രാജ്യസഭയില്‍ 'ഭരണഘടന 75-ാം വയസ്സില്‍' ചര്‍ച്ചയുടെ രണ്ടാമത്തെയും സമാപനദിവസവും ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ സമാപന പ്രസംഗം നടത്തുമ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇക്കാലത്ത് ഒരു ഫാഷനുണ്ട്. അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍. ഇത്രയും പ്രാവശ്യം ദൈവത്തിന്റെ നാമം ജപിച്ചാല്‍, അടുത്ത ഏഴു ജന്മങ്ങളില് നിങ്ങള്‍ സ്വര്‍ഗം പ്രാപിക്കും''.
അംബേദ്കറുടെ പേര് ആറ് തവണ പാട്ടു പാടുന്ന രീതിയില്‍ ചൊല്ലിയത് ഇന്ത്യന്‍ ഭരണഘടനയുടെ പിതാവിനെ പരിഹസിക്കുന്നതിനായിരുന്നുവെന്നത് വ്യക്തം. അംബേദ്കറെ 'ഫാഷന്‍' എന്ന് വിളിക്കുകയും അത് ഉപരിപ്ലവമായ ഒരു മതബോധനമോ ഗിമ്മിക്കോ എന്ന മട്ടില്‍ പേര് ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് അമിത് ഷാ, അംബേദ്കറുടെ ആശയങ്ങളോടുള്ള സംഘപരിവാറിന്റെ അവഗണന പൊതുസമൂഹത്തില്‍ വെളിപ്പെടുത്തുകയാണ് ചെയ്തത്. എല്ലാവര്ക്കും അറിയാവുന്ന സത്യമാണ് അംബേദ്കറുടെ റാഡിക്കല്‍ മോഡേണിസത്തോടും ജാതി വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയ സാമൂഹിക ശ്രേണികളെ നിരാകരിക്കുന്ന അംബേദ്ക്കര്‍ ചിന്താപദ്ധതികളോടും ഹിന്ദുത്വം പുലര്‍ത്തുന്ന ശത്രുതാപരമായനിലപാട്. ഹിന്ദുത്വം അടിസ്ഥാനപരമായി അംബേദ്കറിസത്തിന് എതിരാണ്.
പ്രശസ്തമായ രണ്ട് ടെലിവിഷന്‍ ചാനലുകള്‍ നൂറ്റാണ്ടിലെ മഹത്തായ ഇന്ത്യക്കാരെ (ഏൃലമലേേെ കിറശമി) കണ്ടെത്താന്‍ ഒരു സര്‍വ്വേ സംഘടിപ്പിക്കുകയുണ്ടായി. 20 മില്യന്‍ ആളുകള്‍ പങ്കെടുത്ത സര്‍വ്വേയില്‍ ഗാന്ധിജിയെയും നെഹ്റുവിനെയും പിന്തള്ളി മുന്നിലെത്തിയത് ഡോ. അംബേദ്കറായിരുന്നു. സംഭവവിപുലമായ ജീവിതംകൊണ്ട് ചരിത്രത്തില്‍ ഇടം നേടുകയും കോടിക്കണക്കിന് അയിത്തം കല്പിക്കപ്പെട്ട മനുഷ്യരുടെ ജീവിത താളം നിര്‍ണയിക്കുകയും വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയെ രുചി ഭേദങ്ങളുടെയും നിറക്കൂട്ടുകളുടെയും സൂക്ഷ്മ സങ്കലനത്തിലൂടെ സമത്വം സാഹോദര്യം സ്വാതന്ത്ര്യം എന്ന പ്രാഥമിക ഭരണഘടനാമൂല്യങ്ങളിലൂടെ സംയോജിപ്പിക്കുവാനും പരിശ്രമിച്ച അംബേദ്കര്‍ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വേറിട്ടൊരു സംഭാവനയും മുഖവുമായിരുന്നു. തന്റെ ജീവിതത്തിലുടനീളം അപമാനിക്കപ്പെടുകയും ആക്ഷേപവചനങ്ങള്ക്ക് വിധേയനാവുകയും ചെയ്ത അംബേദ്കര്‍ തന്റെ മരണത്തിന്റെ ആറര പതിറ്റാണ്ടിനു ശേഷവും ഇന്ത്യയിലങ്ങോളമിങ്ങോളം അപമാനിക്കപ്പെടുന്നത് ഇന്നും തുടര്‍ക്കഥയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതിമകള്‍ തകര്‍ക്കുകയോ അവയില്‍ ചെരുപ്പ് മാലകളണിയിച്ച്അവഹേളിക്കുകയോ ചെയ്യുന്നത് വാര്‍ത്തകളേ അല്ലാതായിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നത സ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന പാര്‍ലമെന്റിനകത്തും പുറത്തും അവസരം ലഭിക്കുമ്പോഴൊക്കെത്തന്നെയും ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അദ്ദേഹത്തെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. അരുണ്‍ ഷൂരിയെ പോലുള്ളവര്‍ അംബേദ്കര്‍ ഇകഴ്ത്തി കാട്ടുന്നതിന് ആയിരക്കണക്കിന് പേജുള്ള പുസ്തകമാണ് രചിച്ചത്. തന്റെ ജീവിതകാലത്തുടനീളം നഖശിഖാന്തം എതിര്‍ത്തിരുന്ന ജാതി ബ്രാഹ്മണ്യത്തെയും അതിന്റെ പ്രാമാണിക ഗ്രന്ഥമായ മനുസ്മൃതി കത്തിച്ചു ചാരമാക്കിയതിന്റെയും ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് അദ്ദേഹത്തെ ഹിന്ദുമതത്തിന്റെ ഭാഗമാക്കിമാറ്റി അവതരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
സമകാലിക ഇന്ത്യ ഇന്ന് നേരിടുന്ന ആഭ്യന്തര വെല്ലുവിളികള്‍ വാസ്തവത്തില്‍ ഭരണകൂട നിര്‍മ്മിതമാണ്. ഒരു മതനിരപേക്ഷ ജനാധിപത്യ സങ്കല്പമാണ് (ടലരൗഹമൃ റലാീരൃമര്യ) ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്നത്. ജനാധിപത്യത്തിലെ ഭൂരിപക്ഷമെന്ന സങ്കല്പം ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടന ധാര്മികതയെത്തന്നെയും അട്ടിമറിക്കാനായി ഉപയോഗപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റുന്നതിന് ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് ഇന്ന് നിലവിലിരിക്കുന്ന ഭരണഘടന തന്നെയാണ്. 'ഭാരതീയമായ മൂല്യങ്ങളോ സനാതന ധര്മ്മസവിശേഷതകളോ' കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ ഭരണഘടന അംഗീകരിക്കാന്‍ കഴിയില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച കൂട്ടരാണ് ഇന്ന് രാജ്യഭരണം കയ്യാളുന്നത്. ഇത്തരമൊരു സാഹചര്യത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അംബേദ്കര്‍ ഇങ്ങനെ എഴുതിയത്: 'ഹിന്ദു രാജ് ഒരു യാഥാര്‍ത്ഥ്യമായി മാറുകയാണെങ്കില്‍ അത് ഈ രാജ്യത്തിന് ഏറ്റവും വലിയ വിപത്തായിരിക്കും. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്ക് അതൊരു തടസ്സവുമായിരിക്കും. അത് ജനാധിപത്യവുമായി പൊരുത്തപ്പെടുന്നതല്ല. ഹിന്ദുരാജ് എന്ത് വിലകൊടുത്തും എതിര്‍ക്കപ്പെടേണ്ടതാണ്'.
നിലവിലിരിക്കുന്ന ഭരണഘടനയുടെ മതനിരപേക്ഷ-ജനാധിപത്യ- സമത്വ-സാഹോദര്യ നിലപാടുകള്‍ നിലനിര്‍ത്തിക്കൊണ്ട് സംഘപരിവാര്‍ നേതൃത്വം നല്കുന്ന ഹൈന്ദവ ഫാസിസത്തിന് അവരുദ്ദേശിക്കുന്ന വേഗതയില്‍ മുന്നേറാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ദേശീയ പ്രസ്ഥാനവും തുടര്‍ന്നുവന്ന ജനാധിപത്യ ഭരണസംവിധാനവും മുന്നോട്ടുവെച്ച ജനാധിപത്യ മതനിരപേക്ഷ ആശയങ്ങളെ അട്ടിമറിക്കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. അതാണ് ഹിന്ദുത്വ രാഷ്ട്രീയം. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായമായ ബ്രാഹ്മണരിലെ തന്നെ വളരെ ചെറിയൊരു പറ്റമായ ചിത്പാവന്‍ ബ്രാഹ്മണ കുലത്തിലെ ചിലര്‍ ആവിഷ്കരിച്ചു വളര്‍ത്തിയ ഈ അക്രാമക ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യന്‍ ഭരണത്തിലേറിയിരിക്കുന്ന സാഹചര്യത്തില്‍ (പി.എന്‍. ഗോപീകൃഷ്ണന്) അംബേദ്കര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ക്ക് പ്രസക്തി ഏറി വരികയാണ്.
സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍ അംബേദ്കര്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനും ജാതിവ്യവസ്ഥ സൃഷ്ടിച്ച അസമത്വങ്ങള്‍ക്കുമെതിരെ പട നയിച്ച പോരാളിയായിരുന്നു.തന്റെ വിദേശ പഠനകാലയളവാകട്ടെ ഇന്ത്യന്‍ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചും ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകളിലെ ഭരണസംവിധാനത്തെക്കുറിച്ച് ഇന്ത്യന്‍ രൂപയെ കുറിച്ചും ജാതിവ്യവസ്ഥ സൃഷ്ടിച്ച ആഘാതത്തെ കുറിച്ചുമുള്ള ഗൗരവമേറിയ ഗവേഷണങ്ങള്‍ക്കാണ് അദ്ദേഹം ചെലവഴിച്ചത്. ബ്രിട്ടന്റെ ഇന്ത്യയിലെ കോളനി ഭരണകാലത്തെ അധികാര കേന്ദ്രങ്ങളിലെ തന്റെ സാന്നിധ്യം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിനും വനിതകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന ജന വിഭാഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഉപയോഗിച്ചതെന്ന് കാണാം.ലോക തൊഴിലാളിവര്‍ഗ്ഗത്തിന് മാര്‍ക്സ് എങ്ങനെയാണോ പ്രിയങ്കരനാക്കുന്നത് അതുപോലെ ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും ആധുനികലോകത്തെ മുന്നോട്ടു നയിക്കുന്ന തൊഴില്‍ വര്‍ഗ്ഗങ്ങള്‍ക്കും മറക്കാന്‍ കഴിയാത്ത പേരാണ് അംബേദ്കറുടേത്. തൊഴിലാളി സമൂഹം ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളുടെ തുടക്കം കുറിക്കുന്നതിന് ഇന്ത്യയില്‍ നേതൃത്വം നല്‍കിയത് അംബേദ്കറാണ്.
1942 മുതല്‍ 1946 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നു അംബേദ്കര്‍. ഈ കാലയളവിലും പിന്നീട് തൊഴില്‍ മന്ത്രിയെന്ന നിലയിലും നിയമമന്ത്രിയെന്ന നിലയിലും അംബേദ്കര്‍ മുന്‍കൈയെടുത്തു നടപ്പിലാക്കിയ തീരുമാനങ്ങള്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായിരുന്നു. ലിംഗ വ്യത്യാസമില്ലാതെ തുല്യ ജോലിക്ക് തുല്യവേതനം, സ്ത്രീകളുടെ ഗര്‍ഭകാല ആനുകൂല്യങ്ങള്‍, ക്ഷാമബത്ത, വേതന പരിഷ്കരണം, ഒഴിവുദിനങ്ങളില്‍ വേതനത്തിനുള്ള അവകാശം എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. ട്രേഡ് യൂണിയനുകള്‍ക്കുള്ള അംഗീകാരം, പണിമുടക്കാനുള്ള അവകാശ സംരക്ഷണം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കളുടെ തുടക്കം, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, പ്രൊവിഡന്‍സ് ഫണ്ട്, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട്, മിനിമം വേതനം തുടങ്ങി ആധുനിക തൊഴിലാളി സമൂഹം അനുഭവിക്കുന്ന ആനുകൂല്യങ്ങളുടെ പിന്നില്‍ അംബേദ്കറാണ്. ഇന്ത്യയിലെ ജാതി വ്യവസ്ഥയും അതിന്റെ അടിത്തറയായ ജാതി വിവേചനവും ഉല്പാദന വ്യവസ്ഥയോട് ബന്ധപ്പെട്ടാണല്ലോ നിലനില്‍ക്കുന്നത്. ജാതി വിഭജനം തൊഴില്‍വിഭജനം മാത്രമല്ല തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന അംബേദ്കറുടെ നിരീക്ഷണത്തിന് ഇന്ത്യന്‍ സാഹചര്യത്തില്‍ ഉള്ള പ്രസക്തി വളരെ വലുതാണ്. ജാതി നിലനില്ക്കുവോളം തൊഴിലാളി വര്‍ഗ്ഗം എന്ന മാര്‍ക്സിയന്‍ കാഴ്ചപ്പാട് ലേക്കുള്ള ദൂരം കൂടുതലാണെന്ന് അദ്ദേഹം വിശ്വസിച്ചു.
