കെ.ജി.ഒ.എ ന്യൂസ്
news-details
സംഘടന

സാര്‍ത്ഥകമീ ജീവിതം

കല്ലോട് കല്ല് ചേര്‍ത്തു വച്ച് ഇടയ്ക്ക് സ്‌നേഹത്തിന്റെ പശക്കൂട്ടുകൂടി തേച്ചു പിടിപ്പിച്ച് കരുതലും പരസ്പരവിശ്വാസവും കൊണ്ട് മേല്‍ക്കൂരയുമൊരുക്കിയാണ് നാം ഒരു സ്വപ്‌നഭവനം പണിയുന്നത്. കേരളത്തിലെ ഗസറ്റഡ് മേഖലയില്‍ പ്രവര്‍ത്തിയെടുത്തിരുന്ന ധിഷണാശാലികളും സഹജീവി സ്‌നേഹമുള്ളവരുമായ ഒരു കൂട്ടം ജീവനക്കാര്‍ കെ.ജി.ഒ.എ എന്ന പ്രസ്ഥാനം കെട്ടിപ്പടുത്തപ്പോള്‍ അവര്‍ ആധാരമാക്കിയത് മുകളില്‍ സൂചിപ്പിച്ച സങ്കല്‍പ്പങ്ങളായിരുന്നു. ഡോ. എന്‍.എം. മുഹമ്മദാലിയും ജോസഫ് സാറും തുടങ്ങി അനേകമനേകം ത്യാഗവര്യരായ പ്രവര്‍ത്തകരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് നമ്മുടെ സംഘടനയെ സൂര്യതേജസ്സോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഇന്നത്തെ സ്ഥിതിയിലേയ്ക്ക് നയിച്ചതെന്നുള്ളത് മറക്കുക വയ്യ. ആ ഗൃഹനിര്‍മ്മിതിയിലെ ഒരു ചെറുകല്ലായി മാറുവാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ കാര്യമെന്ന് കരുതുന്നു.

ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയില്‍ 1955-ലാണ് ജനിച്ചത്. തോട്ടപ്പള്ളി, അമ്പലപ്പുഴയിലെ കക്കാഴം എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ആലപ്പുഴ എസ്.ഡി കോളേജില്‍ നിന്നും ബി.എസ്.സി. ഡിഗ്രി നേടുകയും പന്തളം എന്‍.എസ്.എസ് കോളേജില്‍ നിന്നും എം.എസ്.സി. പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു.

കെ.ജി.ഒ.എ യിലെ മറ്റു സഖാക്കളില്‍നിന്നും വിഭിന്നമായി തികഞ്ഞ കോണ്‍ഗ്രസ്സ് പാരമ്പര്യമുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പഠനകാലത്ത് ഊര്‍ജ്ജസ്വലനായ കെ.എസ്.യു. പ്രവര്‍ത്തകനായിരുന്നു. എസ്.ഡി കോളേജില്‍ കെ.എസ്.യു. വിന്റെ ഭാഗമായി കോളേജ് മാഗസിന്‍ എഡിറ്ററായും പന്തളം എന്‍.എസ്.എസ് കോളേജില്‍ പഠിക്കവേ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട്.

1977 ല്‍ സര്‍ക്കാര്‍ ഉദ്യോഗമേഖലയിലേയ്ക്ക് കടന്നുവന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എല്‍.ഡി. ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അന്ന് എന്‍.ജി.ഒ. അസോസിയേഷനില്‍ അംഗത്വമെടുത്തിരുന്നുവെങ്കിലും എന്‍.ജി.ഒ. യൂണിയനിലെ പല സഖാക്കളുമായും വ്യക്തിസൗഹൃദം ഉണ്ടായിരുന്നു. 1978-ല്‍ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ നിലനിന്നിരുന്ന കാലത്ത് ജീവനക്കാരുടെ വിപുലമായ ഐക്യത്തോടെയുള്ള ഒരു സമരം കേരളം ദര്‍ശിക്കുകയുണ്ടായി.

