2024 ഡിസംബര്‍ 28, 29 തീയതികളില്‍ എ ഐ എസ് ജി ഇ എഫ് നാഷണല്‍ എക്സിക്യൂട്ടീവ് മീറ്റിങ്ങ് കാണ്‍പൂരില്‍ ചേരുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ ദേശീയ-സംസ്ഥാന തലങ്ങളിലെ സിവില്‍ സര്‍വീസിനെ സംബന്ധിച്ചും പൊതുപ്രശ്നങ്ങളെ കുറിച്ചും ഗൗരവമായ ചര്‍ച്ചയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ ഉള്‍പ്പടെയുള്ള വലതുപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാകെ കരാര്വല്ക്കരണം വ്യാപകമാക്കുന്നു. ബി ജെ പി ഭരിക്കുന്ന മണിപ്പൂരില്‍ ഇനി മുതല്‍ സ്ഥിരം നിയമനം വേണ്ട എന്ന തീരുമാനമെടുത്തപ്പോള്‍, ഗുജറാത്തില്‍ ആകെ ജീവനക്കാരില്‍ എഴുപതു ശതമാനവും കരാര്‍ തൊഴിലാളികളായിക്കഴിഞ്ഞു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇത് അമ്പത് ശതമാനത്തിനുമപ്പുറമായിട്ടുണ്ട്. കരാര്‍ തൊഴിലാളികളുടെ ഏതൊരുവിധ ഉത്തരവാദിത്വവും സര്‍ക്കാരിന്റെ ബാധ്യതയാകാതിരിക്കാന്‍ മാന്‍ പവര്‍ സപ്ലൈ കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുന്നു. സൈന്യത്തെ പോലും കരാര്വല്ക്കരിക്കുകയും നവരത്ന കമ്പനികളെ അടക്കം സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നു.
'കഴിവില്ലാത്തവര്‍' എന്ന മുദ്രകുത്തി പൊതുമേഖലാ ബാങ്ക് ജീവനക്കാരെ നിര്‍ബന്ധിതമായി വിരമിപ്പിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്താകെ കേന്ദ്ര സര്‍വീസില്‍ 10 ലക്ഷം ഒഴിവുകളും പൊതുമേഖലാ സ്ഥാപനങ്ങളില്‍ അരക്കോടിയില്‍ അധികം ഒഴിവുകളും നിലനില്ക്കുന്നു. ബി എസ് എന്‍ എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടപ്പിരിച്ചുവിടലിലൂടെ തകര്‍ക്കപ്പെടുമ്പോഴും, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കാതെ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കമ്പോളാധിഷ്ഠിത പെന്ഷന് പദ്ധതി വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ മേഖല കാവിവല്‍ക്കരിക്കപ്പെടുകയും തീവ്ര വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയം രൂപപ്പെടുത്തുകയും ചെയ്യുന്നു. ആദായ നികുതി പരിധി ഉയര്‍ത്താതെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് നല്‍കിക്കൊണ്ട് പരോക്ഷ നികുതി വര്‍ദ്ധിപ്പിക്കുന്ന നിലപാടും സ്വീകരിക്കുന്നു.ഇത്തരത്തിലുള്ള നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പതിനൊന്നിന ഡിമാന്റുകള്‍ ഉയര്‍ത്തി ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുന്നതിനു വേണ്ടിയുള്ള തീരുമാനത്തോടെയാണ് നാഷണല്‍ എക്സിക്യൂട്ടീവ് യോഗം സമാപിച്ചത്.
നവലിബറല്‍ നയങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ ഉയര്‍ത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ ലോകത്തിനു മുന്നില്‍ ബദല്‍ മാതൃക സൃഷ്ടിക്കുന്നു. നിപയും ഓഖിയും മഹാപ്രളയവും വെള്ളപ്പൊക്കവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളെല്ലാം ജനങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ ബദല്‍ നയങ്ങളിലൂടെ നമുക്ക് മറികടക്കാന്‍ സാധിച്ചിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥിതിക്കെതിരെയുള്ള ഈ ലോക ബദലിനെയാണ് അതിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് നവലിബറല്‍ ശക്തികള്‍ കടന്നാക്രമിക്കുന്നത്. അതുകൊണ്ട് ഈ ബദലുകളെ സംരക്ഷിച്ചുകൊണ്ട് കേരളത്തെയും അതുവഴി രാജ്യത്തെയും സംരക്ഷിക്കുക എന്ന കടമയാണ് നാം ഏറ്റെടുക്കേണ്ടത്.
തൊഴിലും കൂലിയും സംരക്ഷിക്കാന്‍ ഇടതുപക്ഷ ബദലിന്റെ സംരക്ഷണ കവചം പോറലേല്‍ക്കാതെ സംരക്ഷിക്കപ്പെടണം. ജീവനക്കാരെ ഈ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമം ആത്മഹത്യപരമെന്ന് ബംഗാള്‍, ത്രിപുര, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ അനുഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് 59-ാം സംസ്ഥാന സമ്മേളനത്തിലേക്ക് പോകുന്നത്. ഗസറ്റഡ് ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സിവില്‍ സര്‍വീസിനെ കടന്നാക്രമിക്കുന്ന ഭരണവര്‍ഗ നയങ്ങളെ നേരിടുകയും ചെയ്യുന്നതിനായി 1966-ല്‍ രൂപംകൊണ്ട സംഘടന, ഇന്ന് ഗസറ്റഡ് ജീവനക്കാരുടെ ഏറ്റവും വലിയ അവകാശ പോരാട്ടവേദിയായി ഉയര്‍ന്നുവന്നിരിക്കുന്നു.
ജില്ലാ, ഏരിയ, യൂണിറ്റ് തലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച്, ജീവനക്കാരുടെ കാര്യക്ഷമതയും അവകാശ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളാണ് അസോസിയേഷന് മുന്നോട്ട് കൊണ്ടുപോവുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന സമ്മേളനം 2025 മെയ് 17, 18 തീയതികളില്‍ വയനാട് ജില്ലയിലെ കല്‍പ്പറ്റയിലാണ് നടക്കുന്നത്. അതിന്റെ ഭാഗമായി ഏപ്രിലില്‍ ജില്ലാ സമ്മേളനങ്ങളും ഫെബ്രുവരിയിലെ അവധി ദിവസങ്ങളില്‍ ഏരിയ സമ്മേളനങ്ങളും ജനുവരി 15 മുതല്‍ യൂണിറ്റ് സമ്മേളനങ്ങളും സംഘടിപ്പിക്കും. ഈ സമ്മേളനങ്ങളിലെല്ലാം ജീവനക്കാരുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കി സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുക എന്ന സംഘടനാപരമായ കടമ നമുക്ക് ഏറ്റെടുക്കാന്‍ കഴിയണം.