പുതിയ തൊഴില്‍ നിയമ ഭേദഗതിയും (ഘമയീൗൃ രീറല)െ കാര്‍ഷിക നിയമങ്ങളും രാജ്യത്ത് തൊഴിലാളികളുടെ പണിമുടക്കുകള്‍ക്കും കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണല്ലൊ. ഇന്ത്യന്‍ കര്‍ഷകര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ പാതയില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന വേളയില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെക്കുറിച്ച് അംബേദ്ക്കര്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ളതായി കാണാം. 1917-ല്‍ 'ചെറുകിട കൃഷിയും പരിഹാര'വുമെന്ന തലക്കെട്ടില്‍ അദ്ദേഹമെഴുതിയ പ്രബന്ധം കാര്‍ഷിക മേഖലയെ സംബന്ധിച്ച് ഇന്നും ബാധകമാണ്. കൃഷിഭൂമിയുടെ കുത്തകാവകാശം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെട്ടാല്‍ ഉത്പാദനം, ഉത്പാദനച്ചെലവ്, കര്‍ഷകന്റെ വരുമാനം, വിലസ്ഥിരത എന്നിവയെ സാരമായി ബാധിക്കുമെന്ന അംബേദ്ക്കറുടെ നൂറു വര്‍ഷത്തിന് മേല്‍ മുമ്പുള്ള നിരീക്ഷണവും' കൃഷിക്കാവശ്യമായ മൂലധനവും അധ്വാനവും വേണ്ടത്ര ഗുണത്തിലും അളവിലും ലഭ്യമാകുന്നില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യല് സൂചനയും ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമാണ്.
പൊതു മേഖല സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയും നവരത്ന - മിനി നവരത്ന കമ്പനികളുടെ ഓഹരി വിറ്റഴിക്കുകയും ചെയ്യുന്നതിലൂടെ പൊതുമേഖല രാജ്യത്തിന്റെ നട്ടെല്ല് എന്ന അംബേദ്കര്‍ ആശയത്തിന്റെയും ഇടതുപക്ഷ- തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ നിരന്തര ആവശ്യകതയെയുമാണ് ഭരണകര്‍ത്താക്കള്‍ അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ജാതി ബ്രാഹ്മണ്യം രൂപകല്‍പ്പന ചെയ്യുകയും 1925 ആര് എസ് എസിന്റെ രൂപീകരണത്തോടെ തുടരുന്നതുമായ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെനൂറാം വര്‍ഷമാണ് 2025. ഇക്കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കിടെ നിരന്തരമായ നിശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ ഹിന്ദുത്വ ഫാസിസം ഇന്ത്യന്‍ മതനിരപേക്ഷ ശരീരത്തിന് മേല്‍ നിരവധിയായ കടന്നാക്രമങ്ങള്‍ നടത്തുകയുണ്ടായി.അങ്ങേയറ്റം നിഷ്ഠൂരവും ആക്രമണോത്സുകത നിറഞ്ഞതുമായസംഘടിത പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെമ്പാടും സംഘടിപ്പിക്കുന്നതിനും വിവിധ ജാതി മത വിഭാഗങ്ങളെ വര്‍ഗീയ വല്ക്കരിച്ചു തമ്മിലടിപ്പിക്കുന്നതിന് ഇവര്‍ക്ക് കഴിഞ്ഞിട്ടുള്ളതായി കാണാം.ഹിന്ദുത്വ ഫാസിസത്തിന്റെ ഏറ്റവും നിന്ദ്യവും നീചവുമായ ഒരു പ്രയോഗമാ യിരുന്നു മഹാത്മ ഗാന്ധിയുടെ അരുംകൊല (1948). ഗാന്ധിവധത്തിനു ശേഷമുള്ള സംഘപരിവാറിന്റെ നിശബ്ദമായ കാത്തിരിപ്പ് ഇന്ത്യന്‍ നിരപേക്ഷതയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ച ബാബരി മസ്ജിദ് തകര്‍ക്കുന്നതിലൂടെ (1992) ശബ്ദാനമയമാകുന്നത് രാജ്യം സാക്ഷ്യം വഹിച്ചു. 