കനത്ത ചൂട് മനുഷ്യശരീരത്തെ അതീവ ഗുരുതരമായി സ്വാധീനിക്കുക മാത്രമല്ല, പലതരം രോഗാവസ്ഥകള്‍ക്കും കാരണമാക്കും.
ഉഷ്ണരക്തജീവികളായ മനുഷ്യരുടെ ശരീരതാപനില അന്തരീക്ഷ താപനിലയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് മാറാതെ സ്ഥിരമായി 37 ഡിഗ്രി സെല്‍ഷ്യസ് പരിധിയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. മനുഷ്യശരീരത്തിലെ തൊലിയില്‍ അന്തരീക്ഷ താപനില അറിയാനുള്ള സ്വീകരണികളുണ്ട്. ഇവ താപനിലയെക്കുറിച്ച് തലച്ചോറിലെ നിയന്ത്രണകേന്ദ്രമായ ഹൈപ്പോതലാമസിനെ നിരന്തരം അറിയിച്ചുകൊണ്ടിരിക്കും. അതിനനുസരിച്ച് തൊലികള്‍ക്കിടയിലെ രക്തക്കുഴലുകള്‍ വികസിക്കുകയും ഹൃദയം കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിച്ച് മറ്റ് അവയവങ്ങളില്‍നിന്നുള്ള രക്തപ്രവാഹത്തെ തൊലിയിലേക്ക് തിരിച്ചുവിടുകയും ചെയ്യും. കൂടാതെ, വിയര്‍പ്പുഗ്രന്ഥികളില്‍ ഉല്‍പാദനം കൂട്ടി, ബാഷ്പീകരണത്തിനിടയാക്കി, ശരീരം തണുക്കുകയും ചെയ്യുന്നു.
കൂടുതല്‍ വിയര്‍പ്പുണ്ടായാല്‍ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടും. ജലം വീണ്ടെടുക്കാത്ത അവസ്ഥയും ലവണങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയും മറ്റു പ്രധാന അവയവങ്ങളില്‍നിന്ന് രക്തയോട്ടം തിരിച്ചുവിടുമ്പോഴുള്ള പ്രത്യാഘാതങ്ങളും മൂലമാണ് ഉയര്‍ന്ന താപനിലയെതുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്.
ഉയര്‍ന്ന താപനില മൂലമുണ്ടാകാനിടയുള്ള
രോഗലക്ഷണങ്ങള്‍:
തൊലിപ്പുറത്ത് ചുവപ്പുനിറത്തില്‍ തിണര്‍പ്പുകളുണ്ടാകുകയും അവ ചൊറിച്ചിലുണ്ടാക്കുകയും തുടര്‍ന്ന് അണുബാധയുണ്ടായി പഴുക്കാനും സാധ്യതയുണ്ട്.
നല്ല ചൂടില്‍ തൊലിയിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതിനാല്‍ പ്രായമായവരിലും കൂടുതല്‍ സമയം ജോലി ചെയ്യുന്നവരിലും രക്തം കെട്ടിനിന്ന് കാലില്‍ നീരുണ്ടാകാം.
ചൂടനുസരിച്ച് ശരീരം വിയര്‍ക്കുമ്പോള്‍ കൂടുതല്‍ ജലാംശവും ലവണങ്ങളും നഷ്ടമാകുന്നതുമൂലം പേശി വലിയലും വേദനയുമുണ്ടാകും.
തൊലിപ്പുറത്തെയും കാലുകളിലെയും രക്തക്കുഴലുകളിലേക്ക് രക്തയോട്ടം കൂടുന്നതിനാലും തുടര്‍ന്ന് തലച്ചോറിലേക്ക് വേണ്ടത്ര രക്തം ലഭിക്കാത്തതിനാല്‍ ഓക്സിജന്‍ കുറയുന്നതുകൊണ്ടും തല കറങ്ങി വീഴാനിടയുണ്ട്. രക്തസമ്മര്‍ദം കുറയുകയും കണ്ണില്‍ ഇരുട്ട് കയറുകയും മുഖം വിളറുകയും തര്‍ന്നുവീഴുകയും ചെയ്യും.
കൂടിയ താപനിലയില്‍ കൂടുതല്‍ അധ്വാനിക്കുമ്പോള്‍ ശരീരത്തില്‍നിന്ന് പരിധിയിലധികം ജലാംശവും ലവണങ്ങളും നഷ്ടമാകുകയും വേണ്ടത്ര പകരം നല്‍കുകയും ചെയ്യാതിരുന്നാല്‍ കഠിനമായ ദാഹം, ക്ഷീണം, തലകറക്കം എന്നിവയുണ്ടാകും.
