''ദേ... ഇങ്ങോട്ടൊന്നു വന്നേ...'' ഭാര്യയുടെ വിളി കേള്‍ക്കുന്നു. സ്റ്റെയറിന്റെ ഭാഗത്തുനിന്നാണ് വിളി. എഴുതാനെടുത്തു വച്ച പേപ്പറും പേനയും മേശമേല്‍വച്ച് ഞാന്‍ എഴുന്നേറ്റു. ഒരു മൂഡായി വന്നതായിരുന്നു... അപ്പഴാണ് വിളി... നാളത്തെ സപ്ലിമെന്റില്‍ കേറേണ്ട മാറ്ററാണ്. ഇനി എപ്പോ എഴുതി തീര്‍ക്കുമോ എന്തോ... സ്റ്റെയറിനരികിലുള്ള ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണ് ശ്രീമതി. മതിലിനു മുകളില്‍ അപ്പുറത്തെ പറമ്പിലേക്ക് ചാടാനായി തയ്യാറെടുത്തിരിക്കുന്ന ചക്കിയെ ഞാന്‍ കണ്ടു.
''കണ്ടോ... ചക്കി വീണ്ടും അപ്രത്തെ വീട്ടിലേക്ക് പോകാനുള്ള ഇരിപ്പാണ്... ഞാന്‍ എത്ര വിളിച്ചിട്ടും വരണില്ല...'' ചക്കി ഞങ്ങളുടെ വളര്‍ത്തു പൂച്ചയാണ്. കുറേ നാള്‍ മുമ്പ് ഒരു പ്രഭാത സവാരിക്കിടയില്‍ ഞങ്ങള്‍ക്ക് കിട്ടിയതാണ് അവളെ. വഴിയരികില്‍ ആരോ ഉപേക്ഷിച്ച ഒരു ചെറിയ പൂച്ചക്കുട്ടി. അന്നു മുതല്‍ അവള്‍ ഭാര്യയുടെ അരുമയാണ്..
''നോക്ക് നോക്ക്... അവള് മതില് ചാടി... ചക്കീ... ചക്കീ...'' - ഭാര്യ പരമാവധി ശബ്ദം നിയന്ത്രിച്ച് പൂച്ചയെ വിളിക്കാന്‍ തുടങ്ങി. ചക്കി പതുക്കെ നടക്കുകയാണ്. ഭാര്യയുടെ തുടര്‍ച്ചയായ വിളി കേട്ടിട്ടാവണം ഇടക്ക് അവള്‍ ഒന്നു തിരിഞ്ഞു നോക്കി.. പിന്നെ വീണ്ടും നടന്നു. അയല്‍ വീടിന്റെ മുന്‍വശം ചുറ്റി അവള്‍ പിറകിലേക്ക് നടന്ന് മറഞ്ഞു...
''നോക്ക്... ചക്കി ഇപ്പം ആ വീട്ടില്‍ കേറും... ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം... ഇന്നാ തള്ള എന്റെ പൂച്ചയെ വല്ലതും ചെയ്താല്‍ സത്യമായിട്ടും ഞാനാ വീടടക്കം കത്തിക്കും.. എന്റമ്മയാണേ സത്യം...'' ദേഷ്യം കൊണ്ട് ഭാര്യയുടെ മുഖം ചുവക്കുകയും ശബ്ദത്തില്‍ ഒരു വിറയല്‍ വരികയും ചെയ്തിട്ടുണ്ട്.
''നീ സമാധാനിക്ക്... ഒന്നും ഉണ്ടാവില്ല. ഇതിന് മുമ്പു ചക്കി അവിടെ പോയിട്ടുള്ളതല്ലേ... അവളിങ്ങ് വന്നോളും...'' ഭാര്യ എന്റെ കയ്യില്‍ പിടിച്ചു.
''ഒന്ന് ചെയ്യാമോ... ആ കുമാരനോട് പറഞ്ഞ് പൂച്ചക്കുട്ടികളെ എങ്ങനേലും ആ വീട്ടീന്ന് ഒന്നെടുപ്പിക്കാമോ... എന്നാ ചക്കി അവിടെ പോകാതിരിക്കും...''
''ഉം... ഞാനിന്ന് അവനോട് സംസാരിക്കാം... പക്ഷേ നടക്കുമെന്ന് വലിയ ഉറപ്പില്ല.''
