ആഖ്യാന കേന്ദ്രം. സര്‍വീസില്‍ അപമാനിതനായ ഒരു പോലീസുകാരന്‍ അതിന്റെ നിഗൂഢതയുടെ പാളികള്‍ അനാവരണം ചെയ്തുകൊണ്ട് കേസില്‍ കുരുക്കഴിക്കാനും ഒപ്പം തിരിച്ചുവരവിനും ശ്രമിക്കുന്നതുമാണ് ഇതിവൃത്തം. അതിന്റെ തുടര്‍ച്ചയായി കാലങ്ങള്‍ക്കു മുമ്പ് കുഴിച്ചിട്ട സത്യങ്ങളും പാപങ്ങളും ജീവിതങ്ങളും പുറത്തെടുക്കുമ്പോള്‍, അത് പ്രേക്ഷകരെ ഒരു ഗൃഹാതുരമായ ഓര്‍മ്മകളിലേക്ക് നയിക്കുകയാണ്. അവ്യക്തതയില്‍ കുതിര്‍ന്നതും അസ്വസ്ഥതകള്‍ പിന്തുടരുന്നതുമായ ഈ ആഖ്യാന രൂപമാണ് സിനിമയുടെ ഹൃദയമിടിപ്പ്. സിനിമയുടെ സസ്‌പെന്‍സ് അവസാനം വരെ നിലനിര്‍ത്താനും പ്രേക്ഷകനെ വ്യത്യസ്ത ചിന്തകളിലേക്ക് നയിക്കാനും കൃത്രിമത്വം അനുഭവപ്പെടാതെ സ്വാഭാവിക രീതിയില്‍ അവതരിപ്പിക്കാനും കഴിഞ്ഞു. പ്രതീക്ഷകള്‍ക്കും അപ്പുറത്ത് ഉദ്വേഗത്തിന്റെ നൂല്‍ക്കുരുക്കില്‍ നമ്മളെ കൊണ്ടെത്തിക്കുന്നുണ്ട് രേഖാചിത്രം. അണുവിട ശ്രദ്ധമാറ്റാന്‍ തോന്നാത്ത വിധം പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നത് ഉറപ്പാണ്. വര്‍ത്തമാനകാലത്തെയും ഭൂതകാലത്തെയും ചിത്രം സംയോജിപ്പിക്കുന്നു. പഴയകാലഘട്ടത്തിന്റെ ഭാവുകത്വം അമിതമാവാതെ എന്നാല്‍ ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ചിത്രത്തിനായി. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ ഗതി തിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പ്രേക്ഷകരോട് സംവദിക്കുന്നത് അതീവ ഹൃദ്യമായി തന്നെയാണ്. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് എന്ന ഒരു തോന്നലും അതുളവാക്കുന്നുണ്ട്. നമ്മളറിയുന്ന ചരിത്രത്തെ മറ്റൊരു പരിപ്രേക്ഷ്യത്തിലൂടെ അവതരിപ്പിച്ച ആ രീതി പുതുമയുള്ളതായിരുന്നു.
രാജേന്ദ്രന്‍ (സിദ്ദിഖ്), പുഷ്പ (സറിന്‍ ഷിഹാബ്), പ്രഹേളികയായ പള്ളാശേരി (ടിജി രവി) തുടങ്ങി വിവിധ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിക്കൊണ്ട്, സമയരേഖകള്‍ക്കിടയില്‍ ഈ ചിത്രം സമര്‍ത്ഥമായി ചാഞ്ചാടുകയും ചെയ്യുന്നു. സര്‍റിയലിസത്തിന്റെ ഒരു പാളി ചേര്‍ക്കുന്നത് മമ്മൂട്ടിയുടെ ഡിജിറ്റലായി പുനര്‍നിര്‍മ്മിച്ച പഴയകാല പതിപ്പാണ്. മമ്മൂട്ടിയുടെ ഡിജിറ്റല്‍ റിക്രിയേഷന്‍ ഒരു സാങ്കേതിക വിസ്മയമാണ്. അത് ചിത്രത്തിന് പുതുമയുടെ സ്പര്‍ശം നല്‍കുന്നു. ഫിക്ഷനെയും യാഥാര്‍ത്ഥ്യത്തെയും അതുല്യമായ രീതിയില്‍ സിനിമ ബന്ധിപ്പിക്കുന്നുണ്ട്. കാതോടു കാതോരം എന്ന ഭരതന്‍ സിനിമയുടെ ലൊക്കേഷന്‍ പുനഃസഷ്ടിച്ചപ്പോള്‍ ഭരതന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രൂപസാദൃശ്യമുള്ളവരെ കണ്ടെത്തുന്നതില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ വിജയിച്ചിട്ടുണ്ട്.
