കെ.ജി.ഒ.എ ന്യൂസ്
news-details
സംഘടന

പണിമുടക്കം പാഴാക്കാനുള്ള സമരായുധമല്ല

തൊഴിലെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം അവകാശങ്ങള്‍ നേടിയെടുക്കാനും നേടിയെടുത്തവ സംരക്ഷിക്കാനുമുള്ള സമരായുധങ്ങളില്‍ അവസാനത്തേതും അവധാനതയോടെയും സത്യസന്ധതയോടെയും ഉപയോഗിക്കേണ്ടതുമായ ഒന്നാണ് പണിമുടക്ക്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം രാജ്യമെങ്ങുമുള്ള കേന്ദ്രസംസ്ഥാന ജീവനക്കാരെപോലെ തന്നെ ഏറ്റവും പ്രധാന മുദ്രാവാക്യങ്ങളാണ് പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിച്ച് നിര്‍വ്വചിതമായിട്ടുള്ള പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, സമയബന്ധിത ശമ്പള പരിഷ്‌കരണവും ക്ഷാമബത്തയും കുടിശ്ശികയില്ലാതെ ലഭ്യമാക്കുക, കരാര്‍, കാഷ്വല്‍ പുറംകരാര്‍ നിശ്ചിതകാല നിയമനങ്ങള്‍ ഉപേക്ഷിച്ച് സ്ഥിരംതൊഴില്‍ സംരക്ഷിക്കുക, സര്‍ക്കാര്‍ പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക എന്നിവ. ജീവനക്കാരോടും അവര്‍ പൊരുതി നേടിയതും ഇനി കൈവരിക്കേണ്ടതുമായ അവകാശങ്ങളോടും പ്രതിബന്ധതയുള്ളവര്‍ക്ക് വസ്തുനിഷ്ഠ സാഹചര്യങ്ങളെ സത്യസന്ധമായി വിലയിരുത്താനും രാഷ്ട്രീയ ദുഷ്ടലാക്കിനോ സങ്കുചിതമായ അടവുകള്‍ക്കോ ഉപരി ശരിയായ സമരപാത തെരഞ്ഞെടുക്കാനും ബാധ്യതയുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് ബി.ജെ.പി., കോണ്‍ഗ്രസ്സ് എം.പി.മാരുടെ നേതൃത്വത്തില്‍ പാസ്സാക്കിയ പിഎഫ്ആര്‍ഡിഎ ആക്ട് പിന്‍വലിച്ച പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണം എന്ന ആവശ്യം ഉയര്‍ത്താതെ, കേന്ദ്രസര്‍ക്കാരിനെതിരെ ഉയരേണ്ട പ്രക്ഷോഭത്തെ വഴിതിരിച്ച് പ്രകടനപത്രികയില്‍ പുനഃപരിശോധിക്കുമെന്ന് വാഗ്ദാനം നല്‍കിയ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. രാജ്യവ്യാപകമായി ചജടനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ചജട നിര്‍ത്തലാക്കി ഉത്തരവിടാന്‍ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ചജട നിര്‍ത്തലാക്കി ഉത്തരവിറക്കാനും അടച്ച പണം തിരിച്ചു ചോദിക്കാനും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായി എങ്കിലും ശാശ്വത പരിഹാരത്തിലെത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് യു.പി.എസ്. അഥവാ പ്രൈസ് ഇന്‍ഡക്‌സേഷന്‍ (വേജ് റിവിഷനൊപ്പമുള്ള പെന്‍ഷന്‍ റിവിഷന്‍ ഒഴിവാക്കി) ഉള്‍പ്പെടെയുള്ള നിശ്ചിത പെന്‍ഷന്‍ എന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വന്നു. വിപണിയിലേക്കുള്ള നിക്ഷേപ ഒഴുക്ക് വര്‍ദ്ധിപ്പിക്കുക എന്ന മൂലധന താത്പര്യം ശക്തിപ്പെടുത്തുന്ന ഈ മാറ്റം വിപണി അനിശ്ചിതത്വമോ തകര്‍ച്ചയോ മൂലം പെന്‍ഷന്‍ ഫണ്ടുകള്‍ തന്നെ തകരുന്ന സാഹചര്യമടക്കമുണ്ടായപ്പോള്‍ നിശ്ചിത തുക എങ്ങിനെ ഉറപ്പാക്കും എന്ന് വ്യക്തമാക്കുന്നില്ല. രാജ്യവ്യാപകമായി ഉയര്‍ന്നുവരേണ്ട കരുത്തുറ്റ പ്രക്ഷോഭത്തിന് തടയിടുക എന്നതും ഉയര്‍ന്ന പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ബാധ്യത മൂലം സ്ഥിര നിയമനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകളെ പന്തിരിപ്പിക്കുക എന്നതും യു.പി.എസ്സിന്റെ ദൗത്യമാകുന്നു. മണിപ്പൂര്‍ സര്‍ക്കാര്‍ ഭാവിയില്‍ സര്‍ക്കാര്‍ നിയമനങ്ങളെല്ലാം നിശ്ചിതകാല നിയമനമാക്കുമെന്ന് ഉത്തരവിറക്കിയത് ഇതോട് ചേര്‍ത്തു വായിക്കണം. എന്‍ പി എസ് നടപ്പാക്കാത്ത ഏക സംസ്ഥാനമായ പശ്ചിമബംഗാള്‍ സ്ഥിരനിയമനം നാമമാത്രമാക്കിയിട്ട് വര്‍ഷങ്ങളായി. പുതുക്കിയ യു.ജി.സി. നിയമനത്തിന്റെ കരടും താത്കാലിക നിയമനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പൊതുമേഖല ഓഹരിവില്‍പ്പനയുടെ പ്രധാന ലക്ഷ്യവും സ്ഥിരംതൊഴില്‍ ഇല്ലാതാക്കലാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ 300-ഓളം ജീവനക്കാരാണ് അടുത്ത നാളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റപ്പെട്ടത്. കൂട്ടപ്പിരിച്ചുവിടല്‍ കഴിഞ്ഞ് ദുര്‍ബലമായ ബി എസ് എന്‍ എല്ലില്‍ വീണ്ടും 1000 സ്ഥിരം ജീവനക്കാരെക്കൂടി ഒഴിവാക്കുകയാണ്.

കഴിഞ്ഞ ബഡ്ജറ്റില്‍ 7.5% സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയും യു.ജി.സി. വിഹിതം 60%നത്തിലധികം കുറയ്ക്കുകയും ചെയ്തത് സര്‍ക്കാരിനെ ചുരുക്കുക എന്ന തുടര്‍ പരിപാടിയുടെ ഭാഗമാണ്. യു.പി.എ. സര്‍ക്കാരിന്റെ കാലം മുതലുള്ള എന്‍എച്എം, എസ്എസ്‌കെ, എംഎന്‍ആര്‍, ഇജിഎസ്, അംഗനവാടി, ആശാവര്‍ക്കര്‍ തുടങ്ങി കേന്ദ്ര പദ്ധതികളെല്ലാം സ്ഥിരം നിയമനം ഒഴിവാക്കാനും അതുവഴി ശമ്പള പരിഷ്‌കരണവും പെന്‍ഷനും അപ്രസക്തമാക്കാനും ജാഗ്രത കാണിക്കുന്നു. യു.പി.എ., എന്‍.ഡി.എ. സര്‍ക്കാരുകളുടെ ഈ കണിശതയുടെ തുടര്‍ച്ചയാണ് ലേബര്‍ കോഡുകളില്‍ മിനിമം വേജസ് ഇല്ലാതാക്കിയതും 8 മണിക്കൂര്‍ ജോലി എന്ന അവകാശം അട്ടിമറിച്ചതും. തുടര്‍ന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി എല്‍ & റ്റി ചെയര്‍മാന്‍ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ ഇന്ത്യയിലെ ചെറുപ്പക്കാര്‍ അന്തിയോ വിശ്രമമോ ഇല്ലാതെ പണിയെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതും. കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ 14 മണിക്കൂര്‍ ജോലി ചെയ്യിക്കാന്‍ ഒരുമ്പെടുന്നു. ഏകദിന പണിമുടക്കവുമായി മുദ്രാവാക്യമുയര്‍ത്തുന്നവര്‍ ഈ വെല്ലുവിളികല്‍ക്കെതിരെ ഒട്ടകപ്പക്ഷിയുടെ നയം സ്വീകരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്?