വിഷയം അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒന്നല്ല എന്ന് ഉറപ്പിച്ചു കൊണ്ട് തന്നെയാണ് ഞാനത് പറഞ്ഞത്. അത് അങ്ങനെയാണ് താനും. ചക്കി ഗര്‍ഭിണിയായപ്പോള്‍ ഭാര്യ വലിയ സന്തോഷത്തിലായിരുന്നു. കുറഞ്ഞത് ഒരു നാലു കുഞ്ഞുങ്ങളെയെങ്കിലും അവള്‍ പ്രതീക്ഷിച്ചു. വീട് മുഴുവന്‍ പൂച്ചക്കുഞ്ഞുങ്ങള്‍... പക്ഷേ അവളുടെ ആ പ്രതീക്ഷ പോലെയല്ല പിന്നീട് സംഭവിച്ചത്. ചക്കി പ്രസവത്തിനായി തെരഞ്ഞെടുത്ത ഈറ്റില്ലം തൊട്ടപ്പുറത്തെ വീടാണ്...മാഗിയാന്റിയുടെ വീട് ....അതാണ് സംഗതി ആകെ കുഴപ്പത്തിലാക്കിയത്.
''അയ്യോ... ദേ... ആ തള്ള തുടങ്ങി... കേട്ടോ... കേട്ടോ'' ശരിയാണ് അടുത്ത വീട്ടില്‍ നിന്നും ചില ബഹളങ്ങള്‍ കേട്ട് തുടങ്ങിയിരിക്കുന്നു. മാഗിയാന്റി ഇംഗ്ലീഷില്‍ ഉച്ചത്തില്‍ എന്തൊക്കെയോ ശാപവാക്കുകള്‍ പറയുകയാണ്... എവിടെയൊക്കെയോ ഇട്ട് അടിക്കുന്ന ശബ്ദവും കേള്‍ക്കാം.. ടെന്‍ഷന്‍ കേറി ഭാര്യയുടെ മുഖം വല്ലാതെ വിങ്ങിയിട്ടുണ്ട്. ചക്കിക്ക് ഒരിക്കല്‍ വയറിനസുഖം വന്നപ്പോള്‍ കൂടെ ഉപവാസം ഇരുന്ന ടീമാണ്...
മാഗിയാന്റിയുടെ വീടിന്റെ ഇടതു വശത്ത് - അതായത് ഞങ്ങളുടെ വീടിന് അഭിമുഖമായി വരുന്ന ഭാഗത്ത് - ഒരു വലിയ കണ്ണാടി ജനാലയുണ്ട്. അത്രയും തന്നെ വലിയ ഒരു കര്‍ട്ടന്‍ കൊണ്ട് ആ ജാലകത്തിലൂടെയുള്ള കാഴ്ചയെ മറച്ചിട്ടുണ്ട്. ആ ജനാല മാത്രമല്ല മാഗിയാന്റിയുടെ വീടിന്റെ എല്ലാ ജാലകങ്ങളും അങ്ങനെ തന്നെയാണ്. വായു പോലും കടക്കാത്ത തരത്തില്‍ അടച്ചുമൂടി... വലിയ ജനാലയുടെ കര്‍ട്ടന്‍ ഇളകുന്നത് ഞാന്‍ കണ്ടു. ചക്കി കര്‍ട്ടന് ഉള്ളിലേക്ക് കയറിയതാണ്. പിറകേ കര്‍ട്ടനില്‍ അടിയും വീണു.. ചക്കി വെപ്രാളത്തില്‍ കര്‍ട്ടന് വെളിയിലേക്ക് ചാടി. കര്‍ട്ടന്‍ വകഞ്ഞ് മാറ്റി ഉള്ള് പരിശോധിക്കുന്ന മാഗിയാന്റിയെ ഞങ്ങള്‍ കണ്ടു. അലങ്കോലമായ മുടിയും വസ്ത്രങ്ങളുമൊക്കെയായി വിചിത്രമായ അവസ്ഥയിലാണ് ആ സ്ത്രീ നില്‍ക്കുന്നത്.
മാഗിയാന്റി ജനലിനരികില്‍ ഞങ്ങളെ കണ്ടു. അതോടെ ചക്കിയെ വിട്ട് അവര്‍ ഞങ്ങള്‍ക്ക് നേര തിരിഞ്ഞു. കയ്യുയര്‍ത്തി ദേഷ്യത്തില്‍ എന്തൊക്കെയോ പറയുകയാണ്. ഭാര്യക്ക് ആകെ വിറഞ്ഞ് കയറിയിട്ടുണ്ട്. ഇനി ഇവിടെ നില്‍ക്കുന്നത് പന്തിയല്ല... ഞാന്‍ പതിയെ ആ രംഗം വിട്ടു. പരസ്പരം കേള്‍ക്കാനാകാതെ ... പരസ്പരം അറിയാനാകാതെ അവര്‍ കുറച്ചു നേരം യുദ്ധം ചെയ്യട്ടെ... അല്ലെങ്കില്‍തന്നെ ദേഷ്യം എന്ന വികാരം പ്രകടിപ്പിക്കുവാന്‍ എന്തിനാണ് ഒരു ഭാഷ ?
