കെ.ജി.ഒ.എ ന്യൂസ്
news-details
രാഷ്ട്രീയം

ആളിയും അമര്‍ന്നും കത്തിയെരിയുന്ന മണിപ്പൂര്‍

കലാപ കലുഷിതമായിത്തുടരുന്ന മണിപ്പൂരില്‍ കഴിഞ്ഞ 20 മാസക്കാലമായി സമാധാനം എന്തെന്നറിയാത്ത അവസ്ഥയാണ്. ഇക്കാലയളവില്‍ 250-ഓളം ആളുകള്‍ കൊല ചെയ്യപ്പെടുകയും നൂറുകണക്കിന് വീടുകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും ചുട്ടെരിക്കപ്പെടുകയും ചെയ്തു. ആരുടെയും ജീവിതം സുരക്ഷിതമല്ലാത്ത അവസ്ഥയാണ് മണിപ്പൂരില്‍ ഇന്ന് നിലവിലുള്ളത്. ഭരണകൂടം തന്നെ സ്വീകരിക്കുന്ന പക്ഷപാതപരമായ നിലപാടുകളുടെയും ഭരണകൂട ഭീകരതയുടെയും ഫലമായി കലാപവും അശാന്തിയും തുടരുകയും പടരുകയും ചെയ്യുന്ന ദുരവസ്ഥയാണ് മണിപ്പൂര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

മണിപ്പൂരില്‍ അരംബായി തെങ്കോല്‍, മെയ്തീ ലീപൂണ്‍ എന്നീ സംഘപരിവാര്‍ സംഘടനകള്‍ പര്‍വത മേഖലയിലെ പോപി കൃഷിയും വനംകൊള്ളയും കുക്കികള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണതിനുള്ള വിഷയമായി വ്യാപകമായി ഉപയോഗിച്ചു. യഥാര്‍ത്ഥ മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടപടി എടുക്കാതെ കുക്കിവിരുദ്ധ പ്രചാരണത്തിന് കുടപിടിക്കുകയാണ് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന് സരക്ഷണം നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാരും മണിപ്പൂരിനെ പരീക്ഷണശാലയാക്കുന്നു. ഇതുവഴി സൃഷ്ടിക്കപ്പെട്ട വിഷലിപ്തമായ അന്തരീക്ഷത്തില്‍ താഴ്വരയിലും മലമുകളിലും സമാധാനത്തോടെ ജീവിക്കുക ആര്‍ക്കും തന്നെ സാധ്യമല്ലാതായി. ഭരണസംവിധാനങ്ങള്‍ പാടെ തകര്‍ന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇന്ന് മണിപ്പൂര്‍ സംസ്ഥാനം. ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഭരിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതായി പ്രസിഡന്റിന് ബോധ്യമായാല്‍ ആര്‍ട്ടിക്കിള്‍ 356 പ്രകാരം നടപടിയെടുക്കാന്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കേണ്ട ആവശ്യം പോലുമില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 നാളിതുവരെ രാജ്യത്ത് ദുരുപയോഗം ചെയ്തിട്ടുള്ളതാണെങ്കില്‍ ഇന്നത് മണിപ്പൂരില്‍ ശരിയായ അര്‍ഥത്തില്‍ പ്രയോഗിക്കേണ്ട സമയമാണെന്ന് നിയമ വിദഗ്ദര്‍ ഓര്‍മ്മപ്പെടുത്തുന്ന സാഹചര്യം സംജാതമായിരിക്കുന്നു.

വംശീയതയും വര്‍ഗീയതയും രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്ന ഫാസിസ്റ്റു സമീപനം എങ്ങനെയൊക്കെ ജനജീവിതത്തെ തകര്‍ത്തെറിയും എന്നത് ഒരു തുറന്ന പുസ്തകം പോലെ രാജ്യത്തിന് മുന്നില്‍ വ്യക്ത മായ പശ്ചാത്തലത്തിലാണ് പുതുവര്‍ഷ പുലരിക്ക് മുന്നോടിയായി മണിപ്പൂര്‍ മുഖ്യമന്ത്രി ബീരെന്‍ സിങ് 20 മാസക്കാലമായി മണിപ്പൂരില്‍ നടന്നതിനൊക്കെയും മണിപ്പൂര്‍ ജനതയോട് മാപ്പ് പറഞ്ഞത്.

പണിമുടക്കം പാഴാക്കാനുള്ള സമരായുധമല്ല

സമ്മേളനങ്ങളിലേക്ക്

<