സൈന്യത്തിന്റെ പെന്‍ഷന്‍ ചെലവ് കുറയ്ക്കാനാണ് അഗ്നിപഥ് പദ്ധതി ആവിഷ്‌കരിച്ചത് എന്ന് മുന്‍ സൈനിക മേധാവി നിരീക്ഷിച്ചത് രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ്. ക്ഷേമരാജ്യ സങ്കല്‍പ്പത്തില്‍ നിന്നും മാതൃകാ തൊഴില്‍ദായക പദവിയില്‍ നിന്നും 'പുത്തന്‍' സാമ്പത്തിക നയത്തിന്റെ ഭാഗമായി പിന്‍വലിയുന്നത് സാര്‍വത്രിക വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, തൊഴിലില്ലായ്മ പരിഹാരം തുടങ്ങി എല്ലാ ജനോന്മുഖ നയങ്ങളില്‍ നിന്നും പിന്‍വാങ്ങലാണ്. ചങ്ങാത്ത മുതലാളിത്തം പരിധികളെല്ലാം ലംഘിക്കുമ്പോള്‍ തെരഞ്ഞെടുപ്പുകള്‍ അതിജീവിക്കാന്‍ വര്‍ഗ്ഗീയ വിഭജനവും ലാഡ്‌ലി ബഹന്‍, നാരീശക്തി, പി.എം. കിസാന്‍ തുടങ്ങി നിരവധി പണവിതരണ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നു. ആരോഗ്യ രംഗത്ത് ഇന്‍ഷ്വറന്‍സ് പദ്ധതിയും വിശ്വകര്‍മ്മ യോജന പോലെ ബാങ്ക് ലോണ്‍ വിതരണവുമായി സര്‍ക്കാര്‍ ഇടനിലക്കാരന്റെ റോളിലേക്ക് പിന്‍വാങ്ങുന്നു. മോട്ടോര്‍വാഹന നിയമം, വൈദ്യുതി നിയമം തുടങ്ങിയവയുടെ ഭേദഗതികളൊക്കെ സമ്പൂര്‍ണ്ണ സ്വകാര്യവത്കരണം ലക്ഷ്യമിടുന്നു. ജോയിന്റ് സെക്രട്ടറി നിയമനം വരെ താത്കാലികമാക്കപ്പെടുന്നു. സര്‍ക്കാര്‍ ഒഴിവുകളിലേക്ക് ജീവനക്കാരെ നല്‍കാന്‍ മാന്‍പവര്‍ കമ്പനികള്‍ രൂപീകരിക്കുന്നു. അപ്രന്റീസ് നിയമം, ട്രെയിനികളുടെ നിയമനം ഇവ വ്യാപകമാക്കി തുച്ഛവേതന, പരിമിതകാല പെന്‍ഷന്‍രഹിതതൊഴില്‍ എന്ന കമ്പോള-വര്‍ഗ്ഗീയ കൂട്ടുകെട്ടിന്റെ നയം സംവരണം അട്ടിമറിക്കാനും മനുസ്മൃതികാലത്തെപോലെ അടിമതൊഴില്‍ കമ്പോളം വികസിപ്പിക്കാനുമാണ്.