നിഗൂഢതയും കുറ്റകൃത്യവും അന്വേഷണവും അടങ്ങിയ കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് രേഖാചിത്രം. ഇത് സിനിമയുടെ ഗ്ലാമറിനെ യാഥാര്‍ത്ഥ്യത്തിന്റെ കാഠിന്യവുമായി വിജയകരമായി സംയോജിപ്പിച്ച് രസകരമായ ഒരു സിനിമാറ്റിക് അനുഭവം നല്‍കുന്നു. ചിത്രത്തിന്റെ വ്യത്യസ്ത തട്ടുകളിലുള്ള ആഖ്യാനവും, മികച്ച പ്രകടനവും വിജയത്തില്‍ പങ്കു വഹിച്ചിട്ടുണ്ട്. സിഐ വിവേക് ആയി വന്ന ആസിഫലി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടുവെന്നത് കൊണ്ടു തന്നെ അഭിനയത്തില്‍ പുതുമയോ മികവോ കാണാനാവില്ല. തലവന്‍ എന്ന സിനിമയിലെ പോലീസ് കഥാപാത്രത്തിനൊപ്പം പോലും എത്തുന്നില്ല. രേഖയെന്ന കഥാപാത്രത്തിന്റെ ദുര്‍ബലതയും നിശ്ചയദാര്‍ഢ്യവും സൂക്ഷ്മതയോടെ പകര്‍ത്തി അനശ്വര രാജന്‍ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. മനോജ് കെ. ജയന്‍, സിദ്ദിഖ്, ടി.ജി. രവി, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ശ്രീകാന്ത് മുരളി എന്നിവര്‍ തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി. എടുത്തു പറയേണ്ടത് സറിന്‍ ഷിഹാബ് അവതരപ്പിച്ച പുഷ്പയെന്ന കഥാപാത്രമാണ്. ബി 32 മുതല്‍ 44 വരെ, ആട്ടം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ കവച്ചുവെയ്ക്കുന്ന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതിഭാവുകത്വങ്ങളില്ലാതെയുള്ള അഭിനയം പ്രശംസനീയമാണ്. സിദ്ദീഖ്, ടി.ജി. രവി എന്നിവരുടെ ചെറുപ്പകാലം അഭിനയിച്ചത് സ്വന്തം മക്കളായ ഷഹീന്‍ സിദ്ദീഖും ശ്രീജിത്ത് രവിയും ആണെന്ന സവിശേഷതയുണ്ട്. ഒരു കഥാപാത്രവും അനാവശ്യമായി അനുഭവപ്പെടുന്നില്ലെന്നതാണ് സംവിധായകന്റെ വിജയം. ജോഫിന്‍ ടി. ചാക്കോയുടെ ആദ്യ സിനിമയായ ദി പ്രീസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതികള്‍ മറികടന്ന് ഏറെ മുന്നോട്ടു പോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ട്വിസ്റ്റുകളുള്ള ആഖ്യാനം വളരെ നന്നായി നിര്‍വ്വഹിച്ചു. ലൈറ്റിംഗിന്റെയും നിഴലുകളുടെയും ഉപയോഗത്തിലൂടെ നിഗൂഢത വര്‍ദ്ധിപ്പിക്കുന്ന ഛായാഗ്രഹണ രീതി നന്നായിട്ടുണ്ട്. പശ്ചാത്തല സംഗീതവും ദൃശ്യാവസ്ഥയെ പരിപൂര്‍ണ്ണമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. എങ്കിലും തിരക്കഥയില്‍ കാണാവുന്ന പാളിച്ചകള്‍ ഇതിലും പ്രകടമാണ്. പോലീസ് എന്തുകൊണ്ട് ചില കാര്യങ്ങള്‍ (സ്വന്തം വാഹനത്തില്‍ ഇടിച്ച വാഹനത്തെ കുറിച്ചു പോലും) അന്വേഷിക്കാതെ വിട്ടുകളഞ്ഞു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കാതെ ഉള്ളത് കണ്ട് മടങ്ങിയാല്‍ ആസ്വാദനം പൂര്‍ത്തിയാക്കാം.ച്ച
അടിക്കുറിപ്പ്: ഇന്ത്യക്കാരെ ട്രംപ് വിലങ്ങു വെച്ച് നാടു കടത്തിയ നാണം കെട്ട നടപടി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്, 'കൊണ്ടുവന്നത് ഏറ്റവും വലിയ സൈനിക വിമാനത്തില്‍' എന്നായിരുന്നു (ഒരു ബഹുമതി പോലെ). കൊടിയേറ്റം എന്ന സിനിമയില്‍ വസ്ത്രങ്ങളിലേക്ക് ചെളി തെറിപ്പിച്ച് വാഹനം പോയപ്പോള്‍, 'എന്തൊരു സ്പീഡ്' എന്നു പറഞ്ഞ ശങ്കരന്‍കുട്ടിയെ (ഭരത് ഗോപി) ഓര്‍മ്മ വന്നു.