ഞാന്‍ മാഗിയാന്റിയെപ്പറ്റി ഓര്‍മ്മിച്ചു കൊണ്ടിരുന്നു. ആള് ഒന്നോ രണ്ടോ മാസമേ ആയിട്ടുള്ളൂ ആ വീട്ടില്‍ താമസമാക്കിയിട്ട്. പുറത്തുള്ള ആരുമായും ഒരു ബന്ധവുമില്ല. ആ വീട് സദാ അടച്ചുമൂടപ്പെട്ടും രാത്രി കാലങ്ങളില്‍ ഇരുളടഞ്ഞും കിടന്നു.
ഒരാളോടും സംസാരിച്ചിട്ടില്ലെങ്കിലും ആരും ആ മുഖം അധികമൊന്നും കണ്ടിട്ടില്ലെങ്കിലും മാഗിയാന്റി വളരെ പെട്ടെന്ന് പ്രശസ്തയാവുകയുണ്ടായി. വിചിത്രമായ അവരുടെ പെരുമാറ്റ രീതികളായിരുന്നു. അതിന് കാരണം. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകാന്‍ വേണ്ടി മാത്രമാണ് അവര്‍ പുറത്തിറങ്ങാറുള്ളത്. അതും ഒരു വലിയ സ്‌കാര്‍ഫ് ഉപയോഗിച്ച് തലമൂടിക്കൊണ്ട്. ആ വീട്ടിലേക്ക് അയല്‍പക്കക്കാരോ റസിഡന്റ്‌സ് അസോസിയേഷന്‍കാരോ കടന്നു ചെല്ലുവാന്‍ ഒരിക്കലും അവര്‍ അനുവദിച്ചിരുന്നില്ല. ഈ വിലക്കുകള്‍ എല്ലാം മറികടന്ന് സദാ പൂട്ടിക്കിടക്കുന്ന ഗേറ്റും ചാടിക്കടന്ന് എത്തുന്ന ചില വിരുതന്മാരായ പിരിവുകാര്‍ മാത്രം ആ വീട്ടില്‍ നിന്നും സന്തോഷവാന്‍മാരായി മടങ്ങി. ശല്യം പെട്ടെന്ന് ഒഴിയട്ടെ എന്ന മട്ടില്‍ ഒരു ലോഭവുമില്ലാതെ മാഗിയാന്റി സംഭാവന നല്‍കി. ഏതെങ്കിലുമൊരു ജാലകപ്പാളി ഒരല്പം തുറന്ന് പണം പുറത്തേക്കെറിഞ്ഞ് കൊടുക്കും.. കൂടെ ഇംഗ്ലീഷില്‍ കുറേ ശാപവാക്കുകളും. ഇന്ന് ആ കുമാരനെ ഒന്നു കാണണം. ഈ പൂച്ച പ്രശ്‌നം ഒന്നു പരിഹരിച്ചെടുക്കുവാന്‍ അവനേ കഴിയൂ... അവന് മാത്രമാണല്ലോ മാഗിയാന്റിയുടെ വീടിനകത്തേക്ക് പ്രവേശനമുള്ള ഏക മനുഷ്യജീവി. പൂച്ചക്കുഞ്ഞുങ്ങളെ എത്രയും പെട്ടെന്ന് ആ വീട്ടില്‍ നിന്നും എടുത്ത് മാറ്റുക തന്നെ.