പൊതുമേഖലയെ സംരക്ഷിക്കുകയും ലാഭത്തിലേക്ക് നയിക്കുകയും ചെയ്യുന്ന, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന സാര്‍വത്രിക സാമൂഹ്യ ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ജനപക്ഷ ബദല്‍ ഉയര്‍ത്തുന്ന ഇടതുപക്ഷ സര്‍ക്കാരാണ് മേല്‍ നയങ്ങളില്‍ നിന്ന് കേരളത്തിലെ സിവില്‍ സര്‍വ്വീസിന് പരിചയാക്കുന്നതും രാജ്യത്തിന് വഴികാട്ടുന്നതും. ഫെഡറല്‍ തത്വങ്ങള്‍ നഗ്നമായി ലംഘിച്ചും ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തും മാധ്യമ നവമാധ്യമരംഗത്ത് നുണപ്രചരണം അഴിച്ചുവിട്ടും ഈ ബദലിന് തുടര്‍ച്ചയുണ്ടാകാതിരിക്കാനുള്ള ശ്രമത്തിന് കേരളത്തില്‍ ഒരു മഴവില്‍ സഖ്യം രൂപപ്പെട്ടിരിക്കുന്നു. ശമ്പള, ക്ഷാമബത്താ കുടിശ്ശിക അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് ആഗ്രഹിക്കുന്ന രീതിയില്‍ തീരുമാനം നടപ്പാക്കാന്‍ കഴിയാത്ത രൂക്ഷമായ സാമ്പത്തിക ഉപരോധം നിലനില്‍ക്കുന്നു. പ്രളയവും വെള്ളപ്പൊക്കവും കോവിഡും സൃഷ്ടിച്ച സാമ്പത്തിക പരിമതികള്‍ മറന്നുകൊണ്ട് 5 വര്‍ഷ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. പ്രസ്തുത സര്‍ക്കാര്‍ തന്നെയാണ് രാജ്യത്തെ മുഴുവന്‍ കേന്ദ്രജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോവിഡ് കാലത്ത് മരവിപ്പിച്ച ക്ഷാമബത്ത അനുഭവവേദ്യമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്ന രൂക്ഷമായ സാമ്പത്തിക ഉപരോധത്തിന്നിടയിലും റൂള്‍ 300 ഉപയോഗിച്ച് കൊണ്ട് ജീവനക്കാരുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച ഇല്ല എന്ന് പ്രഖ്യാപിക്കാനും പതിനായിരക്കണക്കിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും രാജ്യത്തെ ആകെ പി.എസ്.സി. നിയമനങ്ങളുടെ 60%ത്തിലധികം നടത്താനും കേരള സര്‍ക്കാര്‍ തയ്യാറാകുന്നു. ഈ സര്‍ക്കാരിനെതിരെ ജീവനക്കാരെ അണിനിരത്താനും ഈ സര്‍ക്കാരിന്റെ സംരക്ഷണമില്ലായിരുന്നെങ്കില്‍ കേരളത്തിലെ സിവില്‍ സര്‍വ്വീസിനും പൊതുമേഖലയ്ക്കും ഉണ്ടാകാവുന്ന വമ്പിച്ച തകര്‍ച്ചയെ (പ്രത്യേകിച്ചും 2002-ന്റെയും 2013-ന്റെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍) മറച്ചുവയ്ക്കാനും പണിമുടക്ക് എന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ മറച്ചുവയ്ക്കുന്നു. എന്‍ പി എസ് ജീവനക്കാരെ പ്രത്യേകം സംഘടിപ്പിച്ച് ജീവനക്കാരുടെ ഐക്യം തകര്‍ക്കാന്‍ ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയത പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. 