താപനില 40 ഡിഗ്രി സെല്‍ഷ്യസിലും ഉയരുമ്പോള്‍ ശരീരത്തിന് അതുമായി പൊരുത്തപ്പെടാന്‍ പറ്റാതെ വിയര്‍പ്പുഗ്രന്ഥികള്‍ പ്രവര്‍ത്തനക്ഷമമല്ലാതാകും. വിയര്‍ക്കാതെ തൊലി വരണ്ട്, ബോധം നഷ്ടപ്പെട്ട് കോമയിലെത്തി മരണം വരെ സംഭവിക്കാം.
പുറം വെയിലില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, കായികരംഗത്തുള്ളവര്‍, അഞ്ചു വയസ്സിന് താഴെയുള്ളവര്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍, ശ്വാസകോശരോഗികള്‍, പ്രമേഹരോഗികള്‍, കൈകാലുകളിലെ രക്തയോട്ടത്തിന് തകരാറുള്ള രോഗികള്‍, മാനസികരോഗികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഉപ്പ് നിയന്ത്രണവും വെള്ളനിയന്ത്രണവും ആവശ്യമുള്ള വൃക്ക-ഹൃദ്‌രോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറുടെ പ്രത്യേക ഉപദേശം തേടണം.
കിഡ്നിയും ഹൃദയവുമായും ബന്ധപ്പെട്ട രോഗങ്ങളുള്ളവര്‍, മാനസികരോഗമുള്ളവര്‍, രക്തസമ്മര്‍ദമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഉയര്‍ന്ന താപനിലയില്‍ പല മരുന്നുകളുടെയും ഗുണം നഷ്ടമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവ തണുപ്പുള്ളതും ഈര്‍പ്പമില്ലാത്തതുമായ സ്ഥലങ്ങളില്‍, 25 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം.
ഉയര്‍ന്ന താപനിലയും അതിനനുബന്ധമായ ജലക്ഷാമവും വായുമലിനീകരണവും മൂലം ചില രോഗങ്ങളുണ്ടാകാനും സാധ്യതയുണ്ട്:
വെള്ളത്തില്‍ രോഗാണുക്കളുടെ സാന്ദ്രത കൂടുന്നതിനാല്‍ മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവും ജലക്ഷാമം മൂലം ജലം ശേഖരിച്ചുവെക്കുന്നതിനാല്‍ കൊതുകുജന്യരോഗങ്ങളായ ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയവയും ഉണ്ടാകാം.
പൊടിപടലങ്ങള്‍ മൂലം ചിക്കന്‍പോക്സ്, മീസില്‍സ്, മുണ്ടിനീര്, ശ്വാസകോശരോഗങ്ങള്‍ എന്നിവ കൂടാം.
കണ്ണുരോഗങ്ങള്‍, അലര്‍ജികള്‍, ത്വക്രോഗങ്ങള്‍, ചെറിച്ചില്‍, അണുബാധ, സ്‌കാബീസ് (വരട്ടുചൊറി) എന്നിവ കൂടാന്‍ സാധ്യതയുണ്ട്.
കഠിനമായ ദാഹം, നീണ്ടുനില്‍ക്കുന്ന തലവേദന, കണ്ണില്‍ ഇരുട്ട് കയറുക, തലകറക്കം, ഒരു മണിക്കൂറിലധികം നീളുന്ന പേശിവലിയല്‍, വേദന എന്നിവയാണ് ചൂട് കൂടുന്നതുമൂലമുള്ള അപകട സൂചനകള്‍. ഇത്തരം ലക്ഷണങ്ങളുണ്ടാകുമ്പോള്‍ വസ്ത്രം മാറ്റി തണുപ്പുള്ളതോ തണലുള്ളതോ ആയ സ്ഥലങ്ങളിലേക്ക് മാറ്റുക. ശരീരം തണുപ്പിക്കാന്‍ വെള്ളം തളിക്കുകയോ തുണി നനച്ചിടുകയോ ചെയ്യുക. വിശറിയോ ഫാനോ ഉപയോഗിച്ച് വീശുക, കൈകാലുകള്‍ നന്നായി തിരുമ്മുക, ഐസ് പാക്കറ്റ് ലഭ്യമാണെങ്കില്‍ കഴുത്ത്, കക്ഷം, കാലുകള്‍ എന്നിവിടങ്ങളില്‍ വെക്കുക. നല്ലവണ്ണം വെള്ളമോ പഴം ജ്യൂസോ നിര്‍ജ്ജലീകരണ ലായനിയോ നല്‍കുക. രോഗലക്ഷണം കുറയുന്നില്ലെങ്കില്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുക.