എഴുത്ത് മേശയുടെ വലിപ്പ് തുറന്ന് ഞാന്‍ നേരത്തേ എഴുതിക്കൊണ്ടിരുന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു ഫയല്‍ പുറത്തെടുത്ത് മറിച്ച് നോക്കുവാന്‍ തുടങ്ങി. ആദ്യപേജില്‍ തന്നെയുണ്ട് നിഷ മരിയ റൊസാരിയോയുടെ ചിത്രം. നല്ല ഭംഗിയുള്ള ഒരു പെണ്‍കുട്ടി. ആംഗ്ലോ ഇന്ത്യനാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പറയും. തൊട്ടടുത്ത പേജില്‍ അവള്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതിന് ശേഷമുള്ള ഒരു ഫോട്ടോ . ഹിജാബ് ഒക്കെ ധരിച്ച് നിഷ സൈനബയായി. പിന്നീടുള്ളത് നിഷയുടെ അമ്മയുടെ ഫോട്ടോയാണ് - മാഗിയാന്റിയുടെ... മാര്‍ഗരറ്റ് ആന്‍ റൊസാരിയോ എന്ന മാഗിയാന്റി. എഴുത്തു മുറിയുടെ ജനാല വഴി ഞാന്‍ മാഗിയാന്റിയുടെ വീട്ടിലേക്ക് നോക്കി. നേരത്തേയുള്ള ബഹളമൊക്കെ തീര്‍ന്ന് ആള്‍ ആകെ തളര്‍ന്ന് ആ വലിയ ജനാലയുടെ അഴികളില്‍ ചാരി ഇരിപ്പുണ്ട്. കരയുകയാണ് ... കവിളുകളിലൂടെ കണ്ണുനീര്‍ ധാരയായി ഒഴുകുന്നു. ഞാന്‍ പേനയെടുത്ത് എഴുതുവാന്‍ തുടങ്ങി. മാഗിയാന്റിയുടെ കഥ തന്നെയാണിത്. ഇന്ന് ഹൈക്കോടതിയിലേക്ക് വിധി പ്രസ്താവം കേള്‍ക്കാന്‍ പോകുന്നതിന് മുന്‍പ് ഈ മാറ്ററിന്റെ പകുതി തീര്‍ത്ത് വയ്‌ക്കേണ്ടതായിരുന്നു. പക്ഷേ... എന്തോ എഴുത്തില്‍ ഒരു തൃപ്തി വരുന്നില്ല. ഇത് എഴുതുന്നതിന് മുമ്പ് മാഗിയാന്റിയോട് നേരിട്ട് സംസാരിക്കേണ്ടതായിരുന്നു. ചീഫ് എഡിറ്റര്‍ അത് പറഞ്ഞിരുന്നതുമാണ്. കുമാരന്‍ വഴി ഒന്നു രണ്ട് തവണ ശ്രമിച്ചു. പക്ഷേ മാഗിയാന്റി നിഷ്‌കരുണം ആ അപേക്ഷ നിരസിച്ചു. ഞാന്‍ പത്രക്കാരനാണെന്ന് പറഞ്ഞതോടെ അതു വരെ ആരും കേട്ടിട്ടില്ലാത്ത ഇംഗ്ലീഷ് തെറികളാണത്രേ പറഞ്ഞത്.
എന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങി. പരിചയമില്ലാത്ത ഒരു നംപരാണ്.
''ഹലോ...'' മറുവശത്ത് നിശബ്ദത.
''ഹലോ...'' വീണ്ടും... നിശബ്ദത. എനിക്ക് ശരിക്കും ദേഷ്യം വന്നു. ''ഹലോ.. ആരാണ് വിളിക്കുന്നത് ?''
''ങ്യലെഹള ശ െങമൃഴമൃല.േ.. ങമൃഴമൃല േഅിിശല ഞീമെൃശീ'' സത്യത്തില്‍ ഞാന്‍ ശരിക്കും ഞെട്ടി. അറിയാതെ ഞാന്‍ മാഗിയാന്റി ഇരുന്ന ഭാഗത്തേക്ക് നോക്കി. അവിടം ശൂന്യം...
''്യീൗൃ ഴീീറ ിമാല ശ െഒമൃശ... ശിേെ ശ.േ..''
''അതെ...''
''ടവമഹഹ ംല മേഹസ ിീം... മ ്യെീൗ ൃലൂൗലേെലറ ലമൃഹശലൃ...'' എനിക്ക് വല്ലാത്ത ഈര്‍ഷ്യ തോന്നി. പിറകേ നടന്ന് കാലു പിടിച്ചിട്ടും മൈന്റ് ചെയ്യാതിരുന്ന ആളാണ് ഈ പതിനൊന്നാം മണിക്കൂറില്‍ ഇങ്ങോട്ട് വരുന്നത്. അതുമല്ല ഇന്ന് 11 മണിക്ക് കോടതിയിലെത്തേണ്ടതുമാണ്.
''മാഗിയാന്റീ... ഇന്നിനി സാധിക്കുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ കൊടുത്ത ഹര്‍ജി റിപ്പോര്‍ട്ട് ചെയ്യുവാനായി എനിക്കും കോടതിയിലെത്തേണ്ടതുണ്ട്...'' മറുവശത്ത് നിശബ്ദം. ഫോണ്‍ കട്ടു ചെയ്യാന്‍ എനിക്ക് തോന്നിയില്ല.
