സ. സി.ജെ. ജോസഫ് അനുസ്മരണ പരിപാടിയുടെ ഭാഗമായി കെജിഒഎ യുടെ സി.ജെ. ജോസഫ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വെബിനാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫൈനാന്‍സ് & പോളിസിയിലെ അധ്യാപികയായ പ്രൊഫ. ലേഖ ചക്രബര്‍ത്തി നടത്തിയ സംഭാഷണത്തിന്റെ സാരാംശം ചുവടെ ചേര്‍ക്കുന്നു. ഇതുവരെ കഴിഞ്ഞുപോയ ധനകാര്യ കമ്മീഷനുകളെ താരതമ്യം ചെയ്യുമ്പോള്‍ 15-ാം ധനകാര്യ കമ്മീഷനില്‍ കേരളത്തിന് കിട്ടിയ വിഹിതം വളരെ കുറവാണ്. നമ്മുടെ ചര്‍ച്ചകള്‍ തുടങ്ങേണ്ടത് അവിടെ നിന്നാണ്. പതിനാറാം ധനകാര്യ കമ്മീഷന് 15-ാം ധനകാര്യ കമ്മീഷനിലെ മാനദണ്ഡങ്ങള്‍ തുടരുകയാണെങ്കില്‍ കേരളം പോലെയുള്ള വളരുന്ന സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കും. വീതം പങ്കുവെക്കുന്ന മാനദണ്ഡങ്ങളില്‍ ഇന്‍കം ഡിസ്റ്റന്‍സിന് 45 % വെയ്റ്റേജ് തുടരുകയാണെങ്കില്‍ കേരളത്തിനെ പ്രതികൂലമായി ബാധിക്കും. കാരണം നാം വളരുന്ന സംസ്ഥാനമാണ്. കടമെടുത്ത് വളര്‍ച്ച നിരക്ക് ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം. അര്‍ജന്റീനയോ മറ്റുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ പോലെയോ കടമെടുത്തു സാമ്പത്തിക വളര്‍ച്ച ഇല്ലാത്ത മാതൃകയല്ല കേരളം. നമ്മുടെ വളര്‍ച്ച നിരക്ക് പലിശ നിരക്കിനെക്കാളും എപ്പോഴും കൂടുതലാണ്. അതുകൊണ്ട് കടമെടുക്കുന്നുണ്ടെങ്കിലും ഒരു വളരുന്ന സംസ്ഥാനമാണ് കേരളം. വികസന മുന്നേറ്റത്തിനെ ശിക്ഷിക്കുന്ന രീതിയില്‍ ആവരുത് പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍. കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന തുക 41 ശതമാനത്തില്‍ നിന്ന് 50 ശതമായി ഉയര്‍ത്തുമോ എന്നതാണ് മറ്റൊരു ചോദ്യം. പല സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഗവേഷകരുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടത് കേരളത്തിലെ കൂടിവരുന്ന ജനസംഖ്യ വാര്‍ദ്ധക്യമാണ്. ഈ പ്രവണത സംസ്ഥാനത്തില്‍ ധനകാര്യ വെല്ലുവിളിയെ ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ വെറും ജനസംഖ്യ എന്നുള്ള ഘടകത്തില്‍ നിന്ന് മാറി വാര്‍ദ്ധക്യ ജനസംഖ്യ എന്ന സമീപനത്തിലേക്ക് പതിനാറാം ധനകാര്യ കമ്മീഷന് മാറുമോ എന്നതാണ് മറ്റൊരു ചോദ്യം. ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് ധനകാര്യ കമ്മീഷന്റെ വിഹിതം അധികം നല്‍കുന്നതിന് എതിരെയല്ല കേരളം പക്ഷേ ജനസംഖ്യ വര്‍ദ്ധനവ് നിയന്ത്രിച്ച സംസ്ഥാനമായ കേരളത്തിനെ ശിക്ഷിക്കുന്നത് എങ്ങനെ ഒഴിവാക്കും എന്നതാണ് പതിനാറാം ധനകാര്യ കമ്മീഷന് പരിശോധിക്കേണ്ടത്. ഇതിന് ഒരു ഉത്തരം കിട്ടിയില്ലെങ്കില്‍ നമ്മുടെ ധനകാര്യ അവസ്ഥയെ ബാധിക്കും.