കെട്ടിടങ്ങള്‍ക്കകത്തും പുറത്തും ജോലി ചെയ്യുന്നവര്‍ ദാഹമില്ലെങ്കിലും മണിക്കൂറില്‍ മിനിമം മൂന്നു നാല് ഗ്ലാസ് വെള്ളം കുടിക്കണം. പൊതുവെ നമ്മള്‍ ഭക്ഷണത്തില്‍ ആവശ്യത്തിലധികം ഉപ്പ് ചേര്‍ക്കുന്നതിനാലും വിയര്‍പ്പില്‍ അധികമായി ലവണം നഷ്ടപ്പെടാത്തതിനാലും കുടിക്കുന്ന വെള്ളത്തില്‍ ഉപ്പ് അധികമായി ചേര്‍ക്കേണ്ടതില്ല. കൂടുതലായി പഴങ്ങളും പഴച്ചാറുകളും കഴിക്കുകയും ഒ.ആര്‍.എസ് കരുതിവെക്കുകയും ചെയ്യുക. വേനലില്‍ അധികം ചായയും കാപ്പിയും ആള്‍ക്കഹോള്‍ അടങ്ങിയ ലഹരിപാനീയങ്ങളും കഴിക്കുന്നത് നല്ലതല്ല. അധികം തണുപ്പിച്ച പാനീയങ്ങള്‍ ആമാശയത്തിലെ രക്തയോട്ടം കുറയ്ക്കാനും വയറുവേദന ഉണ്ടാക്കാനും സാധ്യതയുണ്ട്.
ജോലിസമയം രാവിലെ 11ന് മുമ്പും വൈകീട്ട് മൂന്നിനു ശേഷവുമായി ക്രമീകരിക്കുക. കഠിനമായി വ്യായാമം ചെയ്യുന്നവര്‍ ഇടക്കിടെ തണലിടങ്ങളില്‍ വിശ്രമിക്കുകയും വെള്ളം കുടിക്കുകയും വേണം. പുറത്തിറങ്ങുമ്പോള്‍ ഇളംനിറത്തിലുള്ള ഷേഡുള്ള തൊപ്പിയും 15 ശതമാനത്തിലധികം സൂര്യപ്രകാശം തടയുന്ന കണ്ണടകളും ധരിക്കുക. കഴുത്തിനുചുറ്റും ടൗവലുകള്‍ നനച്ചുവെക്കുന്നതും നല്ലതാണ്. ഉത്സവങ്ങളിലും സമ്മേളനങ്ങളിലും ആള്‍ത്തിരക്ക് പരമാവധി ഒഴിവാക്കുകയും പന്തലുകള്‍ പണിയുകയും കുടിവെള്ളം കരുതുകയും വേണം.
രാവിലെയും വൈകീട്ടും വെയില്‍ അകത്തേക്ക് കടന്നുവന്ന് മുറിയിലെ താപനില ഉയരാതിരിക്കാന്‍ കര്‍ട്ടനുകള്‍ താഴ്ത്തിവെക്കുക. മറ്റു സമയങ്ങളില്‍ വായുസഞ്ചാരത്തിന് തുറന്നിടുക. കര്‍ട്ടനുകളും ബ്ലൈന്‍ഡുകളും ഇളംനിറത്തിലാകുമ്പോള്‍ സൂര്യപ്രകാശത്തെ റിഫ്ളക്റ്റ് ചെയ്യാനും ചൂട് കുറയ്ക്കാനും സഹായിക്കും. കെട്ടിടത്തിനു പുറത്തും കഠിനമായ നിറത്തില്‍ പെയിന്റുകള്‍ ഒഴിവാക്കണം. പകല്‍ മുറിയിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് താപനില കുറയ്ക്കാന്‍ സഹായിക്കും.
ഉയര്‍ന്ന താപനിലയുള്ളപ്പോള്‍ (37 ഡിഗ്രി സെല്‍ഷ്യസ്) ഫാനിടുമ്പോള്‍ അന്തരീക്ഷത്തില്‍നിന്ന് ചൂട് ശരീരത്തിലേക്ക് പ്രവഹിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഫാനില്‍നിന്ന് ദൂരെയായും അടുത്ത് നേരിട്ടല്ലാതെയും കാറ്റ് ഏല്‍ക്കേണ്ടതുണ്ട്. മുറിയില്‍ ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്നതും ബൗളുകളില്‍ വെള്ളം നിറച്ചുവെക്കുന്നതും ചൂട് കുറയ്ക്കാന്‍ സഹായിക്കും.
കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലും മേല്‍നിലയിലും താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടുകളില്‍ അപകടസാധ്യതയുള്ള വിഭാഗക്കാരുണ്ടെങ്കില്‍ അവരെ ഇടയ്ക്കിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.