''മി. ഹരീ... മാര്‍ഗ്ഗരറ്റ് റൊസാരിയോ ഇങ്ങനെയൊന്നും ആയിരുന്നില്ല... ഇങ്ങനെയൊരു മാഗിയാന്റിയേ ആയിരുന്നില്ല ഞാന്‍.... പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന മഴവില്ലുകളെ പ്രണയിച്ചിരുന്ന മാഗിയാന്റായില്‍ നിന്നും എല്ലാവരും വെറുക്കുന്ന മാര്‍ഗ്ഗരറ്റിലേക്ക് ഞാന്‍ മാറിപ്പോയത് വളരെ പെട്ടെന്നാണ്... പേടി.. ഭയം.. ഒറ്റപ്പെടല്‍ .. കുറ്റപ്പെടുത്തലുകള്‍... ശാപവാക്കുകള്‍... ഇതൊക്കെ മാത്രമാണ് ഇപ്പോ മാര്‍ഗ്ഗരറ്റിന് കൂട്ട് ...'' ഫോണ്‍ ഡിസ്‌കണക്റ്റായി . ഞാന്‍ വല്ലാത്ത ഒരു അവസ്ഥയിലായി. അങ്ങനെ അറുത്ത് മുറിച്ച് പറയേണ്ടിയിരുന്നില്ല. ഞാന്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. ഫയലില്‍ പിന്നേയും കുറേ ചിത്രങ്ങളുണ്ടായിരുന്നു ... നിഷ റൊസാരിയോയുയേയും അമ്മയുടേയും... കോടതി കൂടുന്നതിനും മുമ്പ് തന്നെ സ്ഥലത്തെത്തി ഞാന്‍ ഉചിതമായ ഒരു ഇരിപ്പിടം കണ്ടെത്തി ഇരിപ്പുറപ്പിച്ചു. കേരളം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വിധിയാണ് ഇന്നുണ്ടാകാന്‍ പോകുന്നത്. സമീപകാലത്തുണ്ടായതില്‍ വച്ച് ഏറ്റവും സെന്‍സേഷനലായ ഒരു ഹര്‍ജിയുടെ പരിസമാപ്തി ഇന്നുണ്ടാകും. കോടതി തിങ്ങിനിറഞ്ഞിട്ടുണ്ട്. ഒരു പതിഞ്ഞ ആരവംകേട്ട് ഞാന്‍ പുറത്തേക്ക് നോക്കി. മാഗിയാന്റിയുടെ വരവാണ്. പതിവുപോലെ ഒരു സ്‌കാര്‍ഫ് കൊണ്ട് തല മുടിയിട്ടുണ്ട്. രൂക്ഷമായ നോട്ടങ്ങളേയും പിറുപിറുക്കലുകളേയും പരിഹാസങ്ങളേയും പിന്നിട്ട് അവര്‍ നടന്നുവരുന്നു. എനിക്ക് ഉള്ളില്‍ ഒരു വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു... ഒരമ്മയാണത്... സ്വന്തം മകളെ ഒരിക്കല്‍ കൂടി കാണുവാനായി തുടിക്കുന്ന ഒരു മാതൃഹൃദയം... അതിനായി നീതിപീഠങ്ങളുടെ കരുണയ്ക്കായി കേഴുന്ന ഒരമ്മ...
എല്ലാവരും പ്രതീക്ഷിച്ചത് തന്നെയാണ് കോടതിയില്‍ സംഭവിച്ചത്. നിലവില്‍ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നിഷ സൈനബയെ തിരികെ ഇന്ത്യയിലെത്തിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുക എന്നതായിരുന്നു മാഗിയാന്റിയുടെ ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര സോളിസിറ്റര്‍ ജനറല്‍ ഇതിനെ ശക്തിയുക്തം എതിര്‍ത്തു. സിറിയയിലേക്ക് ഒളിച്ചോടിപ്പോകുകയും ഭീകര സംഘടനയില്‍ ചേര്‍ന്ന് ലോകത്തിന്റെയാകെ സമാധാനം തകര്‍ക്കുന്ന തരത്തില്‍ മത ഭീകരതയുടെ ഭാഗമാകുകയും ചെയ്ത നിഷ അടക്കമുള്ളവരെ തിരികെ എത്തിക്കുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ''നിങ്ങള്‍ക്ക് കൂടുതലായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ...'' കോടതി മാഗിയാന്റിയോട് ചോദിച്ചു. കോടതി നടപടികള്‍ തുടരുമ്പോഴെല്ലാം തല കുനിച്ച് നിശബ്ദയായിരിക്കുകയായിരുന്നു മാഗിയാന്റി. ഒരു പക്ഷേ അവര്‍ ആഴമേറിയ പ്രാര്‍ത്ഥനയിലായിരുന്നിരിക്കണം .. ആസന്നമായ വിധിയേപ്പറ്റി ബോധവതിയാണ് മാഗിയാന്റി എന്ന് അവരുടെ ചലനങ്ങള്‍ ദ്യോതിപ്പിച്ചു. വിറയാര്‍ന്ന കൈകള്‍ കൂപ്പി മാഗിയാന്റി പറഞ്ഞു.