ഏതൊരു സാങ്കേതിക സമീപനം എടുത്താലും അതില്‍ ഒരു പൊളിറ്റിക്കല്‍ എക്കണോമി ഘടകം ഉണ്ട്. നയ രൂപീകരണത്തിന്റെ തലവന്മാരുടെ വ്യക്തിസ്വഭാവങ്ങള്‍ എങ്ങനെ സാമ്പത്തിക ഘടകങ്ങളെ സ്വാധീനിക്കുന്നു എന്ന് പഠനങ്ങള്‍ നടന്നുവരുന്നു. ഇത് കരിയര്‍ തിയറി എന്ന് പറയും. കൊളംബിയന്‍ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിദഗ്ധനായ നവ ലിബറല്‍ നയങ്ങളെ സ്വീകരിക്കുന്ന പ്രൊഫ. അരവിന്ദ് പനഗാറിയയുടെ സമീപനം പതിനാറാം ധനകാര്യ കമ്മീഷനില്‍ കടന്നു വന്നേക്കാം. നികുതി പങ്കുവയ്ക്കുന്നത് കൂടാതെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിന്റെ രൂപരേഖയും ഒരുക്കിവരുന്ന പ്രവണതയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ കൂടുതല്‍ പങ്കുവഹിക്കുന്നത് സംസ്ഥാനങ്ങളുടെ വളര്‍ച്ചയാണ്. കേന്ദ്ര-സംസ്ഥാന ധനകാര്യ അസമത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നയരൂപീകരണ നടത്താനുള്ള അവസരം നല്‍കിയില്ലെങ്കില്‍ എങ്ങനെ ഒരു രാജ്യത്തിന് വളരാന്‍ സാധിക്കും എന്നത് അടിസ്ഥാന ചോദ്യമാണ്. ഈ വിഷയത്തിനെ എങ്ങനെ ധനകാര്യ കമ്മീഷന് സമീപിക്കും എന്നത് ഒരു ആശങ്കയാണ്.
കേരളത്തിന്റെ വിഷയത്തില്‍ സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. ഒരു വിഭാഗം സാമ്പത്തിക വിദഗ്ധന്മാര് ചൂണ്ടിക്കാണിക്കുന്നത് കേരളത്തിലെ നികുതി ആഭ്യന്തര വരുമാനത്തിന്റെ അനുപാതം കൂട്ടണമെന്നാണ്. ഇവിടെ നികുതി വര്‍ദ്ധിപ്പിക്കുന്നതിനേക്കാളും നികുതി പിരിച്ചെടുക്കുന്നത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. നാം കടമെടുക്കുന്ന സംസ്ഥാനമാണെങ്കിലും എടുക്കുന്ന കടം വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുമെങ്കില്‍ വരുംതലമുറകള്‍ക്ക് ഉപയോഗപ്പെടുമെന്നാണ് മനസ്സിലാക്കേണ്ടത്. സംസ്ഥാനം കടമെടുക്കുമ്പോള്‍ ഒരു ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കടമെടുക്കുന്നതാണ് ഉചിതം. കാരണം റീ ഫിനാന്‍സിംഗ് റിസ്ക് അധികമില്ല. വിലക്കേയറ്റം കുറയ്ക്കുന്നതിന് വേണ്ടി റിസര്‍ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കൂട്ടുന്നത് സംസ്ഥാനത്തിന്റെ ധന വിനിയോഗത്തില്‍ പലിശ ബാധ്യത കൂടുന്നതിന് ഒരു കാരണം കൂടിയാണെന്ന് മനസ്സിലാക്കണം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശമ്പളം പെന്ഷന് എല്ലാം കുറയ്ക്കുവാണെങ്കില് വളര്‍ച്ച പ്രക്രിയയ്ക്ക് തിരിച്ചടിയാവും. കാരണം പശ്ചാത്തല സൗകര്യം കൊണ്ട് മാത്രം ഒരു സംസ്ഥാനം വളരുകയില്ല ജനങ്ങളുടെ കയ്യിലുള്ള പണം വിപണിയില്‍ എത്തുന്നത് സാമ്പത്തിക പ്രക്രിയയില്‍ പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ട് ശമ്പളം പെന്ഷന് എന്നിവ വെട്ടിക്കുറച്ചുകൊണ്ട് ഒരു ധന കമ്മിയിലോട്ട് ഒരിക്കലും പോകരുത്.