ജനുവരി മാസം നടന്ന 17 ദിവസം നീണ്ടുനിന്ന ആ പണിമുടക്കത്തില്‍ പ്രൊബേഷന്‍ കാലഘട്ടം ആയിരുന്നിട്ടുപോലും സജീവമായി പങ്കെടുത്തു. സമരകാലഘട്ടത്തില്‍ എന്‍.ജി.ഒ. യൂണിയനിലെ സഖാക്കളുമായുള്ള നിരന്തര സഹവര്‍ത്തിത്വവും ഒരു പ്രാസംഗികന്‍ എന്ന നിലയിലുള്ള സ്വീകാര്യതയും ഇടതുപക്ഷ പ്രവര്‍ത്തകരുമായി കൂടുതല്‍ അടുപ്പിച്ചു. ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങളില്‍ സുവ്യക്തമായ കാഴ്ചപ്പാടുള്ളത് എന്‍.ജി.ഒ. യൂണിയന്‍ അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാണ് എന്ന് തിരിച്ചറിയുന്നത് അവിടംമുതല്‍ക്കാണ്.

ഈ കാലഘട്ടത്തിലാണ് എന്റെ പ്രവര്‍ത്തനമേഖലയില്‍ ഒരു മാറ്റമുണ്ടാകുന്നത്. തിരുവനന്തപുരത്തേക്ക് ദന്റെ തട്ടകം മാറ്റി. ഐ.സി.എം.ആറിന്റെ ഫെലോഷിപ്പോടുകൂടി ആര്‍.സി.സി യില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോയായി ചേര്‍ന്നു. ഈ സമയത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാകുകയും ആന്റണി വിഭാഗം ഇടതുപക്ഷത്തോടൊപ്പം വരികയും ചെയ്തപ്പോള്‍്യൂഞാന്‍ ഇടതുപക്ഷവുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിച്ചു. ആന്റണി പിന്നീട് കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോയെങ്കിലുംഞാന്‍ ഒരു തികഞ്ഞ ഇടതുപക്ഷ പ്രവര്‍ത്തകനായി അപ്പോഴേയ്ക്കും മാറിയിരുന്നു. 1984 ജനുവരിയില്‍ തിരുവനന്തപുരം ആയുര്‍വ്വേദകോളേജില്‍ റിസര്‍ച്ച് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചുകൊണ്ട് ഗസറ്റഡ് തസ്തികയിലെത്തി. അന്ന് കെ.ജി.ഒ.എ മാത്രമാണ് ഗസറ്റഡ് മേഖലയിലെ ഏക സംഘടന. 1985-ലെ കൊല്ലം സമ്മേളനത്തില്‍ വച്ച് ഏതാനും ചിലര്‍ കെ.ജി.ഒ.എ യെ വിട്ട് കെ.ജി.ഒ.യു. രൂപീകരിച്ചുവെങ്കിലും ഞാന്‍ മാതൃസംഘടനയില്‍ത്തന്നെ തുടര്‍ന്നു. അന്ന് കെ.ജി.ഒ.എ യില്‍ ഏര്യാ കമ്മിറ്റികള്‍ നിലവിലില്ല. അന്നത്തെ ജില്ലാസെക്രട്ടറിയോടൊപ്പം തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവുമായി യാത്ര ചെയ്തത് ഓര്‍ക്കുന്നു.

1987-ല്‍ ഏര്യാകമ്മിറ്റികള്‍ നിലവില്‍ വന്നു. പൂജപ്പുര ഏര്യാകമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി ചുമതലയേറ്റെടുത്തു. കാട്ടാക്കട നെട്ടുകാല്‍ത്തേരി വരെ നീണ്ടുകിടക്കുന്ന വിപുലമായ ഒരു ഏര്യാകമ്മിറ്റിയുടെ ക്ലേശകരമായ ചുമതലകള്‍ നിര്‍വ്വഹിച്ചത് എന്റെ സംഘടനാപ്രവര്‍ത്തന ശേഷിയെ തേച്ചുമിനുക്കിയെടുത്തു. തുടര്‍ന്ന് 1992-ല്‍ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയായി 1997-ല്‍ ജില്ലാ സെക്രട്ടറിയായും ചുമതലയേറ്റു.