''കോടതി ഈ വൃദ്ധയോട് കരുണ കാണിക്കണം... ഇന്ത്യയിലെ ഒരു കേസിലും പ്രതിയല്ല എന്റെ മകള്‍ ... തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അവള്‍ക്ക് ഒരു തെറ്റ് സംഭവിച്ചു. .. അതിന് വലിയ വലിയ ശിക്ഷകള്‍ ഇതിനകം അവള്‍ അനുഭവിച്ച് തീര്‍ത്തിട്ടുണ്ട്... ഇനിയും ശിക്ഷ തുടരണമെങ്കില്‍ അതിനും എന്റെ മകള്‍ തയ്യാറാണ്... ഇന്ത്യയിലെ നിയമങ്ങള്‍ അനുശാസിക്കുന്ന തരത്തില്‍ ആ ശിക്ഷ അനുഭവിക്കാന്‍ എന്റെ മകളെ അനുവദിക്കണം എന്നത് മാത്രമാണ് എന്റെ പ്രാര്‍ത്ഥന ...'' ജഡ്ജിയുടെ മുഖം കടുക്കുന്നത് ഞാന്‍ കണ്ടു.
''എന്തിന് ? എന്തിനാണ് നിങ്ങളുടെ മകളേപ്പോലെയുള്ളവരെ തിരികെ കൊണ്ടുവരേണ്ടത് ? ഈ രാജ്യം സൃഷ്ടിക്കുന്ന ഭക്ഷണം കഴിച്ചും ഇവിടത്തെ നെയ്ത്തുകാര്‍ തുന്നിയ ഉടുപ്പുകളിട്ടും ..കോടികള്‍ ചെലവഴിച്ച് സ്റ്റേറ്റ് നല്‍കുന്ന സൗജന്യ വിദ്യാഭ്യാസം ഉപയോഗപ്പെടുത്തുകയുമൊക്കെ ചെയ്തിട്ട് ഇവരൊക്കെ എന്താണ് രാജ്യത്തിന് തിരിച്ച് കൊടുത്തത്? '
''ടശൃ ... ക ൃലുലമ േഇന്ത്യയില്‍ ഒരു പെറ്റിക്കേസില്‍ പോലും എന്റെ മകള്‍ പ്രതിയല്ല...'' മാഗിയാന്റിയുടെ ശബ്ദം ഒരല്പം ഉയര്‍ന്നിരുന്നു.
''ടീ ംവമ േ... നിങ്ങളുടെ മകള്‍ മദര്‍ തെരേസയോ ഫ്‌ലോറന്‍സ് നൈറ്റിംഗേലോ ഒന്നുമല്ലല്ലോ... വെളുപ്പാന്‍ കാലത്ത് മഞ്ഞും മഴയും കൊണ്ട് തെരുവുകള്‍ തൂത്ത് വൃത്തിയാക്കുന്ന ഒരു സ്വീപ്പര്‍ വനിതയുടെ വിശുദ്ധി പോലും നിങ്ങളുടെ മകള്‍ക്കില്ല...''
''ആയിരിക്കാം... പക്ഷേ അവള്‍ എന്റെ മകളാണ്... എന്റെ ഏക മകള്‍...ഞാനവളുടെ അമ്മയും.'' മാഗിയാന്റിയുടെ ശബ്ദം വല്ലാതെ ഉയര്‍ന്നു... വികാര വിക്ഷോഭത്താല്‍ അവരുടെ ചുമലുകള്‍ ഉയര്‍ന്ന് താഴുന്നത് ഞാന്‍ കണ്ടു.
''ഋിീൗഴവ .... ഋിീൗഴവ...'' ജഡ്ജിയുടെ ശബ്ദവും അതിനൊത്ത് ഉയര്‍ന്നു. അവസാനമായി ഒരു ചോദ്യം കൂടി ... ഇതൊരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയല്ല... രാജ്യത്തെ ഏത് നിയമത്തെ പ്രതിയാണ് നിങ്ങള്‍ ഈ ഹര്‍ജിയുമായി കോടതിയിലെത്തിയത്?'' വികാരമടക്കാന്‍ മാഗിയാന്റി കുറച്ച് സമയമെടുത്തു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
''എന്റെ അപേക്ഷ ഈ രാജ്യത്ത് മാത്രം ഒതുങ്ങുന്ന ഒരു നിയമത്തെ അനുസരിച്ചല്ല സര്‍... എന്റെ അപേക്ഷ അതിര്‍ത്തികളില്ലാത്ത... ദേശ കാല ഭാഷാ ഭേദങ്ങളൊന്നും ബാധിക്കാത്ത.. ഈ ഭൂമിയിലെ മുഴുവന്‍ രാജ്യങ്ങളിലും നിലവിലുള്ള ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ്... മാതൃത്വം എന്ന നിയമം... അമ്മയാണ് ഞാന്‍ ... എന്റെ കുഞ്ഞിന്റെ അമ്മ... ആ ഒരു നിയമമേ എനിക്കറിയൂ...'' മാഗിയാന്റി പൊട്ടിക്കരയുവാന്‍ തുടങ്ങി.