2002-ലെ ഗുജറാത്ത് വംശഹത്യയും 2014-ലെ നരേന്ദ്ര മോദിയുടെ ഡല്‍ഹി സ്ഥാനാരോഹണവും 2024-ലെ അയോധ്യയിലെ രാമക്ഷേത്ര പ്രവേശനവും രാജ്യത്തുടനീളം സംഘപരിവാര്‍ സംഘടനകള്‍ നേതൃത്വം നല്കുന്ന ദളിത് ന്യൂനപക്ഷ വേട്ടകളും ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന സമീപനങ്ങളും നീതിന്യായ സംവിധാനങ്ങള്‍ക്ക് മുകളില്‍ ആചാര അനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും സ്ഥാപിക്കുവാനുള്ള വ്യഗ്രതയും ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന തീവ്ര ഹിന്ദുത്വ ഫാസിസത്തിന്റെ വിവിധ ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളാണ്. മിത്തുകളെയും കേട്ടുകേഴ്വികളെയും അന്ധവിശ്വാസത്തെയും അനാചാരത്തെയും ജാതി വ്യവസ്ഥയെയും ജാത്യാചാരങ്ങളെയും ഭരണകൂട പിന്തുണയോടെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നിയമവാഴ്ചയുടെ അടിസ്ഥാനമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ്. പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും ഏക സിവില്‍ കോഡും ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനവും മുന്നോട്ടുവെക്കുന്ന ആശയവും മറ്റൊന്നുമല്ല.
ഹിന്ദുത്വ ദേശീയതയുടെ (ഒശിറൗ ിമശേീിമഹശാെ) വക്താക്കള്‍ അംബേദ്ക്കറുടെ പൈതൃകം 'ആഗിരണം' ചെയ്യാനോ അല്ലെങ്കില്‍ ഉചിതമായി 'സംയോജിപ്പിക്കാനോ' ശ്രമിച്ചിട്ടും അതു പരാജയപ്പെടുന്നതിന്റെ കാരണം സംഘപരിവാറിന്റെ ഹിന്ദുത്വ ദേശീയതയും അംബേദ്കറുടെ സാമൂഹ്യനീതിയും സമത്വവും തമ്മില്‍ ചരിത്രപരമായ ഒരു വൈരുധ്യം പ്രധാന സവിശേഷതയായി നിലകൊള്ളുന്നതുകൊണ്ടാണ്. അംബേദ്കറുടെ ഹിന്ദുത്വ രാഷ്ട്രീയ നിരാകരണം ചരിത്രപരവും ജാതി വ്യവസ്ഥയോടുള്ള എതിര്‍പ്പും മതേതര- ജനാധിപത്യ-സമത്വ സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ്. അവരുടെ ഗെയിം പ്ലാനിന് അനുയോജ്യമായി അദ്ദേഹത്തിന്റെ ചില കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അംബേദ്കറുടെ പുരോഗമനപരവും ആധുനിക പൗരസമൂഹത്തിന് അനിവാര്യമായ പരിഷ്കാരങ്ങളും ഹിന്ദു ദേശീയത പ്രോത്സാഹിപ്പിക്കുന്ന ശ്രേണിപരമായ ഘടനയും തമ്മിലുള്ള പിരിമുറുക്കങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മൂര്‍ച്ച വര്‍ദ്ധിക്കുകയേ ചെയ്യൂ.
ഇന്ത്യന്‍ ഭരണഘടനയുംഅത് മുന്നോട്ടുവക്കുന്ന ഭരണഘടന മൂല്യങ്ങളും ഭരണഘടന സ്ഥാപനങ്ങളും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുന്ന സമകാലിക ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യ നീതിക്കും വര്‍ണ്ണ വ്യവസ്ഥയുടെ അടിവേരറക്കുന്നതിനും തന്റെ ആയുസ്സിന്റെ നാലര പതിറ്റാണ്ട് സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച ഡോ: ബി ആര് അംബേദ്കറുടെ ചിന്തകള്‍ക്ക് പ്രസക്തിയേറുകയാണ്.