1988-ലെ പാലക്കാട് സമ്മേളനത്തിലാണ് ആദ്യമായി ഒരു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അന്നുമുതല്‍ 2010 വരെ തുടര്‍ച്ചായി എല്ലാ സംസ്ഥാന സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഡോ.എന്‍.എം മുഹമ്മദാലി ജനറല്‍ സെക്രട്ടറിയായിരുന്ന കാലയളവില്‍ സംസ്ഥാന സെന്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഈ നേതാക്കളുമായുള്ള ആത്മബന്ധം സംഘടനയെ കൂടുതല്‍ കൂടുതല്‍ പുരോഗതിയിലേയ്ക്ക് നയിക്കുന്നതിനുള്ള ദിശാബോധം ആര്‍ജ്ജിക്കുന്നതിന് സഹായിച്ചു. 2002-ല്‍ കാസര്‍കോട് സമ്മേളനത്തില്‍ വച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വര്‍ഷം നടന്ന സമാനതകളില്ലാത്ത 32 ദിവസത്തെ പണിമുടക്കത്തില്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ജില്ലയിലെ മുഴുവന്‍ ഗസറ്റഡ് ഓഫീസര്‍മാരേയും പങ്കെടുപ്പിക്കുന്നതില്‍ നേതൃത്വം കൊടുത്തു. 2003-ല്‍ സംസ്ഥാന ട്രഷറര്‍ ആയും കെ.ജി.ഒ.എ. ന്യൂസിന്റെ മാനേജരായും നിയമിതനായി. 2006 മുതല്‍ 2010-ല്‍ സേവനത്തില്‍നിന്നും വിരമിക്കുന്നത് വരെ സംഘടനയുടെ സംസ്ഥാനസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കെ.ജി.ഒ.എ. എന്ന സംഘടന ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങളില്‍ തിളക്കമാര്‍ന്ന ഒട്ടേറെ നേട്ടങ്ങള്‍ എഴുതിച്ചേര്‍ത്ത ഒരു കാലഘട്ടത്തില്‍ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അഭിമാനമായി കരുതുന്നു.

സേവനത്തില്‍ നിന്നും വിരമിച്ചശേഷം ഞാന്‍ വിശ്രമത്തിന്റേതായ ഒരു വഴിയല്ല തെരഞ്ഞെടുത്തത്. പുരോഗമന പ്രസ്ഥാനത്തിന്റെ പൂജപ്പുര ലോക്കല്‍ കമ്മിറ്റി അംഗമായും ചാല ഏര്യാകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ബാലസംഘം ചാല ഏര്യാ കണ്‍വീനര്‍, ബാലസംഘം ജില്ലാകമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇതുകൂടാതെ പത്തുവര്‍ഷക്കാലം മുടവന്‍മുഗള്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് മെമ്പര്‍, ഐ.ആര്‍. ഐ.എ. യുടെ എക്‌സപെര്‍ട്ട് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും ബാലസംഘം പൂജപ്പുര മേഖലാകമ്മിറ്റിയുടെ അക്കാഡമിക് കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. അനേകമനേകം മനുഷ്യര്‍ ജനിച്ച് ജീവിച്ച് ഒരോര്‍മ്മപ്പാടുപോലും അവശേഷിപ്പിക്കാതെ കടന്നുപോകുന്ന ഈ ലോകത്ത് മനുഷ്യസ്‌നേഹത്തിന്റേയും ജനസേവനത്തിന്റെയും നല്ല പാഠങ്ങള്‍ പഠിക്കാന്‍ എന്നെ സഹായിച്ചത് കെജിഒഎ എന്ന സംഘടനയിലെ പ്രവര്‍ത്തനാനുഭവങ്ങളാണ്. ഇന്നത്തെ നേതൃത്വം ഈ സംഘടനയെ ഉള്‍ക്കാഴ്ചയോടെ മുന്നോട്ടു നയിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു.

വകുപ്പുതല അച്ചടക്കനടപടികളില്‍ പാലിക്കപ്പെടേണ്ട അടിസ്ഥാന നിബന്ധനകള്‍

ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ്

<