ഏവരും പ്രതീക്ഷിച്ച വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. മാഗിയാന്റിയുടെ ഹര്‍ജി നിഷ്‌കരുണം നിരസിക്കപ്പെട്ടു. വലിയ ആഹ്‌ളാദാരവങ്ങളോടെയാണ് ജനം കോടതിയില്‍ നിന്നും പിരിഞ്ഞു പോയത്. പലരും മാഗിയാന്റിയെ അപഹസിക്കുന്നതും ശാപവാക്കുകള്‍ കൊണ്ട് മൂടുന്നതും കണ്ടു. എനിക്ക് അപ്പോള്‍ പുറത്തിറങ്ങണമെന്ന് തോന്നിയില്ല. മാഗിയാന്റി കോടതി വിട്ടു പോയിട്ട് പുറത്തിറങ്ങാം എന്ന് ഞാന്‍ തീരുമാനിച്ചു. കോടതിക്ക് പുറത്തെത്തിയപ്പോള്‍ എനിക്ക് ഒരു സിഗരറ്റ് പുകയ്ക്കണമെന്ന് തോന്നി. എന്തോ... ആകെ ഒരു അടവ് ഫീല് ചെയ്യുന്നു.
''മി. ഹരീ...'' എന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായതാണ് സംഭവിച്ചത്... ''മി. ഹരീ.. ഒന്നിങ്ങോട്ട് വരാമോ...'' തളര്‍ന്ന ശബ്ദത്തില്‍ മാഗിയാന്റി വിളിക്കുന്നു. ഞാന്‍ തിരിഞ്ഞ് നോക്കി. കോടതി വരാന്തയുടെ ഒരൊഴിഞ്ഞ ഭാഗത്ത് തൂണും ചാരി അവര്‍ ഇരിക്കുന്നു. മുഖം കൂടുതല്‍ പരിക്ഷീണമായിട്ടുണ്ട്.
''എന്തേ..'' ഞാന്‍ ചോദിച്ചു. എന്റെ ശബ്ദത്തില്‍ വല്ലാത്തൊരലിവുണ്ടായിരുന്നു. ''ഞാന്‍ തോറ്റുപോയി... കണ്ടില്ലേ...''
''ഉം...''
''ഈ രാജ്യത്ത് ഓരോ ദിവസവും നടക്കുന്ന കുറ്റങ്ങള്‍ എത്രയാണ്.. റേപ്പ് ചെയ്യപ്പെടുന്ന പെണ്‍മക്കള്‍ എത്രയാണ്... എത്രയെത്ര അഴിമതിക്കഥകള്‍.. നമ്മുടെ ശതകോടികള്‍ മോഷ്ടിച്ച് നാടുവിട്ട കള്ളന്‍മാര്‍ എത്ര പേരാ... ഇവരാരോടും ഇല്ലാത്ത ഒരു വെറുപ്പ് എന്തുകൊണ്ടാണ് എന്റെ മകളോട് മാത്രം ഉണ്ടാകുന്നത് ...?''
''നിഷ മാര്‍ഗ്ഗരറ്റ് നിഷ സൈനബയായതാണ് കുഴപ്പം...' ഞാന്‍ പറഞ്ഞു. മാഗിയാന്റി വീണ്ടും എന്തോ പറയാനാഞ്ഞപ്പോഴേക്കും ഒരു പോലീസ് ഓഫീസര്‍ അവിടേക്ക് വന്നു.