2013ന് മുമ്പ് സര്‍വ്വീസില്‍ വന്നവരുടെ പെന്‍ഷന്‍കൂടി അട്ടിമറിക്കാന്‍ 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' കാമ്പയിന്‍ ഏറ്റെടുക്കുന്നതും വര്‍ഗ്ഗീയശക്തികള്‍ തന്നെയാണ്. ഇലക്ട്രിസിറ്റി ബോര്‍ഡ് അദാനിക്ക് കൈമാറാന്‍ കേരളജനതയെ പാകപ്പെടുത്താന്‍ അസത്യങ്ങളും അര്‍ധസത്യങ്ങളും നിരത്തി വ്യാപക കാമ്പയിന്‍ നടക്കുന്നു. ഇന്ത്യയിലെ പൊരുതുന്ന ജീവനക്കാരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ആശാകേന്ദ്രമായ കേരളത്തിന്റെ ഈ ബദലിനെതിരെയുള്ള ആസൂത്രിത നീക്കങ്ങള്‍ക്ക് കരുവാക്കാന്‍ ജീവനക്കാരെ അണിനിരത്തുക എന്ന ആത്മഹത്യാപരമായ നടപടിയാണ് നടത്താന്‍ ശ്രമിക്കപ്പെടുന്ന ഈ ഏകദിന സമരാഭാസം. വസ്തുനിഷ്ഠ സാഹചര്യങ്ങളെ സത്യസന്ധമായി വിശകലനം ചെയ്യാനും യോജിച്ച പ്രക്ഷോഭം കരുത്തോടെ വളര്‍ത്തിയെടുക്കാനും നാം ജാഗരൂകരാകണം. ഭൂരിപക്ഷം ഇടിഞ്ഞതിനെത്തുടര്‍ന്ന് ട്രേഡ് യൂണിയനുകളെ 10 വര്‍ഷത്തിന് ശേഷം പ്രീ ബഡ്ജറ്റ് ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക എന്നതും 8-ാം ശമ്പള പരിഷ്‌കരണ നടപടി ആരംഭിക്കുക എന്നതും മിനിമം വേതനം 26000 രൂപ ആക്കുക എന്നതും ഉണ്ട് എന്ന് നാം തിരിച്ചറിയണം. കൂടാതെ ഇവ സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും മുദ്രാവാക്യങ്ങളാണ്. ദേശീയ പ്രക്ഷോഭങ്ങളിലും പണിമുടക്കുകളിലും നാം അണിചേരുന്നത് ഈ മുദ്രാവാക്യങ്ങളുടെ കൂടി ഭാഗമായാണ്. തൊഴിലെടുക്കുന്നവരുടെയും കര്‍ഷകരുടെയും യുവജനതയുടെയും വിദ്യാര്‍ത്ഥികളുടെയും ദുര്‍ബല ജനവിഭാഗങ്ങളുടെയും യോജിച്ച സമരത്തിനേ നമ്മുടെ തൊഴിലും പെന്‍ഷനും സംരക്ഷിക്കാനാകൂ. മതേതരത്വമടക്കമുള്ള ഭരണഘടന മൂല്യങ്ങളും ജനങ്ങളുടെ ഐക്യവും ജനപക്ഷ ബദല്‍ നയങ്ങളും മുന്നോട്ടു വയ്ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഈ പോരാട്ടങ്ങള്‍ക്ക് കരുത്ത് നല്‍കുന്ന മാര്‍ഗ്ഗദീപം തന്നെയാണ്. ഈ ബദലിനെ സംരക്ഷിക്കുക എന്നത് പരമപ്രധാനമാണ്. മണിപ്പൂര്‍ ഒരു മുന്നറിയിപ്പാണ്. വിഭജിക്കപ്പെട്ട, സൈ്വര്യജീവിതം അന്യമായ, അവകാശങ്ങള്‍ പിടിച്ചുപറിക്കപ്പെടുന്ന ജനത, കോര്‍പ്പറേറ്റ് ആധിപത്യത്തിനുള്ള മുന്നുപാധിയാണ്. സമരാഭാസങ്ങളെയും വ്യാജ പ്രചരണങ്ങളെയും അവധാനതയോടെ ചെറുത്ത് തോല്‍പ്പിച്ച് ലോകശ്രദ്ധ നേടിയ ഈ കേരള മാതൃകയെ നമുക്ക് സംരക്ഷിക്കാം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരെ നേരിന്റെ വഴിയിലേക്ക് നയിക്കാം.

വറുതിയില്‍ വിളയുന്ന വളര്‍ച്ച

ആളിയും അമര്‍ന്നും കത്തിയെരിയുന്ന മണിപ്പൂര്‍

<