''ഈ പെറ്റീഷനും കൊണ്ട് വന്നപ്പഴേ ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലേ തള്ളേ വേണ്ടാന്ന് ...ഹും... എകഞ ഞാനിട്ടതാണ്... ഒരു കോടതിയും അതിന്റെ മോളില് വരയ്ക്കില്ല... നിങ്ങടെ മോള് കണ്ട നാട്ടില്‍ കിടന്ന് നരകിച്ച് ചാകും ... എണീറ്റ് പോ തള്ളേ...'' എനിക്ക് മാഗിയാന്റിയുടെ മുഖം ഒരിക്കല്‍ കൂടി കാണുവാനുള്ള കരുത്തുണ്ടായിരുന്നില്ല. ഞാന്‍ നിശബ്ദനായി നടന്നു നീങ്ങി... പിറകില്‍ നിന്നും കേട്ട നിശ്വാസങ്ങള്‍ എന്നെ പൊള്ളിച്ചു.
''മോനേ...'' മടിയില്‍ അര്‍ദ്ധ മയക്കത്തില്‍ കിടക്കുന്ന ഹരിക്കുട്ടന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ച് ഒരമ്മ സത്യവാന്റെ കഥ പറയുന്നു... ഹരിശ്ചന്ദ്രന്റെ കഥ പറയുന്നു... ഗാന്ധിയുടെ കഥ പറയുന്നു... ''മോനേ...'' പിറകില്‍ നിന്നും അമ്മ വിളിക്കുകയാണ്.. ''മോനേ... ഒന്ന് കേള്‍ക്കൂ...'' സത്യത്തോടൊപ്പവും സ്‌നേഹത്തോടൊപ്പവും എന്റെ ഹരിക്കുട്ടന്‍ നില്‍ക്കണം... മുടിയിഴകളിലൂടെ നീങ്ങുന്ന നീണ്ടുമെലിഞ്ഞ വിരലുകള്‍ എന്നോട് പറയുന്നു... കാച്ചിയഎണ്ണയുടെ ഗന്ധം എന്റെ പ്രജ്ഞകളില്‍ പടരുന്നു...
''മോനേ... ഈ ലോകം മുഴുവന്‍ വെറുക്കുന്ന ഈ വൃദ്ധയുടെ അവസാനത്തെ അപേക്ഷയാണ് ... എന്റെ മോളേപ്പറ്റി രണ്ട് നല്ല വാക്ക്... മോനെഴുതാമോ ...'' പിറകില്‍ നിന്നും അമ്മയുടെ ശബ്ദം കേള്‍ക്കുന്നു.. ''അവളേക്കുറിച്ച് ഒരാളെങ്കിലും ... ഒരു നല്ല വാക്ക്....''
ഹരിക്കുട്ടനുറങ്ങിയോ ...കാച്ചിയ എണ്ണയുടെ സുഗന്ധം പുരണ്ട മുടിയിഴകള്‍ ചോദിക്കുന്നു .. എല്ലാ പരീക്ഷണങ്ങള്‍ നേരിട്ടിട്ടും സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചു നിന്നവരാണ് ഈ മഹാന്മാരൊക്കെ ... എന്റെ ഹരിക്കുട്ടനും വളര്‍ന്ന് വലുതാവുമ്പോള്‍ ഇവരേപ്പോലാകണം ... നനുത്ത വിരലുകളില്‍ നിന്നും സ്‌നേഹത്തിന്റെ തണുപ്പ് ശിരസ്സിലേക്ക് പടരുന്നു.
റൈറ്റിംഗ് പാഡ് എടുത്ത് ഞാന്‍ എഴുതാന്‍ തുടങ്ങി. റിപ്പോര്‍ട്ട് എങ്ങനെ വേണമെന്ന് കൃത്യമായ നിര്‍ദ്ദേശമുണ്ട്. പേനയില്‍ മുറുകെ പിടിക്കുമ്പോള്‍ ഞാന്‍ മാഗിയാന്റിയെ ബോധപൂര്‍വ്വം മറന്നു. ജനം.. പിന്നെ ജനാധിപത്യത്തിന്റെ മറ്റ് മൂന്നു തൂണുകള്‍ ... ഇവരെല്ലാം വെറുക്കുന്ന ഒരാള്‍ക്ക് വേണ്ടി എന്തെങ്കിലും എഴുതാന്‍ നാലാംതൂണിലെ ഈ വെറും സിമന്റ് തരിക്ക് എന്താണവകാശം? പത്രത്തിന്റെ സര്‍ക്കുലേഷന്‍... കോടികളുടെ പരസ്യം... പേനയില്‍ മഷി നിറക്കുമ്പോള്‍ ഒക്കെ ഓര്‍ക്കണം... ഉള്ള് പറയുന്നത് കേള്‍ക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ കുമാരന്‍ ഒരു ഹാര്‍ഡ്‌ബോര്‍ഡ് പെട്ടി വീട്ടില്‍ കൊണ്ടുതന്നു. അതില്‍ നാല് പൂച്ചക്കുട്ടികളുണ്ടായിരുന്നു.